11 January 2026, Sunday

Related news

January 10, 2026
April 22, 2024
December 29, 2023
December 2, 2023
October 8, 2023
September 30, 2023
September 15, 2023
September 10, 2023
September 5, 2023
September 3, 2023

സൗര കൊടുങ്കാറ്റുകളിൽ നിന്നും ഭൂമിക്ക് രക്ഷാകവചം; നിർണായക വിവരങ്ങൾ പുറത്തുവിട്ട് ആദിത്യ എൽ1

Janayugom Webdesk
ബംഗളൂരു
January 10, 2026 9:29 pm

ഭൂമിയെ ബാധിക്കുന്ന ശക്തമായ സൗര കൊടുങ്കാറ്റുകളെക്കുറിച്ച് ലോകത്തിന് പുതിയ ഉൾക്കാഴ്ചകൾ നൽകി ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1. 2024 ഒക്ടോബറിൽ ഭൂമിയിൽ ആഞ്ഞടിച്ച അതിശക്തമായ സൗരകൊടുങ്കാറ്റിനെക്കുറിച്ചുള്ള പഠന റിപ്പോർട്ടാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. പ്രശസ്ത അസ്‌ട്രോഫിസിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം, ബഹിരാകാശ കാലാവസ്ഥാ പ്രവചനത്തിൽ ഇന്ത്യ കൈവരിച്ച വൻ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. സൂര്യനിൽ നിന്നുള്ള പ്ലാസ്മയുടെ വൻ സ്ഫോടനത്തെത്തുടർന്നുണ്ടാകുന്ന കൊറോണൽ മാസ് ഇജക്ഷൻ (സിഎംഇ) ആണ് സൗരകൊടുങ്കാറ്റുകൾക്ക് കാരണമാകുന്നത്. ഉപഗ്രഹങ്ങൾ വഴിയുള്ള ആശയവിനിമയ സംവിധാനങ്ങൾ, നാവിഗേഷൻ സേവനങ്ങള്‍, വൈദ്യുതി വിതരണ സംവിധാനങ്ങൾ എന്നിവയെ ഇവ ബാധിക്കാറുണ്ട്.

2024 ഒക്ടോബറിൽ ഉണ്ടായ ഇത്തരമൊരു സ്ഫോടനത്തെ ആദിത്യ എൽ1 പേടകം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. സൗര കൊടുങ്കാറ്റിനുള്ളിലെ അതീവ പ്രക്ഷുബ്ധമായ മേഖലകളെ തിരിച്ചറിയാൻ ആദിത്യയിലെ ഉപകരണങ്ങൾക്ക് കഴിഞ്ഞു. വെറുമൊരു പ്ലാസ്മ പ്രവാഹത്തേക്കാൾ, അതിലെ ഈ പ്രക്ഷുബ്ധതയാണ് കൊടുങ്കാറ്റിന്റെ ആഘാതം വര്‍ധിപ്പിക്കുന്നതെന്ന് ആദിത്യ തിരിച്ചറിഞ്ഞു. സൗര കൊടുങ്കാറ്റുകൾ ഭൂമിയുടെ അദൃശ്യ സുരക്ഷാ കവചമായ കാന്തികവലയത്തിൽ നേരിട്ടാണ് ആഘാതം ഏല്പിക്കുന്നത്. പഠന റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബറിലെ കൊടുങ്കാറ്റ് ഭൂമിയുടെ കാന്തിക പാളികളെ ശക്തമായി അമർത്തുകയും അവയെ സാധാരണയേക്കാൾ ഭൂമിയോട് അടുപ്പിക്കുകയും ചെയ്തു.

ഇതോടെ വാർത്താവിനിമയത്തിനും ജിപിഎസ് സേവനങ്ങൾക്കുമായി ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾ അപകടകരമായ വികിരണങ്ങൾക്ക് നേരിട്ട് ഇരയായി. ഭൂമിയുടെ ധ്രുവപ്രദേശങ്ങളിലെ വൈദ്യുത പ്രവാഹം വര്‍ധിച്ചത് അന്തരീക്ഷത്തിന്റെ മുകൾഭാഗം ചൂടാകാൻ കാരണമായെന്നും പഠനം കണ്ടെത്തി. ഭൂമിയിൽ നിന്നും ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് 1 (L1) ബിന്ദുവിൽ നിന്നാണ് ആദിത്യ സൂര്യനെ നിരീക്ഷിക്കുന്നത്. ആഗോള തലത്തിലുള്ള മറ്റ് ബഹിരാകാശ ഏജൻസികളിൽ നിന്നുള്ള വിവരങ്ങളും ഐഎസ്ആർഒ ഈ പഠനത്തിനായി ഉപയോഗിച്ചിട്ടുണ്ട്. 2026 ൽ ആദിത്യ എൽ1 നൽകുന്ന വിവരങ്ങൾ ആഗോള തലത്തിൽ തന്നെ നിർണായകമാകുമെന്നാണ് വിലയിരുത്തല്‍. ബഹിരാകാശ കാലാവസ്ഥാ പ്രവചനത്തിൽ ഇന്ത്യക്ക് ഏറെ മുതല്‍ക്കൂട്ടായിരിക്കും ആദിത്യ എല്‍1 എന്നും ഐ എസ്ആര്‍ഒ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.