18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 17, 2025
March 16, 2025
March 16, 2025
March 16, 2025
March 10, 2025
March 8, 2025
September 17, 2024
September 10, 2024
February 17, 2024
January 15, 2024

മയക്കുമരുന്ന് കേന്ദ്രമാകുന്ന ഇന്ത്യ

ഗിരീഷ് ലിംഗണ്ണ
February 17, 2024 4:45 am

ഐക്യരാഷ്ട്രസഭയുടെ ‌പിന്തുണയുള്ള ഇന്റർനാഷണൽ നർക്കോട്ടിക് കൺട്രോൾ ബോർഡിന്റെ (ഐഎൻസിബി) കണക്കനുസരിച്ച്, 65,000 കോടി ഡോളറിലധികം മൂല്യമുള്ള ആഗോള മയക്കുമരുന്ന് വ്യാപാരത്തിന് ഗണ്യമായ സംഭാവന നൽകിക്കൊണ്ട്, മയക്കുമരുന്ന് കടത്തിന്റെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറിയിരിക്കുന്നു. യുഎൻ ഓഫിസ് ഓൺ ഡ്രഗ്‌സ് ആന്റ് ക്രൈമിന്റെ 2022ലെ വേൾഡ് ഡ്രഗ് റിപ്പോർട്ടില്‍ ലോകത്താകെ 11.2 ദശലക്ഷം പേര്‍ കുത്തിവയ്ക്കാവുന്ന മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. പരമ്പരാഗത ബാൽക്കൻ പാതയിലൂടെ തെക്കുപടിഞ്ഞാറായി വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്ന് കടത്തലിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യയെന്നാണ് റിപ്പോർട്ടിലുള്ളത്. മയക്കുമരുന്ന് വ്യാപനം, വർധിച്ച കടത്ത്, ഇവയുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യങ്ങളുടെ വളർച്ച എന്നിവയും, മയക്കുമരുന്നുകളുടെ ലഭ്യതക്കൂടുതൽ കാരണം ഹെറോയിൻ പോലുള്ളവയുടെ അമിതോപയോഗവും ആശങ്കയുയർത്തുന്നതും വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതുമാണ്. 2020ൽ ആഗോളതലത്തില്‍ ആകെ 5.2 ടൺ കറുപ്പ് പിടികൂടിയതിൽ ഇന്ത്യ നാലാം സ്ഥാനത്തുണ്ട്. ഏറ്റവും കൂടുതൽ മോർഫിൻ പിടിച്ചെടുത്തതിൽ മൂന്നാം സ്ഥാനത്തും ഇന്ത്യയാണ്- 0.7 ടൺ. 2020ൽ ഏഷ്യൻ രാജ്യങ്ങളില്‍ നിന്ന് 1.2 ടൺ ട്രമാഡോൾ പിടിച്ചെടുത്തപ്പോള്‍, 39 കിലോഗ്രാം ഒഴികെയുള്ളത് മുഴുവനും ഇന്ത്യയില്‍ നിന്നായിരുന്നു. 2019ൽ ഇന്ത്യയില്‍ നിന്ന് പിടിച്ചെടുത്തത് 144 കിലോഗ്രാമും മറ്റ് ആറ് രാജ്യങ്ങളിൽ നിന്ന് മൊത്തം 70 കിലോഗ്രാമും മാത്രമായിരുന്നു. കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ അനധികൃത കറുപ്പ് കൃഷിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ മയക്കുമരുന്ന് വ്യാപാരം പ്രധാനമായും നിയന്ത്രിക്കുന്നത് സംഘടിത ഗ്രൂപ്പുകളാണ്, പ്രത്യേകിച്ച് ചില്ലറ വില്പന.

ഉയർന്ന ലാഭവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് താരതമ്യേന കുറഞ്ഞ ശിക്ഷയുമാണ് കാരണമാകുന്നത്. മയക്കുമരുന്ന് ദുരുപയോഗവും കള്ളക്കടത്തും നിയന്ത്രിക്കാനുള്ള നടപടികൾ ഫലപ്രദമല്ലാത്തതിനാൽ ഇതിന്റെ ഉപഭോഗവും വ്യാപാരവും വർധിക്കുന്നു. ഇവിടെനിന്ന് മയക്കുമരുന്നുകളുടെ ഗണ്യമായ ഭാഗവും ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് കടത്തുന്നത്. ഉപഭോഗത്തിന്റെ കാര്യത്തിൽ ലോകത്തെ കറുപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായി ഇന്ത്യയെ യുഎൻ റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു. വിതരണത്തിലെ കുതിച്ചുചാട്ടത്തിനുള്ള സാധ്യതയെയും സൂചിപ്പിക്കുന്നു. രാജ്യത്തിന് വെല്ലുവിളിയായി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കറുപ്പ് കടത്ത് വര്‍ധിക്കുമെന്നും സൂചനകളുണ്ട്. രാജ്യത്ത് വന്‍തോതില്‍ മയക്കുമരുന്ന് പിടിച്ചെടുക്കലുകളുണ്ടാകുമ്പോഴും അന്താരാഷ്ട്ര മയക്കുമരുന്ന് നിയന്ത്രണ സംഘടനകൾ ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ വിശ്വാസ്യതയിലും ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നു. ഇന്ത്യന്‍ ഏജൻസികളുടെ പ്രവർത്തനങ്ങളിൽ ഇരട്ടത്താപ്പുണ്ടെന്നാണ് ആരോപണം. യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും മയക്കുമരുന്ന് കടത്തുന്ന ഒരു പ്രധാന വഴിയായി ഇന്ത്യ മാറിയിരിക്കുന്നു. ഹെറോയിൻ, കറുപ്പ്, കഞ്ചാവ് തുടങ്ങിയവയുടെ ആഭ്യന്തര ഉപയോഗവും ഗണ്യമായ വെല്ലുവിളി ഉയര്‍ത്തുന്നു. നിരവധി സംസ്ഥാനങ്ങളില്‍ നിന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് ഡോളറിന്റെ ഇടപാടാണ് ഇങ്ങനെ നടക്കുന്നത്. അഫ്ഗാനിസ്ഥാനിലെ വിമത ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന കറുപ്പ് കൃഷിയാണ് ഇന്ത്യയുടെ മയക്കുമരുന്ന് വ്യാപാരം ശക്തിപ്പെടുത്തുന്നത്. ഹെറോയിൻ, കറുപ്പ് എന്നിവയുടെ പ്രധാന വിതരണക്കാരായ അഫ്ഗാനിസ്ഥാനാണ് രാജ്യത്തിന്റെ മയക്കുമരുന്ന് വിപണിയെ പ്രധാനമായും തൃപ്തിപ്പെടുത്തുന്നത്. ഇറാന്റെ ചബഹാർ തുറമുഖം അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യൻ ശൃംഖലകള്‍ വഴിയുള്ള മയക്കുമരുന്നുകളുടെ നേരിട്ടുള്ള കവാടമായി പ്രവർത്തിക്കുന്നു.


ഇതുകൂടി വായിക്കൂ:ഭരണഘടന സംരക്ഷിക്കാന്‍ വിദ്യാഭ്യാസം


2023 ഡിസംബറിലെ ഒരു മാധ്യമ റിപ്പോർട്ടനുസരിച്ച്, അതിർത്തി സുരക്ഷാ സേനയും (ബിഎസ്എഫ്) പഞ്ചാബ് പൊലീസും അതിർത്തികടന്നുള്ള ലഹരിക്കടത്തിന് ഡ്രോണുകൾ ഉപയോഗിക്കുന്നവരുടെ ശൃംഖല കണ്ടെത്തി. ഇന്ത്യ‑പാക് അതിർത്തിയിലൂടെയുള്ള ഡ്രോണുകളുടെ നീക്കം നിരീക്ഷിച്ചു വരികയാണെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ 95 ഡ്രോണുകൾ വെടിവച്ചിട്ടതായും ഒരു മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ കള്ളക്കടത്തുകാര്‍ ഈ ഡ്രോണുകൾ പാകിസ്ഥാനിലേക്ക് അയയ്ക്കുന്നു. അവിടെ അവരുടെ പങ്കാളികൾ മയക്കുമരുന്ന് നിറച്ച ഡ്രോണുകൾ ഇന്ത്യയിലേക്ക് തിരികെ പറത്തുകയും ചെയ്യും. ഫെബ്രുവരി ഒമ്പതിന് പ്രസിദ്ധീകരിച്ച, പാട്രിക് വിൻ എഴുതിയ നാർക്കോടോപ്പിയ എന്ന പുസ്തകത്തിന്റെ അവലോകനത്തിൽ, നിരവധി മയക്കുമരുന്ന് സംഘങ്ങളുടെയും തുടക്കത്തിന് സമാനതകളുണ്ടെന്ന് രചയിതാവിനെ ഉദ്ധരിച്ച് ദി ഇക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട സമുദായങ്ങളിലെ ദരിദ്രകർഷകർ, ഗുണനിലവാരമില്ലാത്ത മണ്ണിൽ വളരാൻ ശേഷിയുള്ള കറുപ്പ്, കഞ്ചാവ് പോലുള്ള അനധികൃതവിളകൾ കൃഷി ചെയ്യുന്നു. പിന്നാലെ പ്രാദേശിക കള്ളക്കടത്തുകാര്‍ കടന്നുവരും. സംസ്കരിച്ച മയക്കുമരുന്ന് സമ്പന്ന രാജ്യങ്ങളിലേക്ക് കടത്തുന്നതിനായി ശൃംഖലകൾ ഉയർന്നുവരും.

വരുമാനം വർധിക്കുന്നതിനനുസരിച്ച്, സംഘങ്ങള്‍ക്ക് എതിരാളികളെ പ്രതിരോധിക്കേണ്ടിവരുന്നു. തങ്ങളുടെ പ്രവർത്തനങ്ങൾ നിയമത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ നിലനിർത്താൻ, കൈക്കൂലി നല്‍കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഈ പ്രവണത അഫ്ഗാനിസ്ഥാൻ മുതൽ മെക്സിക്കോ വരെ ഉണ്ടാകുന്നുണ്ട്, എന്നിട്ടും ഒരു പ്രദേശം മാത്രമാണ് സമ്പൂർണ മയക്കുമരുന്നിന്റെ ആസ്ഥാനമായി പരിണമിച്ചത്. ചൈനയ്ക്ക് സമീപം മ്യാൻമറിൽ സ്ഥിതി ചെയ്യുന്ന ‘വാ’ സംസ്ഥാനം. ഒരു പർവതപ്രദേശമായ ഇതിന് നെതർലൻഡ്‌സിനോളം വലിപ്പമുണ്ട്. അവിടെ ഒരു ദശലക്ഷത്തോളം വരുന്ന വാ വംശജരാണ് താമസിക്കുന്നത്. 1989ൽ, അത് മ്യാൻമറിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇപ്പോൾ യുണൈറ്റഡ് വാ സ്റ്റേറ്റ് ആർമി (യുഡബ്ല്യുഎസ്എ)യാണ് ഭരിക്കുന്നത്. പക്ഷേ അന്താരാഷ്ട്ര അംഗീകാരമില്ല. 1980കളുടെ അവസാനം മുതൽ, യുഡബ്ല്യുഎസ്എ തെക്കുകിഴക്കൻ ഏഷ്യയിലെ മെത്ത് (മെതംഫെറ്റാമിന്‍) വ്യാപാരത്തിന് നേതൃത്വം നൽകുന്നു. മെതംഫെറ്റാമിൻ എന്ന ശക്തവും അത്യധികം ആസക്തിയുളവാക്കുന്നതുമായ ഉത്തേജക മരുന്ന് നിയമവിരുദ്ധമായി നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നതാണ് മെത്ത് വ്യാപാരം. യുഎൻ കണക്കനുസരിച്ച്, പ്രതിവർഷം 8000 കോടി ഡോളർ മൂല്യമുള്ള മയക്കുമരുന്ന് വിപണിയാണുള്ളത്. തുടക്കത്തിൽ, അവർ കറുപ്പ് വളർത്തി, പിന്നീട് ഹെറോയിൻ ഉല്പാദനത്തിലേക്ക് നീങ്ങി, ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന നിലവാരമുള്ള മെതംഫെറ്റാമിൻ നിർമ്മിക്കുന്നു.


ഇതുകൂടി വായിക്കൂ:ഫാസിസത്തിന്റെ വഴികൾ


അത്യാധുനിക ആയുധങ്ങളുള്ള സ്വീഡനെക്കാൾ വലിയ ഒരു സൈന്യത്തിന് സാമ്പത്തിക പിന്തുണ നൽകാൻ ഇതിലെ ലാഭം അവരെ പ്രാപ്തരാക്കുന്നു. സ്റ്റേറ്റിന്റെ സാമ്പത്തികവും അടിസ്ഥാനപരവുമായ ഘടന ഹെറോയിൻ, മെതംഫെറ്റാമിൻ എന്നിവയുടെ ഉല്പാദനത്തിലും വിതരണത്തിലും ആഴത്തിൽ വേരൂന്നിയതാണെന്ന് നാർക്കോടോപ്പിയയിൽ പാട്രിക് വിൻ കുറിച്ചിട്ടുണ്ട്. യുഡബ്ല്യുഎസ്എയാകട്ടെ കേവലം വനാന്തരങ്ങളില്‍ പ്രവർത്തിക്കുന്ന ഒരു മാഫിയ മാത്രമല്ല, ഒരു രാഷ്ട്രം ഭരിക്കുന്ന സംഘമാണ്. ഈ സ്വയംപ്രഖ്യാപിത രാജ്യം നികുതി ഈടാക്കുകയും സ്വന്തം ആശുപത്രികളും സ്കൂളുകളും വൈദ്യുതി ശൃംഖലയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. വാ സ്റ്റേറ്റിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് ചൈനീസ് സർക്കാരുമായും ബന്ധമുണ്ട്, മ്യാൻമറിൽ അവരെ പ്രതിനിധീകരിക്കുന്ന അനൗദ്യോഗിക എംബസിയുമുണ്ട്. ഈ ദുരവസ്ഥയുടെ ഏറ്റവും വലിയ ഉത്തരവാദി അമേരിക്കയാണെന്ന് വിൻ പറയുന്നതായി ദി ഇക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. 1950 മുതൽ 1970 വരെ മ്യാൻമറിലെ കറുപ്പ് കടത്തുകാരെ സിഐഎ പിന്തുണച്ചത് എങ്ങനെയെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ആയുധങ്ങൾക്കും നിയമക്കുരുക്കില്‍ നിന്നുള്ള ഒഴിവാക്കലിനും പകരമായി, അവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ കമാൻഡോകളായി പ്രവർത്തിച്ചു. രഹസ്യങ്ങള്‍ ചോര്‍ത്തുകയും ചൈനയ്ക്കെതിരെ ആക്രമണം നടത്തുകയും ചെയ്തിരുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. (അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.