23 December 2024, Monday
KSFE Galaxy Chits Banner 2

ഡിഗ്ലോബലൈസേഷനും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും

പ്രൊഫ. കെ അരവിന്ദാക്ഷൻ
January 25, 2024 4:15 am

പുതിയ നൂറ്റാണ്ടിന്റെ ആദ്യപാദം അവസാനിക്കാനിരിക്കേ, ആഗോളവല്‍ക്കരണത്തിന്റെ സുവര്‍ണകാലവും ഏറെക്കുറെ അവസാനിക്കുന്നതായാണ് കാണാനാകുന്നത്. യുഎസില്‍ മാത്രമല്ല, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും കുടിയേറ്റ വിരുദ്ധ മനോഭാവം ക്രമാനുഗതമായി ശക്തിപ്രാപിച്ചുവരികയാണ്. ഇവിടങ്ങളിലെല്ലാം സാംസ്കാരിക ദേശീയതയുടെ സ്വാധീനവും വര്‍ധിച്ചുവരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ പരക്കെ ഇസ്ലാമോഫോബിയക്കനുകൂലമായ പ്രചരണവും ശക്തിപ്രാപിച്ചുവരുന്നുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണല്ലോ കുടിയേറ്റക്കാര്‍ അമേരിക്കന്‍ രക്തത്തെ വിഷലിപ്തമാക്കുന്നു എന്ന് ഉറക്കെ പ്രഖ്യാപിച്ചത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ പണപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വങ്ങളും വ്യാപകമാകുന്നതിന് ട്രംപും കൂട്ടാളികളും പഴിചാരുന്നത് ആഗോളീകരണത്തെയും നവ‑ലിബറലിസത്തെയുമാണ് എന്നതും ശ്രദ്ധേയമാണ്.

ഈ മനംമാറ്റത്തില്‍ അതിശയിക്കേണ്ടതില്ല. ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും ഫലമായി പാശ്ചാത്യരാജ്യ സമ്പദ്‌വ്യവസ്ഥകള്‍ക്ക് വലിയതോതിലുള്ള പ്രഹരമാണ് ഏറ്റുവാങ്ങേണ്ടതായി വന്നിട്ടുള്ളത്. ഇതില്‍ ഏറ്റവും മുഴച്ചുനില്‍ക്കുന്നത് തൊഴിലവസര നഷ്ടം തന്നെയാണ്. ആഗോളീകരണത്തില്‍ നിന്നും നേട്ടം കൊയ്തെടുക്കുന്നതില്‍ മുന്നണിയിലുള്ള രാജ്യം ചൈനയാണെങ്കില്‍ അതിലേക്കാവശ്യമായ അണിയറ നീക്കങ്ങള്‍ നടത്തുന്ന തത്രപ്പാടിലാണ് ഇന്ത്യന്‍ ഭരണകൂടവും സംഘ്‌പരിവാര്‍ ശക്തികളും. പണ്ഡിറ്റ് നെഹ്രുവിന്റെ സ്വാശ്രയത്വത്തില്‍ ഊന്നിയുള്ള സാമ്പത്തിക നയങ്ങളെ പരസ്യമായി പിന്തുണയ്ക്കുന്നില്ലെങ്കിലും നരേന്ദ്ര മോഡിയുടെ ആത്യന്തിക ലക്ഷ്യം സ്വാശ്രയഭാരതം നേടിയെടുക്കുക എന്നതുതന്നെയാണ്. ചൈനീസ് ഭരണകൂടത്തിന്റെ നീക്കവും ഇതേ ദിശയിലേക്കുതന്നെയാണ്. ആഗോള ഉല്പന്ന കേന്ദ്രമാകുകയാണ് ചൈനയുടെ ലക്ഷ്യം. ഇന്ത്യയുടെ റോള്‍ ആണെങ്കില്‍ ഇതിനുള്ള അണിയറ ഒരുക്കലാണ്.

 


ഇതുകൂടി വായിക്കൂ:  നാശോന്മുഖമായ സമ്പദ്‌വ്യവസ്ഥ


 

ആഗോളീകരണം നിലവിലിരുന്ന കാല്‍നൂറ്റാണ്ടിലേറെക്കാലം പാശ്ചാത്യ ധനശാസ്ത്രജ്ഞന്മാര്‍ കണക്കുകൂട്ടിയിരിക്കുന്നത് ആഗോളതല ദാരിദ്ര്യത്തിന് മുമ്പുള്ള കാല്‍നൂറ്റാണ്ടിനെ അപേക്ഷിച്ച് ദാരിദ്ര്യത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ്. ആഗോളതല അസമത്വത്തിലും കുറവു രേഖപ്പെടുത്തിയിട്ടുണ്ടെന്നവര്‍ പറയുന്നു. ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സാമ്പത്തിക വികസനം കൈവരിക്കുന്നതില്‍ വികസ്വര രാജ്യങ്ങള്‍ താരതമ്യേന മെച്ചപ്പെട്ട നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നതാണ്. ഇത്തരം നേട്ടങ്ങള്‍ ദരിദ്രരാജ്യങ്ങള്‍ക്ക് സ്വയം ആര്‍ജിക്കാന്‍ കഴിഞ്ഞു എന്നും പാശ്ചാത്യവിദഗ്ധര്‍ കരുതുന്നു. ഇതുവഴി 20-ാം നൂറ്റാണ്ടില്‍ പാശ്ചാത്യ മുതലാളിത്ത ഭരണകൂടങ്ങള്‍, ദരിദ്ര വികസ്വര രാജ്യങ്ങളെ ചൂഷണം ചെയ്തതിനെതിരായി പ്രതിരോധമുയര്‍ത്തുന്നതില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വിജയിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. മുകള്‍ത്തട്ടിലുള്ള 10ശതമാനവും തൊട്ടടുത്ത തട്ടിലെ 40ശതമാനവും തമ്മിലും ഏറ്റവും താഴെത്തട്ടിലുള്ള 50ശതമാനവും തമ്മിലും വരുമാന വിതരണത്തില്‍ നിലവിലിരുന്ന അനുപാതത്തില്‍ ഇടിവുണ്ടായി എന്നാണ് ആഗോള അസമത്വ റിപ്പോര്‍ട്ട്.

ഓരോ രാജ്യത്തിനകത്തുമുള്ള സ്ഥിതിവിശേഷമെന്തെന്നും നോക്കേണ്ടതുണ്ട്. ഈ അവസരത്തിലാണ് അസമത്വങ്ങളുടെയും ദാരിദ്ര്യ നിലവാരത്തിന്റെയും ശരിയായ ചിത്രം അനാവരണം ചെയ്യപ്പെടുക. ഓരോ രാജ്യത്തിലെയും അനുഭവങ്ങള്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കപ്പെടുമ്പോള്‍ നമുക്ക് മനസിലാവുക അസമത്വത്തിന്റെ അളവ് കുറയുകയല്ല, ക്രമേണയാണെങ്കില്‍പ്പോലും വര്‍ധിച്ചുവരികയാണ് എന്നുതന്നെയാണ്. ഇന്ത്യയിലാണെങ്കില്‍ ആഗോളീകരണത്തോടൊപ്പം സ്വകാര്യവല്‍ക്കരണവും ഉദാരീകരണവും തുല്യമായ ആവേശത്തോടെ സ്വാഗതം ചെയ്യാന്‍ തുടങ്ങിയതോടെ അനുഭവപ്പെട്ടതും ഇതുതന്നെയായിരുന്നു. ഈ നയത്തെയാണ് ‘മന്‍മോഹനോമിക്സ്’ എന്ന് വിശേഷിപ്പിക്കപ്പെടാന്‍ തുടങ്ങിയത്. യുകെ, യുഎസ്, ഫ്രാന്‍സ്, ചൈന, ബ്രസില്‍, മെക്സിക്കോ, ടര്‍ക്കി, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ക്കും വേറിട്ട അനുഭവങ്ങളായിരുന്നില്ല ഉണ്ടായത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അസമത്വങ്ങളുടെ കാര്യത്തില്‍ ഇന്തോനേഷ്യയുടേതുപോലെ തന്നെ ഒട്ടും ആശ്വാസകരമായ മാറ്റമല്ല ഉണ്ടായത്. വേണമെങ്കില്‍ നമ്മുടേത് ഇടത്തരം രാജ്യങ്ങളുടെ സ്വല്പം മെച്ചപ്പെട്ട സ്ഥിതി ആയിരുന്നു എന്ന് പറയാം. വികസിത രാജ്യങ്ങളുടെ കൂട്ടത്തില്‍ യുഎസില്‍ മാത്രമല്ല, ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും തൊഴിലാളികളുടെ ക്ഷാമം പരിമിതമായ തോതിലാണെങ്കിലും അനുഭവപ്പെട്ടുവരുന്നതിനാല്‍ വേതനനിരക്കുകളില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനര്‍ത്ഥം അസമത്വത്തില്‍ തുടര്‍ന്നും കുറവുണ്ടാകുമെന്നാണ്.

 


ഇതുകൂടി വായിക്കൂ:  ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ – ഭാവി എന്ത് ?


 

ആഗോളീകരണമെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ചരക്കുകളുടെ കയറ്റുമതി — ഇറക്കുമതി ഇടപാടുകളില്‍ പ്രതിബന്ധങ്ങളെല്ലാം ഒഴിവാക്കപ്പെടുന്നു എന്നത് മാത്രമല്ല, മനുഷ്യാധ്വാന ശക്തിയുടെ നീക്കങ്ങളും സുഗമമായ നിലയില്‍ രാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്നു എന്നതുകൂടിയാണ്. ഇത്തരം നീക്കങ്ങള്‍ കുടിയേറ്റത്തെക്കാളേറെ വ്യാപകമായ തോതിലാണ് നടന്നുവരുന്നത്. ഈ പ്രവണതയില്‍ നിന്നും ഒട്ടേറെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ ഇന്ത്യയെപ്പോലൊരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സാധ്യമായിട്ടുമുണ്ട്. വിദേശത്തുനിന്നുള്ള പണമടവിന്റെ കാര്യത്തില്‍ ഇന്ത്യക്കുണ്ടായിരിക്കുന്ന സാമ്പത്തിക നേട്ടങ്ങള്‍ മറ്റ് രാജ്യങ്ങളുടെതിനേക്കാള്‍ പതിന്മടങ്ങ് അധികമാണ്. ഉല്പാദനമേഖലയെ മൊത്തത്തിലെടുത്തു പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുക നാം ചൈനയേക്കാള്‍ ഏറെ പിന്നാക്കാവസ്ഥയിലാണെന്നാണ്. അതേസമയം എണ്ണ ഒഴികെയുള്ള ചരക്കുകളുടെ വിദേശ വിനിമയം ഏറെക്കുറെ ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ വിജയം നേടിയിട്ടുണ്ട്. മാത്രമല്ല, ജിഡിപിയുമായുള്ള ബന്ധം പരിശോധിക്കുമ്പോള്‍ ഉല്പാദന മേഖലയ്ക്ക് പാശ്ചാത്യ രാജ്യങ്ങളുടേതുപോലുള്ള ഇടിവുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം തന്നെ, ഉല്പാദന മേഖല ജിഡിപിയേക്കാള്‍ വേഗതയില്‍ വര്‍ധിച്ചിട്ടുമില്ല.

ഇതെല്ലാം ശരിയാണെന്ന് അംഗീകരിക്കുമ്പോഴും‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിലവിലിരുന്നൊരു ആശങ്ക, അസമത്വങ്ങളിലെ വര്‍ധനവാണ്. എന്നാല്‍, ഇവിടെയും സമീപകാലത്ത് ആശ്വസമുണ്ട്. ജനസംഖ്യയില്‍ പകുതിയോളം പേര്‍ക്കും പ്രതിദിന വരുമാനം 2.15 ഡോളറിലേറെയാണ് എന്നതുതന്നെ. ഇതിനു പുറമെയാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തം നിലയിലോ, കേന്ദ്രവിഹിതത്തോടുകൂടിയോ നല്‍കിവരുന്ന ആരോഗ്യ–ക്ഷേമകാര്യ ധനസഹായവും മറ്റുവിധത്തില്‍ നേരിട്ടുള്ള പണക്കൈമാറ്റ സഹായവും ജനങ്ങളിലെക്കെത്തുന്നത്. സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരിലും വര്‍ധനവുണ്ടായി. 2018നും 2023നും ഇടയ്ക്ക് ജനസംഖ്യയുടെ 1.3ശതമാനത്തില്‍ നിന്ന് 1.5 ശതമാനത്തിലേക്ക്.

ഇന്ത്യയുടെ ദാരിദ്ര്യവും അസമത്വവും നിരീക്ഷിക്കേണ്ടതും വിലയിരുത്തപ്പെടേണ്ടതും ഭൂമിശാസ്ത്രപരമായ കോണിലൂടെയാവണം. രാജ്യത്തിന്റെ ഹൃദയഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിഹാര്‍, യുപി, ഛത്തീസ്ഗഢ് തുടങ്ങിയവയെ സംബന്ധിച്ച് പരിഹാരം കാണേണ്ടത് മെച്ചപ്പെട്ട ഭരണം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസ സൗകര്യങ്ങള്‍ തുടങ്ങിയവയിലൂടെയും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്ന നടപടികള്‍ വഴിയും ആയിരിക്കണം. രാഷ്ട്രീയാധികാരം കൈവശമുള്ളവരും പ്രതിപക്ഷത്തുള്ളവരും തിരിച്ചറിയേണ്ടൊരു കാര്യം കണക്കുകള്‍ നിരത്തിയാല്‍ മാത്രം പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാവില്ലെന്നതാണ്. ആഗോള പട്ടിണി സൂചിക 2023 അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം മൊത്തം 125 രാജ്യങ്ങളില്‍ 111-ാം സ്ഥാനത്താണ്. 2021ല്‍ ഇന്ത്യ 107-ാം സ്ഥാനത്തായിരുന്നു. 2014ല്‍ രാജ്യത്തിന്റെ സ്ഥാനം 55 ആയിരുന്നു.

 


ഇതുകൂടി വായിക്കൂ:  ആരോഗ്യം ക്ഷയിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ


 

നിലവില്‍ ഇന്ത്യ ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഗുരുതരാവസ്ഥയുള്ള രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ട അവസ്ഥയിലാണ്. കുട്ടികളുടെ തൂക്കക്കുറവ് ഏറ്റവുമധികമുള്ളൊരു രാജ്യമാണ് എന്നതിനുപുറമെ ശിശുക്കളുടെ വളര്‍ച്ചാ മുരടിപ്പിലും പോഷകാഹാരക്കമ്മിയിലും മരണനിരക്കിലും നമ്മുടെ നേട്ടം പരസ്യപ്പെടുത്താതിരിക്കുകയാകും ആശാസ്യം. യുഎസ് സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്റ് ബിസിനസ് റിസര്‍ച്ച് (സിഇബിആര്‍) എന്ന ആഗോള സ്ഥാപനം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ജിഡിപിയില്‍ ചൈനയെക്കാള്‍ 90ശതമാനവും യുഎസിനെക്കാള്‍ 30ശതമാനവും മേലെയും ആയിരിക്കുമെന്നും ലോകത്തിലെ സാമ്പത്തിക സൂപ്പര്‍ പവര്‍ സ്ഥാനത്തെത്തുമെന്നും ഏതടിസ്ഥാനത്തിലാണ് കണ്ടെത്തിയിരിക്കുന്നതെന്ന് മനസിലാക്കാന്‍ മറ്റൊരു ഗവേഷണ യജ്ഞംതന്നെ വേണ്ടിവന്നേക്കാം. സിഇബിആര്‍ ഈ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത് ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച വേള്‍ഡ് ഇക്കണോമിക് ലീഗ് ടേബിള്‍ റിപ്പോര്‍ട്ടിലൂടെയാണ്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2024നും 28നും ഇടയ്ക്ക് നിലവിലുള്ള 6.5ശതമാനം ശരാശരി നിരക്കില്‍ തുടരുമെന്നു മാത്രമല്ല, 2032ആകുന്നതോടെ ജപ്പാനെയും ജര്‍മ്മനിയെയും പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തുമെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 2080 ആകുമ്പോഴേക്കും ചൈന, യുഎസ് എന്നീ രാജ്യങ്ങളെ പിന്നിലാക്കാന്‍ തക്ക ജനസംഖ്യാവര്‍ധനവും വളര്‍ച്ചാ സാധ്യതകളും നേടാന്‍ കഴിഞ്ഞേക്കാമെന്നും പ്രവചിക്കപ്പെടുന്നു. ഇതിന് അനുകൂല ഘടകങ്ങളായുള്ളത് യുവാക്കള്‍ക്ക് ജനസംഖ്യയിലുള്ള മുന്‍തൂക്കം, ഊര്‍ജസ്വലതയാര്‍ന്ന സംരംഭകത്വസമൂഹം, ആഗോള സാമ്പത്തിക വ്യവസ്ഥയുമായുള്ള കെട്ടുപാടുകള്‍ തുടങ്ങിയവയാണ്. അതേ അവസരത്തില്‍ ഇന്ത്യക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജനം, സാമ്പത്തികാസമത്വങ്ങള്‍, മാനുഷിക മൂലധന വിഭവവിനിയോഗം, ആഭ്യന്തര ഘടനാ വികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയാണ്.

ഡി ഗ്ലോബലൈസേഷന്‍ ഉയര്‍ത്തിവിടാനിടയുള്ള അസ്വസ്ഥതകള്‍ വികസിത രാജ്യങ്ങളായ യുഎസ്, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളോടൊപ്പം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെയും വലിയൊരളവില്‍ ബാധിക്കാതിരിക്കില്ല. എന്നാല്‍ ഈ രാജ്യങ്ങള്‍ക്കെല്ലാം സാമാന്യം മെച്ചപ്പെട്ട വികസന നിലവാരം ഇതിനകം തന്നെ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നതിനാല്‍ പുതിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മറികടക്കുക അത്രയേറെ പ്രയാസമാകില്ല. അതേയവസരത്തില്‍ ഇന്ത്യന്‍ സമ്പദ്‌‌വ്യവസ്ഥ ഏറെക്കാലമായി അഭിമുഖീകരിച്ചുവരുന്ന ദാരിദ്ര്യവും, സാമൂഹ്യവും ജാതീയവും സാമ്പത്തികവുമായ അസമത്വങ്ങള്‍, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ പ്രശ്നങ്ങളും അവ ഉയര്‍ത്തിവിടുന്ന ദുരന്തങ്ങളുടേതായ വിവിധ മാനങ്ങളും പരിഹരിക്കുക എളുപ്പമാകാനിടയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.