6 May 2024, Monday

പ്രതീക്ഷയുടെ തിളക്കത്തില്‍ തൃശൂര്‍

ബിനോയ് ജോര്‍ജ് പി
February 19, 2024 10:01 am

ഇടയ്ക്കിടെ മാറിമറിഞ്ഞ് ചിന്തിക്കാറുണ്ടെങ്കിലും ഇടതുപക്ഷ മുന്നണിയോടും കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളോടും പ്രത്യേക വാത്സല്യമുണ്ട് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിന്. നാലഞ്ചു തവണ കോണ്‍ഗ്രസുകാരോട് സ്നേഹം കാണിച്ചിട്ടുള്ള തൃശൂര്‍ പിന്നീട് ജയിപ്പിച്ചിട്ടുള്ളതെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മാത്രമായിരുന്നു. കെ കെ വാര്യര്‍, വി വി രാഘവന്‍, സി കെ ചന്ദ്രപ്പന്‍ എന്നിങ്ങനെ മഹാരഥന്മാരും അക്കൂട്ടത്തിലുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് നിലനിന്ന രാഷ്ട്രീയ കാരണങ്ങളാല്‍ മണ്ഡലം നഷ്ടമായെങ്കിലും വരുന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍ തിരിച്ചു പിടിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയിട്ടുണ്ടെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, നാട്ടിക, തൃശൂര്‍, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം. എല്ലാ മണ്ഡലങ്ങളും പ്രതിനിധീകരിക്കുന്നത് ഇടതുപക്ഷ മുന്നണി എംഎല്‍എമാരാണ്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ എന്‍ കെ അക്ബര്‍ (ഭൂരിപക്ഷം 18,268 വോട്ട്), മണലൂരില്‍ മുരളി പെരുനെല്ലി (29876), ഒല്ലൂരില്‍ കെ രാജന്‍ (21,506), നാട്ടികയില്‍ സി സി മുകുന്ദന്‍ (28,431), തൃശൂരില്‍ പി ബാലചന്ദ്രന്‍ (946), ഇരിങ്ങാലക്കുടയില്‍ ഡോ. ആര്‍ ബിന്ദു (5949), പുതുക്കാട് കെ കെ രാമചന്ദ്രന്‍ (27353) എന്നിവരാണ് വിജയിച്ചത്. ഇവരുടെ ഭൂരിപക്ഷം ഒന്നിച്ചു കണക്കിലെടുത്താല്‍ എല്‍ഡിഎഫിന്റെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ മേല്‍ക്കൈ 1,32, 329 വോട്ടാണ്.

തൃശൂര്‍ കോര്‍പറേഷനെയും ജില്ലാ പഞ്ചായത്തിനെയും നയിക്കുന്നതും എല്‍ഡിഎഫ് തന്നെ. മണ്ഡലത്തില്‍പ്പെട്ട മൂന്ന് മുനിസിപ്പാലിറ്റികളില്‍ ഇരിങ്ങാലക്കുട ഒഴികെ ഗുരുവായൂര്‍, ചാവക്കാട് നഗരസഭകളിലും ഇടതുമുന്നണി സാരഥികളാണ്. ജില്ലയില്‍ ആകെയുള്ള 86 ഗ്രാമപഞ്ചായത്തുകളില്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലാതിര്‍ത്തിയില്‍ വരുന്ന 45 പഞ്ചായത്തുകളില്‍ ഭൂരിഭാഗവും ഇടതുമുന്നണിയുടെ ഭരണത്തിലുള്ളവയാണ്.
സീറ്റ് പിടിക്കാന്‍ പ്രധാനമന്ത്രിയെ വരെ ഇറക്കി കരുക്കൾ നീക്കുന്നുണ്ടെങ്കിലും ഗ്രാമപഞ്ചായത്ത് മുതല്‍ നിയമസഭാ മണ്ഡലങ്ങള്‍ വരെയുള്ള വോട്ടിങ് കണക്കുകള്‍ ബിജെപിക്ക് ഒട്ടും ആശ്വാസം പകരുന്നവയല്ല. തദ്ദേശ സ്ഥാപനങ്ങളില്‍ പലയിടത്തും ജനപ്രതിനിധികള്‍ അവര്‍ക്കുണ്ടെങ്കിലും വോട്ടെടുപ്പിലെ ജയസാധ്യതയെ സ്വാധീനിക്കാവുന്ന ഘടകങ്ങള്‍ മണ്ഡലത്തില്‍ ഒരിടത്തുമില്ലെന്ന് മറ്റാരെക്കാള്‍ നന്നായി ബിജെപി നേതൃത്വത്തിനുമറിയാം. താരപരിവേഷമുള്ള ആരെയെങ്കിലും കളത്തിലിറക്കിയാല്‍ പതിവിനെക്കാള്‍ ഭേദപ്പെട്ട നിലയില്‍ വോട്ട് കിട്ടുമെന്നു മാത്രം.

നാട്ടിക അസംബ്ലി മണ്ഡലത്തില്‍ ഉള്‍പ്പെട്ട അവിണിശേരി ഗ്രാമപഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ ലഭിച്ച ഭരണം മാത്രമാണ് ഏഴു മണ്ഡലങ്ങളിലുമായി തദ്ദേശ സ്ഥാപനങ്ങളില്‍ ആകെയുള്ള കൈമുതല്‍. ബിജെപിക്ക് മറ്റ് ചില ഗ്രാമപഞ്ചായത്തുകളിലും തൃശൂര്‍ കോര്‍പറേഷന്‍, ഇരിങ്ങാലക്കുട നഗരസഭ എന്നിവിടങ്ങളടക്കം തദ്ദേശ സ്ഥാപനങ്ങളിലും ഏതാനും കൗണ്‍സിലര്‍മാരുമുണ്ടെന്നതാണ് ‘തൃശൂരിനെ ഞാനിങ്ങെടുക്കുവാ’ എന്ന് വീരവാദം മുഴക്കുന്ന ബിജെപിയുടെ പിന്‍ബലം.
2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം തൃശൂരില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഒന്നര ലക്ഷത്തോളം വര്‍ധന ഉണ്ടായിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 14,32,107 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 2019ല്‍ ഇത് 12,39,744 ആയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 39.8 ശതമാനം (41,5089 വോട്ട്) നേടി കോണ്‍ഗ്രസിലെ ടി എന്‍ പ്രതാപനാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ എല്‍ഡിഎഫിലെ രാജാജി മാത്യു തോമസിന് 30.9 ശതമാനം (3,21,456 ) വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് 28.2 ശതമാനം(2,93,822) വോട്ടും ലഭിച്ചു. അതിനുമുമ്പ് 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ സിപിഐ സ്ഥാനാര്‍ത്ഥി സി എന്‍ ജയദേവന്‍ 42.27 ശതമാനം വോട്ട് നേടിയാണ് പാര്‍ലമെന്റില്‍ എത്തിയത്. അന്നത്തെ പ്രധാന എതിരാളി കോണ്‍ഗ്രസിലെ കെ പി ധനപാലന് 38.12 ശതമാനം വോട്ടാണ് ലഭിച്ചത്.
സിറ്റിങ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി മാറ്റം വേണ്ടെന്ന കോണ്‍ഗ്രസ് നിലപാടനുസരിച്ചാണെങ്കില്‍ ടി എന്‍ പ്രതാപന്‍ വീണ്ടും മത്സരിക്കും. എന്നാല്‍ പ്രതാപനെ മാറ്റുകയാണെങ്കില്‍ സീറ്റ് നോട്ടമിട്ടു‘കളികള്‍‘ആരംഭിച്ചവരില്‍ പാലക്കാട്ടുനിന്നുള്ളവര്‍ വരെയുണ്ട്. അങ്ങേയറ്റം ദുര്‍ബലമായ ഡിസിസി നേതൃത്വത്തെ മുന്‍നിര്‍ത്തി എങ്ങനെ വോട്ടര്‍മാരെയും അണികളെയും ചലിപ്പിക്കാനാവും എന്ന ആശങ്കയിലാണ് കോണ്‍ഗ്രസിന്റെ മധ്യനിര നേതാക്കളെല്ലാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനത്തിനുള്ള സാധ്യതയാണ് അവരും കാണുന്നത്. 

മണ്ഡലം 1951ല്‍ രൂപീകൃതമായ ശേഷം ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1952ലാണ്. അന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ഇയ്യുണി ചാലക്കല്‍ ആണ് വിജയിച്ചത്. 1957ലും 1962ലും സിപിഐ സ്ഥാനാര്‍ത്ഥിയായ കെ കൃഷ്ണവാര്യര്‍ (കെ കെ വാര്യര്‍) വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1967ലും 1971ലും കമ്മ്യൂണിസ്റ്റ് നേതാവ് സി ജനാര്‍ദ്ദനനും 1977,80 വര്‍ഷങ്ങളില്‍ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് കെ എ രാജനും വിജയിച്ചു. പിന്നീടു നടന്ന ഏതാനും തെരഞ്ഞെടുപ്പുകളിലാണ് മണ്ഡലം മാറിമറിഞ്ഞ് ചിന്തിച്ചത്. 1984, 89 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ പി എ ആന്റണിയും 1991ല്‍ പി സി ചാക്കോയും ജയിച്ചെങ്കിലും 1996, 98 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഐ നേതാവ് വി വി രാഘവന്‍ മണ്ഡലം തിരിച്ചു പിടിച്ചു. 1999ല്‍ എ സി ജോസിലൂടെ മണ്ഡലം വീണ്ടും കോണ്‍ഗ്രസ് സ്വന്തമാക്കി. പിന്നാലെ 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിയായത് പില്‍ക്കാലത്ത് സിപിഐ സംസ്ഥാന സെക്രട്ടറിയായ സി കെ ചന്ദ്രപ്പനാണ്.

2009ല്‍ പി സി ചാക്കോ രണ്ടാമതും വിജയിച്ചെങ്കിലും 2014ല്‍ സി എന്‍ ജയദേവന്‍ മണ്ഡലം വീണ്ടും ഇടതുപക്ഷത്തേക്ക് ചേര്‍ത്തുവച്ചു. ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടി എന്‍ പ്രതാപന്‍ ജയിച്ചതോടെ മണ്ഡലം രാഷ്ട്രീയ അസ്ഥിരതയുള്ളതാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടെങ്കിലും ആ വാദം പാടേ തള്ളുന്ന വിധിയെഴുത്താണ് മൂന്നുവര്‍ഷം മുമ്പ് നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്.അന്നത്തെ തകര്‍പ്പന്‍ ജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം അരക്കിട്ടുറപ്പിക്കുകയാണ് ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകര്‍. മാറി ചിന്തിക്കേണ്ടതായ ഒരു രാഷ്ട്രീയ സാഹചര്യവും പോയ നാളുകളില്‍ ഉരുത്തിരിഞ്ഞിട്ടില്ലെന്നതും അവരുടെ പ്രതീക്ഷകള്‍ക്ക് തിളക്കമേകുന്നു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.