1898 ല്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ എഴുത്തുകാരന്‍ എഡ്വേര്‍ഡ് നോയസ് വെസ്റ്റ്‌കോട്ടിന്റെ ‘ഡേവിഡ് ഹറും’ എന്ന നോവലിലെ പ്രധാന കഥാപാത്രം കുതിരക്കച്ചവടത്തിന്റെ കണ്ണിലൂടെയാണ് എല്ലാവ്യാപാരത്തെയും കാണുന്നത്. വില്പനയ്ക്ക് വച്ചിരിക്കുന്ന കുതിരയുടെ ഗുണദോഷങ്ങള്‍ പുറമേനിന്ന് വിലയിരുത്തുക എന്നത് ഏറ്റവും ദുഷ്കരമായ കാര്യമായതിനാല്‍ കുതിരക്കച്ചവടം കള്ളത്തരത്തിനും കബളിപ്പിക്കലിനുമുള്ള നല്ലൊരു അവസരമാണ്. വില്‍ക്കുന്നവനും വാങ്ങുന്നവനും മറിച്ചുവില്‍ക്കുന്നവനുമൊക്കെ നിരന്തരം കബളിപ്പിക്കല്‍ നടത്തുന്ന കച്ചവടമായതുകൊണ്ടാണ് കുതിരക്കച്ചവടവുമായി ബന്ധമുള്ളവര്‍ക്ക് അധാര്‍മ്മിക കച്ചവടക്കാര്‍ എന്ന ദുഷ്പേര് പുരാതനകാലം മുതലേ നിലനിന്നത്. പിന്നീട് ഈ പദത്തിന്റെ അര്‍ത്ഥതലങ്ങള്‍ വികസിക്കുകയും രാഷ്ട്രീയരംഗത്തെ വോട്ട് കച്ചവടത്തെയും കൂറുമാറ്റത്തെയും പരാമര്‍ശിക്കുന്ന പ്രയോഗമായി മാറുകയും ചെയ്തു. വോട്ടുകച്ചവടത്തെ പരാമര്‍ശിക്കാന്‍ മുമ്പ് ഉപയോഗിച്ചിരുന്ന ലോഗ്‌റോളിങ് (logrolling) എന്ന പ്രയോഗത്തിന്റെ സ്ഥാനത്താണ് കുതിരക്കച്ചവടം എന്ന പദം ഇപ്പോള്‍ ഉപയോഗിക്കുന്നത്. രാഷ്ട്രീയത്തിലെ ‘വാങ്ങലും വില്‍ക്കലും’ ഇന്ത്യയില്‍ ഏറ്റവും ശക്തമായത് കഴിഞ്ഞ ഒരു ദശകത്തിനിടെയാണ്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ ഭരണകൂടം ദേശീയതലത്തില്‍ അധികാരത്തിലെത്തിയ ശേഷമാണ് ഇതൊരു ദെെനംദിന പ്രക്രിയയായത്.
വിവിധസംസ്ഥാനങ്ങളില്‍ അവര്‍ അധികാരം കെെക്കലാക്കിയത് കോടികള്‍ മുടക്കിയുള്ള ‘വാങ്ങലി‘ലൂടെയാണ്. വാങ്ങുന്നവരെപ്പോലെ വില്‍ക്കപ്പെടുന്നവരും ഗുണഭോക്താക്കളാകുന്നതാണ് മോഡിയുടെ കുതിരക്കച്ചവടം. അതുകൊണ്ടുതന്നെ അത് രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഒതുങ്ങുന്നില്ല എന്ന സവിശേഷതയുമുണ്ട്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പുറത്തുവന്ന ഔദ്യോഗികനിയമനങ്ങള്‍ ഈ കൊള്ളക്കൊടുക്കയുടെ മികച്ച ദൃഷ്ടാന്തമാകുന്നു. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസം വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെ നിലവറ ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി കൈമാറാന്‍ വിധിച്ച ജഡ്ജി അജയകൃഷ്ണ വിശ്വേശയെ ലഖ്നൗവിലെ സര്‍ക്കാര്‍ സർവകലാശാലയുടെ ഓംബുഡ്സ്‌മാനായി നിയമിച്ചിരിക്കുകയാണ് മോഡിയുടെ പിന്‍ഗാമിയെന്ന് വാഴ്ത്തപ്പെടുന്ന യുപി മുഖ്യമന്ത്രി ആദിത്യനാഥ്. റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ എം ഖാൻവിൽക്കറെ പുതിയ കേന്ദ്ര ലോക്പാൽ ആയി രാഷ്ട്രപതി നിയമിച്ചത് തൊട്ടുമുമ്പുള്ള ദിവസമാണ്. തങ്ങള്‍ക്കനുഗുണമായ വിധികള്‍കൊണ്ട് അനുഗ്രഹിച്ച ന്യായാധിപരെയാണ് ‘അര്‍ഹിക്കുന്ന’ സ്ഥാനം നല്‍കി സംഘ്പരിവാര്‍ ഭരണകൂടങ്ങള്‍ ആദരിച്ചിരിക്കുന്നത്. ജനുവരി 31നാണ് വാരാണസി ജില്ലാ ജഡ്ജിയായിരുന്ന വിശ്വേശ സർവീസിൽ നിന്ന് വിരമിച്ചത്. ഫെബ്രുവരി 27ന്, മുഖ്യമന്ത്രി ആദിത്യനാഥ് ചെയർപേഴ്സണായ ഡോ. ശകുന്തള മിശ്ര നാഷണൽ റീഹാബിലിറ്റേഷൻ യൂണിവേഴ്സിറ്റി മൂന്ന് വർഷത്തേക്ക് വിശ്വേശയെ അതിന്റെ ലോക്പാലായി (ഓംബുഡ്സ്‌മാൻ) നിയമിക്കുകയായിരുന്നു.
യുപിയില്‍ ക്ഷേത്ര‑മസ്ജിദ് തർക്കങ്ങളുമായി ബന്ധപ്പെട്ട വിധികള്‍ക്ക് ശേഷം, ഭരണഘടനാ ചുമതലയിലെത്തുന്ന ആദ്യത്തെ ജഡ്ജിയല്ല അജയകൃഷ്ണ വിശ്വേശ. ബാബറി മസ്ജിദ് തകർത്ത കേസിലെ 32 പ്രതികളെയും വെറുതെവിട്ട ജില്ലാ ജഡ്ജി സുരേന്ദ്ര കുമാർ യാദവിനെ വിരമിച്ച് ഏഴ് മാസത്തിനുള്ളിൽ ഇതേ ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിലെ ഡെപ്യൂട്ടി ലോകായുക്തയായി നിയമിച്ചിരുന്നു. വിരമിക്കുന്നതിന് മുമ്പുള്ള തന്റെ അവസാന പ്രവൃത്തി ദിനമായിരുന്ന 2020 സെപ്റ്റംബർ 30നാണ് മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാണ് സിങ് എന്നിവരെ വിശ്വസനീയമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി യാദവ് വെറുതെവിട്ടത്. 2021 ഏപ്രിലിൽ ഉപലോകായുക്തമായി അദ്ദേഹത്തിന് നിയമനം. ജസ്റ്റിസ് എ എം ഖാൻവിൽക്കറെ പുതിയ കേന്ദ്ര ലോക്പാൽ ആയി നിയമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവർ പങ്കെടുത്ത യോഗത്തിലായിരുന്നു. പക്ഷേ ഖാൻവിൽക്കറുടെ നാമനിർദേശത്തെക്കുറിച്ച് അവസാന നിമിഷമാണ് അധിർ രഞ്ജനെ അറിയിച്ചതെന്നാണ് വാര്‍ത്ത. നിലവില്‍ പ്രതിപക്ഷത്തെ വേട്ടയാടാന്‍ കേന്ദ്രം ഉപയോഗിക്കുന്ന ഇഡിയുടെ അധികാരപരിധി കൂട്ടിയതുള്‍പ്പെടെയുള്ള സര്‍ക്കാര്‍ അനുകൂലവിധികള്‍ പുറപ്പെടുവിച്ച ജഡ്ജിയാണ് ഖാൻവിൽക്കർ.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം(പിഎംഎൽഎ) പ്രകാരം അറസ്റ്റ് ചെയ്യാനുള്ള അധികാരം ഇഡിക്ക് നൽകിയത് ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചായിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോഡിയും മറ്റ് 63 പേരും കുറ്റക്കാരല്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ശരിവച്ചുകൊണ്ടുള്ള ഖാൻവിൽക്കറിന്റെ ഉത്തരവും ഏറെ ചർച്ചയായിരുന്നു. 2018ൽ ജസ്റ്റിസ് ഖാൻവിൽക്കർ അടങ്ങിയ ബെഞ്ചാണ് ആധാർ നിയമത്തിന്റെ ഭരണഘടനാ സാധുത ശരിവച്ചത്. പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്ന നടപടിയാണ് കോടതി അംഗീകരിക്കുന്നതെന്ന് ഹർജിക്കാർ അന്നുതന്നെ ആരോപിച്ചിരുന്നു. അതിനുശേഷം, ആധാർ തട്ടിപ്പുകൾ നിരന്തരം വാർത്തയാകുകയും സർക്കാർ പലതവണ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. അതേവര്‍ഷം ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ബെഞ്ചിലും ജസ്റ്റിസ് ഖാൻവിൽക്കർ ഭാഗമായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോഡിയെയും കൂട്ടരെയും വിശുദ്ധരാക്കിയ വിധിയുടെ അടിസ്ഥാനത്തിലാണ്, വ്യാജ തെളിവുകൾ ചമച്ചുവെന്ന കുറ്റത്തിന് ആക്ടിവിസ്റ്റ് ടീസ്ത സെതൽവാദിനെയും മുൻ ഐപിഎസ് ഓഫിസർ ആർ ബി ശ്രീകുമാറിനെയും ഗുജറാത്ത് പാെലീസ് അറസ്റ്റ് ചെയ്തത്. 2022ൽ, ഇതേ ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ഭേദഗതി നിയമം, 2020 ശരിവച്ചത്. തങ്ങളെ വിമർശിക്കുന്ന സംഘടനകളുടെ എഫ്‌സിആർഎ ലൈസൻസ് റദ്ദാക്കുന്ന നടപടി മോഡി സർക്കാർ തുടരുന്നത് ഈ വിധിയുടെ പിന്‍ബലത്തിലാണ്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുൾ നസീര്‍ എന്നിവര്‍ക്ക് കിട്ടിയ ആദരവും മറന്നുകൂടാ. 2019 നവംബറിൽ ബാബറി മസ്ജിദ് കേസിൽ വിവാദവിധി പ്രസ്താവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നു മൂവരും. വിരമിച്ച് ഏറെനാളാകും മുമ്പ് ജസ്റ്റിസ് നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറാക്കി. അധികം വെെകാതെ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി കേന്ദ്രം നാമനിര്‍ദേശം ചെയ്തു. വിരമിച്ച് മൂന്ന് മാസത്തിനുള്ളിൽ, നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയർപേഴ്‌സണായി ജസ്റ്റിസ് അശോക് ഭൂഷണെ നിയമിച്ചു.
രാഷ്ട്രീയത്തിലാണെങ്കില്‍ ബിജെപിയുടെ ഉപകാരസ്മരണ ഏറ്റവുമധികം ലഭിച്ചത് കോണ്‍ഗ്രസിനാണ്. ലോക്‌സഭയിലെ ഏതാണ്ട് മൂന്നില്‍ രണ്ട് ബിജെപി എംപിമാരെയും അവര്‍ക്ക് കോണ്‍ഗ്രസില്‍ നിന്ന് കിട്ടിയതാണ്. ഭൂരിപക്ഷം മുഖ്യമന്ത്രിമാരുടെ കാര്യവും അങ്ങനെ തന്നെ. പണം, അധികാരം എന്നിവ കാണിച്ച് വീഴാത്തവരെയാണ് ഇഡി, ഐടി, സിബിഐ തുടങ്ങിയ വേട്ടസംഘങ്ങളെ ഉപയോഗിച്ച് മോഡി സംഘം മെരുക്കിയെടുക്കുന്നത്. ബിജെപിയിലെത്തിയ അമരീന്ദർ സിങ്, ദിഗംബർ കാമത്ത്, എസ് എം കൃഷ്ണ, വിജയ് ബഹുഗുണ, എൻ കിരൺ റെഡ്ഡി, എൻ ഡി തിവാരി, ജഗദംബിക പാൽ, പേമ ഖണ്ഡു എന്നിവര്‍ കോണ്‍ഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരാണ്. ഇവരുടെ കടന്നുവരവ് ബിജെപിക്ക് ആവേശം ഉണ്ടാക്കിയപ്പോള്‍, ബിജെപിയിൽ ചേർന്നതോടെ തങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ നിഷ്ക്രിയമായത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശ്വാസമായി. അസം, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരായ ഹിമന്ത ബിശ്വ ശർമ, ബിരേൻ സിങ്, മണിക് സാഹ എന്നിവരുടെ നിലവിലെ അധികാരക്കസേരകളും ബിജെപിയുടെ ഉപകാരസ്മരണയാണ്. ശിവസേനയിൽ നിന്നുള്ള നാരായണ്‍ റാണെയും ഝാര്‍ഖണ്ഡില്‍ നിന്നുള്ള ബാബുലാൽ മറാണ്ടിയും ബിജെപിയിൽ ചേർന്ന കോണ്‍ഗ്രസിതര മുഖ്യമന്ത്രിമാരാണ്. റാണെ ഇന്ന് കേന്ദ്രമന്ത്രിയാണ്. മറാണ്ടിയാകട്ടെ ഝാർഖണ്ഡിലെ ബിജെപി സംസ്ഥാന അധ്യക്ഷനും. ഒരു പൊതുതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, മഹാരാഷ്ട്രയിലെ അശോക് ചവാൻ ഉള്‍പ്പെടെയുള്ള പല മുൻ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുകയാണ്. ഇതിലൂടെ വെളിപ്പെടുന്നത് തങ്ങള്‍ക്ക് ലഭ്യമാകാവുന്ന ‘ഉപകാരസ്മരണ’യ്ക്കപ്പുറം പ്രത്യയശാസ്ത്രപരമായ മാറ്റം ഈ നേതാക്കള്‍ തിരിച്ചറിയുന്നില്ല എന്നാണ്. അത്രയ്ക്ക് ശക്തവും ആകര്‍ഷകവുമാണ് ഉദ്ദിഷ്ടകാര്യത്തിന് മോഡിയുടെയും അനുചരവൃന്ദത്തിന്റെയും ഉപകാരസ്മരണ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.