19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
April 9, 2024
December 31, 2023
September 9, 2023
February 8, 2023
December 8, 2022
October 11, 2022
September 26, 2022
July 30, 2022
June 29, 2022

സമ്പദ്‌വ്യവസ്ഥയും ഫെഡറല്‍ സാമ്പത്തിക ബന്ധങ്ങളും പ്രശ്നങ്ങളും പരിഹാരവും

പ്രൊഫ. കെ അരവിന്ദാക്ഷൻ
May 11, 2022 6:00 am

ഇക്കഴിഞ്ഞ 2022 ഏപ്രില്‍ 27ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അടിയന്തരമായി വിളിച്ചുചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ പ്രത്യേക യോഗത്തിന്റെ പ്രധാന ചര്‍ച്ച പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധന തടയുന്നതില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ചുമതല സംബന്ധിച്ച് അവരെ ബോധവാന്മാരാക്കുക എന്നതായിരുന്നുവത്രെ!. പ്രധാനമന്ത്രിയുടെ കണ്ടുപിടിത്തം മുഖ്യമന്ത്രിമാര്‍, കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്പന്നങ്ങള്‍ക്കുള്ള എക്സൈസ് തീരുവയില്‍ ഇടയ്ക്കിടെ വരുത്തുന്ന ഇളവുകള്‍ കൃത്യമായി ജനങ്ങള്‍ക്ക് ആശ്വാസം നല്കാന്‍ ഉതകുന്നവിധത്തില്‍ ജനങ്ങള്‍ക്ക് പകര്‍ന്നുനല്കുന്നില്ലെന്നായിരുന്നു. ഈ സമീപനം തികച്ചും ഒരു അനീതിയാണെന്ന് മുദ്രകുത്താനും മോഡി തയാറായി. സംസ്ഥാനങ്ങളുടെ പേരെടുത്തുപറഞ്ഞാണ് പ്രധാനമന്ത്രിയുടെ കുറ്റാരോപണമെന്നത് അങ്ങേയറ്റം അപലപനീയവും തരംതാണതുമായൊരു പ്രവണതയാണെന്നുതന്നെ വിശേഷിപ്പിക്കാതെ തരമില്ല. 2021 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍, കോവിഡ് ദുരന്തത്തില്‍ നിന്നും ആശ്വാസം നല്കുക എന്നത് ലക്ഷ്യമാക്കി ഇന്ധനവില ലിറ്ററിന് 100 രൂപ കടന്നതോടെ പെട്രോളിനും ഡീസലിനും യഥാക്രമം അഞ്ച്, 10 രൂപ നിരക്കുകളില്‍ ഇളവ് നല്കിയപ്പോഴും ഇതിനാനുപാതികമായി വാറ്റ് കുറയ്ക്കുകവഴി സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തം ജനങ്ങള്‍ക്ക് ആശ്വാസം നല്കാന്‍ തയാറായില്ലെന്നതില്‍വരെ പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍ ചെന്നെത്തി. ബിജെപി ഇതര ഭരണങ്ങള്‍ നിലവിലിരിക്കുന്ന സംസ്ഥാനങ്ങളെയാണ് ഈ വീഴ്ചയുടെ പേരില്‍ പ്രധാനമന്ത്രി പ്രതിക്കൂട്ടിലാക്കുന്നത്. എന്‍ഡിഎ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്നും മറ്റുള്ള സംസ്ഥാനങ്ങളിലുള്ളതിലുമേറെയാണ് പണപ്പെരുപ്പ നിരക്കുകള്‍. 2022 ഏപ്രിലില്‍ യുപിയിലെയും അസമിലെയും നിരക്കുകള്‍ 8.19 ശതമാനവും ബിഹാര്‍, ജമ്മു കശ്മീര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ 7.4 മുതല്‍ 7.6 ശതമാനം വരെയുമാണ്. ഇതാണെങ്കില്‍ ദേശീയ ചില്ലറ വിലവര്‍ധന നിരക്കായ 6.95 ശതമാനത്തിനുമപ്പുറവുമാണ്. സാഹചര്യങ്ങള്‍ ഈ നിലയിലിരിക്കെ പശ്ചിമബംഗാള്‍, തമിഴ്‌നാട്, മഹാരാഷ്ട്ര, കേരളം, തെലങ്കാന, ഝാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ പേരെടുത്തുപറഞ്ഞ് കുറ്റപ്പെടുത്തുന്നത് ഒരു ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രിയെന്ന പദവിക്ക് ചേര്‍ന്നതല്ലെന്നു പറയാതിരിക്കാനാവില്ല. ‘കോ ഓപ്പറേറ്റീവ് ഫെഡറലിസം’ എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ എത്തിക്കുകയാണ് തന്റെ ആത്യന്തിക കടമ എന്ന് വാതോരാതെ പ്രസംഗിച്ചുനടക്കുന്ന മോഡിക്ക് കുറേക്കൂടി മാന്യമായി സംസ്ഥാന ഭരണകൂടങ്ങളോട് പെരുമാറാമായിരുന്നു; അവര്‍ ജനങ്ങളോട് ‘നീതിപുലര്‍ത്തുന്ന’തിനെപ്പറ്റി ആഹ്വാനം നടത്താമായിരുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ജന്മി — കുടിയാന്‍ ബന്ധമല്ല, ഒരു പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയിലും ഫെഡറല്‍ സ്വഭാവമുള്ളൊരു ഭരണകൂടത്തിന്റെ ചട്ടക്കൂടിലും ഉള്ളതെന്നെങ്കിലും പ്രധാനമന്ത്രി തിരിച്ചറിയണമായിരുന്നു. എന്‍ഡിഎ – ബിജെപി ഭരണകൂടങ്ങള്‍ നിലവിലില്ലാത്ത സംസ്ഥാനങ്ങളോടുള്ളതില്‍ നിന്നും വ്യത്യസ്തമായ നയസമീപനം, സ്വന്തം ഭരണ നേതൃത്വമുള്ള സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി തന്നെ തുറന്നു പ്രകടിപ്പിക്കുക എന്നത് കേട്ടുകേള്‍വി പോലുമില്ലാത്തൊരു നടപടിയായിപ്പോയി എന്ന് പറയാതെവയ്യ. കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ ഈ വിഷയത്തില്‍ വാനോളം പുകഴ്ത്തിയ മോഡി തന്നെയാണ്, ഫെഡറല്‍ ബന്ധങ്ങളെപ്പറ്റി വാചാലനാകുന്നതെന്നതില്‍ വൈരുധ്യമുണ്ട്. മാത്രമല്ല, സംസ്ഥാന സര്‍ക്കാരുകള്‍ വികസന താല്പര്യങ്ങള്‍ക്കായി കൂടുതല്‍ റവന്യു വരുമാനം വകയിരുത്തുകയാണ് ചെയ്യേണ്ടതെന്നും ക്ഷേമകാര്യങ്ങള്‍‍ക്കായും സബ്സിഡികള്‍ക്കായും മറ്റും പണം പാഴാക്കിക്കളയരുതെന്നും എന്‍ഡിഎ – ബിജെപി ഇതര സര്‍ക്കാരുകളെ ഉപദേശിക്കാനും മോഡി അറച്ചുനിന്നില്ല. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ആഗോളതലത്തില്‍ ഉക്രെയ്ന്‍-റഷ്യ യുദ്ധം പോലുള്ള ഗുരുതരമായ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടതായ സാഹചര്യങ്ങള്‍ നിലവിലിരിക്കുമ്പോള്‍ ഫെഡറലിസത്തിന് സഹായകമായ നയസമീപനങ്ങള്‍ ഒത്തൊരുമയോടെ ഏറ്റെടുത്ത് നിര്‍വഹിക്കണമെന്നാണ്.


ഇതുകൂടി വായിക്കാം; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ: പെരുകിവരുന്ന വൈരുധ്യങ്ങള്‍


ഇതിനേക്കാളേറെ ഗൗരവതരമായൊരു ഫെഡറലിസ്റ്റ് വിരുദ്ധ നയമാണ് 2020ലെ കോവിഡ് കാല ലോക്ഡൗണ്‍ കാലയളവില്‍ പോലും മോഡി ഭരണകൂടം സ്വീകരിച്ചതെന്നോര്‍ക്കണം. ഒരേസമയം തൊഴിലവസരങ്ങള്‍, ആരോഗ്യം, വരുമാനം എന്നീ മൂന്ന് കാതലായ മേഖലകളെ തുല്യമായി ബാധിക്കുന്ന വിധത്തിലും കുടുംബ ബജറ്റുകളെ മാത്രമല്ല, പ്രതിമാസക്കണക്കില്‍ വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില വര്‍ധനവിലൂടെ ഹോട്ടല്‍ ഭക്ഷണത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് സാധാരണക്കാരേയും ഇടത്തരക്കാരേയും കുത്തുപാളയെടുപ്പിക്കാന്‍ പോന്ന വിധത്തിലുമാണ് കാര്യങ്ങള്‍ നീങ്ങിവരുന്നത്. മോഡി പ്രധാനമന്ത്രി എന്ന പദവി വിസ്മരിച്ച്, സംസ്ഥാന സര്‍ക്കാരുകളുടെ പേരെടുത്തു പറഞ്ഞ് പഴിചാരല്‍ നടത്താന്‍ സ്വീകരിച്ച ഹീനമായ നടപടിക്കെതിരെ അതിനിശിതമായ വിമര്‍ശനങ്ങളാണുയര്‍ന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബിജെപി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 50 ശതമാനം അധിക സാമ്പത്തിക സഹായം, ക്ഷേമകാര്യ ചെലവുകള്‍ക്കായി അനുവദിച്ചുവരുന്ന വിവേചനപരമായ നയത്തെ നിശിതമായി തന്നെയാണ് വിമര്‍ശിച്ചത്. അതേ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് ഇന്ധനവില വര്‍ധനവിലൂടെയുള്ള അധിക ബാധ്യത അപ്പാടെ മറ്റ് സംസ്ഥാനങ്ങളുടെമേല്‍ കെട്ടിവയ്ക്കാന്‍ ആഹ്വാനം നടത്തുന്നതും. മമതാ ബാനര്‍ജി അടക്കമുള്ള ബിജെപി-ഇതര സംസ്ഥാന മുഖ്യമന്ത്രിമാരുടെ വിമര്‍ശനത്തിന്റെ കുന്തമുന ഉയര്‍ന്നത് കോവിഡ് 19നെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനായും ഈ മാരകരോഗത്തിന്റെ ഭാവിയിലുള്ള വരവിന്റെ സാധ്യതകളെപ്പറ്റി ബോധവല്ക്കരിക്കുന്നതിനായും വിളിച്ചു ചേര്‍ത്തൊരു ദേശീയ കൂടിയാലോചനാ യോഗത്തെ രാഷ്ട്രീയ വിവാദവേദിയായി രൂപാന്തരപ്പെടുത്തിയ നടപടിക്കെതിരായിരുന്നു എന്നതും ശ്രദ്ധേയമായി കാണണം. ഈ വിമര്‍ശനം ശക്തമായി ഉന്നയിച്ചത് മഹാരാഷ്ട്രയില്‍ നിന്നുള്ള ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദി തന്നെയായിരുന്നു. അവരുടെ വിമര്‍ശനത്തിന് ആക്കം വര്‍ധിപ്പിക്കാന്‍ ഉതകിയ മറ്റൊരു വസ്തുത, എണ്ണവില ആഗോള വിപണിയില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തിയ അവസരങ്ങളില്‍ പോലും നേരിയ തോതിലെങ്കിലും കേന്ദ്ര നികുതികളില്‍ അയവു വരുത്താതെ 26 ബില്യണ്‍ കോടി അധികവരുമാനം തട്ടിയെടുത്ത മോഡി സര്‍ക്കാരിന്റെ പകല്‍ കൊള്ളയായിരുന്നു. ഈ അവസരങ്ങളില്‍ തന്നെ കേന്ദ്ര ഖജനാവിനെ സമ്പന്നമാക്കാന്‍ 18 തവണകളിലായിട്ടാണ് വില വര്‍ധന നടപ്പാക്കിയത്. അതേ അവസരത്തില്‍ കോവിഡ് പ്രതിരോധ നടപടികള്‍ക്കായി വരുമാന സ്രോതസുകള്‍ കണ്ടെത്താന്‍ കഴിയാതെ നെട്ടോട്ടത്തിലായിരുന്ന നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജിഎസ്‌ടി വിഹിതം അനുവദിക്കാതിരിക്കുകയും എംഎന്‍ആര്‍ഇജിഎസ് ആനുകൂല്യ വിഹിതം കൃത്യമായി നല്കുന്നതില്‍ വീഴ്ചവരുത്തുകയും ചെയ്ത മോഡി സര്‍ക്കാരാണ് ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്കെതിരായി വാളോങ്ങി നില്ക്കുന്നത്. ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ ഹൂഡ, ബിജെപി ഭരണത്തിലിരിക്കുന്ന ഹരിയാനാ സംസ്ഥാനത്ത് ഇന്നും നിലവിലുള്ളത് ഏറ്റവും ഉയര്‍ന്ന വാറ്റ് നിരക്കാണിതെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. കര്‍ഷക സമരത്തോടൊപ്പം ആദ്യാവസാനം നിലകൊണ്ടിരുന്ന ഈ നേതാവ്, ആഗോളതലത്തില്‍ കാര്‍ഷികോല്പന്നങ്ങളുടെ വില നിലവാരം കുതിച്ചുയരുമ്പോഴൊന്നും ഇന്ത്യയിലെ കര്‍ഷകന് വര്‍ധിച്ച നിരക്കുകളില്‍ മിനിമം താങ്ങുവിലയുടെ ആനുകൂല്യം അനുവദിക്കാറില്ല എന്നും തുറന്നുപറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഫെഡറലിസ്റ്റ് വിരുദ്ധ നിലപാട് ഇന്ധനവില വര്‍ധനവിന്റെ വിഷയത്തില്‍ കൊടുമ്പിരികൊള്ളുമ്പോള്‍ തന്നെയാണ് ചരക്ക്-സേവന നികുതി വരുമാനത്തില്‍ രേഖപ്പെടുത്തിക്കാണുന്ന വന്‍ കുതിച്ചുചാട്ടം പ്രസക്തിയാര്‍ജ്ജിക്കുന്നത്.


ഇതുകൂടി വായിക്കാം; പാഠമാകേണ്ട ശ്രീലങ്കയുടെ സാമ്പത്തിക ദുരിതം


2022 ഏപ്രില്‍ മാസത്തില്‍ ജിഎസ്‌ടിയില്‍ നിന്നും കേന്ദ്ര ഖജനാവിലെത്തിയത് 1.68 ലക്ഷം കോടി രൂപയായിരുന്നു. 2021 നെ അപേക്ഷിച്ച് 20 ശതമാനം- 1.42 ലക്ഷം കോടി വര്‍ധനവാണിത്. ഇതില്‍ നിന്നും എക്സൈസ് നികുതി വര്‍ധനവിന്റെ മാത്രം ഓഹരി എന്ന നിലയില്‍ സംസ്ഥാനങ്ങളുമായി പങ്കിടണമെന്ന വ്യവസ്ഥ പലപ്പോഴും പാലിക്കപ്പെടാറില്ല. കേരള സംസ്ഥാനത്തിന്റെ അനുഭവവും ഇതാണ്. “കോ ഓപ്പറേറ്റീവ് ഫെഡറലിസം” എന്നൊക്കെ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ പരസ്യമായും ഫെഡറല്‍-സാമ്പത്തിക‑രാഷ്ട്രീയ ബന്ധങ്ങള്‍ നഗ്നമായി ലംഘിക്കുകയാണ്. സ്വന്തം പാര്‍ട്ടിയോ, സഖ്യമോ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം ലംഘനങ്ങള്‍ നടക്കുന്നത് കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. ബിജെപി അധികാരത്തിലുള്ള അസമില്‍ പെട്രോളിനുള്ള വാറ്റ് 32.66 ശതമാനവും ഡീസലിനുള്ളത് 23.66 ശതമാനവും. മധ്യപ്രദേശില്‍ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് യഥാക്രമം 29 ശതമാനം, 25 ശതമാനവുമാണ്. 2021 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതിയില്‍ പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് മൊത്തത്തില്‍ യഥാക്രമം അഞ്ച് രൂപ‑പത്തു രൂപ വീതം വാറ്റ് ഇനത്തില്‍ ഇളവു നല്കിയപ്പോള്‍ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ യുപി മാത്രമാണ് 12 രൂപ ഇളവ് പെട്രോളിനും ഡീസലിനും അനുവദിച്ചത്. ഗുജറാത്താണെങ്കില്‍ 2022 മാര്‍ച്ചിലാണ് പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കുള്ള വാറ്റ് യഥാക്രമം 4.5 ശതമാനം, 7.5 ശതമാനം എന്നിങ്ങനെയായി അനുവദിച്ചത്. കര്‍ണാടക ബിജെപി സര്‍ക്കാരിന് ഇളവനുവദിക്കാന്‍ തോന്നിയത് 2022 നവംബറില്‍ മാത്രവുമായിരുന്നു. ഒമ്പത് ശതമാനത്തോളം വാറ്റ് ഇളവ്. തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ 2021 ഓഗസ്റ്റില്‍ തന്നെ ലിറ്ററിന് മൂന്ന് രൂപാ നിരക്കില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചിരുന്നു. ജിഎസ്‌ടി വരുമാന വിഹിതം കേന്ദ്രവും-സംസ്ഥാനങ്ങളും തമ്മില്‍ പങ്കിടുന്ന സംവിധാനത്തിന്റെ ഭാവിസംബന്ധിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നുണ്ട്. 2022 ജൂലൈ മുതല്‍ നിലവിലുള്ളതുപോലെ കൃത്യതയോടെ അല്ലെങ്കില്‍ തന്നെയും കിട്ടാന്‍ അവകാശമുള്ള വിഹിതം കേന്ദ്ര സര്‍ക്കാര്‍, വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ജിഎസ്‌ടി വരുമാനം പങ്കിടാന്‍ നിയമപരമായുണ്ടായിരുന്ന ബാധ്യതയ്ക്ക് അന്ത്യം കുറിക്കുമോ എന്നതാണ് ഈ ആശങ്ക. അങ്ങനെയാണ് സംഭവിക്കുകയെങ്കില്‍ ഈ സംഭവവികാസം ഗുരുതരമായ കേന്ദ്ര‑സംസ്ഥാന ഏറ്റുമുട്ടലുകളിലേക്കായിരിക്കും കളമൊരുക്കുക. ജനജീവിതത്തെ ദുസ്സഹമാക്കുന്ന വിധത്തില്‍ ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എന്ന് പറയുന്നതുപോലെ സര്‍വ ഉപഭോഗ വസ്തുക്കളുടെയും വിലക്കയറ്റത്തിന് വഴിയൊരുക്കുന്ന പണപ്പെരുപ്പം നാളുകളേറെയായെങ്കിലും ഈ പിടിപ്പുകേടിന്റെ പെരുപ്പം ഇന്നും സമ്പദ്‌വ്യവസ്ഥയിലാകെ തുടരുകയാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ആര്‍ബിഐയുടെ പണനയ സമിതി (എംപിസി) പതിവു തെറ്റിച്ചുകൊണ്ടുള്ള അടിയന്തരയോഗം വിളിച്ച് റിപ്പോ നിരക്ക് 40 അടിസ്ഥാന പോയിന്റുകള്‍ ഉയര്‍ത്തി 4.4 ശതമാനമായും പണവും റിസര്‍വും തമ്മിലുള്ള അനുപാതം 50 അടിസ്ഥാന പോയിന്റുകള്‍ ഉയര്‍ത്തി 4.5 ശതമാനമായും നിജപ്പെടുത്തിയത്. മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഫോര്‍ ഇന്ത്യ എന്നിങ്ങനെയെല്ലാം വീരവാദം മുഴക്കിയുള്ള പ്രഖ്യാപനങ്ങള്‍ നടക്കുന്നതായി നമുക്കറിയാം. ഈ നിലയിലുള്ളൊരു മോഡി ഭരണം നിലവിലിരിക്കെത്തന്നെ 8.8 ലക്ഷം തൊഴില്‍ നഷ്ടം മാത്രമല്ല, പിന്നിട്ട പതിമൂന്നു വര്‍ഷക്കാലത്തിനിടെ വിദേശ സ്വകാര്യ നിക്ഷേപം അടക്കം കുത്തനെ ഇടിഞ്ഞതായും മൂലധന പ്രവാഹം ഇന്ത്യയില്‍ നിന്നും പുറത്തേക്ക് ത്വരിതപ്പെട്ടതായും സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) രേഖ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍ അടിയന്തരമായ ചികിത്സ അനിവാര്യമായിരിക്കുന്നത്, സംസ്ഥാന സര്‍ക്കാരുകള്‍ക്കല്ല, കേന്ദ്ര മോഡി സര്‍ക്കാരിനും അതിന്റെ കാഴ്ചപ്പാടിനുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.