25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 23, 2025
April 23, 2025
April 22, 2025
April 21, 2025
April 19, 2025
April 19, 2025
April 17, 2025
April 15, 2025
April 3, 2025

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം

Janayugom Webdesk
October 4, 2021 4:00 am

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുഎസ് സന്ദർശനം കുത്തക താൽപര്യങ്ങളുടെ സംരക്ഷകരായ മാധ്യമങ്ങൾ കൊട്ടിഘോഷിച്ചു. പ്രധാനമന്ത്രിയുടെ ആറാമത് യുഎസ് സന്ദർശനം ലോകശ്രദ്ധയാകർഷിച്ചു എന്നുവരെ പറഞ്ഞവരുമേറെ. അതിശയോക്തിയുടെ ഇത്തരം വീൺവാക്കുകൾ പറയുന്നവർക്ക് ഉന്മാദം പകരുമെങ്കിലും സത്യത്തിനോട് നീതി പുലർത്തുന്നതല്ല. ഐക്യരാഷ്ട്ര സഭാ 769-ാമത് ജനറൽ അസംബ്ലിയുമായി ബന്ധപ്പെട്ട് മോഡി ഒരിക്കൽകൂടി അമേരിക്ക സന്ദർശിച്ചു എന്നതിൽ കവിഞ്ഞൊന്നുമില്ല. സ്വാഭാവികമായും വിവിധ ലോകനേതാക്കളുമായി അവിടെ കൂടിക്കാഴ്ച നടന്നു. ഏതൊരു സമ്മേളത്തിന്റെയും മഹത്വം നിർണയിക്കുന്നത് ചർച്ചകളുടെ ഫലശ്രുതിയിലൂടെയാണ്. രാജ്യതാൽപര്യത്തിന് അനുസൃതമായി രാഷ്ട്രീയമായും നയതന്ത്രപരമായും എന്തുനേടി എന്നതും പരിഗണിക്കണം. ഇത്തരം ഉയർന്ന വിശകലനത്തിൽ പൊള്ളയായ പ്രചാരണം മാത്രമാണ് നടന്നതെന്ന് ബോധ്യപ്പെടും. മോഡി സർക്കാരിന്റെ മൂലക്കല്ലുതന്നെ ഇത്തരം പൊളിവചനങ്ങളിൽ അധിഷ്ടിതമാണല്ലോ. 4,500 കോടിയുടെ പുതിയ എയർ ഇന്ത്യാ ബോയിങ്ങിൽ യാത്ര തുടങ്ങുംമുമ്പെ ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിലെ തന്റെ മുൻഗണനകൾ മോഡി വ്യക്തമാക്കിയിരുന്നു. മഹാമാരിയുടെ വർത്തമാനം, കാലാവസ്ഥാ വ്യതിയാനം, അമേരിക്കയുടെ പുതിയ നേതൃത്വവുമായുള്ള ചർച്ചകൾ, ക്വാഡ് ഉച്ചകോടി എന്നിങ്ങനെയായിരുന്നു മുൻഗണനാ ക്രമങ്ങൾ. ഇവയിൽ ക്വാഡ് ഉച്ചകോടി പ്രഥമപരിഗണനയിൽ എത്തി.


ഇത്കൂടി വായിക്കു;മോഡി സ്തുതി വീഡിയോയില്‍ അമേരിക്കന്‍ നഗരമായ ലോസ്ആ‌ഞ്ചലെസും; പരിഹാസവുമായി സോഷ്യല്‍ മീഡിയ, വീഡിയോ കാണാം..


ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ, യുഎസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ഉച്ചകോടി പുതുക്കിയതും വികസിതവുമായ തന്ത്രപരമായ പങ്കാളിത്തമാണ്. നാറ്റോ സംഖ്യത്തിന്റെ പുതുരൂപമായി ഇതിനെ കണക്കാക്കാം. ശീതയുദ്ധത്തിനു ശേഷം വിവിധ രാജ്യങ്ങളുമായി തങ്ങളുടെ താൽപര്യം സംരക്ഷണാര്‍ത്ഥം ഇത്തരം തന്ത്രപരമായ സംഖ്യങ്ങൾക്ക് യുഎസ് ഊന്നൽ നൽകിയിരുന്നു. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ താൽപര്യങ്ങൾക്കനുസരിച്ചാണിത്. വൈറ്റ് ഹൗസിൽ ആര് അധികാരത്തിലിരുന്നാലും സൈനിക വ്യവസായ താൽപര്യങ്ങൾക്കാണ് പരമമായ പ്രാധാന്യം. യുദ്ധത്തിലും അതിന്റെ സംസ്കാരത്തിലും പടുത്തുയർത്തിയ അമേരിക്കൻ സമ്പദ്ഘടനയുടെ നട്ടെല്ലാണത്. ശീതയുദ്ധത്തിനു ശേഷവും അയുധക്കച്ചവടം അവസാനിക്കുന്നില്ല എന്ന് അമേരിക്ക ഉറപ്പാക്കിയിരുന്നു. മഹാമാരിയുടെ കാലങ്ങളിലും പെന്റഗണിനുള്ള പിന്തുണയും അമേരിക്കൻ ഭരണകൂടം ആവർത്തിച്ച് ഉറപ്പാക്കിയിരുന്നു. ക്വാഡ് ഉച്ചകോടിയുമായി ചേർന്നുള്ള അമേരിക്കൻ അത്യുത്സാഹം ഈ പശ്ചാത്തലത്തിൽ വേണം ചേർത്തുവായിക്കാൻ. തങ്ങളുടേതായ രാഷ്ട്രീയവും സൈനികവുമായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ജപ്പാനും അമേരിക്കയും എക്കാലവും അമേരിക്കൻ കൂട്ടുകെട്ടിന് സന്നദ്ധരാണ്. ക്വാഡ് ഉച്ചകോടിയിലേയ്ക്കുള്ള മോഡി സർക്കാരിന്റെ തിടുക്കം ഈ പശ്ചാത്തലത്തിൽ വിശകലനം ചെയ്യേണ്ടതുണ്ട്. ലോകത്തിന്റെ ഏതു കോണിൽ സംഘർഷമുയരുമ്പോഴും യുദ്ധത്തിന്റെയും സമാധാനത്തിന്റെയും ചോദ്യങ്ങളുയരും. ന്യൂക്ലിയർ കാലത്ത് യുദ്ധം പരിഹാരമല്ലെന്ന് മാനവരാശി തിരിച്ചറിയുകയുന്നു. യുദ്ധത്തിന്റെയും നാശത്തിന്റെയും ചിതയിൽ ഹോമിക്കാനുള്ളതല്ല ഈ ലോകത്തിലെ വിഭവങ്ങൾ. സൈനികോപകരണ നിർമ്മാണത്തിൽ കേന്ദ്രീകൃതമായ യുഎസ് സമ്പദ്ഘടന ഇത് അംഗീകരിക്കില്ല. അമേരിക്കയുടെ വിദേശ നയങ്ങളും തന്ത്രപരമായ പങ്കാളിത്തങ്ങളും പെന്റഗൺ മുൻഗണനകൾ നിശ്ചയിക്കുന്നതാണ്. അമേരിക്കയുടെ നയതാൽപര്യങ്ങളിലെ മുൻഗണനകളെ ഏറ്റുവാങ്ങിയുള്ള ക്വാഡ് ഉച്ചകോടിയിലെ പങ്കാളിത്തം ഇന്ത്യയ്ക്കു നൽകുന്ന നേട്ടങ്ങളിലും അവ്യക്തത നിലനിൽക്കുകയാണ്. അയൽക്കാരുമായുള്ള ബന്ധം വഷളാക്കി വിദൂര പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് ദീർഘകാല കാഴ്ചപ്പാടിൽ ബുദ്ധിയല്ല.


ഇത്കൂടി വായിക്കു;പ്രധാനമന്ത്രി യുഎസിലേക്ക്


 

ഒഴുക്കൻ മട്ടിൽ ആർക്കോ വേണ്ടി പറഞ്ഞുപോയി എന്നതിൽ കവിഞ്ഞ് മഹാമാരിക്കും കാലാവസ്ഥാ വ്യതിയാനത്തിനും എതിരെ ഉയരേണ്ട കൂട്ടായ പോരാട്ടം മോഡിയുടെ പരാമർശങ്ങളിൽ നിർണായക ഇടം നേടിയതുമില്ല. കോവിഡ് വാക്സിൻ കയറ്റുമതിയെക്കുറിച്ചു പറയുന്ന മോഡി സ്വരാജ്യത്തെ വാക്സിൻ ലഭ്യതയെപ്പറ്റിയുള്ള വസ്തുതകളും മറക്കുന്നു. കാലാവസ്ഥാ വ്യതിയാനം സകല ഭൂഖണ്ഡങ്ങളിലെയും ജനജീവിതം ദുതിരപൂർണമാക്കുമ്പോൾ പാരീസ് ഉടമ്പടിയും വാഗ്ദാനങ്ങളും അകലെയാണ്. പാരിസ്ഥിതിക ദുരന്തങ്ങളിൽ എന്നും ഇരകളാകുന്നത് പാവങ്ങളാണ്. ആഗോളീകരണത്തിന്റെ ശക്തികൾ ആഗോളതാപനത്തില്‍ തങ്ങളുടെ പങ്ക് തന്ത്രപൂർവം മൂടിവയ്ക്കുന്നു. എല്ലാവരും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ വികസന തന്ത്രങ്ങളിൽ മാറ്റത്തിന് തയ്യാറല്ല. വർത്തമാന വികസനരീതികളിൽ മാറ്റമുണ്ടാകണമെന്ന് ലോകം ആഗ്രഹിക്കുന്നു. ശാസ്ത്രവും സാങ്കേതിക തികവും മനുഷ്യബുദ്ധിക്കുമൊപ്പം രാഷ്ട്രീയ ഇച്ഛാശക്തിയും ചേരുമ്പോൾ പരിഹാരമാർഗങ്ങൾ ഉരുത്തിരിയും. വികസ്വര രാജ്യങ്ങളിൽ തന്ത്രപ്രധാനമായ ഇന്ത്യക്ക് ഇക്കാര്യത്തിൽ നിർണായക പങ്കാളിത്തം വഹിക്കാനുണ്ട്. ഐക്യരാഷ്ട്ര സഭയിൽ മോഡിയുടെ പ്രസംഗം ഇക്കാര്യത്തിൽ നിരാശപ്പെടുത്തി. ട്രംപിന്റെ ഭരണവേളയിൽ മോഡി നടത്തിയ സന്ദർശനങ്ങൾ ഓർക്കുന്നത് ഉചിതമാകും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി വിദേശപര്യടനം ദുരുപയോഗം ചെയ്ത സംഭവങ്ങൾ മായ്ക്കാത്ത കളങ്കമായി. റിപ്പബ്ലിക്കൻ പാർട്ടിയുടെയും അവരുടെ സ്ഥാനാർത്ഥി ട്രംപിന്റെയും വിജയം പരസ്യമായി പ്രഖ്യാപിച്ചു മോഡി. അത് അപക്വ നയതന്ത്ര നിലപാടായെന്ന് പരക്കെ ആക്ഷേപമുണ്ടായി. ഇത്തവണ അങ്ങനെയൊന്നും സംഭിവിച്ചില്ല എന്നതിൽ വിദേശമന്ത്രാലയം ആശ്വസിക്കുന്നുണ്ടാകും. തന്റെ പ്രസംഗത്തിൽ ചായക്കാരൻ പയ്യനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കിയ ഇന്ത്യയുടെ ജനാധിപത്യ മഹത്വത്തെ പ്രകീർത്തിച്ചു നരേന്ദ്രമോഡി. ജവഹർലാൽ നെഹ്റു ഇരുന്ന കസേരയെക്കുറിച്ചാണ് താൻ പറയുന്നത് എന്ന് മോഡി ഓർമ്മിക്കണമെന്ന് ഇന്ത്യയിലെ കോടാനു കോടി ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.