17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 14, 2024
September 11, 2024
August 22, 2024
August 14, 2024
July 20, 2024
July 8, 2024
July 7, 2024
February 9, 2024
January 7, 2024

കുത്തകകൾക്കായി കാർഷിക മേഖലയിൽ ഡിജിറ്റലൈസേഷൻ

പ്രത്യേക ലേഖകന്‍
December 4, 2022 4:30 am

കാർഷിക മേഖലയിൽ ഡിജിറ്റലൈസേഷൻ നയം നടപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ധാരണാപത്രം ഒപ്പിട്ടതിന്റെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഈ നയത്തിന്റെ ഗുണദോഷവശങ്ങളെ കുറിച്ച് വിശദമായ ചർച്ചകൾ ആവശ്യമാണ്. ഇന്ത്യയിലെ 60 ശതമാനത്തിലധികം ആളുകളാണ് കൃഷി ഉപജീവനത്തിനായി ആശ്രയിക്കുന്നത്. ഏതാണ്ട് 15 കോടിയിലധികം കർഷക കുടുംബങ്ങളുണ്ടെന്നും കണക്കുകൾ പറയുന്നു. കാർഷിക രംഗത്ത് ഡിജിറ്റലൈസേഷൻ പോലുള്ള പ്രധാന സാങ്കേതിക വിദ്യകൾ നടപ്പിലാക്കുമ്പോൾ, ഈ മേഖലയുമായി ബന്ധപ്പെട്ട കർഷകരെ പരിഗണിക്കുകയോ അഭിപ്രായങ്ങൾ തേടുകയോ ചെയ്തിട്ടില്ല. ജീവിതമാർഗമായി ഈ മേഖലയെ ആശ്രയിക്കുന്നവർക്ക് അടിസ്ഥാനപരമായ ഘടനാ മാറ്റത്തെക്കുറിച്ച് യാതാെരറിവുമില്ല. കർഷക പ്രതിനിധി സംഘങ്ങളെയും ചർച്ചകളിൽ നിന്ന് അകറ്റിനിർത്തി. സംസ്ഥാന സർക്കാരുകളുടെ കീഴിലാണ് കൃഷി ഉൾപ്പെടുന്നത്. അതുകൊണ്ട് ചുരുങ്ങിയപക്ഷം സംസ്ഥാനങ്ങളെയെങ്കിലും അറിയിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. എന്നാൽ കാർഷിക മേഖലയെ ഡിജിറ്റലൈസ് ചെയ്ത് സ്വകാര്യ കോർപറേറ്റ് ശക്തികൾക്ക് കൈമാറാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ് മോഡി സർക്കാർ. കാർഷിക മേഖലയിൽ കൊണ്ടുവന്ന മൂന്ന് കരിനിയമങ്ങൾ ഒരു വർഷത്തിലേറെക്കാലം കർഷകരും കർഷക സംഘടനകളും നടത്തിയ വലിയ തോതിലുള്ള പ്രക്ഷോഭത്തിന്റെ ഫലമായി, ഗത്യന്തരമില്ലാത്ത സാഹചര്യത്തിൽ മോഡി സർക്കാർ പിൻവലിച്ചു. കൃഷിയെ കോർപറേറ്റ് ശക്തികൾക്ക് കൈമാറാൻ ഈ ഡിജിറ്റലൈസേഷൻ സംവിധാനം അവതരിപ്പിച്ചുകൊണ്ട് ആ നിയമങ്ങൾ മറ്റൊരു രൂപത്തിൽ കൊണ്ടുവരാൻ ഇപ്പോൾ വീണ്ടും ശ്രമം നടക്കുകയാണ്. കോർപറേറ്റ് സ്ഥാപനങ്ങൾ വിത്ത് മുതൽ വിപണിയിലെത്തിക്കുന്നത് വരെയുള്ള കാർഷിക പ്രക്രിയയെ നിയന്ത്രിക്കുന്ന സ്ഥിതി രാജ്യത്തിന്റെ നിലവിലുള്ള അവസ്ഥയെ മാറ്റിമറിക്കും. ഡിജിറ്റലൈസേഷൻ പ്രക്രിയ ഏതാനും സ്വകാര്യ കമ്പനികൾക്കായാണ് രൂപപ്പെടുത്തുന്നത്. വാൾമാട്ടിന്റെ ഉടമസ്ഥതയിലുള്ള ആമസോൺ, പരുത്തിവിത്ത് ഇടപാടുകളുടെ 90 ശതമാനവും വഹിക്കുന്നു. മോൺസാന്റോ, ബേയർ കമ്പനികളും ഇതിന്റെ പ്രധാന ഗുണഭോക്താക്കളാണ്. പുകയില വ്യാപാരം നടത്തുന്ന ഐടിസിപോലുള്ള കമ്പനികളും ബാബ രാംദേവ് നടത്തുന്ന പതഞ്ജലിയും ഇതിലുണ്ട്. മൈക്രോസോഫ്റ്റ് കമ്പനിക്കും പങ്കുണ്ടെന്നാണ് സൂചന.

കേന്ദ്ര കൃഷി, കർഷക വികസന മന്ത്രാലയം ഡിജിറ്റൽ അഗ്രികൾച്ചർ മിഷന്റെ ഭാഗമായി പൈലറ്റ് പ്രോജക്ടുകൾക്ക് അഞ്ച് കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടത് 2021 നവംബറിലാണ്. നിൻജ കാർട്ട്, ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്, ഐടിസി ലിമിറ്റഡ്, എൻസിഡിഎക്സ് ഇ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവയുമായാണ് കരാർ ഒപ്പിട്ടത്. ഈ പൈലറ്റ് പ്രോജക്ടുകളുടെ അടിസ്ഥാനത്തിലായിരിക്കണം കർഷകർ ഏത് വിള വളർത്തണം, ഏതുതരം വിത്ത് ഉപയോഗിക്കണം എന്ന് തീരുമാനിക്കേണ്ടത്. വിളവ് വർധിപ്പിക്കുന്നതിന് എന്തെല്ലാം മികച്ച രീതികൾ അവലംബിക്കണം എന്നതിനെക്കുറിച്ചും തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്നും അധികാരികൾ പറയുന്നു. മഹാരാഷ്ട്രയിലെ ജൽന, നാസിക് ജില്ലകളിലെ കർഷകർക്ക് ഉപദേശം നൽകുന്നതിനായാണ് ജിയോ പ്ലാറ്റ്ഫോംസ്, പൈലറ്റ് പ്രോജക്ട് നടത്തുക. മധ്യപ്രദേശിലെ സെഹോർ, വിദിഷ ജില്ലകളിലെ ഗ്രാമങ്ങളിൽ നിലം അറിഞ്ഞുള്ള വിള തീരുമാനിക്കാനാണ് ഐടിസി ലിമിറ്റഡ് ധാരണാപത്രം ഒപ്പിട്ടത്. ഹരിയാനയിലും മധ്യപ്രദേശിലും തിരഞ്ഞെടുക്കപ്പെട്ട രണ്ടു ജില്ലകളിലാണ് സിസ്കോ പ്രവർത്തിക്കുക. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ, കർണാടകയിലെ ദേവനഗരെ, മഹാരാഷ്ട്രയിലെ നാസിക് ജില്ലകളിൽ എൻസിഡിഎക്സ് ഇ മാർക്കറ്റ്സ് ലിമിറ്റഡ് പ്രവർത്തിക്കും. അഗ്രി മാർക്കറ്റ്പ്ലേസ് പ്ലാറ്റ്ഫോം വികസിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന നിൻജ കാർട്ട്, മധ്യപ്രദേശിലെ ചിന്ദ്വാര, ഇൻഡോർ, ഗുജറാത്തിലെ ആനന്ദ് എന്നിവിടങ്ങളിലാണ് പൈലറ്റ് പ്രോഗ്രാം നടത്തുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്ചെയിൻ, റിമോട്ട് സെൻസിങ്, ജിസ് ടെക്നോളജി, ഡ്രോണുകളുടെയും റോബോട്ടുകളുടെയും ഉപയോഗം എന്നിവയാണ് ഡിജിറ്റൽ അഗ്രികൾച്ചർ മിഷനിലുള്ളത്. ഭൂരേഖകൾ, സർവേ രേഖകൾ എന്നിവ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നടപടികളും കാർഷിക മേഖലയിൽ തുടങ്ങിക്കഴിഞ്ഞു. ഡിജിറ്റലൈസേഷൻ പൗരന്മാരെ എല്ലായ്പ്പോഴും എവിടെനിന്നും ഏത് സംസ്ഥാനത്തിന്റെയും രേഖകൾ കാണാനും ഡൗൺലോഡ് ചെയ്യാനും സഹായിക്കുമെന്നാണ് അവകാശവാദം. കമ്പ്യൂട്ടർവല്ക്കരണം ജനങ്ങൾക്ക് ഭൂമിയുടെ രേഖകൾ ശേഖരിക്കാൻ സർക്കാർ ഓഫീസുകളിൽ കറങ്ങാനുള്ള ശ്രമവും സമയവും കുറച്ചു. ഉടമസ്ഥൻ, പ്രദേശം മുതലായവയുടെ വിശദാംശങ്ങൾ ഭൂരേഖകളായി നല്കുന്നു. ഭൂരേഖകൾ ഡിജിറ്റലൈറ്റൈസ് ചെയ്യുന്നതിനുള്ള ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് കീഴിലുള്ള ഒരു ഓൺലൈൻ ശേഖരണത്തിലേക്ക് ഭൂമി രജിസ്ട്രി വിവരങ്ങൾ സമർപ്പിക്കാൻ കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: ജിഎം കടുകുല്പാദനവും പരിസ്ഥിതി ലോല പ്രദേശങ്ങളും


മിക്ക സംസ്ഥാനങ്ങളും ചില ഡോക്യുമെന്റുകൾ പോർട്ടലിലേക്ക് മാറ്റുന്നതിനും അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള പ്രക്രിയയിലാണ്. മിക്ക സംസ്ഥാനങ്ങളിലും ഭൂമിയുടെ രേഖകൾ ഓൺലൈനിൽ ലഭ്യമാണ്. രാസവളങ്ങളും വിത്തും കീടനാശിനികളും ഡ്രോൺ സംവിധാനത്തിലൂടെ വ്യാപിപ്പിക്കുന്ന ജോലികളും ആരംഭിച്ചു. മനുഷ്യാധ്വാനത്തിന്റെ മൂല്യം കുറയുകയും ബൗദ്ധികവല്ക്കരണത്തിന് കൂടുതൽ ഊന്നൽ നൽകുകയും ചെയ്യുന്ന സമീപനമാണ് വ്യാപകമാകുന്നത്. കാർഷിക മേഖലയിലെ 80 ശതമാനത്തോളം പേരും നിരക്ഷരരാണ് എന്നത് ഈ പദ്ധതിയുടെ ഉദ്ദേശശുദ്ധി സംശയത്തിന്റെ നിഴലിലാക്കുന്നു. ചെറുകിട നാമമാത്ര കർഷകരും പാട്ടക്കർഷകരും വളരെ പ്രധാനമാണ്. ചെറുകിട കർഷകരെ കൃഷിഭൂമിയിൽ നിന്ന് നിർബന്ധിതമായി പുറത്താക്കുകയും ഭൂമി മുഴുവൻ കോർപറേറ്റ് ശക്തികൾക്ക് കൈമാറുകയും തുടർന്ന് കർഷകരെ തൊഴിലാളികളാക്കുകയും ചെയ്യുക എന്നതാണ് ഈ നയത്തിന്റെ പ്രധാന ഉദ്ദേശം. ഇതിനെ കർഷകരും കൃഷിയെയും രാജ്യത്തെയും സ്നേഹിക്കുന്നവരും ശക്തമായി എതിർക്കണം. നയം അവതരിപ്പിക്കുന്നത് സ്വകാര്യമേഖലയിലല്ല, പൊതുമേഖലയിൽ കർഷകരുടെ പങ്കാളിത്തത്തോടെയും വിവിധ സംസ്ഥാനങ്ങളുടെ സഹകരണത്തോടെയും വേണം. എട്ടു വർഷത്തെ മോഡി സർക്കാർ ഭരണത്തിൽ എല്ലാം സ്വകാര്യവല്ക്കരിക്കപ്പെട്ടു. ധനസമ്പാദന പാക്കേജിന്റെ പേരിൽ സർക്കാർ ആസ്തികളും വ്യവസായങ്ങളും തുച്ഛവിലയ്ക്ക് വിറ്റു. 2022–23 സാമ്പത്തിക വർഷത്തിൽ 1.6 കോടി രൂപ സമാഹരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പ്, കായിക വകുപ്പ്, എക്സ്ചേഞ്ച് വകുപ്പ്, കൽക്കരി ഖനികൾ തുടങ്ങി എല്ലാ ആസ്തികളുടെയും വില്പന നടപടികൾ ത്വരിതപ്പെടുത്തി. ഇങ്ങനെയൊരു സർക്കാർ കുത്തകകളുമായി കൈകോർത്ത് നടത്തുന്ന കാർഷികരംഗത്തെ പരിഷ്കാരം കർഷകരും കർഷക സംഘടനകളും ഒരു പ്രധാന വിഷയമായി ചർച്ച ചെയ്യണം. നവംബർ 21,22 തീയതികളിൽ ചില സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ നടന്ന ചർച്ച ശ്രദ്ധേയമാണ്. കൂടുതൽ ചർച്ചകളും പ്രക്ഷോഭങ്ങളും ഉയർന്നുവരേണ്ടതുണ്ട്.

മൂന്നിൽ ഒരാൾ ഡിജിറ്റൽ നിരക്ഷരന്‍

കാർഷിക മേഖലയിൽ ഡിജിറ്റലൈസേഷൻ നടപ്പാക്കാൻ മോഡി സർക്കാർ ഒരുങ്ങുമ്പോൾ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വാക്കുകൾ വളരെ പ്രസക്തമാണ്. “ഭാവി ഡിജിറ്റൽ ആയിരിക്കും. എന്നാൽ ഡിജിറ്റലിന്റെ ഭാവി മനുഷ്യ കേന്ദ്രീകൃതമായിരിക്കണം” എന്നാണ് അഡിസ് അബാബയിൽനടന്ന 17-ാമത് ഇന്റർനെറ്റ് ഗവേണൻസ് ഫോറത്തിൽ യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞത്. ലോകത്ത് ഇന്റർനെറ്റ് ആക്സസ് ഇല്ലാത്ത 270 കോടി ആളുകളുടെ ഭാവി പരിഗണിക്കണം. മൂന്നിൽ ഒരാൾ, ഡിജിറ്റൽ അന്ധകാരത്തിൽ ജീവിക്കുന്നതിനാൽ, കൂടുതൽ കണക്ടിവിറ്റിയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.