20 May 2024, Monday

ആ കൊച്ചിന് ഹൈടെക് ഭിക്ഷ അറിയില്ല!

ദേവിക
വാതിൽപ്പഴുതിലൂടെ
December 6, 2021 7:50 am

ഭിക്ഷാടനത്തിന് പല മാര്‍ഗങ്ങളുണ്ടെങ്കിലും പിച്ചച്ചട്ടിയാണ് പരമ്പരാഗത രീതി. നമ്മുടെ മോഡിയുടെ സ്വന്തം വാരണാസിയിലെയും യുഎസില്‍ ലാസ്‌വേഗാസിലേയും തെണ്ടികളെ ദേവിക നേരിട്ടു കണ്ടിട്ടുണ്ട്. ഇരു കൂട്ടരുടേയും മുന്നിലുള്ളത് ഭിക്ഷാപാത്രങ്ങള്‍. അതില്‍ കാശെറിഞ്ഞുകൊടുത്തില്ലെങ്കില്‍ വാരണാസിയിലെ ഗംഗാതടത്തില്‍ സന്യാസിവേഷധാരികള്‍ പുളിച്ച തെറി വിളിക്കും. അരികത്തിരിക്കുന്ന ‘പുരാതനസന്യാസി’ (ഓള്‍ഡ് മങ്ക്) റം ഇടയ്ക്കിടെ വെള്ളം തൊടാതെ മൊത്തിക്കുടിച്ചുകൊണ്ടാണ് യാചന. കള്ളു മൂക്കുമ്പോള്‍ സന്യാസി വഴിപോക്കനെ തടഞ്ഞുനിര്‍ത്തി കാശുവച്ചിട്ട് പോടാ എന്ന് പറഞ്ഞെന്നുമിരിക്കും. അങ്ങ് അമേരിക്കയിലാണെങ്കില്‍ വയലിന്‍ മീട്ടി പാടിയാണ് രീതി‍. ഇന്ത്യാക്കാരാണ് മുന്നിലുള്ളതെങ്കില്‍ ‘ജയ്‌രാമഹരേ’ എന്നു പാടും. ചിലര്‍‍ ബീറ്റില്‍ ഗായകരായ ജോണ്‍ലെന്നന്റെയും പോള്‍ മക്കാര്‍ട്ട്നിയുടെയും വേഷത്തില്‍ പോപ്പ് സംഗീതവും മൂളി അടിപൊളിവേഷത്തില്‍ നില്‍ക്കും. ആ വ്യാജ ബീറ്റില്‍ ഗായകന്റെ പടമെടുക്കണമെങ്കില്‍ മുന്നിലെ ഭിക്ഷാപാത്രത്തില്‍ ഒരു ഡോളര്‍ കാണിക്കയിട്ടേ പറ്റു. ഇല്ലെങ്കില്‍ ലെന്നന്റെയും മക്കാര്‍ട്ടിനിയുടെയും ഭാവം മാറും. തല്ലില്ല. രൂക്ഷമായ ഒരു നോട്ടം കൊണ്ട് ആക്രമണമാവും. ഇന്ത്യയിലാണെങ്കില്‍ ഭിക്ഷാടനം ഇന്നും പരമ്പരാഗതം. പിച്ചക്കാരുടെ ലോകത്തു നിന്നും വരുന്ന കഥകളുമേറെ. ഇന്ത്യയില്‍ ലക്ഷക്കണക്കിനു യാചകരുണ്ടെന്നാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ ലോക്‌സഭയില്‍ സമര്‍പ്പിച്ച കണക്ക്. വെറും നാലരലക്ഷമെന്ന പൊട്ടക്കണക്ക്. മോഡിയുടെ വാരണാസി, ‘വാരണാസീപുരപതേ തവ സുപ്രഭാതം’ എന്ന കീര്‍ത്തനം കേട്ടു കണ്ണുതുറക്കുമ്പോള്‍ മഹാദേവ ക്ഷേത്രത്തില്‍ ഹരിവരാസനം ചൊല്ലി നടയടയ്ക്കുന്നതുവരെ പരിസരത്തുണ്ടാകുക ലക്ഷക്കണക്കിനു സന്യാസിവേഷധാരികളായ ഭിക്ഷാടകര്‍‍. ഈയിടെ ഒരു വാര്‍ത്ത വായിച്ചു. വാരണാസിയില്‍ നിന്നല്ല, ഇങ്ങ് ആലുവയില്‍ നിന്ന്, പള്ളികളില്‍ പിച്ചയെടുത്തു കഴിഞ്ഞിരുന്ന മട്ടാഞ്ചേരി സ്വദേശി ഐഷാബിയെന്ന 73കാരിയെ അവര്‍ താമസിച്ചിരുന്ന കുഴുവേലിപ്പടി മുസ്‌ലിം ജമാഅത്ത് കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവരുടെ മുറിയിലെ അലമാരയില്‍ നിന്നു കണ്ടെത്തിയത് ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ. ആരു പറഞ്ഞു ഈ ഭാരതഭൂമി തെണ്ടാന്‍ കൊള്ളാത്ത രാജ്യമാണെന്ന്! പക്ഷേ ഇന്ത്യയില്‍ നിന്നു നേപ്പാളിലേക്ക് കുടിയേറി പിച്ച തെണ്ടുന്ന ആരതി എന്ന ബാലികയ്ക്കു മറിച്ചാണ് അഭിപ്രായം. തെണ്ടലിന് ദേവഭൂമിയായ നേപ്പാളാണ് രാക്ഷസഭൂമിയായ മാതൃഭൂമിയെക്കാള്‍ നന്നെന്ന് അവള്‍ മനോഹരമായ ഇംഗ്ലീഷില്‍ പറയുന്നു. പഠിക്കാന്‍ നിവൃത്തിയില്ലാത്തതിനാലാണ് ഭിക്ഷയെടുത്ത് പണമുണ്ടാക്കി പഠിക്കാനാഗ്രഹിക്കുന്നതെന്ന് തന്നെ കണ്ടുമുട്ടിയ പ്രശസ്ത ബോളിവുഡ് നടന്‍ അനുപം ഖേറിനോട് അവള്‍ പറഞ്ഞു. തന്റെ ജീവകാരുണ്യ ഫൗണ്ടേഷന്‍ ആരതിയെ പഠിപ്പിച്ചോളാമെന്നു വാക്കു നല്കിയിട്ടുണ്ട്. ആ വാക്ക് പാഴ്‌വാക്കാകാനിടയില്ല. കാരണം ആതിരയെ ഒരു പ്രചാരണ ബിംബമാക്കാനുള്ള സാധ്യത അനുപം ഖേര്‍ അങ്ങനെയങ്ങ് വേണ്ടെന്ന് വയ്ക്കുമോ! നമ്മുടെ കോടതികള്‍ക്ക് എന്തിന്റെ ഏനക്കേടാ എന്നു ചോദിച്ചുപോവുന്നു. ലൈംഗികവേഴ്ചയെക്കുറിച്ചുള്ള കേസുകള്‍ പരാമര്‍ശിക്കാന്‍ ഈ ന്യായാധിപര്‍ക്ക് എന്തൊരു ഉത്സാഹമാണ്. ചുമ്മാതങ്ങു തട്ടിവിടുന്നതല്ല.


ഇതുകൂടി വായിക്കാം; കാപട്യങ്ങള്‍ കരളില്‍ ഒളിപ്പിക്കുന്നവര്‍


വാത്സ്യായന‍ മഹര്‍ഷിയുടെയും കൊക്കോക മഹര്‍ഷിയുടെയും കാമശാസ്ത്ര പുരാണങ്ങളെ അധികരിച്ചാണ് വിധിപ്രസ്താവങ്ങള്‍. വാത്സ്യായനന്റെ കാമശാസ്ത്രത്തിലെ നമ്പരുകളായ ചില രീതികള്‍ പീഡനമല്ലെന്നാണ് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ തവണ വിധിച്ചത്. പ്രതിയുടെ ശിക്ഷ ഇളവു ചെയ്യുകയും ചെയ്തു! ‘സാരിവേറെ സരസ്വതി വേറെ’ എന്ന ആചാരം തിരുത്തിയെഴുതിയത് സാക്ഷാല്‍ സുപ്രീം കോടതി. ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെയുള്ള പീഡനം ലൈംഗിക പീഡനമല്ലെന്ന മുംബൈ ഹൈക്കോടതി ജസ്റ്റിസ് പുഷ്പഗനേഡിവാലയുടെ വിധിയാണ് സാരിസ്പര്‍ശക സായൂജ്യര്‍ക്ക് അക്കിടിയായത്. സിപ്പഴിച്ചാലോ വസ്ത്രത്തില്‍ തൊട്ടാലോ അത് ലൈംഗിക പീഡനല്ല. പീഡനമാകണമെങ്കില്‍ ചര്‍മ്മവും ചര്‍മ്മവും തമ്മില്‍ സ്പര്‍ശിക്കണം എന്ന ജസ്റ്റിസ് പുഷ്പമാഡത്തിന്റെ വിധിയാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. ഉത്സവപ്പറമ്പുകളില്‍ നിറഞ്ഞാടിയിരുന്ന ഞരമ്പുരോഗികള്‍ക്ക് ഇനി ഊണകത്ത്. പ്രണയിച്ചോ, പക്ഷേ അതു ശാരീരികബന്ധത്തിനുള്ള മുന്‍കൂര്‍ സമ്മതമായി കരുതരുതെന്നാണ് നമ്മുടെ ഹൈക്കോടതി ജസ്റ്റിസ് ആര്‍ നാരായണ പിഷാരടിയുടെ കഴിഞ്ഞ ദിവസത്തെ വിധി. നേപ്പാളില്‍ തെണ്ടുന്ന ആരതിക്കുട്ടി പറയുമ്പോലെ ഇന്ത്യ തെണ്ടാന്‍ പോലും കൊള്ളാത്ത രാജ്യമെന്ന് സമ്മതിക്കാം. എന്നാല്‍ ഇന്ത്യ കണികാണാന്‍ പോലും കൊള്ളാത്ത രാജ്യമാണെന്ന് പറഞ്ഞുകളഞ്ഞാലോ. പറയുന്നത് മോഡിയുടെ മച്ചമ്പിയായ യുഎസ്. ഇന്ത്യയില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. അതിനാല്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക എന്നാണ് നിര്‍ദ്ദേശം. പ്രത്യേകിച്ചും കശ്മീര്‍. മോഡി ഭരണഘടനാ ഭേദഗതി വഴി പറുദീസയാക്കിയ കശ്മീരിലാണ് ലൈംഗികാതിക്രമങ്ങളും ഭീകരാക്രമണങ്ങളുമെന്നാണ് പ്രസിഡന്റ് ജോബൈഡന്‍ മച്ചമ്പിയുടെ മുന്നറിയിപ്പ്. ഇന്ത്യയിലെ വിനോദസഞ്ചാര മേഖലകളിലെല്ലാം ഇത്തരം അതിക്രമങ്ങള്‍ കൂടുതലാണത്രേ. മാര്‍ക്കറ്റുകള്‍, ഷോപ്പിങ്മാളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയടക്കം അതിക്രമ മേഖലകളായതിനാല്‍ യാത്രകള്‍ ഒഴിവാക്കുക. മോഡി ഭരിച്ച് ഭരിച്ച് ഇന്ത്യയെ ഇവ്വിധമാക്കിയെന്നു മാത്രം ബൈഡന്‍ പറയുന്നില്ല. നമ്മുടെ കുരുന്നു ബാല്യങ്ങള്‍ക്ക് എന്തു സംഭവിച്ചു. ‘മാതാ പിതാ ഗുരു ദൈവം’ എന്ന ബാല്യകാല ചിന്തകളില്‍ നിന്ന് നാം അകന്നുപോകുന്നുവോ. ക്ലാസില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതിന് ഈയിടെ വിദ്യാര്‍ത്ഥികള്‍ ഒരധ്യാപകനെ വളഞ്ഞിട്ടു തല്ലി. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത് ഒരു പെണ്‍കുട്ടി. ദരിദ്രനായ ഒരു വിദ്യാര്‍ത്ഥി തന്റെ അടുത്തിരുന്ന സഹപാഠിയുടെ ഒരു പെന്‍സില്‍ മോഷ്ടിച്ചു. നിവൃത്തികേടുകൊണ്ടായിരുന്നു. ഉടന്‍തന്നെ ആ ആറാം ക്ലാസുകാര്‍ അധ്യാപകന്‍ നീതിപാലിക്കുക എന്ന മുദ്രാവാക്യത്തോടെ ക്ലാസുകള്‍ ബഹിഷ്കരിച്ച് പൊലീസ് സ്റ്റേഷനിലേക്ക്. ‘പെന്‍സില്‍ കള്ളനെ അറസ്റ്റ് ചെയ്യുക ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക’ എന്നിവയായിരുന്നു ആവശ്യങ്ങള്‍. ആ അധ്യാപക മര്‍ദ്ദനത്തിന്റെയും പെന്‍സില്‍ മോഷണത്തിന്റെയും കാരണങ്ങളുടെ ആഴങ്ങള്‍ തേടേണ്ടതല്ലേ നാം,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.