നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയില്‍ കോടതിയുടെ ഭാഗത്തുനിന്നും ഗവർണർക്കെതിരെ ഉണ്ടായ അതിരൂക്ഷ വിമർശനങ്ങൾ അധികാര ദുർവിനിയോഗത്തിലൂടെ സംസ്ഥാനത്തിന്റെ ഭരണനിർവഹണ പ്രക്രിയകളിലും നയപരിപാടികളിലും കൈകടത്താമെന്ന ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ്. നിയമ നിർമ്മാണ സഭകൾ പാസാക്കുന്ന ബില്ലുകൾക്ക് തടയിടാനുള്ളതല്ല ഭരണഘടനാപരമായ ഉത്തരവാദിത്തം കയ്യാളുന്ന ഗവർണറുടെ അധികാരമെന്ന് വ്യക്തമാക്കിയ രാജ്യത്തിന്റെ പരമോന്നത നീതിപീഠം, ഭരണഘടനയുടെ 200-ാം അനുച്ഛേദ പ്രകാരം വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. നിയമ സഭ പാസാക്കി അനുമതിക്കായി സമർപ്പിച്ച എട്ട് ബില്ലുകളിൽ രണ്ട് വർഷത്തോളം തീരുമാനം കൈകൊള്ളാതിരുന്ന ഗവർണർ, സുപ്രീംകോടതിയിൽ നിന്നും തിരിച്ചടിയുണ്ടാവുമെന്ന സൂചനയുടെ പശ്ചാത്തലത്തിൽ പൊതു ജനാരോഗ്യ ബില്ലിൽ ഒപ്പുവയ്ക്കുകയും ബാക്കിയുള്ള ലോകായുക്തബില്ലും സർവകലാശാല ബില്ലുമടക്കം ഏഴെണ്ണം രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഗവർണർക്ക് വേണ്ടി എജി സുപ്രീം കോടതിയെ അറിയിച്ചുവെങ്കിലും ഹർജി വന്നതിനുശേഷമുള്ള ഗവർണറുടെ നടപടിയെ കൃത്യമായി തുറന്നുകാട്ടുകയായിരുന്നു സർക്കാറിന് വേണ്ടി ഹാജരായ മുൻ എജി കെ കെ വേണുഗോപാൽ. കേരള ഗവർണർ കോടതികളിൽ നിന്നുള്ള വിമർശനങ്ങൾക്ക് വിധേയനാവുന്നതും തിരിച്ചടികൾ ഏറ്റുവാങ്ങുന്നതും ഇതാദ്യമായല്ല. മുമ്പ് കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ചതിനെതിരായ കേസിൽ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.
കേരള സാങ്കേതിക സർവകലാശാലയിൽ വിസി നിയമനത്തിൽ ചാൻസലർക്ക് പ്രതിനിധിയെ നിശ്ചയിക്കാനാവില്ലെന്ന സർക്കാർ വാദം അംഗീകരിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിയും ഗവർണര്‍ക്കേറ്റ തിരിച്ചടിയായിരുന്നു. കെടിയു ആക്ട് പ്രകാരം ഇടക്കാല വിസി നിയമനത്തിനുള്ള പേരുകൾ സമർപ്പിക്കേണ്ടത് സർക്കാറാണെന്നും സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം മാത്രമേ ഗവർണർക്ക് നിയമനം നടത്താൻ സാധിക്കൂ എന്നുമുള്ള ഹൈക്കോടതി ഉത്തരവിലൂടെ തകർന്നത് കേരളത്തിന്റെ അഭിമാന സ്തംഭങ്ങളായ സർവകലാശാലകളെ കാവിവല്‍ക്കരിച്ച് ആർഎസ്എസിന് വിടുപണി ചെയ്യാനുള്ള ശ്രമമായിരുന്നു. കേട്ടുകേൾവിയില്ലാത്തവിധം ജനാധിപത്യത്തിന്റെ സകല സീമകളും ലംഘിച്ചു കൊണ്ടാണ് കേരളത്തിലെ സർവകലാശാലകളിലെ ഒമ്പത് വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ഗവർണർ ഉത്തരവിട്ടത്. എന്നാൽ വിസിമാർക്ക് തൽസ്ഥാനത്ത് തുടരാമെന്ന് ഉത്തരവിട്ട ഹൈക്കോടതി, രാജി ആവശ്യപ്പെട്ട് കത്തയച്ച ഗവര്‍ണറെ വിമർശിക്കുകയും ചെയ്തു. പശ്ചിമബംഗാൾ, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, പഞ്ചാബ്, രാജസ്ഥാൻ, തുടങ്ങി പല സംസ്ഥാനങ്ങളിലും ഗവർണർമാർ നടത്തുന്ന ഭരണഘടനാ വിരുദ്ധ ഇടപെടലുകൾക്കെതിരെ ഇതിനോടകം തന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ബില്ലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം നേരിടുന്ന വിഷയത്തിൽ തമിഴ്‌നാട് ഗവർണറെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചത് കഴിഞ്ഞ വാരമാണ്. തമിഴ്‌നാട് ഗവർണർ ആർ എൻ രവിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് ഡിഎംകെ രാഷ്ട്രപതിക്ക് കത്ത് നൽകുമെന്ന് പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു. തെലങ്കാനയിലും പഞ്ചാബിലും നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ വിസമ്മതിച്ചതിനെത്തുടർന്ന് സമർപ്പിച്ച ഹർജി കോടതിയിൽ എത്തുന്നതിന് തൊട്ട് മുമ്പ് ഗവർണർമാർ നടപടി എടുത്തതിലും സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിനെതിരെ രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി പ്രതികരിച്ചത്. വിവിധ വകുപ്പുകളിലെ കേന്ദ്ര‑സംസ്ഥാന ബന്ധം പരിശോധിക്കുന്നതിനും ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ മാറ്റങ്ങൾ നിർദേശിക്കുന്നതിനുമായി 1983ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച സർക്കറിയ കമ്മിഷൻ റിപ്പോർട്ടിൽ രാഷ്ട്രീയക്കാരെ ഗവർണർമാരായി നിയമിക്കരുതെന്ന് ശുപാർശ ചെയ്തിരുന്നു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച നിഷ്പക്ഷമതികളായ ഉന്നത വ്യക്തികളായിരിക്കണം ഗവർണർമാർ എന്നും കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.
ഗവർണറെ നിയമിക്കുന്നതിൽ സംസ്ഥാന സർക്കാറിന് പ്രാധാന്യം നൽകണമെന്നും നിയമസഭ തയ്യാറാക്കുന്ന പാനലിൽ നിന്നോ സംസ്ഥാന സർക്കാരോ, മുഖ്യമന്ത്രിയോ തയ്യാറാക്കുന്ന പാനലിൽ നിന്നോ നിയമനം നടത്തണമെന്ന നിർദേശവും മുന്നോട്ടുവച്ചു. ഗവർണറെ നിയമിക്കുന്നതിന് മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കണമെന്ന് അഭിപ്രായപ്പെട്ട കമ്മിഷൻ പാർലമെന്ററി സംവിധാനത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ അടുപ്പം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെയും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ കേന്ദ്ര ഭരണത്തോടുള്ള വിധേയത്വമാണ് ഗവർണർ നിയമനത്തിനുള്ള പ്രധാന മാനദണ്ഡമായി ഇന്നും കണക്കാക്കുന്നത്. 2007ൽ മൻമോഹൻസിങ് സർക്കാർ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് മദൻ മോഹൻ പുഞ്ചിയുടെ അധ്യക്ഷതയിൽ കേന്ദ്ര‑സംസ്ഥാന ബന്ധങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഡോ. എൻ ആർ മാധവമേനോൻ, ധിരേന്ദ്ര സിങ്, വിനോദ കുമാർ ദിഗ്ഗൽ, വിജയ് ശങ്കർ എന്നിവർ അംഗങ്ങളായ കമ്മിറ്റിയുടെ റിപ്പോർട്ട് 2010ലാണ് പുറത്തുവന്നത്. ഗവർണർമാർ ചാൻസലർ പദവി വഹിക്കേണ്ടതുണ്ടോ എന്ന കാര്യം കമ്മിറ്റി വിശദമായി പരിശോധിച്ചിരുന്നു. ഗവർണറുടേത് ഭരണഘടനപരമായ പദവിയാണെന്നും, ചാൻസലറുടേത് ഭരണഘടനാ പദവിയല്ലെന്നും നിരീക്ഷിച്ച കമ്മിറ്റി, ഗവർണറെ ചാൻസലറാക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവർത്തിക്കേണ്ട പദവിയാണ് ഗവർണറുടേത്. ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന സംവിധാനമായ സര്‍ക്കാരിനു മുകളിൽ സമാന്തരഭരണം നടത്താനുള്ള ലൈസൻസാണ് പദവിയെന്ന് ഗവർണർ ധരിക്കരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.