26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 19, 2024
July 19, 2024
July 17, 2024
July 16, 2024
July 14, 2024
July 13, 2024
July 4, 2024
June 23, 2024
June 20, 2024

മന്ത്രിസ്ഥാനങ്ങളുടെ വിഭജനം; അസംതൃപ്തി പുകയുന്നു

മുൻ സർക്കാരിലെ 37 പേരെ ഒഴിവാക്കി
Janayugom Webdesk
ന്യൂഡല്‍ഹി
June 10, 2024 9:13 pm

ജംബോ മന്ത്രിസഭയോടെ മൂന്നാം മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും പാര്‍ട്ടിയിലും മുന്നണിയിലും അസംതൃപ്തരേറുന്നു.  പ്രധാനമന്ത്രിക്ക് പുറമെ ക്യാബിനറ്റ് പദവിയുള്ള 30 മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 കേന്ദ്ര സഹമന്ത്രിമാരുമാണ് ഇന്നലെ ചുമതലയേറ്റത്. 71 ല്‍ 60 മന്ത്രിസ്ഥാനങ്ങളും ബിജെപി കരസ്ഥമാക്കിയപ്പോള്‍ സഖ്യകക്ഷികള്‍ക്കായി 11 സ്ഥാനങ്ങളാണ് നല്‍കിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള എന്‍സിപി അജിത് കുമാര്‍ വിഭാഗവും ഷിന്‍ഡെ ശിവസേനാ വിഭാഗവും മന്ത്രിസ്ഥാനത്തിന് അവകാശം ഉന്നയിച്ചുവെങ്കിലും കാത്തിരിക്കാനായിരുന്നു മറുപടി. പാര്‍ട്ടിയിലെ അസംതൃപ്തി ഇതിനോടകം മറനീക്കി പുറത്തുവന്നിട്ടുണ്ട്.

2014 ലെ ഒന്നാം മോഡി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ 46 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. 2019 ലെ മന്ത്രിസഭയുടെ തുടക്കത്തില്‍ മന്ത്രിമാരുടെ എണ്ണം 58 ആയി ഉയര്‍ന്നു. ഇത്തവണ അംഗങ്ങളുടെ എണ്ണം 72 ആയി ഉയരുകയായിരുന്നു.
പരമാവധി ഉള്‍ക്കൊള്ളാവുന്ന മന്ത്രിമാരുടെ എണ്ണത്തെക്കാള്‍ ഒമ്പതുപേര്‍ മാത്രമാണിപ്പോള്‍ കുറവ്. 81 പേരെയാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് പരമാവധി നിയമിക്കാനാകുക. 543 അംഗ ലോക്സഭയുടെ 15 ശതമാനമാണിത്. 2021ലെ മന്ത്രിസഭാ വിപുലികരണത്തിന് ശേഷം 78 കേന്ദ്രമന്ത്രിമാര്‍ ചുമതല വഹിച്ചിരുന്നു. ഇതാണ് മോഡി കാലത്തെ ഏറ്റവും കൂടുതല്‍ അംഗങ്ങളുണ്ടായിരുന്ന മന്ത്രിസഭ.

മൂന്നാം മോഡി സർക്കാർ അധികാരത്തിലേറിയപ്പോൾ മുൻ സർക്കാരിലെ 37 മന്ത്രിമാർക്ക് മന്ത്രിസഭയിൽ ഇടം ലഭിച്ചിരുന്നില്ല. അനുരാഗ് സിങ് താക്കൂർ, സ്മൃതി ഇറാനി, എന്നിവരടക്കം ഏഴ് ക്യാബിനറ്റ് മന്ത്രിമാർക്കും 30 സഹമന്ത്രിമാർക്കും പുതിയ സർക്കാരിൽ സ്ഥാനമുണ്ടായില്ല. അധികാരം ഒഴിഞ്ഞ മന്ത്രിസഭയിൽ 26 ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള മൂന്ന് സഹമന്ത്രിമാരും 42 സഹമന്ത്രിമാരുമാണ് ഉണ്ടായിരുന്നത്. ഇതിലെ 26 കേന്ദ്രമന്ത്രിമാരിൽ ഏഴ് പേരെ പുതിയ സർക്കാരിൽ ഉൾപ്പെടുത്തിയില്ല.

ആദിവാസി, കർഷക ക്ഷേമ വകുപ്പ് മന്ത്രി അർജുൻ മുണ്ട, ഫിഷറീസ് മന്ത്രിയായിരുന്ന പർഷോത്തം രുപാല, വനിതാ ശിശു വികസന, ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനി, എംഎസ്എംഇ മന്ത്രി നാരായൺ തതു റാണെ, ഊർജ്ജ വകുപ്പ് മന്ത്രി രാജ് കുമാർ സിങ്, വൻകിട വ്യവസായ വകുപ്പ് മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ, വാർത്താ വിനിമയ‑യുവജന ക്ഷേമ വകുപ്പ് മന്ത്രി അനുരാഗ് സിങ് താക്കൂർ എന്നിവർക്കാണ് ഇത്തവണ മന്ത്രിസഭയിൽ ഇടം ലഭിക്കാത്തത്. ഇവരിൽ അർജുൻ മുണ്ട, സ്മൃതി ഇറാനി, മഹേന്ദ്ര നാഥ് പാണ്ഡെ, രാജ് കുമാർ സിങ് എന്നിവർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. പർഷോത്തം രുപാലയും അനുരാഗ് സിങ് താക്കൂറും ഇക്കുറിയും ജയിച്ചെങ്കിലും മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചില്ല. കേന്ദ്രസഹമന്ത്രിമാരായിരുന്ന 42 പേരിൽ 30 പേരെയും ഇത്തവണ ഒഴിവാക്കി.

ക്യാബിനറ്റ് റാങ്കില്ല അതൃപ്‌തിയോടെ സുരേഷ് ഗോപി

ക്യാബിനറ്റ് റാങ്ക് ലഭിക്കാത്തതില്‍ അതൃപ്‌തി പ്രകടിപ്പിച്ചുവെങ്കിലും കേന്ദ്രമന്ത്രിയായി തുടരാൻ സുരേഷ് ഗോപി. പി കെ കൃഷ്‌ണദാസും എം ടി രമേശമുള്‍പ്പടെയുള്ളവര്‍ സുരേഷ് ഗോപിയെ അനുനയിപ്പിക്കാന്‍ നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു.  സത്യപ്രതിജ്ഞയ്ക്ക് തൊട്ടു പിന്നാലെ സുരേഷ് ഗോപി മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കേരളത്തില്‍ നിന്നും ജോര്‍ജ് കുര്യനും മന്ത്രിപദവി ലഭിച്ചെങ്കിലും ഇരുവര്‍ക്കും ക്യാബിനറ്റ് റാങ്കോ സ്വതന്ത്രചുമതലയോ ലഭിച്ചിരുന്നില്ല. വെറും സഹമന്ത്രി സ്ഥാനത്തിലെ അതൃപ്തി സുരേഷ് ഗോപി അറിയിച്ചിരുന്നു. സിനിമ പൂര്‍ത്തിയാക്കാനുണ്ടെന്ന കാരണം പറഞ്ഞ് സ്ഥാനം രാജിവെക്കാന്‍ അദ്ദേഹം ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും മോഡി മന്ത്രിസഭയില്‍ എത്തിയതില്‍ അഭിമാനിക്കുകയാണെന്നും ഇന്നലെ ഫേസ്ബുക്ക് പോസ്റ്റില്‍ സുരേഷ് ഗോപി പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയം മതിയാക്കുന്നതായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Eng­lish Summary:Division of Min­istries; Dis­con­tent simmers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.