22 November 2024, Friday
KSFE Galaxy Chits Banner 2

ഭരണപരാജയങ്ങള്‍ക്ക് മറപിടിക്കുന്ന വിദ്യാഭ്യാസ നയം

Janayugom Webdesk
July 9, 2022 5:00 am

ബ്രിട്ടീഷുകാർ തങ്ങളുടെ കോളനിവാഴ്ചയ്ക്ക് ആവശ്യമായ ‘ജോലിക്കാരെ’ സൃഷ്ടിക്കാൻ ആവിഷ്കരിച്ചു നടപ്പാക്കിയ വിദ്യാഭ്യാസ സമ്പ്രദായം ഏറെമാറ്റങ്ങൾ ഒന്നുംകൂടാതെ ഇപ്പോഴും തുടരുകയാണെന്നും, അതിനു മൗലിക മാറ്റം വരുത്തുകയാണ് തന്റെ സർക്കാരിന്റെ ‘പുത്തൻ വിദ്യാഭാസ നയം 2022’ന്റെ ലക്ഷ്യമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അവകാശവാദം അര്‍ധസത്യവും വസ്തുതകളുടെ നിഷേധവുമാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ, ബനാറസ് ഹിന്ദു സർവകലാശാല എന്നിവ സംയുക്തമായി ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിന്റെ ഭാഗമായി വാരാണസിയിൽ സംഘടിപ്പിച്ച ‘അഖില ഭാരതീയ ശിക്ഷാ സംഗമ’ത്തിൽ നടത്തിയ പ്രസംഗത്തിലാണ് മോഡി രാജ്യത്തു നിലനിന്നുപോന്ന വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റി മേല്പറഞ്ഞ പ്രസ്താവന നടത്തിയത്. മറ്റുപല പരിഷ്കാരങ്ങളും എന്നപോലെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിനും അടിത്തറ പാകിയത് ബ്രിട്ടീഷ് കോളനിവാഴ്ച ആണെന്നത് അനിഷേധ്യ വസ്തുതയാണ്. ആ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉല്പന്നങ്ങളായ തലമുറ തന്നെയാണ് കോളനിവാഴ്ചയ്ക്ക് എതിരായ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തിലേക്ക് ഉയർന്നുവന്നതെന്നും ആർക്കും നിഷേധിക്കാനാവില്ല. ഗാന്ധിജിയും നെഹ്രുവും സുഭാഷ്ചന്ദ്രബോസും അംബേദ്കറുമടക്കം നൂറ്കണക്കിന് നേതാക്കൾ ജോലിക്കാരെ സൃഷ്ടിക്കാൻ ലക്ഷ്യംവച്ചുള്ള ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉല്പന്നങ്ങൾ ആയിരുന്നുവെന്നതും ചരിത്രമാണ്. രാജ്യത്ത് നിലനിന്നിരുന്ന അജ്ഞതയ്ക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരത്തിനും എതിരെ ആധുനിക വിദ്യാഭ്യാസത്തിന്റെ വെളിച്ചം പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതിലും സ്വതന്ത്ര ഇന്ത്യക്ക് ശക്തമായ അടിത്തറ പാകുന്നതിലും ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സംഭാവനകൾ വിലപ്പെട്ടതാണ്.
ബ്രിട്ടീഷ് കോളനി ഭരണം അടിത്തറയിട്ട വിദ്യാഭ്യാസ സമ്പ്രദായം കാലാനുസൃതമായ വലിയ മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. ഇ­നിയും ഏറെ മാറ്റങ്ങൾ അഭിലഷണീയം മാത്രമല്ല, അനിവാര്യവുമാണ്.


ഇതുകൂടി വായിക്കൂ:  വിദ്വേഷത്തിന്റെ വിഷവിത്തുകൾ


അത് എത്തരത്തിലുള്ള മാറ്റങ്ങൾ ആയിരിക്കണം എന്നതാണ് ചർച്ചാവിഷയം. നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റം ആവശ്യപ്പെടുമ്പോൾതന്നെ അത് രാജ്യത്തിനും ലോകത്തിനും കേ­വലം ജോലിക്കാരെ നൽകുക മാത്രമല്ല ലോകോത്തര വൈ­ദഗ്ധ്യവും ധിഷണയും സംഭാവന ചെയ്തിട്ടുണ്ടെന്നുള്ളതും വിസ്മരിച്ചുകൂടാ. ആ വസ്തുതകളുടെ നിഷേധം വഴി പ്രധാനമന്ത്രി തമസ്കരിക്കാൻ ശ്രമിക്കുന്നത് തനിക്കു മുൻപുള്ള സ്വാതന്ത്ര്യപൂർവ, സ്വാതന്തന്ത്ര്യാനന്തര ഇന്ത്യയുടെ സമസ്ത നേട്ടങ്ങളെയുമാണ്. അതിൽ തനിക്കോ താൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിനോ യാതൊരു പങ്കുമില്ലെന്ന വസ്തുത മറച്ചുപിടിക്കാനുള്ള ശ്രമംകൂടിയാണ് അത്. അതിലുമുപരി പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന പ്രതിലോമ, ജനവിരുദ്ധ രാഷ്ട്രീയവും വികല ആശയങ്ങളും ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് തിരുകിക്കയറ്റാനുള്ള സംഘ്പരിവാർ അജണ്ടയുടെ ഭാഗംകൂടിയാണ് അത്. പരിമിതികൾ ഏറെയുള്ളതെങ്കിലും നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം ഉയർത്തിപ്പിടിക്കുന്ന ശാസ്ത്രീയ അവബോധം, മതനിരപേക്ഷത, ജനാധിപത്യ ബോധം, തുല്യതയിൽ അധിഷ്ഠിതമായ വിശ്വ മാനവികത തുടങ്ങിയ ഉദാത്ത മൂല്യങ്ങൾ മോഡിക്കും സംഘ്പരിവാറിനും അന്യമാണ്. തൽസ്ഥാനത്ത് അവർ ഉദ്ഘോഷിക്കുന്ന തികച്ചും വിവേചനപരമായ ‘വിശ്വഗുരു’ മുതൽ ഗോമൂത്രംവരെ വികലവും അശാസ്ത്രീയവുമായ ആശയങ്ങളും കപട ശാസ്ത്രവും പ്രതിഷ്ഠിക്കാനാണ് ശ്രമം. വിദ്യാഭ്യാസരംഗത്ത് സർക്കാരിനും സമൂഹത്തിനുമുള്ള നിയന്ത്രണം കോർപറേറ്റുകളടക്കം സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാർക്ക് കൈമാറാനുള്ള ഉദ്ദേശ്യവും വ്യക്തമാണ്.


ഇതുകൂടി വായിക്കൂ: കോവിഡാനന്തര വിദ്യാഭ്യാസം


വിദ്യാഭ്യാസം ജോലിക്കുപരി രാഷ്ട്രനിർമ്മാണത്തിന് ആവശ്യമായ മനുഷ്യവിഭവശേഷി ആയിരിക്കണം ലക്ഷ്യം വയ്ക്കേണ്ടതെന്നു പ്രധാനമന്ത്രി പറയുന്നതിൽ യാതൊരു പുതുമയുമില്ല. മറിച്ച്, അത് രാജ്യത്ത് സർവകാല റെക്കോഡ് തകർത്തു പെരുകിവരുന്ന തൊഴിലില്ലായ്മയ്ക്ക് എതിരായ യുവജന രോഷത്തെ മറികടക്കാനുള്ള മുൻകൂർ ജാമ്യം മാത്രമാണ്. ഇന്ത്യയിൽ വിദ്യാഭ്യാസം നേടി വിദേശങ്ങളിൽ തൊഴിൽ സമ്പാദിക്കുന്ന ദശലക്ഷങ്ങൾ കേവലം വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിച്ച ജോലിക്കാരാണെന്നു പറയുന്നത് ഭരണകൂട ഉത്തരവാദിത്തത്തിൽനിന്നുമുള്ള കൈകഴുകലാണ്. പ്രവാസി ഇന്ത്യക്കാരിൽ അനേകംപേർ അവർ പണിയെടുക്കുന്ന രാജ്യങ്ങളിൽ അതിപ്രധാന ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മികവിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുക്കാല്‍ നൂറ്റാണ്ടുകാലത്തെ രാഷ്ട്രനിര്‍മ്മാണത്തില്‍ അവരുടെ പങ്കും നേതൃത്വവും അമൂല്യമാണ്. രാജ്യത്തെ വിദ്യാസമ്പന്നരായവരടക്കം ഒരു തലമുറയുടെയാകെ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തിയ ഭരണകൂടത്തിന്റെ പരാജയങ്ങൾക്കു മറപിടിക്കാനുള്ള ശ്രമമാക്കി വിദ്യാഭ്യാസ നയ പരിഷ്കാരങ്ങളെ ഉപയോഗിക്കാനാണ് മോഡി ഭരണകൂടം ശ്രമിക്കുന്നത്.

You may also like this video;

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.