24 December 2024, Tuesday
KSFE Galaxy Chits Banner 2

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങള്‍ കൂടുന്നു

ഡാലിയ ജേക്കബ്
ആലപ്പുഴ
January 10, 2022 9:43 pm

സംസ്ഥാനത്ത് സൈബർ കേസുകളുടെ എണ്ണം വർധിക്കുന്നു. സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർഷം തോറും ഇരട്ടിയായി വർധിക്കുന്നതായാണ് സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 2021 ഒക്ടോബർ വരെ ലഭ്യമായ കണക്കുകൾ അനുസരിച്ച് 829 സൈബർ കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. 10 മാസത്തിനിടെ ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ആദ്യമാണ്. 2020ൽ 426 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 2019ൽ 307 സൈബർ കേസുകളും 2018ൽ 340 സൈബർ കേസുകളും രജിസ്റ്റർ ചെയ്തു. 2017ൽ 320 ഉം 2016ൽ 283 കേസുകളാണ് രജിസ്റ്റർ ചെയ്തതത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് 2222 സൈബർ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഡ് ലോക്ഡൗൺ കാലയളവുകളിൽ സംസ്ഥാനത്ത് വലിയതോതിൽ സൈബർ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് കേരള പൊലീസിന്റെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

വിവിധ ജില്ലകളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസുകളും നഗ്നചിത്രങ്ങളും മറ്റും ചോർത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളും സോഷ്യൽ മീഡിയയിലൂടെ വ്യാജ അക്കൗണ്ടുകൾ വഴിയുള്ള തട്ടിപ്പുകളും വർധിച്ചിട്ടുണ്ടെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പരാതികൾ ലഭിക്കാത്ത കേസുകൾ കൂടെ ചേർത്താൽ സൈബർ കേസുകളുടെ എണ്ണം വീണ്ടും കുത്തനെ കൂടും. പരാതികളിൽ നടപടിയില്ലാത്തതും മാനഹാനിയും പലരേയും പരാതി നൽകുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുമുണ്ട്. കമ്പ്യൂട്ടറുകളിലേക്കും മറ്റ് നെറ്റ്വർക്കുകളിലേക്കും അനധികൃതമായി കടന്നു കയറൽ, ഹാക്കിങ്, ഇലക്ട്രോണിക് രൂപത്തിലുള്ള ഡാറ്റ മോഷണം, വൈറസ് അറ്റാക്ക്, ലോജിക് അറ്റാക്ക്, ഇന്റർനെറ്റ് ടൈം മോഷണം എന്നിവയെല്ലാം സൈബർ ക്രൈമുകളിൽ ഉൾപ്പെടും. ഇവ കൂടാതെ ഓൺലൈൻ വഞ്ചന, ഐ പി സ്പൂഫിംഗ് (വിശ്വസനീയമായ ഐപി അഡ്രസിൽ നിന്ന് എന്ന വ്യാജേന മറ്റൊരാളുടെ സിസ്റ്റത്തിലേക്ക് അതിക്രമിച്ച് കടക്കുന്ന പ്രവൃത്തി), ഫിഷിങ്(ഇലക്ട്രോണിക് കമ്യൂണിക്കേഷൻ വഴി ആളുകളുടെ പാസ് വേഡ്, യൂസർനെയിം, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ അനധികൃതമായി ശേഖരിക്കുന്നത്). സോഷ്യൽ മീഡിയ ദുരുപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം, മൊബൈൽ ഫോണുകളുടെ നഷ്ടം/മോഷണം, തുടങ്ങി കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ എന്നിവയുമായി ബന്ധപ്പെട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും സൈബർ ക്രൈമുകളുടെ പരിധിയിലാണ് വരിക. സൈബർ സുരക്ഷ വർധിപ്പിക്കുന്ന വിവരങ്ങൾ സംയോജിപ്പിക്കാനുള്ള സൈബർ ഡോമിന്റെ പ്രവർത്തനം സംസ്ഥാനത്ത് ഇതിനോടകം വ്യാപിപ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Cyber crime is on the rise in the state

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.