എൽപി ഉൾപ്പെടെയുള്ള എല്ലാ അധ്യാപക തസ്തികകളിലും ബിരുദം യോഗ്യതയായി വരുന്ന ഗസറ്റഡ് തസ്തികകളിലും വിവരണാത്മക പരീക്ഷ ഉടൻ നടപ്പാക്കുമെന്ന് പിഎസ്‌സി ചെയർമാൻ എം കെ സക്കീർ.
രണ്ട് ഘട്ട പരീക്ഷയിൽ മുഖ്യപരീക്ഷയാണ് വിവരണാത്മകമാക്കുക. ലക്ഷക്കണക്കിന് പേർ എഴുതുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഉൾപ്പെടെ ബിരുദതല പരീക്ഷകളെല്ലാം ഘട്ടംഘട്ടമായി വിവരണാത്മകമാക്കും. നിലവിൽ കെഎഎസ്, കോളജ് അധ്യാപക തസ്തികകളിൽ മാത്രമാണ് വിവരണാത്മക പരീക്ഷ നടത്തുന്നത്. പിഎസ്‍സി നടത്തുന്ന 50 ശതമാനം പരീക്ഷകളും ഓൺലൈനാക്കുമെന്നും എം കെ സക്കീർ പറഞ്ഞു. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി പിഎസ്‍സി ആസ്ഥാനത്ത് വിളിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാനായി ഡോ. എം ആർ ബൈജു ഇന്ന് ചുമതലയേൽക്കും.
ഓരോ തസ്തികയ്ക്കും ആവശ്യപ്പെടുന്ന വിദ്യാഭ്യാസ യോഗ്യതയുടെ തത്തുല്യമായ യോഗ്യത യുജിസി അംഗീകാരമുള്ളതാണെങ്കിൽ അവ പ്രൊഫൈലിൽ ചേർക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എം കെ സക്കീർ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കും മക്കൾക്കും മത്സ്യഫെഡിൽ ജോലി നൽകാനായി തസ്തിക സൃഷ്ടിച്ച് നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും. പിഎസ്‍സി നടപ്പാക്കിയ പ്രിലിമിനറി പരീക്ഷാ സമ്പ്രദായം ഗുണകരമായെന്നാണ് വിലയിരുത്തലെന്നും പിഎസ്‌സി ചെയര്‍മാന്‍ അറിയിച്ചു. പിഎസ്‍സി അംഗങ്ങളായ എസ് വിജയകുമാരൻ നായർ, പി എച്ച് മുഹമ്മദ് ഇസ്മായിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഓൺ സ്ക്രീൻ മാർക്കിങ് മൂല്യ നിർണയം
തിരുവനന്തപുരം: വിവരണാത്മക പരീക്ഷകളുടെ മൂല്യനിർണയം വേഗത്തിലാക്കാൻ ഓൺ സ്ക്രീൻ മാർക്കിങ് നടപ്പാക്കും. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തു മൂല്യനിർണയത്തിനായി കമ്പ്യൂട്ടർ സ്ക്രീനിൽ ലഭ്യമാക്കുകയും സ്ക്രീനിൽ തന്നെ മൂല്യനിർണയം നടത്തുകയും ചെയ്യുന്ന രീതിയാണിത്. ഒരു പേപ്പർ രണ്ടു തവണ മൂല്യനിർണയം നടത്തും. ഇതിനായി കൂടുതൽ അധ്യാപകരെ ചുമതലപ്പെടുത്തും. നിലവിൽ വിവരണാത്മക പരീക്ഷകളില്ലെല്ലാം പിഎസ്‌സി ഇത് നടപ്പാക്കുന്നുണ്ട്.
English Summary: Descriptive Examination for Teaching Posts and Graduate Posts
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.