27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 23, 2024
July 22, 2024
July 22, 2024
July 21, 2024
July 21, 2024
July 21, 2024
July 20, 2024
July 20, 2024
July 20, 2024

ആഭ്യന്തര വിനോദ സഞ്ചാരം വളര്‍ച്ചയുടെ പാതയില്‍

ബേബി ആലുവ
കൊച്ചി
November 5, 2023 10:46 pm

വിദേശികളുടെ മാത്രമല്ല, ആഭ്യന്തര സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമായി കേരളത്തിന്റെ വിനോദ സഞ്ചാര മേഖല മാറുന്നു. വിദേശങ്ങളിൽ നിന്നും പുറംനാടുകളിൽ നിന്നും അവധിക്കു വരുന്ന മലയാളികളും കുടുംബ സമേതം സ്വന്തം നാട് കാണാൻ തന്നെയാണ് ഏറെ ഇഷ്ടപ്പെടുന്നത്. വിദേശങ്ങളിലേക്കുള്ള വിമാനനിരക്ക് പല മടങ്ങായി കുതിച്ചുയരുന്നതും സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ആഭ്യന്തര സഞ്ചാരികളെ കേരള ടൂറിസത്തിലേക്ക് ആകൃഷ്ടരാക്കുന്ന ഘടകങ്ങളിലൊന്നാണ്. കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ധാരാളമായി സഞ്ചാരികളെത്തുന്നുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിച്ച ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1.88 കോടിയാണ്. സ്വന്തം നാട് കാണാൻ ആഗ്രഹിച്ച മലയാളികൾ തന്നെയായിരുന്നു ഇതിൽ ബഹുഭൂരിപക്ഷവും. ഈ വർഷത്തിൽ ജൂൺ വരെ 1.06 കോടി ആളുകൾ വന്നു. ഡിസംബർ-ജനുവരി തിരക്കേറിയ കാലയളവാകുന്നതോടെ എണ്ണം രണ്ട് കോടി കവിയുമെന്നാണ് വിലയിരുത്തൽ. 

ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകൾ അടക്കമുള്ള പാർപ്പിട കേന്ദ്രങ്ങളെല്ലാം തന്നെ ഡിസംബർ-ജനുവരി മാസങ്ങളിലേക്കുള്ള ബുക്കിങ്ങുകളാൽ നിറഞ്ഞു. പൂജ അവധിക്കാലത്ത് ഈ കേന്ദ്രങ്ങളിലെല്ലാം ആഭ്യന്തര സഞ്ചാരികളുടെ അഭൂതപൂർവമായ തിരക്കായിരുന്നു. ദീപാവലി ഒഴിവിലും ഇവിടങ്ങൾ ആഘോഷത്തിമിർപ്പിലായിരിക്കും. കോവിഡ് പ്രതികൂല സാഹചര്യത്തിൽ വിദേശ സഞ്ചാരികളുടെ വരവ് കുത്തനെ ഇടിഞ്ഞതുമൂലം കേരള ടൂറിസത്തിന് അനുഭവപ്പെട്ട തളർച്ച ആഭ്യന്തര സഞ്ചാരികളുടെ തിരക്കിലൂടെ മറികടക്കുകയാണ്. വിദേശ സഞ്ചാരികളുടെ വരവിലും ഇക്കൊല്ലം വലിയ പുരോഗതിയുണ്ട്. ജൂൺ വരെ മൂന്ന് ലക്ഷത്തോളം വിദേശികളെത്തി. കഴിഞ്ഞ വർഷം ഇതിന്റെ പകുതി വിദേശികൾ മാത്രമാണ് വന്നത്. 

വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടായി ക്രൂസ് സീസണിന്റെയും ആരംഭമായിക്കഴിഞ്ഞു. ഇതിന്റെ തുടക്കമെന്ന നിലയിൽ 18ന് കൊച്ചിയിലെത്തുന്ന ആദ്യ ആഡംബരക്കപ്പലിൽ കപ്പൽ ജോലിക്കാർക്കു പുറമെ, 3000ലേറെ വിനോദ സഞ്ചാരികളുണ്ടാവും.
നടപ്പ് സാമ്പത്തിക വർഷത്തിൽ 21 അന്താരാഷ്ട്ര കപ്പലുകളും 14 ആഭ്യന്തര കപ്പലുകളും കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇക്കുറി ആഡംബര സർവീസ് നടത്തുന്ന രണ്ട് കപ്പൽക്കമ്പനികളും വിദേശ സഞ്ചാരികൾക്കുള്ള ബുക്കിങ് ആരംഭിച്ചു. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ക്രൂസ് സഞ്ചാരികൾ കൂടുതൽ സമയം ചെലവഴിക്കുക. 

Eng­lish Summary:Domestic tourism on the growth path
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.