രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി ആര്‍ബിഐ. ഇത്തരത്തിലുള്ള സൗജന്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി അംഗം അഷിമ ഗോയല്‍ അഭിപ്രായപ്പെട്ടു. സൗജന്യങ്ങള്‍ ഒരിക്കലും പൂര്‍ണമായും സൗജന്യമാണെന്ന് പറയാന്‍ കഴിയില്ല. ഇത്തരത്തിലുള്ള ക്ഷേമ പദ്ധതികളും വാഗ്ദാനങ്ങളും നടപ്പാക്കുമ്പോള്‍ ഇതിന് ചെലവാകുന്ന തുകയെക്കുറിച്ചും നികുതിയെക്കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇത് ഈ മേഖലയിലുള്ള മത്സരപ്രവണത അവസാനിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധയായ അഷിമ ഗോയല്‍ പറഞ്ഞു.
സൗജന്യങ്ങളുടെ ചെലവുകള്‍ സര്‍ക്കാരില്‍ നിന്നു തന്നെയാണ് ഈടാക്കേണ്ടിവരുന്നത്. സര്‍ക്കാരിന്റെ വിഭവശേഷി ശക്തിപ്പെടുത്താനുതകുന്ന പൊതുസേവനങ്ങളെയും വിതരണത്തെയും ഇത് ബാധിക്കും. സൗജന്യങ്ങള്‍ വര്‍ധിപ്പിക്കുമ്പോള്‍ അസംസ്കൃത വസ്തുക്കളുടെ ഉല്പാദനത്തെ ബാധിക്കുമെന്നും പരോക്ഷമായ ചെലവുകള്‍ വര്‍ധിക്കുമെന്നും അവര്‍ പറഞ്ഞു.
പഞ്ചാബിലെ സൗജന്യ വൈദ്യുതി വിതരണം ഉല്പാദനത്തെ മോശമായി ബാധിച്ചതായി അഷിമ ഗോയല്‍ ഉദാഹരണമായി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, വായു, ജലം തുടങ്ങി എല്ലാത്തിന്റെയും ഗുണനിലവാരത്തെ ഇത്തരം സൗജന്യങ്ങള്‍ മോശമായി ബാധിക്കുമെന്ന് അവര്‍ പറഞ്ഞു.
ആഗോള വിപണിയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാണെന്ന് പറയാന്‍ കഴിയും. മറ്റ് രാജ്യങ്ങളെക്കാള്‍ മികച്ചരീതിയില്‍ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരം പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ സാമ്പത്തിക വൈവിധ്യം ഇന്ത്യയെ സഹായിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
English Summary:Election freebies will undermine financial stability: RBI
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.