17 June 2024, Monday

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്പക്ഷമാകണം

Janayugom Webdesk
November 5, 2022 5:00 am

‘തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷത പ്രൗഡമായ പാരമ്പര്യമാണ്, നൂറു ശതമാനം നിഷ്പക്ഷമാണത്’ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ കഴിഞ്ഞദിവസം വ്യക്തമാക്കി. ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് നിഷ്പക്ഷമായാണെന്നും പക്ഷപാതമോ മനഃപൂർവമായ വൈകിപ്പിക്കലോ ഇല്ലെന്നും കമ്മിഷണർ പറഞ്ഞു. രണ്ടാഴ്ച മുമ്പ് ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം ഗുജറാത്തിലെ തീയതികൾ പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഹിമാചൽ പ്രദേശിലെ വോട്ടെണ്ണല്‍ നടക്കുന്ന ദിവസം തന്നെ നടക്കുമെന്നാണ് പുതിയ പ്രഖ്യാപനം.‌ ഒരേദിവസം വോട്ടെണ്ണൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ വ്യത്യസ്ത ദിവസങ്ങളിൽ പ്രഖ്യാപിച്ചത് മാതൃകാ പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സ്വന്തം തട്ടകമായ ഗുജറാത്തിലെ ക്യാമ്പയിൻ പൂർത്തിയാക്കാനാണെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് തങ്ങൾ നിഷ്പക്ഷരാണെന്ന വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തിയത്.

ഈ മാസം 12 ന് വോട്ടെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിലെ വോട്ടെണ്ണൽ ഡിസംബർ എട്ടിനാണ്. രണ്ടാഴ്ച കഴിഞ്ഞ് തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ വോട്ടെണ്ണലും അതേ ദിവസം നടത്തുമെന്നാണ് കമ്മിഷൻ പ്രഖ്യാപിച്ചത്. അതിൽ നിന്ന് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതി നേരത്തെ തീരുമാനിച്ചിരുന്നു എന്ന് വ്യക്തമാണ്. കഴിഞ്ഞ രണ്ടാഴ്ചകൾക്കുള്ളിൽ സംസ്ഥാനത്ത് സഹസ്രകോടികളുടെ പദ്ധതിപ്രഖ്യാപനവും തറക്കല്ലിടലും പ്രധാനമന്ത്രി നടത്തിക്കഴിഞ്ഞു. ഗുജറാത്തിനെയും രാജ്യത്തെയും നടുക്കിയ മോർബി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റു പാർട്ടികൾ പൊതുപരിപാടികൾ മാറ്റിയപ്പോൾ പോലും തന്റെ പ്രചരണപരിപാടികളുമായി മുന്നോട്ട് പോവുകയായിരുന്നു നരേന്ദ്ര മോഡി. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ തീരുമാനിക്കുന്നത് ആരാണെന്നും കമ്മിഷൻ എത്രമാത്രം നിഷ്പക്ഷമാണെന്നും സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. 2017ലും ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിയ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി വിവാദമായിരുന്നു. ഏതാനും പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിക്ക് അവസരം നൽകുന്നതിനാണ് അന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിയതെന്ന് പിന്നീട് വ്യക്തമാകുകയും ചെയ്തു. വോട്ടെടുപ്പ് ദിവസം റോഡ് ഷോ നടത്തിയ നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതിയുയർന്നിട്ടും തെരഞ്ഞെടുപ്പ് കമ്മിഷൻ ക്ലീൻ ചിറ്റ് നൽകി. ഔദ്യോഗികപ്രഖ്യാപനം വരും മുമ്പ് ബിജെപി നേതാക്കൾ വോട്ടെടുപ്പ് തീയതി സമൂഹമാധ്യമങ്ങളിൽ പങ്കിട്ടതും വിവാദമായിരുന്നു.


ഇതുകൂടി വായിക്കൂ: ഗുജറാത്തിനെ വല്ലാതെ ഭയക്കുന്ന ബിജെപി  


തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമീപകാല നിലപാടുകൾ പക്ഷപാതപരമാണെന്ന് രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട വിവാദം തെളിയിച്ചിരുന്നു. അധികാരത്തിലെത്തിയാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്ക് മാറ്റിവച്ചിരിക്കുന്ന തുകയെത്ര, അതെങ്ങനെ കണ്ടെത്തും തുടങ്ങിയ വിവരങ്ങളെല്ലാം കമ്മിഷനെ ബോധിപ്പിച്ച് മാത്രമേ പാര്‍ട്ടികള്‍ വോട്ടർമാർക്ക് വാ​ഗ്ദാനം നൽകാവൂ തുടങ്ങിയ നിയമപരിഷ്കാരത്തിനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ. യഥാർത്ഥത്തിൽ കമ്മിഷന്റെ ഈ നിലപാട് പ്രധാനമന്ത്രിയുടേതാണ്. കഴിഞ്ഞ ജൂലൈ 16 ന് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം നൽകി മത്സരിക്കുന്നതിനെ നരേന്ദ്ര മോഡി പരിഹസിച്ചിരുന്നു. ഈ ‘റെവിഡി സംസ്കാരം’ രാജ്യത്തിന്റെ വികസനത്തിന് അപകടകരമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വിഷയത്തിൽ ബിജെപി തന്നെ സുപ്രീം കോടതിയിൽ കേസ് നടത്തുന്നുണ്ട്. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം. പ്രധാനമന്ത്രി നിർദ്ദേശിക്കുന്നു, തെരഞ്ഞെടുപ്പ് കമ്മിഷൻ അത് നടപ്പിലാക്കുന്നുവെന്നര്‍ത്ഥം. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ നിയന്ത്രണത്തിന് ജനപ്രാതിനിധ്യനിയമ (1951)ത്തിൽ വ്യവസ്ഥയില്ലെന്ന് എസ് സുബ്രഹ്മണ്യം ബാലാജിയും തമിഴ്‌നാട് സർക്കാരും തമ്മിൽ നടന്ന കേസിൽ (2013) സുപ്രീം കോടതി വിധിയുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാനങ്ങളുടെ ധനസ്ഥിതി വ്യക്തമാക്കുന്ന കണക്കുകളും ചീഫ് സെക്രട്ടറി വഴി അറിയണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിക്കുന്നത് നഗ്നമായ അധികാരദുർവിനിയോഗവും രാഷ്ട്രീയപാർട്ടികളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണ്.

പാർട്ടികളുടെ നയപരിപാടികളെ നിയന്ത്രിക്കുന്നതിന് പകരം, തെരഞ്ഞെടുപ്പിലെ വിദ്വേഷ പ്രചാരണം, പെരുമാറ്റച്ചട്ട ലംഘനം എന്നീ വിഷയങ്ങളിൽ കമ്മിഷൻ ശ്രദ്ധ ചെലുത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇലക്ട്രൽ ബോണ്ടുകൾക്കെതിരെ നടപടിയെടുക്കാനും കമ്മിഷൻ തയാറാകണം. ഇലക്ട്രൽ ബോണ്ടുകൾ വഴിയും കോർപറേറ്റ് സംഭാവനകളുടെ പരിധി എടുത്തുകളഞ്ഞും ശതകോടികളാണ് ഭരണകക്ഷിയായ ബിജെപി കുന്നുകൂട്ടിയത്. ഇലക്ട്രൽ ബോണ്ടുകൾക്കുള്ള അനുമതിയും കോർപറേറ്റ് സംഭാവനകളുടെ പരിധി എടുത്തുകളഞ്ഞതും പാർട്ടികളുടെ സുതാര്യത ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളതാണ്. എന്നാൽ വർഷങ്ങളായിട്ടും അക്കാര്യങ്ങളിൽ ചെറുവിരലനക്കാൻ കമ്മിഷൻ മെനക്കെട്ടിട്ടില്ല. നിയമസഭ, ലോക്‌സഭ, രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളുടെ സംവിധാനവും മേൽനോട്ടവും നിയന്ത്രണവുമാണ് തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിക്ഷിപ്തമായ ചുമതല. ഭരണഘടനയുടെ 324-ാം വകുപ്പ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പങ്ക് നിർവചിച്ചിരിക്കുന്നതും അങ്ങനെയാണ്. നിരവധി പ്രതിസന്ധികൾ മറികടന്ന് ഇന്ത്യൻ ജനാധിപത്യത്തെ മുന്നോട്ടു കൊണ്ടുപോയതിൽ മുൻകാലങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മിഷനുകൾ നിസ്തുല സംഭാവന നൽകിയിട്ടുമുണ്ട്. ‘പ്രവൃത്തിയും ഫലവുമാണ് വാക്കുകളെക്കാൾ സംസാരിക്കുന്നത്’ എന്ന് വ്യക്തമാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ അത് പ്രാവർത്തികമാക്കാനാണ് ശ്രമിക്കേണ്ടത്. കാരണം തെരഞ്ഞെടുപ്പ് കമ്മിഷൻ ഭരണഘടനാ അധികാരമുള്ള സ്ഥാപനമാണ്, ഭരണകൂടത്തിന്റെ ഉപസ്ഥാപനമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.