4 March 2024, Monday

Related news

February 29, 2024
February 16, 2024
February 15, 2024
February 8, 2024
February 2, 2024
January 23, 2024
January 20, 2024
January 20, 2024
January 15, 2024
January 8, 2024

അറിവിന്റെ പൊരുള്‍ സ്വാതന്ത്ര്യമാണ്

പി എ വാസുദേവൻ
കാഴ്ച
September 16, 2023 4:30 am

പഠിത്തം ശരിക്കും ശിക്ഷതന്നെയാണ്. പണ്ട് ഞാനൊക്കെ ചെറിയ ക്ലാസില്‍ പഠിച്ചിരുന്ന കാലത്ത്, പഠിത്തത്തിന്റെ പ്രത്യക്ഷ ഉപാധി ചൂരലായിരുന്നു. പാഠപുസ്തകവും മാഷും ചൂരലും ചേര്‍ന്നാല്‍ പഠനത്തെ വെറുക്കാന്‍ മറ്റൊന്നും വേണ്ടാതിരുന്നകാലം. കണക്ക് ക്ലാസാണെങ്കില്‍ പ്രത്യേകിച്ചും. ഇങ്ങനെ ആ കാലം നീന്തിക്കടന്നപ്പോള്‍ത്തന്നെ ആശ്വാസമായിരുന്നു. പിന്നീട് ഭേദ്യമാധ്യമം ഭാരംകൂടിയ സിലബസായി. നന്നേചെറിയ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ കണ്ടാല്‍ ഞെട്ടാന്‍ തുടങ്ങിയത്, എന്റെ മക്കളുടെ പഠനകാലത്തായിരുന്നു. കണക്കും സയന്‍സും കഴിയുമ്പോഴേക്കും രാമാനുജവും ഐന്‍സ്റ്റീനും ഒക്കെ ആവണമെന്ന ലക്ഷ്യത്തോടെ ഇറക്കിയ പുസ്തകം, കുരുന്നു തലകളില്‍ പ്രയോഗിക്കുന്നതിന്റെ അസംബന്ധം അറിഞ്ഞു. പക്ഷേ, അസംബന്ധം തീരാനുള്ളതായിരുന്നില്ല. പേരമക്കളുടെ ബംഗളൂരു പഠനകാലം വന്നതോടെ അറിവ് മഹാഭാരമായി. പാഠപുസ്തകങ്ങള്‍ പലപല വോള്യങ്ങളായി. ദിവസ, വാര, മാസ പരീക്ഷകള്‍. വീട്ടിലും സ്കൂളിലും മത്സരം കടിപിടി. അധ്യയനത്തിന് ശിക്ഷ എന്നൊരു പ്രയോഗമുണ്ട്. ശരിക്കും ശിക്ഷയായി. വടി പടികടന്നെങ്കിലും ശിക്ഷ പഴയതിലും രൂക്ഷമായി. അഞ്ചാം ക്ലാസിലെ കണക്കും സയന്‍സും പാഠപുസ്തകങ്ങള്‍ കണ്ടാല്‍ ഭയമാകും. ഒരു ശരാശരി ബിരുദധാരിക്ക് പോലും ഒന്നും ചെയ്യാനാവാത്ത സ്ഥിതി. താഴെ ക്ലാസുകളില്‍ ഇത്രയൊക്കെ പഠിച്ചാല്‍ ഇനിയും മേലോട്ടും കോളജിലുമെത്തിയാല്‍ പഠിക്കാനെന്താണ് ബാക്കിയുണ്ടാവുക. അങ്ങനെ കുട്ടികളുടെ പഠിത്തം വലിയൊരു പ്രശ്നമായി. ഒട്ടേറെ കുട്ടികള്‍ പഠിത്തത്തില്‍ വിരസരായി. കിട്ടിയ മാര്‍ക്ക് മതിയെന്നായി. ഞങ്ങളുടെ വീട്ടിലും ആകെ ആശങ്കയും ഭയവുമായിരുന്നു. അപ്പോഴാണ് ആകെ സുഖകരമായൊരട്ടിമറി നടന്നത്. എന്റെ മകളും മരുമകനും പുതിയൊരു ജോലി സ്വീകരിച്ച് തെക്കന്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്ലിനിലേക്കു ചേക്കേറി. അവിടെ ശിക്ഷ ഇത്രയില്ലെന്ന് നേരത്തെ അറിഞ്ഞിരുന്നു. ഈയിടെ മൂന്നു മാസം ഞാനും ഭാര്യയും ഒരു ചെറി യ സന്ദര്‍ശനത്തിനായി അവിടേക്കു പോയി. നല്ല കാലാവസ്ഥ, ശാന്തമായ പ്രകൃതി. എല്ലാം ശുഭം. അപ്പോഴാണ് കുട്ടികളുമായി സംഭാഷിച്ച് അവരുടെ പഠനകാര്യം ഗ്രഹിച്ചത്. ഇവിടത്തെ ഭാരം പേറി യ പഠിത്തത്തില്‍ നിന്ന് മുക്തിനേടിയ പേരക്കുട്ടികള്‍ ഇഷാനിയും ഋഷികേശും ബഹുസന്തുഷ്ടരായിരുന്നു. പ്രത്യേകിച്ച് രണ്ടാം ക്ലാസുകാരിയായ ഇഷാനി. സ്കൂള്‍ ബാഗിന്റെ ഭാരമില്ല. ബംഗളൂരുവിലെപ്പോലെ രണ്ട് ലഘു ഭക്ഷണങ്ങളും ഉച്ചഭക്ഷണവും വേറെവേറെയാക്കി കൊണ്ടുപോകേണ്ട. ഉച്ചഭക്ഷണ സമയം ആകെ അരമണിക്കൂര്‍. ബാക്കിയൊക്കെ പഠിത്തം തന്നെയായിരുന്നു. ഇവിടെ അതൊന്നുമില്ല.

ക്ലാസില്‍ ആകെ പതിനാറുപേര്‍. കളി, ക്രാഫ്റ്റ്, പഠനം എന്നിവയ്ക്കായി സമയം മാറ്റിവച്ചിരിക്കുന്നു. ക്രിയേറ്റിവിറ്റി പരിശോധിക്കുന്ന ക്രാഫ്റ്റ് ക്ലാസ്. പലതരം സാധനങ്ങള്‍ കുട്ടികളുടെ ഭാവന പ്രകാരം ഉണ്ടാക്കാം. അതിനൊക്കെ ആക്ടിവിറ്റി ക്ലാസ് എന്നാണ് പറയുക. അധ്യാപകന്‍ ഒരു നിരീക്ഷകന്‍ മാത്രം. അത്യാവശ്യം തിരുത്തലോ നിര്‍ദേശങ്ങളോ നല്‍കും. പരീക്ഷകള്‍ വളരെക്കുറവ്. മൊത്തം വിലയിരുത്തലാണ്. ലോകത്തിലെ നാനാ രാജ്യങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഉള്ളതുകൊണ്ട് അതൊരു യൂണിവേഴ്സല്‍ ക്ലാസ് മുറിയാണ്. പരസ്പരം സ്വന്തം നാടിന്റെ പ്രത്യേകതകള്‍ പങ്കുവയ്ക്കും. ചെറിയ പ്രായത്തിലേ ലോകം വലുതാവുന്നു. അവരുടെ ഭാഷ, സമ്പ്രദായങ്ങള്‍ എന്നിവയെക്കുറിച്ച് ഇഷാനി ഞങ്ങളുടെ നടത്തസമയത്ത് വിവരിച്ചുതരും. ലോകത്തെക്കുറിച്ചുള്ള അവളുടെ ബോധവും അവബോധവും വലുതാവുന്നത് ഞാന്‍ അത്ഭുതത്തോടെയാണ് മനസിലാക്കിയത്. സ്കൂള്‍ വിശേഷങ്ങള്‍ തീരുന്നില്ല. ഭക്ഷണം കൊണ്ടു പോകേണ്ട. രാവിലത്തെ ഭക്ഷണവും ഉച്ചഭക്ഷണവും അവിടെ കിട്ടും. ബര്‍ഗര്‍, പാസ്ത, ആപ്പിള്‍, ജ്യൂസ് തുടങ്ങിയ ഇനങ്ങള്‍. പുറമെ ചിക്കന്‍, ഹാം എന്നിവയും. ആകെ നല്ല കലോറിയുള്ള ഭക്ഷണം. ഭക്ഷണം കഴിക്കാന്‍ ആവശ്യമുള്ളത്ര സമയവും. ആര്‍ക്കും തിരക്കില്ല. ക്ലാസിലെ ഓരോ കുട്ടിക്കും ഓരോ പണിയുണ്ടാവും. ഇഷാനി തിരിച്ച് വീട്ടിലെത്തുമ്പോള്‍ പുതിയ പണിയെക്കുറിച്ച് ആവേശത്തോടെ പറയും. ലഞ്ച് മോണിറ്റര്‍, മില്‍ക്ക് മോണിറ്റര്‍, ക്ലാസ് റൂം ക്ലീനിങ് മോണിറ്റര്‍ തുടങ്ങിയ പണികള്‍ അവര്‍ ആവേശത്തോടെ ചെയ്യും. നമ്മുടെ ഇവിടെ തന്റെ കുട്ടിയെക്കൊണ്ട് ക്ലാസ് മുറി അടിച്ചുവാരിച്ചാല്‍ എന്താകും പുകില്‍. ലഞ്ച് മോണിറ്റര്‍, ഓരോ കുട്ടിക്കും ഉച്ചഭക്ഷണം കിട്ടിയതായി ഉറപ്പുവരുത്തണം. ഇതൊക്കെ കുട്ടിയുടെ മനസും ശരീരവും വലുതാക്കുന്നു. കുട്ടികള്‍ തമ്മില്‍ ബന്ധം കൂടുന്നു. ആര്‍ക്കും പരാതിയില്ല. ആഴ്ചതോറും പണി മാറും. കളിക്കു മാത്രമായി ‘ഗോള്‍ഡന്‍ അവര്‍’ ഉണ്ട്. തകര്‍ത്തു കളിക്കാം. ഇടപെടില്ല. കളി കുട്ടികളുടെ കാര്യമാണ്. വീട്ടിലെത്തുമ്പോള്‍ കുട്ടികള്‍ക്ക് പറയാന്‍ വിശേഷങ്ങളുണ്ട്. പിന്നെ ഹോംവര്‍ക്ക് ചെറി യ ക്ലാസുകളിലില്ല. പുസ്തകങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരികയും കൊണ്ടുപോവുകയും ചെയ്യേണ്ട കാര്യമില്ല. അതൊക്കെ അവിടെ അ ധ്യാപകര്‍ വാങ്ങിവയ്ക്കും. മേല്‍ ക്ലാസുകളിലേക്ക് എത്തുന്നതോടെ പഠനം കൂടിക്കൂടി വരും. താഴ്ന്ന ക്ലാസുകളില്‍ നിന്നേ ഭാരം കേറ്റി നടുവൊടിക്കുന്ന പരിപാടിയില്ല. ക്ലാസില്‍ ഓരോ കുട്ടിയും മറ്റൊരു കുട്ടിയെക്കുറിച്ചുള്ള തന്റെ ഇംപ്രഷന്‍സ് പറയണം. പക്ഷെ, ഒരിക്കലും നെഗറ്റീവ് വശം പറയരുത്. ക്രിയേറ്റിവിറ്റി മണിക്കൂറില്‍ ഓരോരോ സാധനങ്ങള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് അവര്‍ വീട്ടില്‍ വന്ന് വാചാലമായി സംസാരിക്കും.


ഇതുകൂടി വായിക്കൂ: ലൈബ്രറികള്‍ കയ്യടക്കാനുള്ള നീക്കത്തില്‍ പ്രതിരോധം വേണം


താഴ്ന്ന ക്ലാസുകളിലെ പ്രധാന ലക്ഷ്യം അറിവ് കുത്തിനിറയ്ക്കലല്ല. കുട്ടിയുടെ ജന്മവാസനകള്‍ ഏതുതരമാണെന്നറിയാനുള്ള ഇടപഴകല്‍‍, പ്രവൃത്തികള്‍, ക്രാഫ്റ്റ്, സംഭാഷണങ്ങള്‍ എന്നിവയ്ക്കാണ് പ്രാധാന്യം. അതിലൂടെ ഒരു മനസ് മെല്ലെമെല്ലെ തുറന്നുവരുന്നത് അധ്യാപകര്‍ക്ക് കാണാനാവും. ഓരോരോ കാര്യങ്ങള്‍ അങ്ങോട്ടു ചെലുത്തലല്ല, അവരുടെ സഹജചോദനകള്‍ പുറത്തെടുക്കലാണ്. അറിവ് കുത്തിച്ചെലുത്തലല്ല, കുട്ടിയെ അറിയലാണ് പ്രധാനം. അധ്യാപനം കുട്ടിയെ അറിയാനാണ്. ഒരുതരം സഹജ വിദ്യാഭ്യാസം എന്ന് നമുക്ക് ഇതിനെ വിശേഷിപ്പിക്കാം. നമ്മുടെ നാട്ടിലും പ്രൈമറി തലത്തിലെങ്കിലും പരീക്ഷിക്കാവുന്ന ഒരു വിദ്യാഭ്യാസ രീതിയാണ് ഇതെന്നു തോന്നി. ചെറിയ കുട്ടികളുടെ വ്യക്തിത്വ വികസനത്തില്‍ സ്കൂളുകള്‍ ചെലുത്തുന്ന സ്വാധീനം വളരെ പ്രധാനമാണ്. അയര്‍ലന്‍ഡിലെന്നല്ല, യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ഇതുതന്നെയാണത്രെ ചെയ്യുന്നത്. കുട്ടിയെ ചേര്‍ക്കാന്‍ ക്യാപിറ്റേഷന്‍ ഫീസില്ല. ട്യൂഷന്‍ ഫീസില്ല. ഭക്ഷണം ഫ്രീ, വിദ്യാഭ്യാസം ഒരു തലംവരെ തീര്‍ത്തും സൗജന്യമാണ്. ക്ലാസുമുറികളിലെ തിക്കും തിരക്കുമില്ല. ഒരു ടൗണ്‍ഷിപ്പില്‍ നിറയെ സ്കൂളുകളുണ്ടാവും. രണ്ട് കിലോമീറ്ററിലധികം ഒരു കുട്ടിക്കും നടക്കേണ്ടിവരില്ല. സീറ്റ് കിട്ടാന്‍ ആരുടെ പടിക്കലും പാട് കിടക്കേണ്ട. ഓരോരോ പ്രായത്തിനു ചേര്‍ന്ന ക്ലാസില്‍ അധ്യാപകര്‍ ചേര്‍ക്കും. സ്കൂള്‍ കിട്ടുമോ എന്ന പേടിവേണ്ട. രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാപിറ്റേഷന്‍ നല്‍കി പ്രവേശനം പ്രതീക്ഷിച്ചു നില്‍ക്കുന്ന നാട്ടില്‍ ഇതൊരു വലിയ അനുഭവമാണ്. ഏറ്റവും താഴ്ന്ന ക്ലാസില്‍ പോലും പ്രവേശനത്തിന് ഒന്നും രണ്ടും ലക്ഷങ്ങള്‍ നല്‍കേണ്ട സ്കൂളുകള്‍ നമ്മുടെ നാട്ടിലുണ്ട്. പ്രതിമാസ ഫീസ് ദുസഹവും. അവിടെ കണ്ട ഒരു പ്രത്യേകത, പഠനം കുട്ടിയെ അടിച്ചമര്‍ത്തുന്നില്ല എന്നതാണ്. പഠനത്തിന്റെ സ്വഭാവം അനായാസതയാണ്. അറിവിന്റെ പൊരുള്‍ സ്വാതന്ത്ര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.