23 December 2024, Monday
KSFE Galaxy Chits Banner 2

ഏകാധിപത്യത്തിനുള്ള ശുപാര്‍ശകള്‍

Janayugom Webdesk
March 15, 2024 5:00 am

ലോകത്ത് ഏറ്റവും വിപുലമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടപ്പിലാക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് നാം അഭിമാനിക്കുകയും ചെയ്യുന്നു. ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്യുന്നു എന്നതുകൊണ്ട് മാത്രമല്ല, ഭരണഘടനാപരമായ ഉറപ്പിനാല്‍ സുതാര്യവും നിഷ്പക്ഷവും നീതിപൂര്‍വകവുമാണ് എന്നതിനാല്‍ക്കൂടിയാണ് അങ്ങനെ അറിയപ്പെടുന്നത്. പല ഘട്ടങ്ങളിലും ആശങ്കകളും ആരോപണങ്ങളും വിയോജിപ്പുകളും ഉയര്‍ന്നിരുന്നുവെങ്കിലും നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയ വലിയ പോറലുകളില്ലാതെ മുന്നോട്ടുപോകുകയായിരുന്നു ഇതുവരെ. പക്ഷേ ബിജെപി അധികാരത്തിലെത്തിയതോടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും നിഷ്പക്ഷതയും നിരന്തരം ചോദ്യം ചെയ്യപ്പെടുകയും ഏകപക്ഷീയവും പക്ഷപാതപരവുമായ സമീപനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നുപോലും ഉണ്ടാവുകയും ചെയ്തു. രാജ്യം ക്രമേണ ഏകാധിപത്യത്തിലേക്ക് പോകുന്നുവെന്നും തെരഞ്ഞെടുപ്പ് തന്നെ അപ്രസക്തമാകുന്നുവെന്നുമുള്ള ആശങ്കയും സൃഷ്ടിക്കപ്പെട്ടു. അതിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടമായിരുന്നു ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബിജെപി മുന്നോട്ടുവച്ച ആശയം. നിലവിലുള്ള ജനാധിപത്യ പ്രക്രിയയെ അപ്പാടെ തകിടം മറിക്കുകയും സ്വേച്ഛാ വാഴ്ചയിലേക്ക് രാജ്യത്തെ നയിക്കുന്നതിന് ഇടയാക്കുകയും ചെയ്യുമെന്ന ആശങ്ക ആശയം മുന്നോട്ടുവച്ച ഘട്ടം മുതല്‍ തന്നെ ഉയര്‍ന്നിരുന്നതാണ്. കേന്ദ്ര സര്‍ക്കാരും നിയമ കമ്മിഷനുമൊക്ക ഈ ആശയവുമായി മുന്നോട്ടുപോയപ്പോഴെല്ലാം ഭൂരിപക്ഷം കക്ഷികളും വിദഗ്ധരും ഇതേ ആശങ്ക ഉന്നയിച്ചിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ ബിജെപി തങ്ങളുടെ പിന്തിരിപ്പന്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയി. അടുത്ത മാസങ്ങളില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഈ ആശയം പ്രാവര്‍ത്തികമാക്കുന്നതിനുള്ള ആലോചനകള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും സമവായമുണ്ടാക്കുവാന്‍ സാധിക്കാത്തതിനാല്‍ കാലതാമസം നേരിട്ടു. എങ്കിലും ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിനായുള്ള നടപടികളുടെ ഭാഗമായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി ഒരു സമിതിയെ കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് അവര്‍ നിയോഗിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മിഷൻ ചെയർമാൻ എൻ കെ സിങ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ എന്നിവര്‍ അംഗങ്ങളായിരുന്നതാണ് സമിതി.

 


ഇതുകൂടി വായിക്കൂ; കേരളം പ്രതീക്ഷിക്കുന്നു സുപ്രീം കോടതിയുടെ നീതി


വിവിധ രാഷ്ട്രീയ കക്ഷികള്‍, വിദഗ്ധര്‍ എന്നിവരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചര്‍ച്ചകളും പരിശോധനകളും നടത്തുകയും ചെയ്ത ശേഷം പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരിക്കുന്നു. ഒരേസമയം തെരഞ്ഞെടുപ്പ് എന്ന രീതി പുനഃസ്ഥാപിക്കുന്നതിന് നിയമപരമായി സാധുതയുള്ള സംവിധാനം വികസിപ്പിക്കണമെന്നാണ് ഉന്നതതല സമിതിയുടെ ശുപാർശയെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഇതിനായുള്ള ഭരണഘടനാ ഭേദഗതിയുള്‍പ്പെടെ ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. ലോക്‌സഭ, നിയമസഭ, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനായി ഭരണഘടനയില്‍ അനുച്ഛേദം 324 (എ) കൂട്ടിച്ചേര്‍ക്കാനാണ് ശുപാര്‍ശ. ലോക്‌സഭാ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുകയും അത് പൂർത്തീകരിച്ചശേഷം 100 ദിവസത്തിനകം തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകൾ നടത്തണമെന്നും നിർദേശിച്ചിരിക്കുകയാണ്. ഈ ആശയം ഉയര്‍ന്നപ്പോള്‍തന്നെ ഉന്നയിക്കപ്പെട്ട ആശങ്കകള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതിന് റിപ്പോര്‍ട്ടിലും സാധ്യമായിട്ടില്ല. ഏകാധിപത്യവും സ്വേച്ഛാധിപത്യവും അടിച്ചേല്പിക്കുന്നതിന് മാത്രമേ പുതിയ പ്രക്രിയ സഹായകമാകൂ എന്നാണ് നിര്‍ദേശങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

 


ഇതുകൂടി വായിക്കൂ;  ഇലക്ടറല്‍ ബോണ്ട് മറയ്ക്കാന്‍ പൗരത്വ ഭേദഗതി നിയമം


 

നമ്മുടെ തെരഞ്ഞെടുപ്പുകളുടെ പ്രത്യേകത അത് സമ്മതിദായകരില്‍ കേന്ദ്രീകൃതമാണ് എന്നതാണ്. അഞ്ച് വര്‍ഷത്തേക്ക് സമ്മതിദായകര്‍ വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്ന അംഗങ്ങളെയും അവര്‍ തെരഞ്ഞെടുക്കുന്ന മന്ത്രിസഭയെയും കാലാവധി പൂര്‍ത്തിയാകാതെ പിരിച്ചുവിടുകയെന്ന ഏറ്റവും കടുത്ത ജനാധിപത്യ വിരുദ്ധ പ്രക്രിയയാണ് നിര്‍ദേശം നടപ്പിലായാല്‍ സംഭവിക്കുക. ഇപ്പോള്‍ ഈ ആശയം നടപ്പിലാക്കുകയാണെങ്കില്‍ 2026ല്‍ കാലാവധി തീരേണ്ട, വ്യക്തമായ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന കേരളത്തിലെ സര്‍ക്കാരിനെയും നിയമസഭയെയും പിരിച്ചുവിട്ട് വേണം അതിന് വഴിയൊരുക്കുവാന്‍. ഇതേ സ്ഥിതിയുള്ളവയാണ് മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും. ഇപ്പോഴല്ല, എപ്പോള്‍ ഈ ആശയം നടപ്പിലാക്കുമ്പോഴും ഇതേ സാഹചര്യമാണ് സംജാതമാവുക. അങ്ങനെ വരുമ്പോള്‍ അതാത് സംസ്ഥാനങ്ങളിലെ സമ്മതിദായകരുടെ അവകാശമാണ് ഹനിക്കപ്പെടുന്നത്. ഈ ആശങ്കയ്ക്ക് എന്തെങ്കിലും പോംവഴി നിര്‍ദേശിക്കപ്പെട്ടിട്ടില്ല. എന്നുമാത്രമല്ല ലോക്‌സഭയിലോ നിയമസഭയിലോ ഭൂരിപക്ഷം നഷ്ടപ്പെടുകയാണെങ്കില്‍ അവശേഷിക്കുന്ന കാലയളവിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദേശവുമുണ്ട്. അതുതന്നെ ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശത്തിന്റെ അശാസ്ത്രീയത പ്രകടമാക്കുന്നു. ഇതിലൂടെ കൂറുമാറ്റത്തിന്റെയും കുതിരക്കച്ചവടത്തിന്റെയും സാധ്യത വിപുലമാവുകയാണുണ്ടാവുക. അതിന്റെ നേട്ടവും ബിജെപിക്കായിരിക്കുമെന്ന് സമീപകാല കച്ചവടങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഫലത്തില്‍ ജനാധിപത്യ പ്രക്രിയയെ പൂര്‍ണമായും ഏകകക്ഷി, സ്വേച്ഛാധിപത്യ സംവിധാനത്തിലേക്ക് നിയമപരമായി പ്രതിഷ്ഠിക്കുകയാണ് രാംനാഥ് കോവിന്ദ് സമിതിയുടെ ശുപാര്‍ശ നടപ്പിലാക്കപ്പെടുമ്പോള്‍ സംഭവിക്കുവാന്‍ പോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.