22 December 2024, Sunday
KSFE Galaxy Chits Banner 2

മഹാമാരിക്കാലത്തെ രണ്ടാം ഓണം

Janayugom Webdesk
August 21, 2021 4:44 am

കോവിഡ് എന്ന മഹാമാരി കൂട്ടംചേരലും ആഘോഷങ്ങളും അന്യമാക്കിയതിനുശേഷമുള്ള രണ്ടാം തിരുവോണമാണിന്ന്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് സാഹചര്യങ്ങള്‍ കുറേകൂടി മുന്നോട്ടുപോയിട്ടുണ്ട്. വൈറസിനെ സംബന്ധിച്ച കൂടുതല്‍ പഠനങ്ങളും വിവിധ രാജ്യങ്ങളിലായി കുറേയധികം പ്രതിരോധ മരുന്നുകളുടെ കണ്ടെത്തലുകളും ഉണ്ടായിട്ടുണ്ട്. വൈറസിനോടൊപ്പം ജീവിക്കുകയെന്ന പൊതുബോധം അധികൃതരും പൊതുസമൂഹവും ഉള്‍ക്കൊണ്ടു തുടങ്ങിയിട്ടുമുണ്ട്. എങ്കിലും കരുതലും ജാഗ്രതയും കൈവിടാതെ തന്നെ ഓണം ആഘോഷിക്കണമെന്ന നിശ്ചയം തന്നെയാകണം ഈ വര്‍ഷത്തെയും നമ്മുടെ പ്രതിജ്ഞ. വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി എങ്കിലും കോവിഡിന്റെ വകഭേദങ്ങളുടെ തീവ്രതയും പ്രതിരോധ കുത്തിവയ്പിനെ അതിജീവിക്കാനുള്ള വൈറസിന്റെ വര്‍ധിത ശേഷിയും ആഗോളതലത്തിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നറിയിപ്പുകളായി വന്നുകൊണ്ടിരിക്കുന്നു. വാക്സിന്‍ എടുത്തവരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ കോവിഡിന്റെ ഡെല്‍റ്റാ വകഭേദം ആരെയും പിടികൂടാമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ലോകാരോഗ്യസംഘടനയുടെയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചി (ഐസിഎംആര്‍) ന്റെയും അറിയിപ്പുകളിലുള്ളത്. ആരും രോഗവാഹകരാകാമെന്നും ഏതൊരാള്‍ക്കും രോഗംവരാമെന്നുമാണ് ഈ മുന്നറിയിപ്പുകളുടെ ആത്യന്തികമായ അര്‍ത്ഥം. വൈറസ് വല്ലാതെ പടര്‍ന്നാല്‍ കൈവിട്ടുപോകുമെന്ന അവസ്ഥ ഇപ്പോഴും നിലനില്ക്കുന്നുണ്ട്.

കേരളത്തെ സംബന്ധിച്ച് നമ്മുടെ ആരോഗ്യസംവിധാനം സുശക്തമാണ്. ആധുനിക സംവിധാനങ്ങളുള്ള മെഡിക്കല്‍കോളജുകള്‍ മുതല്‍ താഴേത്തട്ടില്‍ പ്രാഥമികാരോഗ്യകേന്ദ്രം വരെയുള്ള സുസ്ഥിര സംവിധാനത്തിന് പുറമേയാണ് മഹാമാരിയെ നേരിടുന്നതിന് ഒരുക്കിയ പ്രത്യേക സൗകര്യങ്ങള്‍. ഒന്നാം തരംഗത്തെക്കാള്‍ തീവ്രമാകുമെന്ന മുന്‍ധാരണയോടെ രണ്ടാം തരംഗത്തെ നേരിടുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. ഇനി മൂന്നാം തരംഗം വന്നാലും നേരിടാനുള്ള മുന്നൊരുക്കങ്ങളും നടത്തി. ആസൂത്രിതമായ പ്രവര്‍ത്തന പദ്ധതികളും നിരീക്ഷണ സംവിധാനങ്ങളും ചികിത്സാ രീതികളും നടപ്പിലാക്കി. വിപുലമായ പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കിയതിനാല്‍ പരമാവധി രോഗികളെ കണ്ടെത്താനും യഥാസമയം ചികിത്സ നല്കുവാനും സാധിക്കുന്നതും കൂടിയാകുമ്പോള്‍ മരണ നിരക്ക് കുറച്ചു നിര്‍ത്തുവാന്‍ നമുക്ക് സാധിച്ചു. എങ്കിലും ഈ വര്‍ഷവും നമുക്ക് ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും പാലിക്കേണ്ടിവന്നു. ഒരുമാസത്തോളം നീണ്ട അടച്ചുപൂട്ടലും പിന്നീടും തുടര്‍ന്ന കര്‍ശന നിയന്ത്രണങ്ങളും നിരവധി വിഭാഗങ്ങളെയാണ് ദുരിതത്തിലാക്കിയത്. വേലയും കൂലിയുമില്ലാതെ ആയിരക്കണക്കിന് കുടുംബങ്ങള്‍ പ്രയാസത്തിലായി. നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കിയിട്ടില്ല എന്നതിനാല്‍ ഇപ്പോഴും സാധാരണ നിലയിലേയ്ക്ക് തിരിച്ചെത്താനായിട്ടില്ലാത്തവരും നിരവധിയാണ്.

പക്ഷേ നിയന്ത്രണങ്ങളോടെയാണെങ്കിലും ഓണം സമൃദ്ധമാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുകയുണ്ടായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും മുന്‍വര്‍ഷത്തേതുപോലെതന്നെ എല്ലാ വിഭാഗത്തിനും ചെറിയതുകയെങ്കിലും സാമ്പത്തികസഹായം നല്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുത്തു. 90 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് നല്കുന്നതിന് നടപടിയെടുത്തു. 70 ലക്ഷത്തിലധികം കുടുംബങ്ങള്‍ ഇതിനകം ഓണക്കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. ഇതിന്റെ പേരിലും പ്രതിപക്ഷവും ചില മാധ്യമങ്ങളും അനാവശ്യ വിവാദത്തിനാണ് ശ്രമിച്ചത്. ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്റെ കൂടെ ഓഗസ്റ്റ് മാസത്തെ തുക മുന്‍കൂറായി ചേര്‍ത്ത് 3200 രൂപ വീതമാണ് 50.46 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്. വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷന്‍ ഗുണഭോക്താക്കളായ 7.04 ലക്ഷം പേര്‍ക്ക് അതാത് സ്ഥാപനങ്ങള്‍ ആനുകൂല്യങ്ങള്‍ നല്കി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1000രൂപ വീതം നല്കിയതുവഴി 7.35 ലക്ഷം കുടുംബങ്ങളില്‍ ഈ തുകയെത്തി. 60 വയസു കഴിഞ്ഞ പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ വീതം അനുവദിച്ചതിന്റെ ഫലമായി 57,655 പേരുടെ കയ്യില്‍ 5.76 കോടിരൂപയെത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ വീതം ബോണസ്, അതിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവ ബത്ത, 15000 രൂപ വീതം അഡ്വാൻസ് എന്നിങ്ങനെ നല്കി. പെന്‍ഷന്‍കാര്‍, പാര്‍ട് ടൈം ജീവനക്കാര്‍ എന്നിവര്‍ക്കും യഥാസമയം ഉത്സവകാല ആനുകൂല്യം നല്കി. ഇതിനെല്ലാം പുറമേയാണ് സാമൂഹ്യക്ഷേമ പെൻഷനോ ക്ഷേമനിധി പെൻഷനോ ലഭിക്കാത്തവർക്ക് 1000 രൂപ വീതം സഹകരണ സംഘങ്ങൾ വഴിഅനുവദിച്ചത്. ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവർക്കും അന്ത്യോദയ അന്നയോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്കുമായി ഈ സഹായം ലഭ്യമാക്കുന്നതിന് 147.82 കോടിരൂപയാണ് വകയിരുത്തിയത്. 14.78 ലക്ഷം കുടുംബങ്ങളാണ് ഈ സഹായത്തിന് അര്‍ഹരായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജനങ്ങളുടെയാകെ കയ്യില്‍ പണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ തുകയത്രയും വകയിരുത്തിയത്.

ക്ഷേമപെന്‍ഷൻ നല്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കേണ്ട തുക ലഭ്യമാകാതിരിക്കേയാണ് സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്കിയത്. 50.46ലക്ഷം ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 6.88 ലക്ഷം പേര്‍ക്കുള്ള കേന്ദ്ര വിഹിതം മാത്രമാണ് ലഭിക്കുന്നത്. ഇതെല്ലാംകൊണ്ടുതന്നെ മലയാളികളുടെ ദേശീയോത്സവമായ ഓണം ആഘോഷിക്കുന്നതിന് മഹാമാരിക്കാലത്തും പ്രയാസത്തിന് വകയില്ല. പക്ഷേ കോവിഡിന്റെ എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ടുതന്നെയായിരിക്കണം നമ്മുടെ ആഘോഷങ്ങള്‍. വീട്ടിനകത്തും കുടുംബവീടുകളിലും സാമൂഹ്യ അകലവും മുഖാവരണവും ഉപേക്ഷിക്കാതെയുള്ളതാകണം ഇത്തവണത്തെയും ഓണം. എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍ നേരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.