അഡാനി ഗ്രൂപ്പ് അക്കൗണ്ടുകളുടെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണെന്നാണ് ന്യായീകരണം. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അഡാനിയുടെ ആസ്തി മൂന്നിൽ രണ്ടായി കുറഞ്ഞിരിക്കുകയാണ്. ഈ ദുരവസ്ഥയിൽ നിന്ന് കരകയറാൻ കോർപറേറ്റ് ഭീമനെ സഹായിക്കാനുള്ള വഴിവിട്ട നീക്കങ്ങളിലാണ് മോഡിഭരണകൂടമെന്ന റിപ്പോർട്ടും വരുന്നുണ്ട്. അഡാനി വിഷയത്തിൽ നിന്ന് ഒളിച്ചോടാനാണ് പാർലമെന്റ് സ്തംഭിപ്പിക്കുന്നതെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. ഇതെല്ലാം ശരിവയ്ക്കുന്ന മറ്റാെരു റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. അതാകട്ടെ ദശലക്ഷക്കണക്കിന് പാവപ്പെട്ട തൊഴിലാളികളെ ആശങ്കയിലാക്കുന്നതും. വിവാദ അഡാനി ഓഹരികളിലേക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, തൊഴിലാളികളുടെ പിഎഫ് നിക്ഷേപം ഒഴുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൊതുമേഖലാ സ്ഥാപനങ്ങളായ എൽഐസിക്കും എസ്‍ബിഐക്കും പിന്നാലെയാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും അഡാനി വിവാദത്തിൽ ഉൾപ്പെടുന്നത്. അഡാനി ഗ്രൂപ്പ് ഓഹരികളായ അഡാനി എന്റർപ്രൈസസിലും അഡാനി പോർട്സിലുമാണ് ഇപിഎഫ്ഒ നിക്ഷേപം തുടരുന്നത്. 2022 മാർച്ച് വരെ 1.57 ലക്ഷം കോടി രൂപ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഇങ്ങനെ നിക്ഷേപിച്ചിട്ടുണ്ട്. 2022–23 കാലയളവിൽ 38,000 കോടിയും നിക്ഷേപിച്ചു. ജനുവരി 24 മുതൽ അഡാനി ഓഹരിവിലയിലുണ്ടായ ഇടിവ് കണക്കിലെടുക്കുമ്പോൾ, ഇപിഎഫ്ഒയുടെ അഡാനി നിക്ഷേപത്തിൽ നിന്നുള്ള വരുമാനം കുറയാനിടയുണ്ട്. അംഗങ്ങളുടെ വാര്‍ഷിക നിരക്കിനെയും ഇത് ബാധിക്കും.
സർക്കാർ വിജ്ഞാപനം അനുസരിച്ച്, ഇപിഎഫ്ഒ അതിന്റെ കോർപ്പസിന്റെ 85 ശതമാനം ഡെറ്റ് ഫണ്ടുകളിലാണ് നിക്ഷേപിക്കുക. മൂലധന വളര്‍ച്ച വാഗ്ദാനം ചെയ്യുന്ന ഒരു മ്യൂച്വല്‍ ഫണ്ട് സ്കീം ആണിത്. ശേഷിക്കുന്ന 15 ശതമാനം ഇടിഎഫുകളി(എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്)ലും നിക്ഷേപിക്കുന്നു. നിഫ്റ്റി, സെൻസെക്സ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ (സിപിഎസ്ഇ), ഭാരത്-22 തുടങ്ങിയ സൂചികകൾ അടിസ്ഥാനമാക്കിയാണ് ഇടിഎഫ് നിക്ഷേപം. വരുമാനവര്‍ധനവിന് ഓഹരികളിലെ നിക്ഷേപ പരിധി നിലവിലെ 15 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്താന്‍ കേന്ദ്രസർക്കാർ നേരത്തേ നിലപാടെടുത്തിരുന്നു. ഇത് ക്രമേണ 25 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം. എന്നാല്‍ ഇപിഎഫ്ഒ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ജീവനക്കാരുടെ പ്രതിനിധികൾ എതിർത്തതിനാല്‍ വിഷയം ചര്‍ച്ചക്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വിപണിയിലെ അസ്ഥിര സ്വഭാവം കണക്കിലെടുത്ത്, ഓഹരി അനുബന്ധ സംരംഭങ്ങളിൽ നിക്ഷേപിക്കാവുന്ന വിഹിതം വർധിപ്പിക്കുന്നതിന് വിശദമായ ചർച്ച നടത്തേണ്ടതുണ്ടെന്നാണ് സംഘടനാപ്രതിനിധികള്‍ വാദിച്ചത്. ഓഹരികളിലെ നിക്ഷേപ പരിധി 20 ശതമാനമാക്കാനുള്ള നിർദേശം ഇപിഎഫ്ഒയുടെ ഉപദേശക സമിതിയായ ഫിനാൻസ് ഓഡിറ്റ് ആന്റ് ഇൻവെസ്റ്റ്മെന്റ് കമ്മിറ്റി പരിശോധിക്കുകയും അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിനുപിന്നാലെ കനത്ത നഷ്ടം നേരിടുമ്പോഴും വരുന്ന സെപ്റ്റംബർ വരെ അഡാനി ഓഹരികളിൽ നിക്ഷേപം തുടരാനാണ് ഇപിഎഫ്ഒയുടെ തീരുമാനം. അഡാനി ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കുന്നില്ലെന്നാണ് ഇപിഎഫ്ഒയുടെ ന്യായീകരണം. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണ് പണം നിക്ഷേപിച്ചിരിക്കുന്നതെന്നും വിശദീകരിക്കുന്നു.
വർധിച്ച പിഎഫ് പെൻഷനുവേണ്ടി ഇപിഎഫ്ഒ അംഗങ്ങൾ നെട്ടോട്ടമോടുന്നതിനിടയിലാണ് അഡാനി ഓഹരികളിലേക്ക് തൊഴിലാളികളുടെ പിഎഫ് നിക്ഷേപം കേന്ദ്രം ഒഴുക്കുന്നത്. എന്നിട്ടും അഡാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ഇപിഎഫ്ഒയുടെ നിക്ഷേപം സംബന്ധിച്ച് പ്രതികരിക്കാൻ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ നീലം ഷാമി റാവു തയ്യാറായിട്ടില്ല. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ റിട്ടയർമെന്റ് ഫണ്ടാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. 27.73 കോടി ജീവനക്കാരുടെ സമ്പാദ്യം സ്ഥാപനം കൈകാര്യം ചെയ്യുന്നു. 2016 സെപ്റ്റംബറിലാണ് ഫണ്ടിൽ നിന്ന് ഓഹരിയില്‍ നിക്ഷേപിക്കുന്ന തുക 10 ശതമാനമായി ഉയർത്തിയത്. 2017 മേയിൽ 15 ശതമാനമാക്കി. കോര്‍പറേറ്റ് പ്രീണനത്തിന്റെ ഭാഗമായി കൂടുതൽ വിഹിതം ഓഹരിവിപണിയിൽ നിക്ഷേപിക്കാന്‍ കേന്ദ്രസർക്കാർ ശുപാർശ ചെയ്തെങ്കിലും ട്രേഡ് യൂണിയനുകള്‍ ശക്തമായ എതിർപ്പുയര്‍ത്തി പിടിച്ചു നിന്നതാണ്. സ്ഥിരതയില്ലാത്ത വിപണിയിൽ പിഎഫ് തുക നിക്ഷേപിക്കുന്നതില്‍ യോജിക്കാൻ കഴിയില്ലെന്ന് ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളാണ് നിലപാടെടുത്തത്. ഏതായാലും അഡാനി-മോഡി ബന്ധം സംബന്ധിച്ച സംശയങ്ങളും ഹിൻഡൻബർഗ് റിപ്പോർട്ടും ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. അഡാനി അക്കൗണ്ടുകളുടെ വിവരം പുറത്തു പറയാനാകാത്തതാണ് എന്ന് പറയുന്ന സര്‍ക്കാരിന് കീഴിലുള്ള ഇപിഎഫ്ഒ അതേ അഡാനി അക്കൗണ്ടുകളില്‍ നിക്ഷേപം തുടരുന്നതെന്തിന് എന്ന ചോദ്യം അവശേഷിക്കുന്നു. പാവപ്പെട്ട തൊഴിലാളികളുടെ അധ്വാനഫലം നിഷ്ക്രിയ‑നിഷ്ഫല ആസ്തിയായി മാറ്റാതിരിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.