26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 15, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025
March 7, 2025
March 4, 2025
February 24, 2025
February 11, 2025

തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്‍; മൗലികാവകാശ ലംഘനം: ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും

Janayugom Webdesk
ന്യൂഡൽഹി
December 20, 2021 10:40 pm

വോട്ടർ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനവും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതുമാണെന്ന് വിദഗ്ധർ. തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലുള്ള വോട്ടർമാരുടെ വിശ്വാസത്തെ ബാധിക്കുന്ന തെറ്റായതും യുക്തിരഹിതവുമായ നീക്കമാണെന്നും വോട്ട് തട്ടിപ്പ് വർധിപ്പിക്കുമെന്നും മുൻ സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ 500 ലധികം പ്രമുഖർ ഒപ്പിട്ട പ്രസ്താവനയിൽ ആശങ്ക പ്രകടിപ്പിച്ചു. ആധാർ പൗരത്വത്തിന്റെ തെളിവായി അംഗീകരിച്ചിട്ടില്ല. ജനപ്രാതിനിധ്യ നിയമപ്രകാരം ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ വോട്ടവകാശമുള്ളൂ. ഇവ രണ്ടും ബന്ധിപ്പിക്കുന്നത് അർത്ഥശൂന്യവും പൊതു ഫണ്ടിന്റെ ഭീമമായ പാഴാക്കലുമാണ്. വോട്ടർപട്ടിക പുതുക്കുന്നതിനും വോട്ടർമാരുടെ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ രീതി സമയബന്ധിതമായി വീടുതോറുമുള്ള പരിശോധനയാണ്. ക്ഷേമ പദ്ധതികൾക്കും ആദായനികുതി ആവശ്യങ്ങൾക്കായി പാൻ നമ്പറുകളുമായും ആധാര്‍ ബന്ധിപ്പിക്കുന്നത് പരിമിതപ്പെടുത്തിയ സുപ്രീം കോടതിയുടെ വിധിയുടെ ലംഘനമാണ് പുതിയ നീക്കം.

ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, പൊതുവിതരണം പോലെയുള്ളവയിൽ ആധാർ ഉപയോഗിക്കാനുള്ള ശ്രമങ്ങൾ വൻതോതിൽ അവകാശം നിഷേധിക്കപ്പെടുന്നതിന് കാരണമായിരുന്നു. ആയിരക്കണക്കിന് പൗരന്മാർ ഈ സംവിധാനങ്ങളിൽ നിന്ന് ഏകപക്ഷീയമായി പുറത്തായി. ആധാർ ലിങ്ക് ചെയ്യുന്നതിനിടയിൽ വ്യാജം എന്ന പേരിൽ റദ്ദാക്കപ്പെട്ട 90 ശതമാനം റേഷൻ കാർഡുകളും യഥാർത്ഥമാണെന്ന് പിന്നീട് ഝാർഖണ്ഡിൽ മാത്രം നടന്ന പഠനത്തിൽ കണ്ടെത്തി. ഒന്നിലധികം കോടതികൾ ജനനത്തിന്റെയോ തിരിച്ചറിയലിന്റെയോ തെളിവായി ആധാർ സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

2018ൽ തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആധാർ വിവരങ്ങൾ വോട്ടർ തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിച്ചിരുന്നു. 2018 ൽ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ 55 ലക്ഷം വോട്ടർമാരെങ്കിലും ഏകപക്ഷീയമായി നിരാകരിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ജനരോഷം ഉയർന്നതിന് ശേഷമാണ് സർക്കാർ ഇത് പിൻവലിച്ചത്. വോട്ട് ചെയ്യുന്നതിനുള്ള ബയോമെട്രിക് നിയന്ത്രണവും തെറ്റായ ഫലമാണുണ്ടാക്കുക. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം തടയാൻ ഇവിഎമ്മുകൾ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടില്ല. ഇന്റർനെറ്റിന്റെ അഭാവത്തിൽ ബയോമെട്രിക് പരിശോധന എങ്ങനെ പ്രവർത്തിക്കുമെന്നും വിദഗ്ധർ ആശങ്കപ്പെടുന്നു.

സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റം
ഇന്ത്യയിൽ ഡാറ്റാ സംരക്ഷണ നിയമമില്ല. നിലവിലുള്ള വ്യക്തിഗത ഡാറ്റാ സംരക്ഷണ ബില്ലിനെതിരെ വ്യാപകമായ പരാതിയുമുണ്ട്.
ഈ സാഹചര്യത്തില്‍ ഐഡി, ആധാര്‍ ഡാറ്റാബേസുകള്‍ ബന്ധിപ്പിക്കുന്നത് സ്വകാര്യതാ അവകാശത്തിനെതിരെയുള്ള ആക്രമണമായിരിക്കുമെന്നും ഭരണഘടനാപരവും മൗലികവുമായ അവകാശത്തിനും വോട്ടിന്റെ രഹസ്യസ്വഭാവത്തിന്റെ ലംഘനത്തിനും കാരണമാകുമെന്നും പ്രസ്താവനയില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

ദുരുപയോഗത്തിന് സാധ്യത കൂടുതല്‍
ദുരുപയോഗത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പുതുച്ചേരിയിലെ വോട്ടർമാരുടെ ആധാർ വിവരങ്ങൾ അനധികൃതമായി ഉപയോഗിച്ചുവെന്ന് ബിജെപിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.

2019 ൽ ആന്ധ്രാപ്രദേശിലെ വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കാൻ യുഐഡി ഡാറ്റാബേസിൽ നിന്ന് ഡാറ്റ എടുക്കുകയായിരുന്നുവെന്ന് മറ്റൊരു അന്വേഷണത്തിൽ കണ്ടെത്തി. 2018 ലെ ഒരു റിപ്പോർട്ട് പ്രകാരം 20 ശതമാനം മുസ്‌ലിം വിഭാഗത്തെ കർണാടകയിലെ വോട്ടർപട്ടികയിൽ കാണാതായ സംഭവവും ഉണ്ടായിരുന്നു.

ENGLISH SUMMARY:Election Reform Bill; Vio­la­tion of fun­da­men­tal rights
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.