രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനും ജനങ്ങളില്‍ പരിഭ്രാന്തി പരത്താനും കൊണ്ടുപിടിച്ച ശ്രമങ്ങളാണ് വിവിധ കേന്ദ്രങ്ങള്‍ നടത്തിവരുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നാണക്കേടിനെയും ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെ ചൊല്ലി കോണ്‍ഗ്രസ് പാളയത്തിലെ പടയൊരുക്കത്തെയും മറികടക്കാന്‍ മഹാമാരിയെ മറയാക്കാനുള്ള പ്രതിപക്ഷ നേതാവിന്റെയും കോണ്‍ഗ്രസിന്റെയും കുടിലതന്ത്രം കേരളത്തിലെ പ്രബുദ്ധ ജനത തിരിച്ചറിയുന്നു. കോവിഡ് പ്രതിരോധ വാക്സിന്റെ ഫലപ്രാപ്തി സ്ഥായിയല്ലെന്ന ശാസ്ത്രവൃത്തങ്ങളുടെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലും വാക്സിനേഷന്റെ പ്രസക്തി ആരും കുറച്ചുകാണുന്നില്ല. വാക്സിന്‍ തെല്ലുപോലും പാഴാക്കാതെ ജനസംഖ്യാനുപാതികമായി ഏറ്റവും അധികം പേര്‍ക്ക് വാക്സിന്‍ നല്കുന്നതില്‍ ഒന്നാം സ്ഥാനത്താണ് കേരളം. ദേശീയ വാക്സിനേഷന്‍ നിരക്ക് 46 ശതമാനമായിരിക്കെ 70.24 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 25.51 ശതമാനം പേര്‍ക്ക് പൂര്‍ണമായും വാക്സിന്‍ നല്കാനായി കേരളത്തിനെന്നത് അവഗണിക്കാവുന്ന വസ്തുതയല്ല. രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയിലധികമാണെന്നതും പ്രതിരോധ പ്രവര്‍ത്തനത്തിലെ കേരളത്തിന്റെ ജാഗ്രതയാണ് അടയാളപ്പെടുത്തുന്നത്. കേരളത്തിലെ കോവിഡ് മരണനിരക്ക് രാജ്യത്തെ ഏറ്റവും താഴ്ന്ന 0.5 ശതമാനമാണ്. ദേശീയ മരണനിരക്ക് 1.4 ശതമാനവും ഉത്തര്‍പ്രദേശില്‍ 1.3 ശതമാനവും ആയിരിക്കെയാണ് ഇതെന്നത് കോവിഡ് പ്രതിരോധത്തിലും പരിചരണത്തിലും കേരളത്തിന്റെ മികവ് വ്യക്തമാക്കുന്നു. കോവിഡുമൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നവരുടെ ദേശീയ ശരാശരി രോഗവ്യാപനത്തിന്റെ മൂര്‍ധന്യത്തില്‍ അഞ്ചു ശതമാനത്തില്‍ അധികമായിരുന്നപ്പോള്‍ കേരളത്തിലേത് മൂന്നു ശതമാനത്തില്‍ താഴെയായിരുന്നു. എന്നിട്ടും ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് ഇന്നുവരെ രാജ്യത്ത് രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവ് റേറ്റ് 68 ശതമാനമാണെന്നത് കൂടുതല്‍ മുന്‍കരുതല്‍ നടപടികളുടെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സംസ്ഥാനം ഒറ്റക്കെട്ടായി നീങ്ങേണ്ട അവസരത്തില്‍ നിക്ഷിപ്ത രാഷ്ട്രീയ ലാക്കോടെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ അപലപനീയമാണ്.
ഓണക്കാലം അവസാനിച്ചതോടെ രോഗവ്യാപനത്തില്‍ വന്‍കുതിപ്പുണ്ടായി എന്നത് അനിഷേധ്യമായ വസ്തുത തന്നെ. എന്നാല്‍ അതിന്റെ ഉത്തരവാദിത്തം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സര്‍ക്കാരിന്റെ മേല്‍ ചുമത്താന്‍ ശ്രമിക്കുന്നത് വസ്തുതാ വിരുദ്ധമാണ്. ഓണാഘോഷങ്ങളെ തുടര്‍ന്നുണ്ടായ രോഗവ്യാപന കുതിപ്പില്‍ 35 ശതമാനവും വീടുകളില്‍ നിന്നാണെന്ന വസ്തുത ജനങ്ങളുടെ ജാഗ്രതയിലുണ്ടായ വീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വഭവനങ്ങളില്‍ രോഗബാധിതരും രോഗലക്ഷണമുള്ളവരും മതിയായ സമ്പര്‍ക്കവിലക്ക് അവലംബിക്കുന്നതില്‍ വീഴ്ചവന്നിട്ടുണ്ട്. രോഗബാധിതരെ വീടുകളില്‍ സമ്പര്‍ക്കവിലക്കിന് മതിയായ സൗകര്യങ്ങളുടെ അഭാവത്തില്‍ മാറ്റിപാര്‍പ്പിക്കാന്‍ ഒരുക്കിയ കേന്ദ്രങ്ങളില്‍ 82 ശതമാനവും ഉപയോഗിക്കപ്പെടാതെ കിടക്കുന്നു എന്ന വസ്തുതയും കാണാതെ പോകരുത്. ഓണമടക്കം ആഘോഷവേളകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അവഗണിച്ച് നടന്ന വിപണികളിലെ ആള്‍ക്കൂട്ടവും രോഗവ്യാപനം ശക്തമാക്കി. ജീവിനോപാധികള്‍ അനന്തമായി അടച്ചുപൂട്ടി സമ്പദ്ഘടനയെ കൂടുതല്‍ തളര്‍ത്താന്‍ ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ അഭൂതപൂര്‍വമായ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ സ്വയം നിയന്ത്രിക്കാനും ജാഗ്രത പുലര്‍ത്താനും നമുക്ക് വേണ്ടത്ര കഴിഞ്ഞിട്ടില്ല. വിപണികളും ആരാധനാലയങ്ങളും തുറക്കുന്നതിനെപ്പറ്റിയും മറ്റും ഉയര്‍ന്ന വിവാദങ്ങളും അത്തരം വിവാദങ്ങളില്‍ ഉത്തരവാദപ്പെട്ടവര്‍ വരുംവരായ്കകളെ അവഗണിച്ച് പക്ഷംചേര്‍ന്നതും വിസ്മരിക്കാവുന്നതല്ല. കോവിഡ് 19 രണ്ടാം വരവിന്റെ രണ്ടാം തരംഗത്തെയാണ് കേരളം അഭിമുഖീകരിക്കുന്നത്. രോഗബാധിതരെ അവശ്യം ആവശ്യമായ സൗകര്യങ്ങളില്ലാത്ത ഭവനങ്ങളില്‍ സംരക്ഷിക്കുന്നതിനു പകരം 82 ശതമാനം കിടക്കകള്‍ ഒഴിഞ്ഞുകിടക്കുന്ന വാസസ്ഥല പരിചരണ കേന്ദ്രങ്ങളിലേക്കു മാറ്റുക വഴി രോഗവ്യാപനം ഗണ്യമായി തടയാന്‍ കഴിയും. രോഗവ്യാപനത്തിന്റെ ഗുരുതരാവസ്ഥ ഉള്‍ക്കൊണ്ട് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വാക്സിനേഷന്‍ ഒരു സമ്പൂര്‍ണ പ്രതിരോധമായി ലോകത്ത് എവിടെയും നിലവില്‍ വന്നിട്ടില്ല. അത് രോഗാഘാതത്തെ ലഘൂകരിക്കാന്‍ മാത്രമെ സഹായിക്കൂ എന്ന് തിരിച്ചറിഞ്ഞ് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ക്കശമായി പിന്തുടര്‍ന്നേ മതിയാവൂ.
രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ രോഗബാധിതര്‍ക്ക് മികച്ച സൗകര്യം പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 43 ശതമാനം ഐസിയുകളും 75 ശതമാനം വെന്റിലേറ്ററുകളും ഒഴിഞ്ഞുകിടക്കുന്നുവെന്നത് പ്രതിരോധ തയാറെടുപ്പുകളുടെ കാര്യക്ഷമതയാണ് കാട്ടിത്തരുന്നത്. ആശങ്കപ്പെടുന്നവിധം ഒരു മൂന്നാംതരംഗം ഉണ്ടായാല്‍ത്തന്നെ അതിനെ ഫലപ്രദമായി നേരിടാന്‍ കഴിയുന്ന മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ കെെക്കൊണ്ടിട്ടുണ്ട്. എന്നാല്‍ രോഗം വന്ന് ചികിത്സ തേടുന്നതിനെക്കാള്‍ പ്രധാനമാണ് പ്രതിരോധ മുന്‍കരുതല്‍. ജാഗ്രത കെെവെടിയരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.