വികസനക്കുതിപ്പും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കി സജീവമായ സാമ്പത്തിക പ്രക്രിയയ്ക്കു അതിവേഗ പാതതെളിച്ച് സംസ്ഥാന ബജറ്റ്.
ധനദൃഢീകരണത്തിന് മുന്‍തൂക്കം നല്‍കി ധനമന്ത്രി കെ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ അടുത്ത സാമ്പത്തിക വർഷം 1,35,418.67 കോടി രൂപയുടെ റവന്യു വരവ് പ്രതീക്ഷിക്കുന്നു. 1,59,360. 91 കോടി രൂപയുടേതാണ് റവന്യു ചെലവ്. റവന്യു കമ്മി 23,942.24 കോടി രൂപയാണ്. പൊതുകടം 28,552.79 കോടി ആയിരിക്കുമെന്നും വിലയിരുത്തുന്നു.
ആഭ്യന്തര ഉല്പാദനവും തൊഴിൽ സംരംഭകത്വവും നിക്ഷേപ അവസരങ്ങളും വർധിപ്പിക്കാൻ സജ്ജമായ മെയ്‌ക്ക് ഇൻ കേരള പദ്ധതിക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നു. ഈ പദ്ധതിക്കായി 1000 കോടി അധികമായി അനുവദിക്കുമെന്നും ഈ വർഷം 100 കോടി മാറ്റിവയ്ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് 60,000 കോടിയുടെ വികസനമാണ് ലക്ഷ്യമിടുന്നത്. തുറമുഖത്തിന്റെ ചുറ്റുപാടുമുള്ള മേഖലയില്‍ വിപുലമായ വാണിജ്യ വ്യവസായ കേന്ദ്രം വികസിപ്പിക്കുന്നതിന്റെ ഭാഗമായി 75 കിലോമീറ്റര്‍ റിങ് റോഡ് നിര്‍മ്മിക്കും. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായും ചുറ്റും ടൗണ്‍ഷിപ്പുകളുടെ ശൃംഖലയായും ഇത് മാറും. 5000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായി കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തി.
വനം-വന്യജീവി സംഘര്‍ഷമേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 50.85 കോടി അനുവദിച്ചു. കൃഷിക്കായി 971 കോടി ബജറ്റിൽ വകയിരുത്തി. പൊതുജനാരോഗ്യമേഖലയിൽ ബജറ്റ് വിഹിതം 2828.33 കോടി വകയിരുത്തി. മുൻവർഷത്തേക്കാൾ 196.50 കോടി ഇത്തവണ കൂടുതലാണ്. ആരോഗ്യപരിചരണം, ഹെൽത്ത് ടൂറിസം എന്നിവ ഉപയോഗപ്പെടുത്തി കേരള ആഗോള ആരോഗ്യ ഹബ്ബാക്കിമാറ്റുമെന്നും ധനമന്ത്രി പറഞ്ഞു.
ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് പ്രഖ്യാപിച്ചു. തീരദേശ വികസനത്തിന് 110 കോടിയും തീരസംരക്ഷണ പദ്ധതികൾക്ക് 10 കോടിയും വകയിരുത്തി. മത്സ്യമേഖലയ്ക്ക് 321 കോടി, ഫിഷറീസ് ഇന്നൊവേഷൻ പദ്ധതിക്ക് ഒരു കോടി, മീൻപിടിത്ത ബോട്ടുകൾ നവീകരിക്കാൻ 10 കോടി. ദേശീയപാത ഉൾപ്പെടെ റോഡുകൾക്കും പാലങ്ങൾക്കുമായി 1144 കോടി. ജില്ലാ റോഡുകൾക്ക് 288 കോടിയും ബജറ്റിൽ വകയിരുത്തി. മൃഗസംരക്ഷണ വകുപ്പിന് 1320.64, ക്ഷീര വികസന വകുപ്പിന് 114.76 കോടി വീതമാണ് വകയിരുത്തിയത്.
സമൂഹത്തിലെ ദുർബല വിഭാഗത്തിൽപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് ഏർപ്പെടുത്തുന്നത്. വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായ 6.7ലക്ഷം ഉൾപ്പെടെ 57 ലക്ഷത്തോളം പേർക്ക് സർക്കാരാണ് പൂർണമായും പെൻഷൻ നൽകുന്നത്. പ്രതിവർഷം 11,000 കോടി രൂപ ഇതിനായി വേണ്ടിവരുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.
കടുത്ത ബജറ്റ് പ്രതിബന്ധം
സംസ്ഥാനം ഇപ്പോള്‍ നേരിടുന്നത് കടുത്ത ബജറ്റ് പ്രതിബന്ധമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രം നിശ്ചയിക്കുന്ന ഒട്ടും അയവില്ലാത്തതും കര്‍ശനവുമായ പരിധിക്കപ്പുറം കടക്കാന്‍ സംസ്ഥാനത്തിനാവില്ല. നികുതി അധികാരങ്ങള്‍ പരിമിതവുമാണ്. വായ്പാ പരിധിയും കര്‍ശമായി നിയന്ത്രിച്ചിരിക്കുന്നു. ഇത്തരം പ്രതിബന്ധങ്ങളെ നേരിടാന്‍ വിഭവങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായി ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏറ്റെടുക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിന് 100 കോടി നീക്കിവച്ചു. തുടര്‍ച്ചയായി പദ്ധതി ചെലവ് വിലയിരുത്തുന്ന പ്ലാന്‍ സ്പേസ് നവീകരണ അധികച്ചെലവിലേക്ക് ഒരുകോടി രൂപയും വകയിരുത്തി.
സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ് : മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023–24ലെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയ്ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും ഉന്നതവിദ്യാഭ്യാസത്തിനുമുള്ള ഊന്നൽ എന്നിവ ഈ ബജറ്റിന്റെ സവിശേഷതകളാണ്. അധികാര വികേന്ദ്രീകരണത്തെ കൂടുതൽ സാർത്ഥകമാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. സർക്കാർ സേവനങ്ങളെ മെച്ചപ്പെടുത്താനും സർക്കാരിന്റെ സഹായഹസ്തം എല്ലാ വിഭാഗങ്ങളിലും എല്ലാ മേഖലകളിലും എത്തിക്കാനുമുള്ള സമഗ്രസമീപനമാണ് ബജറ്റിൽ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
English Summary: Development Bill, Social Security
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.