23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

സാമ്പത്തിക സർവേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍; ജിഡിപി തളരുന്നു

റെജി കുര്യന്‍
ന്യൂഡൽഹി
January 31, 2022 10:51 pm

അടുത്ത സാമ്പത്തിക വർഷം രാജ്യത്തെ ആഭ്യന്തര ഉല്പാദന വളര്‍ച്ചയില്‍ ഇടിവുണ്ടാകുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്.
എട്ടു മുതൽ 8.5 ശതമാനം വരെ വളർച്ച ഉണ്ടായേക്കുമെന്നാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നത്. നടപ്പു സാമ്പത്തികവര്‍ഷത്തെ ജിഡിപി പ്രതീക്ഷിതവളര്‍ച്ചയായ 9.2 ശതമാനത്തേക്കാള്‍ ഒരു ശതമാനം വരെ കുറഞ്ഞ നിരക്കാണ് സര്‍വേ പ്രവചിക്കുന്നത്. ഇടിവാണുണ്ടാവുകയെന്ന് പ്രത്യക്ഷത്തില്‍ പറയാതെയാണ് വളര്‍ച്ചയെക്കുറിച്ച് റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നത്.

എന്നാല്‍ സമ്പദ്ഘടനാ പ്രതിസന്ധിയുടെ കാരണങ്ങള്‍ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതാകട്ടെ നടപ്പിലാകാതെ പോയ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന വസ്തുതയുമുണ്ട്. 2020–21ൽ കോവിഡ് അനുബന്ധിയായ സാമ്പത്തിക പിന്തുണ വിവിധ മേഖലകൾക്ക് നൽകിയതിലൂടെയും ആരോഗ്യ മേഖലയിൽ കൂടുതൽ തുക ചെലവഴിക്കേണ്ടി വന്നതിലൂടെയും സർക്കാരിന് കൂടുതൽ ധനക്കമ്മി നേരിടേണ്ടിവന്നുവെന്നതാണത്.

കോവിഡ് പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് നേരിട്ട വിഭാഗങ്ങൾക്ക് നൽകിയ ഹ്ര്വസ്വകാല പിന്തുണ, സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ നടത്തിയ ഇടക്കാല നടപടികൾ, വിതരണ ശ്യംഖലയിലെ പോരായ്മകൾ പരിഹരിക്കാൻ നടത്തിയ ഘടനാപരമായ മാറ്റങ്ങൾ എന്നിവയ്ക്ക് പുറമെ നടപടി ക്രമങ്ങളിൽ വരുത്തിയ പരിഷ്കരണങ്ങൾ ഉൾപ്പെടെ നാലു മേഖലകളെയാണ് സാമ്പത്തിക സർവേ പൊതുവായി പരാമർശിക്കുന്നത്. ഇവയൊന്നും പ്രഖ്യാപനത്തിനപ്പുറം യാഥാര്‍ത്ഥ്യമായവ ആയിരുന്നില്ല. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ സമ്പദ് രംഗം പരിക്കില്ലാതെ പിടിച്ചു നിർത്താൻ സർക്കാരിനായെന്ന അവകാശവാദമാണ് സർവേ മുന്നോട്ടു വയ്ക്കുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ സൂചകമായി എടുത്തു പറയുന്നതാകട്ടെ ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റമുണ്ടായി എന്ന കാര്യവും. ഇത് സാധാരണക്കാരന് എന്തു നേട്ടമാണുണ്ടാക്കിയതെന്ന ചോദ്യവും പ്രസക്തമാകുന്നു.

വിലക്കയറ്റത്തില്‍ ഇടപെടില്ല

വിലക്കയറ്റം ആഗോള തലത്തിൽ ഉണ്ടായ പ്രതിഭാസമാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സാമാന്യവല്ക്കരിക്കുന്നു. രാജ്യത്തെ വിലക്കയറ്റം ഇറക്കുമതിയും ആഗോള വിലക്കയറ്റവുമായി ബന്ധപ്പെടുത്തി ന്യായീകരിക്കുന്ന സർവേ പെട്രോളിയം ഉല്പന്നങ്ങളുടെ വിലയിൽ സർക്കാർ ഇടപെടില്ല എന്നതിന്റെ വ്യക്തമായ സൂചനയും നല്കുന്നു. രാജ്യത്തെ വൻകിട സാമ്പത്തിക മേഖല സ്ഥിരത പുലർത്തുന്നുവെന്ന് അഭിപ്രായപ്പെടുന്ന സര്‍വേ റിപ്പോര്‍ട്ടില്‍ സാധാരണക്കാര്‍ക്ക് എന്തുനേട്ടമാണുണ്ടായതെന്ന കാര്യം പരാമര്‍ശിക്കുന്നുമില്ല.

കോർപറേറ്റ് സഹായ ബജറ്റെന്ന് സൂചന

കോർപറേറ്റുകളുടെ വളർച്ചയ്ക്ക് കൂടുതൽ സൗജന്യങ്ങളും ഊന്നലും നൽകി രാജ്യത്തെ സമ്പദ്ഘടനയെ വളർച്ചയുടെ പാതയിൽ പിടിച്ചു നിർത്താനാകും ബജറ്റ് ലക്ഷ്യമിടുകയെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമായ സൂചന.
കോവിഡിനിടയിലും കോർപറേറ്റ് വരുമാനത്തിൽ വർധനവാണ് രേഖപ്പെടുത്തിയത്. പ്രതിസന്ധികൾക്ക് ഇടയിലും മൂലധന സമാഹരണത്തിന് ഇന്ത്യൻ കമ്പനികൾക്കായി. രാജ്യത്തെ ബാങ്കിങ് മേഖലയിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ മേഖലയെ കൂടുതൽ ശക്തമാക്കിയെന്നും പരാമര്‍ശിക്കുന്ന സര്‍വേ കോര്‍പറേറ്റ് ആഭിമുഖ്യമുള്ള ബജറ്റിന്റെ സാധ്യതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

ENGLISH SUMMARY:Economic Sur­vey Report in Par­lia­ment; GDP is declining
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.