22 November 2024, Friday
KSFE Galaxy Chits Banner 2

കാക്കനാട് ബാല്‍ക്കണിയിലെ പൈപ്പില്‍ ചാരിനിര്‍ത്തിയ നിലയില്‍ മൃതദേഹം; മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

Janayugom Webdesk
കൊച്ചി
August 17, 2022 2:01 pm

കാക്കനാട് ഇടച്ചിറയില്‍ ഫ്‌ലാറ്റിലെ 16-ാംനിലയില്‍ യുവാവിന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പിടിയിലായി. കാസര്‍ഗോഡ് നിന്നാണ് ഇയാള്‍ പിടിയിലായത്. മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുരയില്‍ സജീവ് കൃഷ്ണനാണ് (22) കൊല്ലപ്പെട്ടത്. ഇന്‍ഫോപാര്‍ക്കിലെ ഹോട്ടലില്‍ ജീവനക്കാരാനാണ്.ബാല്‍ക്കണിയിലെ പൈപ്പില്‍ ചാരിനിര്‍ത്തിയ നിലയിലായിരുന്നു മൃതദേഹം. കൊച്ചി നഗരത്തിലും സമീപത്തുമായി ആറുദിവസത്തിനിടെ മൂന്നാമത്തെ കൊലപാതകമാണിത്.

ഇടച്ചിറ വല്യാത്ത് അമ്പലത്തിനുസമീപം ഒക്‌സോണിയ ഫ്‌ലാറ്റിലാണ് സംഭവം. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ നാലുയുവാക്കളാണ് ഇവിടെ താമസിച്ചിരുന്നത്. ഇതില്‍ രണ്ടുപേര്‍ കഴിഞ്ഞദിവസം വിനോദയാത്രപോയിരുന്നു. മറ്റൊരാള്‍ വീട്ടിലേക്കും പോയി. മുകളിലെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന പയ്യോളി സ്വദേശിയായ സുഹൃത്ത് ഈ സമയം സജീവിനൊപ്പമുണ്ടായിരുന്നു. വിനോദയാത്രപോയവര്‍ തിങ്കള്‍ രാത്രി തിരിച്ചുവന്ന് ഫ്‌ലാറ്റിന്റെ ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല. ഫ്‌ലാറ്റിലുണ്ടായിരുന്ന സജീവിന്റെയും പയ്യോളി സ്വദേശിയുടെയും ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ മെസേജ് അയച്ചു. അപ്പോള്‍ സ്ഥലത്തില്ലെന്നായിരുന്നു മറുപടി മെസേജ്. തുടര്‍ന്ന് ഇവര്‍ മറ്റൊരിടത്ത് മുറിയെടുത്ത് താമസിച്ചു.

പിറ്റേന്ന് തിരിച്ചുവന്നിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍കൊണ്ട് ഫ്‌ലാറ്റ് തുറന്നപ്പോള്‍ ഹാളില്‍ രക്തം കണ്ട് ഇവര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുള്ളതായും തലയ്ക്ക് വെട്ടേറ്റതായും ശരീരത്തില്‍ നിറയെ മുറിവുകളുള്ളതായും പൊലീസ് പറഞ്ഞു. മുറിയിലെ രക്തക്കറ കഴുകിക്കളഞ്ഞതായി സംശയിക്കുന്നു. മൃതദേഹം കവറുകള്‍കൊണ്ട് മറച്ച്, ബെഡ് ഷീറ്റില്‍ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. മുറിയില്‍നിന്ന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. സജീവ് കൃഷ്ണന്റെ അച്ഛന്‍: രാമകൃഷ്ണന്‍. അമ്മ: ജിഷ (ഐസിഡിഎസ് സൂപ്പര്‍വൈസര്‍, വേങ്ങര). സഹോദരന്‍: രാജീവ് കൃഷ്ണന്‍.

Eng­lish sum­ma­ry; Dead body lean­ing on pipe in Kakkanad bal­cony; Sus­pect­ed main accused arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.