March 22, 2023 Wednesday

Related news

March 20, 2023
March 8, 2023
February 16, 2023
February 16, 2023
February 14, 2023
February 8, 2023
January 10, 2023
December 22, 2022
December 19, 2022
November 22, 2022

നിയമത്തിന്റെ നൂലാമാലയഴിഞ്ഞു; അച്ഛന് ജീവിതമേകാന്‍ മകളുടെ കരള്‍

സ്വന്തം ലേഖകൻ
കൊച്ചി
December 22, 2022 9:13 pm

അച്ഛന്റെ ജീവൻ രക്ഷിക്കാൻ കരൾ പകുത്ത് നൽകാനുള്ള മകളുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. മകളുടെ പോരാട്ടത്തിന് മുന്നിൽ ജസ്റ്റിസ് വി ജി അരുൺ നിയമത്തിന്റെ നൂലാമാലയഴിച്ചു. തൃശ്ശൂർ കോലഴിയിലെ ദേവനന്ദയുടെ പോരാട്ടമാണ് ഒടുവിൽ ലക്ഷ്യം കണ്ടത്. ദേവനന്ദക്ക് പ്രായപൂർത്തിയാകാത്തതിനാൽ കരൾദാനത്തിനുള്ള അനുമതി നേരത്തെ വിദഗ്ധസമിതി നിഷേധിച്ചിരുന്നു.
ദേവനന്ദയുടെ അച്ഛൻ പ്രതീഷിന് ഗുരുതരമായ കരൾരോഗമായിരുന്നു. കരൾ മാറ്റിവെക്കലല്ലാതെ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. കരൾ ദാതാവിനായുള്ള അന്വേഷണം അവസാനമെത്തിയത് പ്രതിഷിന്റെ 17 വയസ്സുള്ള മകളിൽ. കരൾ പകുത്തുനൽകി അച്ഛനെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാൻ മകൾക്ക് സമ്മതമായിരുന്നു, പക്ഷെ വിദഗ്ധ സമിതി അതിനനുവദിച്ചില്ല. പ്രായപൂർത്തിയായില്ല എന്നതായിരുന്നു കാരണം.

ഒടുവിൽ മറ്റുവഴിയില്ലാതായതോടെയാണ് ഹൈക്കോടതിയെ സമിപിച്ചത്. ഹൈക്കോടതി അസാധാരണ സാഹചര്യമാണെന്ന് കണ്ടെത്തിയാണ് തീരുമാനം പുനപരിശോധിക്കാൻ വിദഗ്ധസമിതിയോട് ആവശ്യപ്പെട്ടത്. കോടതി നിർദേശപ്രകാരം വിദഗ്ധസമിതിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമടങ്ങുന്ന സംഘം വീണ്ടും പരിശോധനകൾ പൂർത്തിയാക്കി. കരൾ പകുത്തു നൽകുമ്പോഴുള്ള പ്രത്യാഘാതം കുട്ടിയെ ബോധ്യപ്പെടുത്തി. എല്ലാം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വിദഗ്ധ സമിതിയും ദേവനന്ദയുടെ ആവശ്യത്തിന് സമ്മതം മൂളിയത്.

അച്ഛന്റെ ജീവൻ രക്ഷിക്കാൻ അസാധാരണ മനക്കരുത്ത് കാട്ടിയ കുട്ടിയെ ജസ്റ്റിസ് വി ജി അരുൺ അഭിനന്ദിച്ചു. ഇത്തരം കുട്ടികളുള്ള രക്ഷിതാക്കൾ ഭാഗ്യവാൻമാരാണെന്നും കോടതി പറഞ്ഞു. തൃശൂർ കോലഴി പള്ളിക്കര സ്വദേശിയാണ് പ്രതീഷ്. അപ്രതീക്ഷിതമായിട്ടാണ് 48 കാരനായ പ്രതീഷ് തനിക്ക് രോഗമുണ്ടെന്ന വിവരമറിയുന്നത്. അതോടെ വീട്ടിലും എല്ലാവർക്കും വിഷമമായി. കരൾ മാറ്റിവെയ്ക്കണമെന്ന ഡോക്ടർമാർ നിർദേശിച്ചു. ചേരുന്ന ദാതാവിനായി കുറെ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. കിട്ടിയാൽ തന്നെ വലിയ തുക നൽകേണ്ടതായി വരും. അതിനൊന്നും സാധിക്കാതെ വിഷമിച്ചിരിക്കുമ്പോഴാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പോയത്. അന്ന് മകളും കൂടെയുണ്ട്. മകളുടെ കരൾ തനിക്ക് ചേരുമോയെന്ന് നോക്കാൻ അവൾ തന്നെയാണ് നിർദേശിച്ചത്. ഇന്റർനെറ്റിൽ നോക്കി അവളെല്ലാം പഠിച്ചുവെച്ചിരുന്നു. ആശുപത്രിയിലെ പരിശോധനയിൽ കരൾ തനിക്ക് അനുയോജ്യമാണെന്ന് കണ്ടു. അപ്പോഴാണ് പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള മകൾക്ക് കരൾ നൽകുന്നതിൽ നിയമതടസമുണ്ടെന്നറിയുന്നത്. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ എത്തിയതെന്ന് പ്രതീഷ് പറഞ്ഞു.

Eng­lish Sum­ma­ry: devanan­da for giv­ing her liv­er to his father
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.