April 1, 2023 Saturday

കെ ഫോണിന് നൂറ് കോടി

ശ്യാമ രാജീവ്
February 4, 2023 4:45 am

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിന് (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് ) 100 കോടി രൂപ അനുവദിച്ചു. ഒരു നിയമസഭാ മണ്ഡലത്തില്‍ 500 കുടുംബങ്ങള്‍ എന്ന കണക്കില്‍ അര്‍ഹരായ 70,000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ ഫോണ്‍ പദ്ധതിക്കു കീഴില്‍ സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. ഇതിനായി രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വിവര സാങ്കേതിക വിദ്യാമേഖലയ്ക്കായി 559 കോടി രൂപ വകയിരുത്തി. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മിഷന് 127.37 കോടി രൂപയും സ്റ്റേറ്റ് ഡാറ്റാ സെന്ററിനായി 53 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഐഐടിഎംകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്കായി 46.60 കോടി രൂപ വകയിരുത്തി.
തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 26.60 കോടി രൂപയും, കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ വികസനത്തിനായി 35.75 കോടി രൂപയും, കോഴിക്കോട് സൈബര്‍ പാര്‍ക്കിന് 12.83 കോടി രൂപയും അനുവദിച്ചു. പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് 201.09 കോടി രൂപയും വകയിരുത്തി. കേരള സ്പെയ്സ് പാര്‍ക്കിന് (കെ-സ്പെയ്സ്) 71.84 കോടി രൂപയും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് 90.52 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൊച്ചി ടെക്നോളജി ഇന്നവേഷന്‍ സോണിന് 20 കോടി രൂപയും യുവജന സംരംഭകത്വ വികസന പരിപാടികള്‍ക്കുള്ള 70.52 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു. ഫണ്ട് ഓഫ് ഫണ്ട്സ് വിഹിതത്തിനായി 30 കോടി രൂപ അധികമായി അനുവദിക്കുന്നതുള്‍പ്പെടെ ആകെ 120.52 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

കുട്ടനാടിന് പ്രത്യേക പരിഗണന

കുട്ടനാടിന് പ്രത്യേക പരിഗണന നല്‍കി ബജറ്റ്. രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക വര്‍ധിപ്പിച്ചു. വേമ്പനാട് കായലിലടക്കം കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെ തോടുകളും ജലപാതകളും വൃത്തിയാക്കി ബണ്ടുകള്‍ ശക്തിപ്പെടുത്തി സംരംക്ഷിക്കുന്നതിനാവശ്യമായ തുക 87 കോടി രൂപയില്‍ നിന്ന് 137 കോടി രൂപയായി വര്‍ധിപ്പിച്ചു. കൂടാതെ പ്രവര്‍ത്തനം പുരോഗമിക്കുന്ന രണ്ടാം കുട്ടനാട് പാക്കേജിന്റെ കാര്യക്ഷമമായ പദ്ധതി നിര്‍വഹണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായ കുട്ടനാട് വികസന ഏകോപന കൗണ്‍സിലും രൂപീകരിച്ചിട്ടുണ്ട്.
ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളുടെ വികസനത്തിനായി 75 കോടി രൂപയുടെ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു. 

വന്യജീവി അക്രമം തടയാനും നഷ്ടപരിഹാരത്തിനും 50 കോടി രൂപ

വനാതിര്‍ത്തികള്‍ ലംഘിച്ചുള്ള വന്യജീവി ആക്രമണങ്ങള്‍ തടയുവാനും നഷ്ടപരിഹാരത്തിനുമായി ബജറ്റില്‍ 50.85 കോടി രൂപ അനുവദിച്ചു. മനുഷ്യന് വന്യജീവികള്‍ ഉയര്‍ത്തുന്ന ഭീഷണി ഗൗരവതരമാണെന്ന് കണ്ടാണ് ഇത്. അതിനുവേണ്ട ശാസ്ത്രീയമായ നിര്‍ദേശങ്ങളും പരിഹാരങ്ങളും സര്‍ക്കാര്‍ അടിയന്തരമായി തേടും.
വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതിനും റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ താല്‍ക്കാലികമായി രൂപീകരിക്കുന്നതിന് 30.85 കോടി രൂപ ഉള്‍പ്പടെയാണ് 50.85 കോടി രൂപ ബജറ്റില്‍ വകയിരുത്തിയത്.

വനം വന്യജീവി മേഖലയിലെ പദ്ധതികള്‍ക്ക് 241.66 കോടി രൂപ

വനം-വന്യജീവി മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി നബാര്‍ഡ് വായ്പ ഉള്‍പ്പെടെ 241.66 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തി. സുസ്ഥിരമായ വനസംരക്ഷണവും വനത്തിനുള്ളില്‍ ജലലഭ്യതയും ശാസ്ത്രീയമായ വനമാനേജ്മെന്റും നടപ്പില്‍ വരുത്തുന്ന പദ്ധതികള്‍ക്കുള്ള വിഹിതം 35 കോടി രൂപയില്‍ നിന്നും 50 കോടി രൂപയായി ഉയര്‍ത്തി. വന സംരക്ഷണ പദ്ധതിക്കായി 26 കോടി രൂപയും അനുവദിച്ചു.
ആധുനിക സാങ്കേതിക വിദ്യയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് വനാതിര്‍ത്തി തിട്ടപ്പെടുത്തുക, കയ്യേറ്റങ്ങള്‍ തടയുക എന്നിവ ലക്ഷ്യം വയ്ക്കുന്ന പദ്ധതിക്കായി 28 കോടി രൂപ അനുവദിച്ചു.
പിണറായിയിലെ കാര്‍ഷിക വൈവിധ്യ കേന്ദ്രം, വെളളായണി കാര്‍ഷിക കോളജിലെ കാര്‍ഷിക ജൈവ വൈവിധ്യ പ്രവര്‍ത്തനം എന്നിവ അടുത്ത വര്‍ഷം നടപ്പിലാക്കും. പ്രദേശങ്ങളെ പ്രകൃതിദത്ത വനങ്ങളാക്കി മാറ്റുന്നതിലൂടെ പരിസ്ഥിതി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നബാര്‍ഡ് ആര്‍ഐഡിഎഫ് വായ്പാ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്കായി 51.57 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. 

തൊഴിലാളി ക്ഷേമ ബജറ്റ് 

തൊഴില്‍ മേഖലക്കും തൊഴിലാളി ക്ഷേമത്തിനും മുന്തിയ പരിഗണന നല്‍കുന്നതാണ് ഇത്തവണത്തെ ബജറ്റ്. ഈ മേഖലയ്ക്കായി 504.76 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് മുന്‍വര്‍ഷത്തെക്കാള്‍ 22.60 കോടി രൂപ അധികമാണ്.
തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി പദ്ധതിക്കായി 1.10 കോടി രൂപ വകയിരുത്തി. തോട്ടം തൊഴിലാളികളുടെ താമസസൗകര്യങ്ങള്‍ (ലയങ്ങള്‍) മെച്ചപ്പെടുത്തുന്നതിന് 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. അസംഘടിത മേഖലയിലെ ദിവസവേതന തൊഴിലാളികള്‍ക്ക് ആശ്വാസനിധി, അവശതയനുഭവിക്കുന്ന മരംകയറ്റം തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി, പ്രസവാനുകൂല്യം എന്നിവക്കായി എട്ടു കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്.
പരമ്പരാഗത തൊഴില്‍ മേഖലകളായ ബീഡി, ഖാദി, മുള, ചൂരല്‍, മത്സ്യ ബന്ധനവും സംസ്കരണവും, കശുവണ്ടി, കയര്‍, തഴപ്പായ, കരകൗശല നിര്‍മ്മാണം മുതലായവയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് 1250/- രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നതിനുള്ള പദ്ധതിക്കായി 90 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇത് മുന്‍വര്‍ഷത്തെക്കാള്‍ നാല് കോടി രൂപ അധികമാണ്. കേരള അക്കാദമി ഫോര്‍ സ്കില്‍സ് ആന്റ് എക്സ്‌ലന്‍സിന്റെ വിവിധ പദ്ധതികള്‍ക്കായി 37 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഐറ്റിഐ കളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനായി 30.50 കോടി രൂപയും അനുവദിച്ചു. വിവിധ പദ്ധതികള്‍ക്കായി വ്യാവസായിക പരിശീലന വകുപ്പിന് 108.46 കോടി രൂപയും വകയിരുത്തി.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പുതിയ കരിയര്‍ ഡെവലപ്മെന്റ് സെന്ററുകള്‍ ഈ വര്‍ഷം ആരംഭിക്കും. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന് 5.30 കോടി രൂപയും കണ്ണൂര്‍ പോസ്റ്റ് ഗ്രാജുവേറ്റ് & റിസര്‍ച്ച് സെന്റര്‍ ഇന്‍ ഫയര്‍ & സേഫ്റ്റി സയന്‍സിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയും വകയിരുത്തി. 

അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ‘അങ്കണം’ ഇന്‍ഷുറന്‍സ് പദ്ധതി

അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി ആക്സിഡന്റ് ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും ഉള്‍പ്പെടുത്തി അങ്കണം എന്ന പേരില്‍ ഒരു പദ്ധതി നടപ്പിലാക്കും. വാര്‍ഷിക പ്രീമിയം 360 രൂപ നിരക്കില്‍ അപകട മരണത്തിന് രണ്ട് ലക്ഷം രൂപയും, ആത്മഹത്യ അല്ലാതെയുളള മറ്റ് മരണങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും ഇന്‍ഷുറന്‍സ് പരിരക്ഷ അങ്കണത്തിലൂടെ ഉറപ്പുവരുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.
സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/സഹകരണ സ്ഥാപനങ്ങള്‍/സര്‍വകലാശാല/മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കായി നിലവില്‍ ഇന്‍ഷുറന്‍സ് വകുപ്പ് നടപ്പിലാക്കിയിട്ടുള്ള ജിപിഎഐഎസ് അപകട ഇന്‍ഷുറന്‍സ് പദ്ധതി പരിഷ്കരിച്ച് ജീവന്‍ രക്ഷ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു.
അപകടം മൂലമുള്ള മരണത്തിനുള്ള പരിരക്ഷ 10 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപ വാഗ്ദത്ത തുകയായി ഉയര്‍ത്തി. അപകടം അല്ലാതെയുള്ള മരണത്തിന് സമാശ്വാസമായി അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷ ഉറപ്പുവരുത്തും. ഇതിനായി നിലവിലെ പ്രതിവര്‍ഷ പ്രീമിയം 500 രൂപയില്‍ നിന്നും 1000 രൂപയായി ഉയര്‍ത്തി.
സംസ്ഥാനത്തെ 11 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പിലാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ ആറ് മാസം കൊണ്ട് അംഗീകരിച്ചത് 405 കോടി രൂപയുടെ ക്ലെയിമുകള്‍. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള 480 ആശുപത്രികള്‍ മെഡിസെപ്പുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. പ്രതിമാസം 500 രൂപയാണ് അംഗങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഇന്‍ഷുറന്‍സ് സേവന ദാതാവ്. ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്കും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കുമായി 30 കോടി രൂപയുടെ കോര്‍പസ് ഫണ്ടും മെഡിസെപ്പിന്റെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.