10 May 2024, Friday

വോട്ടെടുപ്പ് പൂർണതൃപ്തികരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

Janayugom Webdesk
തിരുവനന്തപുരം
April 27, 2024 11:14 pm

സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടെടുപ്പും എല്ലാ തലങ്ങളിലും പൂർണമായും തൃപ്തികരമായിരുന്നുവെന്നും വോട്ടെടുപ്പ് യന്ത്രങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ.
സംസ്ഥാനത്തെ 25,231 പോളിങ് ബൂത്തുകളിൽ 95 ശതമാനത്തിലും വൈകിട്ട് ആറ് മണിയോടെ തന്നെ വോട്ടെടുപ്പ് പൂർത്തിയായി. 99 ശതമാനം ബൂത്തുകളിലും എട്ട് മണിയോടെ വോട്ടെടുപ്പ് പൂർത്തിയായി. വടകര മണ്ഡലത്തിലെ ചില ബൂത്തുകളിൽ മാത്രമാണ് പിന്നീടും വോട്ടെടുപ്പ് നടന്നത്. വൈകിട്ട് അഞ്ച് മണിക്ക് ശേഷം ചില ബൂത്തുകളിൽ കൂടുതൽ വോട്ടർമാർ എത്തിയതിനെത്തുടർന്ന് രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത കാണിച്ചത് മൂലമാണ് സ്വാഭാവികമായും കൂടുതൽ സമയമെടുത്തത്. ആറ് മണിയോടെ ബൂത്തിലെത്തിയ മുഴുവൻ വോട്ടർമാർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരമൊരുക്കുവാനും ഉദ്യോഗസ്ഥർ ജാഗ്രത കാണിച്ചെന്ന് അദ്ദേഹം പറഞ്ഞു. 

ഉദ്യോഗസ്ഥ വിന്യാസത്തിൽ ബാഹ്യഇടപെടൽ പൂർണമായും ഒഴിവാക്കാൻ ഇക്കുറി ആദ്യമായി നവീനരീതിയാണ് അവലംബിച്ചത്. ഓർഡർ സോഫ്റ്റ്‌വേർ ഉപയോഗിച്ച് പക്ഷപാതരഹിതമായാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസം പൂർത്തിയാക്കിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരിൽ മുൻപരിചയമുള്ളവരും ഇല്ലാത്തവരും ഉണ്ടാവുക സ്വാഭാവികം. ആവശ്യമായ പരിശീലനം നൽകിയാണ് എല്ലാ ഉദ്യോഗസ്ഥരെയും നിയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികൂലമായ കാലാവസ്ഥയും രാഷ്ട്രീയസാഹചര്യങ്ങളുമൊക്കെ പരിഗണിക്കുമ്പോൾ മികച്ച പോളിങ്ങാണ് സംസ്ഥാനത്ത് നടന്നതെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. വോട്ടിങ് യന്ത്രങ്ങളുടെ പ്രകടനം മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറ്റമറ്റതായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശരാശരി അഞ്ച് ശതമാനമായിരുന്നു വോട്ടിങ് യന്ത്രങ്ങളുടെ തകരാർനിരക്ക്. എന്നാൽ ഇക്കുറി ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയിൽ 0.44 ശതമാനവും വിവിപാറ്റുകളിൽ 2.1 ശതമാനത്തിലും മാത്രമാണ് തകരാറുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
വോട്ടർപ്പട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് ലഭിച്ച എല്ലാ ഗൗരവമുള്ള പരാതികളും പരിശോധിച്ചതായും അന്വേഷണത്തിൽ അധിക പരാതികളിലും കഴമ്പില്ലെന്ന് വ്യക്തമായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. ഇരട്ടിപ്പ് കണ്ടെത്തിയ മുഴുവൻ കേസുകളിലും പരിഹാര നടപടിയെടുത്തിട്ടുണ്ട്. അവ നീക്കിയതായും അദ്ദേഹം പറഞ്ഞു. സ്വതന്ത്രവും സുതാര്യമായ രീതിയിലും സമാധാനപൂർണമായും വോട്ടെടുപ്പ് പൂർത്തിയാക്കാൻ സഹകരിച്ച എല്ലാ വോട്ടർമാരോടും രാഷ്ട്രീയ പാർട്ടികളോടും ഉദ്യോഗസ്ഥരോടും മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. 

Eng­lish Sum­ma­ry: Polling ful­ly sat­is­fac­to­ry: Chief Elec­toral Officer

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.