28 March 2024, Thursday

വിദ്വേഷത്തിന്റെ വിഷവിത്തുകൾ

Janayugom Webdesk
August 18, 2021 5:54 am

ഘോഷങ്ങളും അപകടങ്ങളും പ്രതിലോമകാരികൾക്ക് ഒരുപോലെയാണ്. രണ്ടിനെയും തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങളോ പിന്തിരിപ്പൻ ആശയങ്ങളോ കൊടുംക്രൂരതകളോ നടപ്പിലാക്കുന്നതിനുള്ള അവസരമായി അവർ ഉപയോഗിക്കുന്നു. അതിന് ഉദാഹരിക്കാവുന്ന രണ്ട് സമീപനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയിൽ നിന്നും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ഉണ്ടായിരിക്കുന്നത്. വംശവിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വെറുപ്പിന്റെയും അടിത്തറയിൽ പണിതുയർത്തിയ രാഷ്ട്രീയം കൊണ്ടുനടക്കുന്ന ബിജെപിയുടെ യഥാർത്ഥ ഹൃദയവികാരങ്ങളാണ് ഇരുവരിൽ നിന്നും പുറത്തുവന്നത്. അവയ്ക്ക് രണ്ടിനും മനുഷ്യത്വത്തിന്റെയോ ധാർമികതയുടെയോ കണികയില്ലായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന ആഘോഷമാണ് ഒന്ന്. അഫ്ഗാനിൽ താലിബാൻ ഭരണമേറ്റെടുത്തുവെന്ന അപകടമായിരുന്നു മറ്റൊന്ന്. രണ്ടിനെയും തങ്ങളുടെ രാഷ്ട്രീയ — സാമ്പത്തിക അജണ്ടയുടെ ഉപാധിയാക്കി ഇരുവരിലൂടെയും ബിജെപി.

സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിവസം — ഓഗസ്റ്റ് 14 — വിഭജന ഭീതിയുടെ ദിനമായി ആചരിക്കുമെന്ന പ്രഖ്യാപനം ഓഗസ്റ്റ് 13 നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യം വിഭജിക്കപ്പെട്ട രാജ്യത്തിന്റെ കൂടെയാണ് നമ്മുടെ പൂർവികർ ഏറ്റുവാങ്ങിയത്. ദശകങ്ങൾ നീണ്ട വിമോചന പോരാട്ടത്തിനൊടുവിൽ ഇന്ത്യ — പാകിസ്ഥാൻ (പിന്നീട് ബംഗ്ലാദേശും) എന്നിങ്ങനെ രാജ്യങ്ങളാക്കിയാണ് ബ്രിട്ടീഷുകാർ ഇവിടം ഉപേക്ഷിച്ചുപോയതെന്നത് യാഥാർത്ഥ്യമാണ്. അതിന് ബ്രിട്ടീഷ് കോളനി ഭരണാധികാരികൾക്കൊപ്പം കൂടപ്പിറപ്പുകൾപോലെ കൂടെനിന്നവരിൽ ഇന്നത്തെ ബിജെപിയുടെ പൂർവഗാമികൾ ഉണ്ടായിരുന്നുവെന്നതും നിഷേധിക്കാനാവാത്തതാണ്. ജാതി — മത ഭേദമന്യേയും കക്ഷി രാഷ്ട്രീയത്തിന്റെ അതിരുകളില്ലാതെയും ജനത പൊരുതുമ്പോൾ ബ്രിട്ടീഷുകാർക്ക് സ്തുതി പാടിയും ജയിലിലായപ്പോൾ മാപ്പെഴുതി നല്കിയും അവർ വിധേയത്വത്തിന്റെ ചെരുപ്പുകൾ നക്കിത്തുടക്കുകയായിരുന്നു. സ്വാതന്ത്ര്യംകിട്ടിയ ഇന്ത്യയിൽ വിഭജനത്തിന്റെ മുറിപ്പാടുകളുണ്ടായിരുന്നു. ബ്രിട്ടീഷുകാർ വിതച്ച വിഷവിത്തുകൾക്ക് വെള്ളവും വളവും നല്കുവാൻ ഹിന്ദുമഹാസഭ പോലുള്ള തീവ്ര വലതുപക്ഷ സംഘടനകൾ നിലവിലുണ്ടായിരുന്നു. അവർ കുടങ്ങളും വട്ടികളുമായി വെള്ളവും വളവും നല്കി വിദ്വേഷത്തിന്റെ വിത്തുകൾ വടവൃക്ഷമാക്കി മാറ്റുന്നതിനാണ് ശ്രമിച്ചത്. അ­തിനെതിരെ മുട്ടൻ വടിയിലൂന്നി സ്നേഹസന്ദേശവുമായി രാജ്യമാകെ നടന്നുതീർത്ത ഗാന്ധിജിയെന്ന മനുഷ്യനെ സ്വാതന്ത്ര്യത്തിന്റെ ഒ­ന്നാം വാർഷികം കാണുവാൻ അനുവദിക്കാതെ ഒറ്റവെടിയിൽ തീർക്കുകയായിരുന്നു അ­വ­ർ. ഇതെല്ലാം കൊണ്ടുതന്നെ സ്വാതന്ത്ര്യം ആ­ഘോഷിക്കപ്പെടുന്നതും ഓർക്കപ്പെടുന്നതും സ്നേ­ഹഗാഥ പാടിയ ഗാന്ധിജിലൂടെയും ഒറ്റക്കല്ലുപോലെ പൊരുതിയ രാജ്യത്തിന്റെ ഒത്തൊരുമയിലൂടെയുമാണ്. അവിടെ വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും ഓർമ്മകളല്ല, ഐക്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കനലുകളാണ് ജ്വലിച്ചുയരുക. സംഘപരിവാറിന് — അഥവാ ബിജെപിക്ക് അതുകൊണ്ട് ഗുണമില്ല. സാമുദായിക ധ്രുവീകരണവും വിദ്വേഷവും വിഭജന ചിന്തകളും പടരുന്നിടത്തുമാത്രമേ അവരുടെ വിഷവിത്തുകൾ വേരുപിടിക്കൂ. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ മഹത്തായ ഓർമ്മകളെ വിഭജനത്തിന്റെ ചിന്തകളുണർത്തി കെടുത്തുവാനുള്ള ശ്രമങ്ങൾക്ക് വീണ്ടും അവർ തിരികൊളുത്തുന്നത്. അതാണ് വിഭജന ഭീതിയുടെ ദിനാചരണ നീക്കത്തിലൂടെ വെളിപ്പെടുന്നത്. അടുത്ത വർഷം കുറേയധികം നിയമസഭകളിലേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിൽ ജയിച്ചു കയറണമെങ്കിൽ ഭരണ പരാജയത്തിന്റേതല്ലാതെ, വികസന വായ്ത്താരികൾ പോലും അവതരിപ്പിക്കുവാനില്ല. ഉത്തർപ്രദേശിലും ഗുജറാത്തിലും ഒക്കെ സ്ഥിതി അതുതന്നെ. അപ്പോൾ വിഭജനവും മത‑ജാതി ചിന്തകളും ഊതിയുണർത്തി ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ മാത്രമേ കര കയറുവാനാകൂ എന്ന ബോധ്യത്തിൽനിന്നാണ് വീണ്ടും വിഭജനത്തിന്റെ വിത്തുവിതയ്ക്കുവാൻ അവർ ശ്രമിക്കുന്നത്. വിഭജന കാലത്തേക്കാൾ അപകടകരമാണത്.

ഇതിനെക്കാൾ അപകടകരമാണ് താലിബാൻ പിടിച്ചടക്കിയ അഫ്ഗാനിൽ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് കേന്ദ്ര ഭരണാധികാരികൾ സ്വീകരിച്ചിരിക്കുന്ന സമീപനം. അഫ്ഗാനിലുള്ള ഇന്ത്യക്കാരുമായല്ല, ഹിന്ദുക്കളും സിക്കുകാരുമായാണ് നിരന്തരം ബന്ധപ്പെടുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിശദീകരിക്കുന്നുണ്ട്. അത്രയും പ്രതിലോമകരമായ നടപടിയാണ് ഉണ്ടാകുന്നതെന്നർത്ഥം. വിമാനസർവീസുകൾ ആരംഭിച്ചുകഴിഞ്ഞാൽ എല്ലാ ഇന്ത്യക്കാരെയും തിരികെയെത്തിക്കുന്നതിന് പകരം ഈ മതവിഭാഗങ്ങൾക്ക് മുൻഗണന നല്കുമെന്ന വ്യക്തമായ സൂചനയും മന്ത്രാലയ ജോയിന്റ് സെക്രട്ടറി അരിന്ദം ബാഗ്ചിയുടെ പ്രസ്താവനയിലുണ്ട്. അപകടം പതിയിരിക്കുന്ന ഒരു രാജ്യത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ എല്ലാവരെയും ഒരുപോലെ കാണാൻ മനസുകാണിക്കാത്ത ഭരണാധികാരികളും താലിബാനും തമ്മിൽ തീരെ അകലമില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. കുവൈറ്റ് യുദ്ധകാലത്തോ സിറിയൻ അധിനിവേശ ഘട്ടത്തിലോ അവിടങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുമ്പോൾ അധികൃതർ ജാതി സർട്ടിഫിക്കറ്റ് അന്വേഷിച്ചിരുന്നില്ല. വിമാനങ്ങൾ അയച്ച്, ആഗ്രഹിച്ചവരെയെല്ലാം ആകാവുന്നത്ര വേഗത്തിൽ തിരികെയെത്തിക്കുകയായിരുന്നു ചെയ്തത്. അതിന് പകരം ഇന്ത്യക്കാരെന്ന പൊതുനിർവചനത്തെ മാറ്റിവച്ച് പ്രത്യേക മതവിഭാഗത്തെ മാത്രം പരിഗണിക്കുന്ന സമീപനം നമ്മുടെ രാജ്യത്തെ ഭരണാധികാരികൾ എത്രമാത്രം സങ്കുചിതരാണെന്നുകൂടി ബോധ്യപ്പെടുത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.