3 February 2026, Tuesday

ആരോഗ്യ രംഗത്ത് വികസനക്കുതിപ്പ്

1800 കോടിയുടെ പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്നു 
കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ മുതല്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ വരെ 
Janayugom Webdesk
തിരുവനന്തപുരം
February 3, 2026 9:27 pm

കേരളത്തിന്റെ ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 1800 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ഈ മാസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ക്യാൻസർ സെന്റർ മുതൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം വരെയുള്ള വൻകിട പദ്ധതികളാണ് യാഥാർത്ഥ്യമാകുന്നത്. ഇത്രയധികം വികസന പ്രവർത്തനങ്ങൾ ഒരേ മാസം പൂർത്തിയാക്കി സമർപ്പിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

643.88 കോടി രൂപ ചെലവഴിച്ചാണ് കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സജ്ജമാക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിനായി 60 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലായിരിക്കും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുക. അവയവദാന രംഗത്തെ ഗവേഷണ, ചികിത്സാ, പരിശീലന മികവിന്റെ കേന്ദ്രം കൂടിയായിരിക്കും. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഏഴിന് മുഖ്യമന്ത്രി നിര്‍വഹിക്കും.
മധ്യ കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ മാറ്റമുണ്ടാക്കുന്ന കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഒമ്പതിന് നടക്കും. 387 കോടി ചെലവഴിച്ചാണ് അത്യാധുനിക സംവിധാനങ്ങളോടെ സിസിആര്‍സി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
109.82 കോടി രൂപ ചെലവഴിച്ചാണ് ആലപ്പുഴ ഹോംകോയുടെ രണ്ടാംഘട്ട വികസനം സാധ്യമാക്കിയത്. ഗുളികകളും ഓയില്‍മെന്റുകളും നിര്‍മ്മിക്കാന്‍ കഴിയുന്ന പുതിയ ഫാക്ടറിയുടെ ഉദ്ഘാടനം 13ന് നിര്‍വഹിക്കും.

ഒരു കോടി രൂപ ചെലവഴിച്ച് മലപ്പുറം കോട്ടക്കുന്നില്‍ സജ്ജമാക്കിയ ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം 14ന് നടക്കും. വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തില്‍ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ യാഥാര്‍ത്ഥ്യമാക്കിയത്.
14ന് കോട്ടയം മെഡിക്കല്‍ കോളജില്‍ 257 കോടി രൂപ ചെലവഴിച്ച സര്‍ജിക്കല്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്യും. എട്ട് നിലകളിലായി 526 കിടക്കകളും, 14 ഓപ്പറേഷന്‍ തീയറ്ററുകളും, 44 ഐസിയു ബെഡുകളും, 12 ഐസൊലേഷന്‍ ബെഡുകളുമുണ്ട്. 115 കോടിയുടെ അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. 

20ന് ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ഉദ്ഘാടനം ചെയ്യും. ആയുര്‍വേദ ചികിത്സാ, ഗവേഷണ രംഗത്തെ നാഴികക്കല്ലാണ് കണ്ണൂരില്‍ 300 ഏക്കര്‍ സ്ഥലത്ത് സജ്ജമാക്കുന്ന ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (ഐആര്‍ഐഎ). ഒന്നാംഘട്ടത്തില്‍ 200 കോടി ചെലവഴിച്ച് 100 കിടക്കകളുള്ള ആശുപത്രി, മാനുസ്‌ക്രിപ്റ്റ് സ്റ്റഡി സെന്റര്‍, ഔഷധസസ്യ നഴ്‌സറി ആന്റ് റിസര്‍ച്ച് സെന്റര്‍ എന്നിവയാണ് സജ്ജമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ 242.42 കോടി രൂപ ചെലവഴിച്ചാണ് 30,680 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ 14 നില കെട്ടിടം നിര്‍മ്മിച്ചത്. 23ന് ഉദ്ഘാടനം ചെയ്യും. ഇതോടെ ആർസിസിയിലെ സ്ഥലപരിമിതിക്ക് വലിയ പരിഹാരമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.