12 June 2024, Wednesday

സംസർഗത്തിന്റെ സൗന്ദര്യം

വാക്ക്
അജിത് കൊളാടി
May 5, 2024 4:54 am

ലോകത്തെ മാറ്റിമറിച്ച സൗഹൃദമാണ് കമ്മ്യൂണിസ്റ്റ് സൗഹൃദം. അത് മാർക്സിന്റെയും ഏംഗൽസിന്റെയും ആണ്.
ലോകത്തെ സമൂല പരിവർത്തനത്തിന് വിധേയമാക്കിയ ചിന്തയാണ് മാർക്സിൽ നിന്ന് ഉത്ഭവിച്ചത്. ആ ചിന്തയെ പടർന്നുപന്തലിക്കാനും, മനുഷ്യ മോചനത്തിന്റെ വഴികാട്ടിയായി നിലനിൽക്കാനും അനന്യമായ സംഭാവന ഏംഗൽസ് നൽകി. അവർ സ്വയം അറിഞ്ഞു. സ്വന്തം വർഗത്തെപ്പറ്റി ബോധവാന്മാരായി. മാർക്സിന്റെ മരണത്തെതുടർന്ന് ‌ഏംഗൽസ് എഴുതിയത് ഇങ്ങനെയായിരുന്നു. “മനുഷ്യകുലത്തിന് ഒരു ശിരസ് കുറഞ്ഞു. പക്ഷെ ഈ കാലഘട്ടത്തിലെ ഏറ്റവും മഹനീയവും ശ്രേഷ്ഠവുമായ ശിരസായിരുന്നു അത്”. 1844ൽ പാരിസിൽ വച്ചാണ് ‌ഏംഗൽസ് മാർക്സിനെ കാണുന്നത്. ഓഗസ്റ്റ് 28ന് പ്ലേസ് ഡൂപാ ലേസിലെ കഫേ ദിയാ റീജൻസിയിൽ വച്ചായിരുന്നു ലോക രാഷ്ട്രീയത്തേയും തത്വശാസ്ത്രത്തേയും വിശകലനരീതികളെയും മാറ്റിമറിച്ച ആ കൂടിക്കാഴ്ച. പരിചയപ്പെട്ടതിന് ശേഷമാണ് “വിശുദ്ധ കുടുംബം” (ഹോളി ഫാമിലി) എന്ന പുസ്തകം ഇരുവരും ചേർന്നെഴുതുന്നത്. മാഞ്ചസ്റ്ററിന്റെ ദത്തുപുത്രനായിരുന്നു ‌ഏംഗൽസ്. നഗരത്തിലെ ജീവിതവും അനുഭവങ്ങളുമാണ് ‌ഏംഗൽസിൽ പുരോഗമന ചിന്തകളും സോഷ്യലിസ്റ്റ് ബോധവും വളരാനിടയാക്കിയത്. കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന് ജന്മം നല്‍കിയതില്‍ ഈ പട്ടണത്തിന് പ്രത്യേക സ്ഥാനമുണ്ട്.
അവിടെ താമസിക്കുമ്പോഴാണ് ഇംഗ്ലണ്ടിലെ തൊഴിലാളി വർഗത്തെ അടുത്തറിഞ്ഞ്, ദാരിദ്ര്യവും കഷ്ടപ്പാടുകളും നേരിൽക്കണ്ട് നടുങ്ങിയ ‌ഏംഗൽസ് “ഭൂമിയിലെ നരകം” എ‌ന്നാണ് അവിടത്തെ ചേരികളെ വിശേഷിപ്പിച്ചത്. തൊഴിലാളി വർഗത്തിന്റെ കരളലിയിപ്പിക്കുന്ന ജീവിതയാഥാർത്ഥ്യങ്ങളെ അത്യന്തം സൂക്ഷ്മമായി “ഇംഗ്ലണ്ടിലെ തൊഴിലാളി വർഗത്തിന്റെ അവസ്ഥ” (1845) എന്ന കൃതിയിൽ അവതരിപ്പിച്ചു. “മൂലധന“ത്തിൽ അനേകം ഉദ്ധരണികൾ ഈ കൃതിയിൽ നിന്നുണ്ട്.
പരസ്പര ബഹുമാനവും കറകളഞ്ഞ സ്നേഹവും ആശയ ദൃഢതയും ആ കൂട്ടുകെട്ടിൽ എന്നും നിലനിന്നു. ”മാനിഫെസ്റ്റോ” തയ്യാറാക്കുമ്പോൾ മാർക്സിന് 30, ഏംഗൽസിന് 26 വയസ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ക്രോഡീകരിച്ച് ഒരു ലഘുലേഖ തയ്യാറാക്കാൻ മാർക്സ് ‌ഏംഗൽസിനെ ചുമതലപ്പെടുത്തുന്നു. ചോദ്യോത്തര രൂപത്തിൽ ‌‌ഏംഗൽസ് തയ്യാറാക്കിയ ഈ രേഖയെ‌‌ക്കൂടി അടിസ്ഥാനമാക്കിയാണ് ഇരുവരും മാനിഫെസ്റ്റോ തയ്യാറാക്കിയത്. രണ്ടുപേരും തങ്ങളുടെ സൗഹൃദം വളർത്തിയത് സർഗാത്മകതയെ പരിപോഷിപ്പിച്ചുകൊണ്ടാണ്. അവർ എന്നും എപ്പോഴും തങ്ങളുടെ ആശയങ്ങളിൽ ഉറച്ചു നിന്നു. പ്രതിജ്ഞാബദ്ധതയായിരുന്നു മുഖമുദ്ര. ഇന്നത്തെ ലോകത്ത് ആശയദൃഢതയില്ലായ്മയും ജാഗ്രതയില്ലായ്മയും സർവസാധാരണമാണല്ലൊ. ഇന്ന് ജനങ്ങൾക്ക് അത് ഒരു വലിയ സംഭവമല്ലാതായി തീർന്നിരിക്കുന്നു.

 


ഇതുകൂടി വായിക്കൂ: കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രസക്തി


‌മൂലധനത്തി‌ന്റെ രണ്ടും മൂന്നും വാള്യങ്ങൾ പ്രസിദ്ധീകരിക്കുകയെന്ന അത്യന്തം ശ്രമകരമായ പ്രവർത്തനം ‌ഏംഗൽസ് ഏറ്റെടുത്തു. മാർക്സിനു പോലും മാർക്സിന്റെ കയ്യെഴുത്ത് രണ്ടാമതൊരു വട്ടം വായിച്ചാൽ മനസിലാക്കാൻ കഴിയുമായിരുന്നില്ലത്രെ. എന്നിട്ടും രണ്ടും മൂന്നും വാള്യങ്ങൾ ‌ഏംഗൽസ് മുഴുവനായും പകർത്തി എഴുതി. മുലധനത്തി‌ന്റെ ഈ വാള്യങ്ങൾ പ്രസിദ്ധീകരിച്ചതോടെ ഏംഗൽസ് ത‌ന്റെ സുഹൃത്തായ മഹാപുരുഷന് ഗംഭീരമായ ഒരു സ്മാരകം ഉയർത്തുകയാണ് ചെയ്തതെന്നും ആ സ്മാരകത്തിൽ അദ്ദേഹം അറിയാതെ ത‌ന്റെ പേര് മായാത്ത വിധം കൊത്തി വച്ചിട്ടുണ്ടെന്നും ചരിത്രകാരന്മാർ പറയുന്നു. അതാണ് പരസ്പര ബഹുമാനത്തിലും നിരുപാധിക സ്നേഹത്തിലും ത്യാഗമനോഭാവത്തിലും അടിസ്ഥാനപ്പെടുത്തിയ സൗഹൃദം.
ഇന്ന് സൗഹൃദങ്ങളിൽ പോലും സുതാര്യതയില്ല. സ്വന്തം കാര്യങ്ങൾ നേടാൻ പ്രലോഭനങ്ങൾക്ക് അടിമപ്പെടുന്ന ലോകം. കാത്തുസൂക്ഷിച്ച നിലപാടുകൾ ഇല്ലായ്മ ചെ‌യ്യപ്പെടുന്നു. ഇതൊക്കെ ഇന്ന് സാർവജനീനം.
മാർക്സ് കഴിഞ്ഞിട്ടാണ് ത‌ന്റെ സ്ഥാനമെന്ന് ‌ഏംഗൽസ് എല്ലായ്പ്പോഴും കരുതിപ്പോന്നു. മാർക്സ് ജീവിച്ചിരുന്നപ്പോൾ താൻ ഒരു പിൻപാട്ടുകാരനായിരുന്നുവെന്ന് ‌ഏംഗൽസ് എഴുതിയിട്ടുണ്ട്. അതാണ് ‌ഏംഗൽസിന്റെ മഹത്വം. സുഹൃത്തിന്റെ അനന്യമായ ധൈഷണികതയെ ആദരിക്കുക, അദ്ദേഹത്തിന്റെ തത്വചിന്തയെ പ്രചരിപ്പിക്കുക, അതാണ് ബഹുമുഖപ്രതിഭയായ, വ്യത്യസ്ത ഭാഷകളിൽ പ്രാവീണ്യമുള്ള, മഹാനായ അധ്യാപകനായ ‌ഏംഗൽസ് ചെയ്തത്.
ഇന്ന് തനിക്ക് സ്ഥാനമില്ലല്ലൊ, തന്റെ സുഹൃത്തിനെപോലെ താന്‍ അറിയപ്പെടുന്നില്ലല്ലൊ, തനിക്ക് കിട്ടേണ്ട സ്ഥാനം മറ്റൊരാൾക്ക് ലഭിച്ചുവല്ലൊ എന്ന ചിന്ത വളരുന്നു. ആ ചിന്ത വളരുമ്പോൾ നിരാശ കൂടുന്നു. അസൂയയും അസഹിഷ്ണതയും വർധിക്കുന്നു. പദവിയും പണവും മോഹിക്കുന്നു. ശത്രുപാളയത്തിൽ നിന്നും വച്ചുനീട്ടുന്ന പ്രലോഭനങ്ങൾക്ക് വശംവദരാകുന്നു. ദീർഘകാലം ഉയർത്തിപ്പിടിച്ച ആശയങ്ങളെ മറന്നുപോകുന്നു.
മാനിഫെസ്റ്റോയിലുടനീളം പ്രസരിച്ചിട്ടുള്ള ആശയം മാർക്സി‌ന്റേതു മാത്രമെന്ന് ആ വിനയാന്വിതൻ പലതവണ പറഞ്ഞു. മറ്റാരുടെതുമല്ല എന്ന് ‌ഏംഗൽസ് തറപ്പിച്ചുപറയും. ‌ഏംഗൽസ് മാർക്സിനെ വിളിച്ചിരുന്നത് മൂർ എന്നായിരുന്നു. തന്റെ പിതാവിന് പങ്കാളിത്തമുള്ള എർമൻ ആന്റ് ‌ഏംഗൽസിൽ ഇഷ്ടമില്ലെങ്കിലും ജോലി സ്വീകരിക്കുന്നത് മാർക്സിന്റെ രാഷ്ട്രീയ സൈദ്ധാന്തിക ഗവേഷണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനായിരുന്നു. മാനസികമായ യോജിപ്പില്ലാത്ത ജോലിയിൽ തുടർന്നത് മാർക്സിനേയും കുടുംബത്തെയും സാമ്പത്തികമായി സംരക്ഷിക്കാനാണ്, അത് മാർക്സിനോടുള്ള രാഷ്ട്രീയ ആദരവ് കൂടിയായിരുന്നു.
മൂലധനത്തിന്റെ ഒന്നാമത്തെ വാള്യത്തിൽ ഇത് സംബന്ധിച്ച് മാർക്സ് എഴുതിയ ഒരു കുറിപ്പുണ്ട്. അതെഴുതുന്നതാകട്ടെ രാത്രി രണ്ടുമണിക്കും. “1867 ഓഗസ്റ്റ് 16 രാത്രി രണ്ട് മണി. പ്രിയ സ്നേഹിതാ പുസ്തകത്തിന്റെ അവസാനത്തെ ഷീറ്റ് ഇതാ തിരുത്തിക്കഴിഞ്ഞു. അനുബന്ധം ചെറിയ അക്ഷരത്തിൽ ഒന്നേകാൽ ഷീറ്റുവരും. മുഖവുര തിരുത്തി ഇന്നലെ അയച്ചു. അങ്ങനെ ഈ വാള്യം പൂർത്തിയാക്കി. താങ്കളുടെ സഹായ സഹകരണങ്ങൾകൊണ്ട് മാത്രമാണ് ഇത് സാധ്യമായത്. എനിക്കുവേണ്ടി താങ്കൾ ചെയ്ത ആത്മത്യാഗം കൂടാതെ, ഈ മൂന്ന് വാള്യങ്ങളുടെ ഭഗീരഥപ്രയത്നം എനിക്ക് ഒരുപക്ഷെ ഒരിക്കലും ചെയ്തുതീർക്കാൻ കഴിയുമായിരുന്നില്ല. കൃതജ്ഞതാപൂർണമായി ഞാൻ താങ്കളെ ആലിംഗനം ചെയ്യുന്നു. തിരുത്തിയ പ്രൂഫിന്റെ രണ്ട് ഷീറ്റ് ഇതൊന്നിച്ച് അയക്കുന്നുണ്ട്. അയച്ച 15 പൗണ്ട് ഏറ്റവും നന്ദിപൂർവം കൈപററി. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തെ അഭിനന്ദനങ്ങൾ, താങ്കളുടെ മാർക്സ്.”
1895 ഓഗസ്റ്റ് അ‌ഞ്ചിന് ‌ഏംഗൽസ് എന്ന യുഗപുരുഷൻ ലോകത്തോട് വിടപറഞ്ഞു. മാർക്സിന്റെ മക്കൾ ലാറയേയും എലിയനോറിനേയും ‌ഏംഗൽസ് തന്റെ സ്വത്തിന്റെ അവകാശികളാക്കി.
‌ഏംഗൽസിനെ‌ക്കുറിച്ച് മാർക്സിന്റെ മകൾ എലിയനോർ എഴുതി “അവരിൽ ഒരൊറ്റ ജീവൻ കുടികൊണ്ടു എന്നു തോന്നിക്കുംവിധം ജീവിച്ചു. പോരാട്ടത്തിന്റെ മുൻനിരയിൽത്തന്നെ നിലയുറപ്പിച്ച പടയാളികളായിരുന്നു അവർ. വിപ്ലവത്തിന്റെ പട്ടാളക്കാരും സൈന്യാധിപരും ആയിരുന്നു അവർ. അതികഠിനമായ കഷ്ടപ്പാ‌ട് അനുഭവിക്കുമ്പോഴും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചവർ. ലോകത്തെ മാറ്റാനായി നിലയുറപ്പിച്ചവർ”.
ഇന്നാണെങ്കിൽ കൃത്രിമ മാർഗത്തിലൂടെ നേടിയെടുത്ത പദവികളും സമ്പത്തും നഷ്ടപ്പെടുമ്പോൾ നൈരാശ്യം ബാധിക്കുന്നവരെയും, അവ നിലനിർത്താൻ എതിർ പക്ഷത്തേക്ക് കൂറുമാറുന്നവരേയും കാണാം. സൗഹാർദത്തിന്റെ ഗഹനതയിലൂടെ അവർ അന്യോന്യം ഉയർത്തി. ലോകത്തെ ഉയർത്തി. അവരുടെ സൗഹൃദം അതിമനോഹരമായിരുന്നു, പവിത്രമായിരുന്നു, ത്യാഗോജ്വലമായിരുന്നു. അതിൽ നിറഞ്ഞുനിന്നത് സമ്പൂർണ സർ‌ഗാത്മകത, പരസ്പര ധാരണ, പരസ്പര ആദരവ്.
നിലപാടുകൾ സൗഹൃദത്തെ എന്നും മനോഹരമാക്കും. അതാണ് സംസർഗം. പുരാണ കഥകളിലും അത് കാണാം. ദുര്യോധനന്റെ അസാധാരണ വ്യക്തിത്വം പ്രകടമാകുന്നത് കർണനെ അംഗരാജാവായി പ്രഖ്യാപിക്കുന്ന വേളയിലാണ്. കുലമഹിമയുടെയും പാരമ്പര്യത്തിന്റെയും പോരായ്മയെ ചൊല്ലി പാണ്ഡവരും ഗുരുക്കന്മാരും അപമാനിച്ചപ്പോൾ തളർന്നുപോയ കർണന്റെ അഭിമാനത്തെ സന്ദർഭോചിതമായ ഇടപെടലിലൂടെ രക്ഷിച്ചുകൊണ്ട് ദുര്യോധനൻ വെല്ലുവിളിക്കുന്നത് ഒരു പാരമ്പര്യത്തെ. ക്ഷത്രിയർക്കുമാത്രം അവകാശപ്പെട്ട പദവിയിൽ അവരോധിച്ചത് സൂതപുത്രനെ. ആ സൗഹാർദം ആജീവനാന്തം നിലനിന്നു. ജീവൻ പോകുമെന്നറിഞ്ഞിട്ടും അവർ സൗഹൃദം നിലനിർത്തി. ജാതിയുടെ പേരിൽ, മാതാപിതാക്കൾ ആരെന്ന് അറിയാത്തതിന്റെ പേരിൽ പലതവണ രാജസദസിലടക്കം കർണൻ അവഹേളിക്കപ്പെട്ടു. ഏത് ദുർഘട സന്ധിയിലും അവർ പരസ്പരം ഉപേക്ഷിച്ചില്ല. പലരും വന്ന് പലതും വാഗ്ദാനം ചെയ്തു. കർണൻ ആരെയും പോയി കണ്ടിട്ടില്ല. പലരും കര്‍ണനെ തേടി വന്നു. സ്വന്തം മാതാവും, എന്തിനേറെ കൃഷ്ണനും കർണനെ തേടി വന്നു. വാഗ്ദാനങ്ങളുടെ പ്രവാഹമായിരുന്നു കർണന്റെ മുന്നിൽ. കൃഷ്ണന് അറിയാം യുദ്ധത്തിൽ ജയിക്കുക പ്രയാസമാണ് കര്‍ണൻ എതിർ പക്ഷത്താണെങ്കിലെന്ന്. അതുകൊണ്ട് തന്നെ കൃഷ്ണൻ കർണന്റെ മനസിനെ സ്വാധീനിക്കാൻ കർണന്റെ ജന്മരഹസ്യം പറഞ്ഞുകൊടുക്കുന്നു. പാണ്ഡവപക്ഷത്തെ നയിക്കാൻ പറയുന്നു. പാണ്ഡവ സഹോദരനായ നീ യുദ്ധം ജയിച്ച് സാമ്രാജ്യത്തിന്റെ ചക്രവർത്തിയാകൂ എന്നു പറയുന്നു. എന്തെല്ലാം പ്രലോഭനങ്ങൾ. കർണൻ കൃഷ്ണന്റെ പ്രലോഭനങ്ങളെ അതിജീവിക്കുന്നു. ദുര്യോധനനെ കര്‍ണൻ കൈവെടിയുന്നില്ല. അതാണ് സൗഹൃദം, നിലപാട്, സംസർഗം.
” സത്യം ബ്രൂയാത് പ്രിയം ബ്രൂയാത്
ന ബ്രൂയാത് സത്യമപ്രിയം” എന്ന സ്മൃതിവാക്യം നിത്യവും ഉരുവിടുന്ന മാതാപിതാക്കളിൽ നിന്ന് കർണൻ പഠിച്ചതാണത്. നദിയിൽ നിന്നും എടുത്തുവളർത്തിയ അതിരഥനും രാധയും. കർണൻ സത്യമായിരുന്നു. മനസിനുള്ളിൽ പ്രലോഭനങ്ങളും സത്യസന്ധതയും വടംവലി നടത്തുമ്പോൾ ദുര്യോധന കർണൻമാർ അവരുടെ സത്യത്തിൽ ഉറച്ചുനിന്നു. ഒരു ബാഹ്യസമ്മർദങ്ങൾക്കും വഴങ്ങിയില്ല. വജ്രംപോലെ വെട്ടിത്തിളങ്ങി കര്‍ണൻ. അമാനുഷിക ശക്തികളുടെ പിന്തുണയില്ലാതെ, തന്റെ ശരിക്കുവേണ്ടി, നീതിക്കുവേണ്ടി പൊരുതി വീരമൃത്യു വരിച്ചു കർണനും ദുര്യോധനനും. അതാണ് യഥാർത്ഥ സൗഹൃദം. അതാണ് സംസർഗം.
പുരാണങ്ങളും ചരിത്രവും സംസർഗത്തെ‌ക്കുറിച്ച് വാചാലമാകുന്നു. ആശയങ്ങളെ മുറുകെ പിടിച്ച്, അചഞ്ചലമായ പോരാട്ടം നടത്തി, ജീവൻപോലും ബലി അർപ്പിക്കേണ്ടി വന്ന സൗഹൃദത്തിന്റെ ഉടമകൾ. അവർ എതിർപക്ഷത്തെ ആശയങ്ങൾ തങ്ങളെ സ്വാധീനിക്കാൻ വരുമ്പോൾ അതിനെതിരെ തലയുയർത്തി പിടിച്ച് പോരാടി. പ്രലോഭനങ്ങൾ അവരെ കണ്ടാൽ ഭയപ്പെട്ടു. അത്തരം സംസർഗങ്ങൾ ഇന്നും എന്നും വിധ്വംസക ശക്തികൾക്കെതിരെ അനിവാര്യമാണ്. വ്യക്തിഗത താല്പര്യങ്ങൾക്കു പകരം ആശയങ്ങളുടെ സമരം ഉണ്ടാകുമ്പോൾ അത് സംഭാവ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.