27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 24, 2024
July 23, 2024
July 16, 2024
July 12, 2024
July 11, 2024
July 10, 2024
July 9, 2024
July 8, 2024
June 21, 2024

ഇലക്ടറല്‍ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ കൊള്ള: അഡ്വ. വി ബി ബിനു

Janayugom Webdesk
കോട്ടയം
March 24, 2024 5:18 pm

ഇലക്ടറല്‍ ബോണ്ട് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു പറഞ്ഞു. മുൻ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സിപിഐ കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2010ലാണ് ചന്ദ്രപ്പൻ സംസ്ഥാന സെക്രട്ടറിയാകുന്നത്. അദ്ദേഹം കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ഇടതുപക്ഷത്തിനു നിറവേറ്റാനുള്ള ചരിത്ര ദൗത്യങ്ങളെ അവതരിപ്പിച്ചു. വിശാലമായ വായനയും ആഴമേറിയ മാർക്സിസ്റ്റ് വിശകലന പാടവവും പ്രവർത്തനാനുഭവങ്ങളും ആശയത്തെളിച്ചവും സി കെയുടെ മുതൽക്കൂട്ടായുണ്ടായിരുന്നു. മികച്ച ഒരു പാര്‍ലമെന്റേറിയൻ ആയിരുന്നു സി കെ ചന്ദ്രപ്പൻ. പാര്‍ലമെന്ററി നടപടി ക്രമങ്ങളെക്കുറിച്ച് അപാരമായ അറിവുണ്ടായിരുന്നു സി കെയ്ക്ക്. രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോഴാണ് സികെയുടെ ചരമവാർഷികം ആചരിക്കപ്പെടുന്നത്. ബിജെപിയും സംഘപരിവാറും മതവിദ്വേഷം ആളിക്കത്തിച്ച് സാമുദായിക ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്.ഇതിനെതിരെ, ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്താനുള്ള പോരാട്ടത്തില്‍ സംഘപരിവാറിന് വിലയ്ക്കെടുക്കാനാവാത്ത ജനപ്രതിനിധികളെ ഇന്‍ഡ്യൻ പാര്‍ലമെന്റില്‍ എത്തിക്കുകയെന്ന ചരിത്രപരമായ കടമ ഇടതുപക്ഷത്തിന്റേതാണ്.

അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക് വിലങ്ങിട്ടും അഴിമതിയെ സ്ഥാപനവൽക്കരിച്ചുണ്ടാക്കിയ പണക്കൊഴുപ്പിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചും അധികാരം നിലനിർത്തുവാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. പുറത്തുവന്ന രേഖകള്‍ പ്രകാരം 6100 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ടുവഴി ബിജെപി സമാഹരിച്ചത്. മരുന്ന് കമ്പനികള്‍ വൻതുകകളാണ് ഇലക്ടറല്‍ ബോണ്ടുവഴി നല്‍കിയിട്ടുള്ളത്. ഇൻഡ്യാ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണിത്. ഇലക്ട്രല്‍ ബോണ്ട് അല്ലാതെ ലഭിച്ച സംഭാവനകള്‍ പരിശോധിക്കുമ്പോള്‍ 5000 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചിട്ടുള്ളത്. അതേസമയം പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ 11 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുന്നു. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെയും ഇ ഡിയെ ഉപയോഗപ്പെടുത്തി ബിജെപി അറസ്റ്റ് ചെയ്തു. ഇൻഡ്യ മുന്നണിയിലെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് അറസ്റ്റിലായത്. ഏത് വിധേനയും ഇത്തവണ വിജയിക്കാനാണ് ബിജെപി ശ്രമം. സങ്കീർണമായ ഈ രാഷ്ട്രീയ സാഹചര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ ജനാധിപത്യത്തിന്റെ വിജയത്തിനായി പോരാടുകയെന്നതാണ് സികെയുടെ ഓർമ്മ പുതുക്കുമ്പോൾ നമ്മുടെ ദൗത്യം. സിപിഐ മണ്ഡലം സെക്രട്ടറി ടി സി ബിനോയി അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗണ്‍സിലംഗം അഡ്വ. വി കെ സന്തോഷ് കുമാര്‍, ആര്‍ ശ്രീവാസ്, ടി ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Eng­lish Sum­ma­ry: Elec­toral bond biggest loot coun­try has seen: Adv VB Binu

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.