27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 10, 2024
June 28, 2024
June 15, 2024
June 13, 2024
June 6, 2024
May 24, 2024
May 23, 2024
May 21, 2024
May 18, 2024

ഡെങ്കിപ്പനി വ്യാപന സാധ്യത; ഞായറാഴ്ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണമെന്ന് മന്ത്രി വീണാ ജോർജ്

*കൊതുകിന്റെ ഉറവിട നശീകരണം ശക്തമാക്കണം
Janayugom Webdesk
തിരുവനന്തപുരം
May 8, 2024 7:23 pm

സംസ്ഥാനത്ത് ഇടവിട്ട് മഴ പെയ്യാൻ സാധ്യയുള്ളതിനാൽ ഡെങ്കിപ്പനി വ്യാപന സാധ്യത മുന്നിൽ കണ്ട് ഈ ഞായറാഴ്ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യവകുപ്പ്. വ്യക്തികളും സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിര്‍ദേശിച്ചു. തദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഇത് ഉറപ്പാക്കണം. ഉറവിട നശീകരണമാണ് ഡെങ്കി/ ചിക്കുൻഗുനിയ/ സിക്ക പനികളെ തടയാനുള്ള പ്രധാന മാർഗം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അൽപം പോലും വെള്ളം കെട്ടി നിർത്താതെ ശ്രദ്ധിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് വളരാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതെയാക്കണം. പ്ലാസ്റ്റിക്കോ ചിരട്ടയോ അലക്ഷ്യമായി ഇടരുത്. റബ്ബർ പ്ലാന്റേഷനിലെ കറ ശേഖരിക്കുന്ന പാത്രങ്ങൾ/ ചിരട്ടകൾ എന്നിവ ഉപയോഗിക്കാത്ത അവസരങ്ങളിൽ കമിഴ്ത്തി വയ്ക്കുകയോ അവയിൽ മഴവെള്ളം കെട്ടി നിൽക്കാനുള്ള അവസരങ്ങൾ ഇല്ലാതെയാക്കുകയോ വേണം. 

സ്വന്തം അധീനതയിൽ അല്ലാത്ത ഇടങ്ങളിൽ കൊതുക് വളരുന്ന സാഹചര്യങ്ങൾ, കേരള പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നടപടികൾ ആരംഭിക്കുന്നതിനായി തൊട്ടടുത്തുള്ള പ്രാഥമിക/ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെയോ മെഡിക്കൽ ഓഫിസറുടെ ശ്രദ്ധയിൽ കൊണ്ടുവരണം.ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഏകോപിപ്പ് പ്രവർത്തിക്കണം. പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗം ചേർന്ന് കൃത്യമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു. 

മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ രോഗ ലക്ഷണങ്ങൾ സാധാരണ വൈറൽപ്പനിയിൽ നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ വൈകും. പെട്ടെന്നുള്ള കഠിനമായ പനിയാണ് തുടക്കം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. അതിശക്തമായ നടുവേദന, കണ്ണിനു പുറകിൽ വേദന എന്നിവ ഡെങ്കിപ്പനിയോടൊപ്പം ഉണ്ടാവാം. നാലഞ്ചു ദിവസത്തിനുള്ളിൽ ദേഹത്തങ്ങിങ്ങായി ചുവന്നു തിണർത്ത പാടുകൾ കാണാൻ സാധ്യതയുണ്ട്. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക. സ്വയം ചികിത്സ പാടില്ല. 

വീട്ടിൽ ആർക്കെങ്കിലും ഡെങ്കിപ്പനി വന്നാൽ അത് ആരോഗ്യപ്രവർത്തകരുടെയോ ആശാവർക്കർമാരുടെയോ ശ്രദ്ധയിൽ കൊണ്ടുവരണം. പ്രദേശത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ഇത് സഹായിക്കും. കൊതുകിൽ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രതിരോധ മാർഗം. ചെറിയ പനി വന്നാൽ പോലും ധാരാളം പാനീയങ്ങൾ കുടിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ചികിത്സ തേടിയ ശേഷം പൂർണമായി വിശ്രമിക്കുക. മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനിയാണെങ്കിൽ വിദഗ്ധ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

Eng­lish Summary:Due to the pos­si­bil­i­ty of dengue spread, min­is­ter Veena George should observe dry day in homes on Sunday
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.