25 May 2024, Saturday

Related news

May 19, 2024
May 13, 2024
April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024

ദേശാഭിമാനി വാർത്ത വസ്തുതാവിരുദ്ധവും അസത്യവും: സി പി ബാബു

Janayugom Webdesk
കാസർകോട്
February 1, 2023 10:14 pm

മുൻ റവന്യുവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനെ അക്രമിച്ച കേസിൽ “മർദിച്ചവരെ അറിയില്ലെന്ന് സിപിഐ നേതാക്കളും മൊഴി നൽകി” എന്ന ദേശാഭിമാനിയിലെ വാർത്ത വസ്തുതാവിരുദ്ധവും അസത്യവുമാണെന്ന് സിപിഐ കാസർകോട് ജില്ലാ സെക്രട്ടറി സി പി ബാബു.
ഇ ചന്ദ്രശേഖരനും സിപിഐ മുൻ ജില്ലാ സെക്രട്ടറി കെ വി കൃഷ്ണനും “പ്രതികളെ തിരിച്ചറിയില്ലെന്നും അവരുടെ പേര് അറിയില്ലെന്നുമാണ് ” വിചാരണ സമയത്ത് മൊഴി നൽകിയത് എന്നാണ് വാർത്ത ആരോപിക്കുന്നത്. എന്നാൽ ഇ ചന്ദ്രശേഖരൻ കോടതിയിൽ ചീഫ് വിസ്താരത്തിൽ പറഞ്ഞത് ”ബിജെപി പ്രവർത്തകരാണ് രാഷ്ട്രീയ വിരോധം വച്ച് എന്നെ അക്രമിച്ചത്. ആക്രമിച്ചവരിൽ ഇന്ന് കോടതിയിൽ കൂട്ടിൽ ഹാജരായ ആളുകൾ ഉണ്ടായിരുന്നു” എന്നാണ്. ഈ പ്രസ്താവന പൂർണമായും അദ്ദേഹം അന്വേഷണഘട്ടത്തിൽ പൊലീസിന് നൽകിയ മൊഴിക്കനുസരിച്ചുള്ളതാണ്. 

അന്വേഷണഘട്ടത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തപ്പോൾ ഇ ചന്ദ്രശേഖരനെക്കൊണ്ട് പ്രതികളെ തിരിച്ചറിയാനുള്ള നടപടി പൊലീസ് സ്വീകരിക്കുകയോ അത്തരത്തിൽ അദ്ദേഹം പൊലീസിൽ മൊഴി നൽകുകയോ ചെയ്തിട്ടില്ല. മറ്റ് സിപിഐ നേതാക്കളെ സംബന്ധിച്ചും ഇതേവിധത്തിലായിരുന്നു കാര്യങ്ങൾ നടന്നത്. അവരാരും അന്വേഷണഘട്ടത്തിൽ പ്രതികളെ കണ്ട് തിരിച്ചറിയുകയോ തിരിച്ചറിഞ്ഞതായി പൊലീസിന് മൊഴി നൽകുകയോ ചെയ്തിട്ടില്ല. എന്നാൽ 2016 മെയ് 21-ാം തീയതി സിപിഐ(എം) നേതാവ് ടി കെ രവി സംഭവത്തിന്റെ രണ്ടാംനാൾ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ഓഫിസിൽ വെച്ച് പ്രതികളായ ആറുപേരെ തിരിച്ചറിയുകയും അപ്രകാരം പൊലീസിന് മൊഴിനൽകുകയും ചെയ്തു. പിന്നീട് 2016 മെയ് 27ന് ഡിവൈഎസ്‌പി ഓഫിസിൽ വച്ച് മറ്റ് രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞ് പൊലീസിന് മൊഴി നൽകി. ആ രണ്ട് അവസരങ്ങളിലും സിപിഐ(എം) പ്രവർത്തകൻ ബങ്കളം അനിയും അനുഭാവിയായ ഡ്രൈവർ ഹക്കീമും അപ്രകാരം തന്നെ തിരിച്ചറിഞ്ഞതായും മൊഴി നൽകി. കേസിൽ തിരിച്ചറിയാൻ ബാക്കിയുണ്ടായിരുന്ന നാല് പ്രതികളെയും തുടർന്നുള്ള ദിവസങ്ങളിൽ ബങ്കളം അനിയും ഡ്രൈവർ ഹക്കീമും തിരിച്ചറിഞ്ഞതായി മൊഴി നൽകിയിട്ടുണ്ട്.
പ്രതികളെ തിരിച്ചറിഞ്ഞതായി മൂന്ന് സാക്ഷികൾ പൊലീസിന് നൽകിയ സ്റ്റേറ്റ്മെന്റ് ഈ കേസിൽ നിർണായകമായിരുന്നു. ആ മൊഴിയാണ് മൂന്നുപേരും കോടതിയിൽ മാറ്റിപ്പറഞ്ഞത്. അതിനാൽ മൂന്നുപേരും കുറുമാറിയതായി പ്രഖ്യാപിച്ച് എതിർവിസ്താരം നടത്താൻ സർക്കാർ വക്കീൽ കോടതിയോട് അനുമതി തേടുകയും അത് കോടതി അനുവദിക്കുകയും ചെയ്തു. സിപിഐ നേതാക്കളാരും കൂറുമാറിയിട്ടില്ലെന്നുള്ള വസ്തുത കോടതി രേഖകൾ പരിശോധിച്ചാൽ ബോധ്യമാകും. വസ്തുത ഇതായിരിക്കേ സിപിഐ നേതാക്കൾ നൽകിയതിന് സമാനമായ മൊഴി നൽകിയ സിപിഐ(എം) നേതാക്കളെ മാത്രം പഴിപറയുന്നു എന്ന ദേശാഭിമാനി വാർത്ത അസത്യങ്ങളും അർദ്ധസത്യങ്ങളും ചേർത്ത സൃഷ്ടിയാണ്. 

വിചാരണ സമയത്തും പിന്നീടും ഇ ചന്ദ്രശേഖരനും സിപിഐ നേതാക്കളും അഭിഭാഷകനെ ബന്ധപ്പെട്ടില്ലെന്ന ആരോപണവും ദേശാഭിമാനി ഉന്നയിക്കുന്നു. സിപിഐ(എം) നോമിനിയായ സർക്കാർ അഭിഭാഷകൻ നേരിട്ടോ കോടതിയിലോ ഇതുവരെ ഉന്നയിക്കാത്ത ആരോപണമാണ് ദേശാഭിമാനി ഉയർത്തുന്നത്. സിപിഐ(എം) നേതാക്കൾ സാക്ഷിയായി എത്തിയപ്പോൾ ഇ ചന്ദ്രശേഖരൻ എംഎൽഎ എത്താത്തതിനാൽ നിരവധി തവണ കേസ് മാറ്റിവച്ചു എന്ന ആരോപണം വിചിത്രവും കോടതി രേഖകൾക്ക് നിരക്കാത്തതുമായ നുണയാണ്.
ദേശാഭിമാനിയുടെ മറ്റൊരും വാദം ‘പൊലീസാണ് പ്രതിപ്പട്ടിക തയ്യറാക്കിയത്’ എന്നാണ്. ഇടതുമുന്നണി കേരളം ഭരിക്കുന്ന സമയം പിന്നീട് മന്ത്രിസഭാഗംമായ ഒരു നേതാവിന് നേരെ നടന്ന അക്രമത്തിൽ നടന്ന അന്വേഷണം പൊലീസിന്റെ പിഴവാണെന്ന് ആരോപിച്ചാൽ ആര്‍ക്കാണ് അതിന് മറുപടി പറയാനുള്ള ബാധ്യത. അതിനാല്‍ ആരോപണമുന്നയിക്കുന്നവര്‍ തന്നെ അക്കാര്യം ആലോചിക്കേണ്ടതാണെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. 

Eng­lish Sum­ma­ry: Deshab­hi­mani news untrue and false: CP Babu

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.