23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

ഗവര്‍ണര്‍ക്ക് പിന്തുണ: കോണ്‍ഗ്രസിലും യുഡിഎഫിലും ഭിന്നത

ദേശീയ നയം സുധാകരന് അറിയില്ലേ എന്ന് മുരളീധരന്‍

കാവിവല്ക്കരണ നടപടി പിന്തുണയ്ക്കില്ലെന്ന് ലീഗ്
കെ കെ ജയേഷ്
കോഴിക്കോട്
October 25, 2022 9:36 pm

ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ ലംഘിക്കുകയും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഗവർണറോടുള്ള സമീപനത്തിൽ കോൺഗ്രസ് നേതാക്കളിലും യുഡിഎഫിലും ഭിന്നത. ഗവർണറുടെ നിലപാനൊപ്പം നില്ക്കുന്ന പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ കോണ്‍ഗ്രസില്‍ തന്നെ എതിര്‍പ്പുയര്‍ന്നു. അതോടൊപ്പം ഗവർണറുടെ നിലപാടുകൾക്കെതിരെ മുസ്‍ലിം ലീഗും രംഗത്ത് വന്നതോടെ യുഡിഎഫിൽ വൻ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.

സർക്കാറിനെതിരെ പൗരവിചാരണയെന്ന പേരിൽ കെപിസിസി പ്രക്ഷോഭത്തിനൊരുങ്ങുന്നതിനിടെയാണ് മുന്നണിക്കുള്ളിൽ പൊട്ടിത്തെറി രൂപപ്പെട്ടിരിക്കുന്നത്. വി ഡി സതീശനും കെ സുധാകരനും രമേശ് ചെന്നിത്തലയും ഗവർണറെ പിന്തുണച്ചപ്പോള്‍ കാവിവല്കരണത്തിനാണ് ഗവർണറുടെ നീക്കമെന്ന് വ്യക്തമാക്കി കെ സി വേണുഗോപാലും കെ മുരളീധരനും രംഗത്തെത്തി. സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ സ്വീകരിച്ചാൽ അത് ചോദ്യം ചെയ്യണമെന്നായിരുന്നു പാർട്ടി ദേശീയ നയത്തിനനുസരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കിയത്. ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും വേണുഗോപാൽ വ്യക്തമാക്കി.

എന്നാൽ പാർട്ടിയുടെ ദേശീയ നയത്തെ തള്ളുന്ന നിലപാടാണ് വി ഡി സതീശനും കെ സുധാകരനും സ്വീകരിച്ചത്. കെ സി വേണുഗോപാൽ പറഞ്ഞത് ഉത്തരേന്ത്യയിലെ കാര്യമാകുമെന്നും കേരളത്തിൽ ഗവർണർ ആർഎസ്എസ് അജണ്ട നടപ്പാക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു. ഗവർണർ തെറ്റ് തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് വി ഡി സതീശൻ പറഞ്ഞത്. ഇരുനേതാക്കളുടെയും നിലപാടുകളെ കെ മുരളീധരൻ എംപി തള്ളി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒരിക്കലും അംഗീകരിക്കാനാകില്ല. ദേശീയനയം സുധാകരനും സതീശനും അറിയില്ലേ എന്നത് അവരോട് ചോദിക്കണമെന്ന് കെ മുരളീധരൻ പറഞ്ഞു. ഗവർണർ കാവിവല്ക്കരണം നടത്തുന്നുവെന്നും അത് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയ കെ മുരളീധരൻ താൻ പറഞ്ഞത് കോൺഗ്രസിന്റെ ദേശീയ നിലപാടാണെന്നും പാർട്ടിക്ക് ഇന്ത്യയിൽ ഒരു നയമേ ഉള്ളുവെന്നും തുറന്നടിച്ചു. ഗവർണർക്ക് വേണ്ടി ബിജെപി സമരത്തിനിറങ്ങുമ്പോൾ തെരുവ് യുദ്ധമുണ്ടാകും. സർവകലാശാലകളുടെ പ്രവർത്തനം അവതാളത്തിലാകും. പരീക്ഷകൾ നടക്കാതെ തുടർപഠനത്തിന് പോകാനിരിക്കുന്ന വിദ്യാർഥികൾ പ്രതിസന്ധിയിലാകുന്ന സാഹചര്യമുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.

ഗവർണറുടെ നടപടികളെ പിന്തുണയ്ക്കാനില്ലെന്നാണ് മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. സർവകലാശാല വിഷയത്തിൽ വിയോജിപ്പുണ്ടെങ്കിൽ അത് പ്രകടിപ്പിക്കാൻ നിലവിൽ സംവിധാനമുണ്ട്. നിയമസഭയ്ക്ക് അകത്തും പുറത്തും യുഡിഎഫ് അത് ചെയ്യുന്നുണ്ട്. അതല്ലാതെ നിലവിലെ സംവിധാനത്തെ ദുർബലപ്പെടുത്തിയുള്ള ഗവർണറുടെ നിലപാടിനെ പിന്തുണയ്ക്കാൻ കഴിയില്ല. സംസ്ഥാനത്ത് ഗവർണറുടെ ഭരണം സ്വന്തം നിലയിൽ നടപ്പാക്കുന്നതിനോട് യോജിക്കാനാകില്ല. ഭരണപക്ഷത്തെ മാനിക്കാത്തയാൾ പ്രതിപക്ഷത്തെയും മാനിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവർണറുടെ നടപടികൾ അതിരുകടന്നതാണെന്നും ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് ഇ ടി മുഹമ്മദ് ബഷീർ, അഡ്വ. പി എം എ സലാം ഉൾപ്പെടെയുള്ളവർ സ്വീകരിച്ച നിലപാട്. ഇതോടെ പ്രതിസന്ധിയിലായ വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച ശേഷമാണ് താൻ പ്രസ്താവന ഇറക്കിയതെന്നും ആശയവിനിമയത്തില്‍ അവ്യക്തത ഉണ്ടായതായി സംശയിക്കുന്നതായും ഉരുണ്ടുകളിക്കുകയായിരുന്നു. ഗവർണർക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി യുഡിഎഫിൽ ഭിന്നതയില്ലെന്ന് രമേശ് ചെന്നിത്തലയും ന്യായീകരിച്ചിരുന്നു.

Eng­lish Sum­ma­ry: Sup­port for Gov­er­nor: divi­sion in con­gress and UDF
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.