18 December 2024, Wednesday
KSFE Galaxy Chits Banner 2

തെരഞ്ഞെടുപ്പ് ബോണ്ട്: വസ്തുതകള്‍ തമസ്കരിക്കുന്നു

Janayugom Webdesk
March 8, 2024 5:00 am

രാഷ്ട്രീയപാർട്ടികൾ പണമാക്കിമാറ്റിയ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനുള്ള സമയം ജൂൺ 30 വരെ നീട്ടിനൽകണമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആവശ്യം, കേന്ദ്രഭരണം കയ്യാളുന്ന ബിജെപിയെ അതുമൂലം ഉണ്ടാവുന്ന കടുത്ത അമ്പരപ്പിൽനിന്നും രക്ഷിക്കാൻ ധനമന്ത്രാലയം നടത്തുന്ന കുത്സിതശ്രമത്തിന്റെ ഭാഗമാണ്. 2017ലെ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി, വിവരാവകാശമടക്കം ഭരണഘടനാ മാനദണ്ഡങ്ങൾക്ക് വിരുദ്ധവും ബിജെപിക്ക് വൻതുകകൾ നൽകുന്ന കോർപറേറ്റുകൾക്ക് നിയമവിരുദ്ധമായി ഒത്താശചെയ്യാൻ ലക്ഷ്യംവച്ചുള്ളതുമാണെന്ന് കണ്ടെത്തിയ സുപ്രീം കോടതി, ബോണ്ട് സംബന്ധിച്ച വിശദാംശങ്ങൾ മാർച്ച് ആറിനകം ഇലക്ഷൻ കമ്മിഷന് എസ്ബിഐ കൈമാറണമെന്നും അത് കമ്മിഷന്‍ വെബ്സൈറ്റിൽ മാർച്ച് 13നകം പ്രസിദ്ധീകരിക്കണമെന്നും നിർദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ എസ്ബിഐക്ക് നൽകിയ 20ദിവസ കാലാവധി അവസാനിക്കുന്നതിന് ഒരുദിവസം മുമ്പാണ് പ്രസ്തുത വിവരങ്ങൾ കേന്ദ്രീകൃതമായി ശേഖരിച്ചിട്ടില്ലെന്ന അവിശ്വസനീയമായ വാദവുമായി അവർ കോടതിയെ സമീപിച്ചത്. ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കേണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തെരഞ്ഞെടുപ്പ്ഫലത്തെ സ്വാധീനിച്ചേക്കാവുന്നതും തെരഞ്ഞെടുപ്പ് ബോണ്ടുവഴി ഭരണകക്ഷി നടത്തിയ ഭരണഘടനാവിരുദ്ധ രാഷ്ട്രീയ അട്ടിമറി തുറന്നുകാട്ടുന്നതുമായ വസ്തുതകൾ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് പുറത്തുവരരുതെന്ന ലക്ഷ്യത്തോടെയാണ് ധനമന്ത്രാലയത്തിന്റെ നിർദേശാനുസരണം എസ്ബിഐ നീക്കം. തങ്ങൾക്ക് ലഭ്യമായ 20 ദിവസ കാലാവധിക്കുള്ളിൽ വിശദാംശങ്ങൾ ശേഖരിക്കുന്നതിൽ എന്ത് പുരോഗതി കൈവരിച്ചുവെന്ന് എസ്ബിഐ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് മാത്രമല്ല ബാങ്കിന്റെ അപേക്ഷയിൽ ചെയർമാന്റെയോ മാനേജിങ് ഡയറക്ടറുടെയോ സത്യവാങ്മൂലം ഉൾപ്പെടുത്തിയിട്ടുമില്ല.


ഇതുകൂടി വായിക്കൂ: മോഡി മോഡല്‍ വ്യവസ്ഥാപിത അഴിമതിക്ക് കേന്ദ്ര നീതിപീഠത്തിന്റെ കുരുക്ക്


രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഈ രംഗത്ത് ഏറ്റവും വിപുലവും ഫലപ്രദവുമായ ഡിജിറ്റൈസേഷൻ നടപ്പാക്കിയ ബാങ്കെന്ന് ഊറ്റംകൊള്ളുന്ന സ്ഥാപനമാണ്. 2,60,000 ജീവനക്കാരും ലോകവ്യാപകമായി 22,500 ശാഖകളും ഒരു കേന്ദ്ര ആസ്ഥാനവും 17 പ്രാദേശിക ആസ്ഥാനങ്ങളും 101 മേഖലാ ഓഫിസുകളും 36 രാജ്യങ്ങളിലായി 208 വിദേശ ഓഫിസുകളും ഉള്ള ബൃഹദ്സ്ഥാപനമാണ് എസ്ബിഐ. തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിക്കായി 1.50 കോടിരൂപ ചെലവിൽ വിവരസാങ്കേതിക സംവിധാനം ഒരുക്കിയതായി, 2018ൽ വിരമിച്ച കോമ്മഡോർ ലോകേഷ് ബത്രയ്ക്ക്, ബാങ്ക് ഒരു വിവരാവകാശ അന്വേഷണത്തിന് മറുപടി നൽകിയിരുന്നു. ബോണ്ട് വില്പന, അത് പണമാക്കി മാറ്റൽ എന്നിവയ്ക്ക് പര്യാപ്തമായ ഐടി സംവിധാനം ബാങ്ക് ഒരുക്കിയിരുന്നു എന്നാണ് ഈ മറുപടി വ്യക്തമാക്കുന്നത്. 30 തവണകളായി 22,217 ബോണ്ടുകൾ മാത്രമാണ് ഇതുവരെ വിറ്റഴിച്ചിട്ടുള്ളത്. എസ്ബിഐയുടെ 29 ശാഖകൾ വഴിയാണ് ബോണ്ട് വില്പന തീരുമാനിച്ചിരുന്നതെങ്കിലും 19 ശാഖകൾ വഴിയേ വില്പന നടന്നിട്ടുള്ളു. അതിൽത്തന്നെ 14 ശാഖകൾ വഴിയേ ബോണ്ട് പണമാക്കി മാറ്റിയിട്ടുള്ളൂ. യോഗ്യതയുള്ള 25 രാഷ്ട്രീയപാർട്ടികൾ മാത്രമേ ബോണ്ട് പണമാക്കി മാറ്റാൻ പ്രത്യേക അക്കൗണ്ടുകൾ തുറന്നിട്ടുള്ളു. വസ്തുത ഇതായിരിക്കെ എസ്ബിഐയുടെയും ധനമന്ത്രാലയത്തിന്റെയും ഇപ്പോഴത്തെ നീക്കം തെരഞ്ഞെടുപ്പ് ബോണ്ടുകൾ സംബന്ധിച്ച വിവരം ജനങ്ങളിൽനിന്നും മറച്ചുവയ്ക്കുക എന്നത് മാത്രമാണ്. മേയ് മൂന്നാം വാരത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി പുതിയ സർക്കാരിന് അധികാരത്തിലേറാൻ വഴിയൊരുങ്ങും. അതുവരെ തെരഞ്ഞെടുപ്പ് ബോണ്ട് വഴി നടന്ന ഭരണഘടനാ മാനദണ്ഡ ലംഘനങ്ങളുടെയും അധികാര ദുർവിനിയോഗത്തിന്റെയും ചങ്ങാത്ത മുതലാളിത്ത ദുഷ്ചെയ്തികളുടെയും അമ്പരപ്പിക്കുന്ന കഥകൾ പുറത്തുവരുന്നത് തടയാനാണ് ബിജെപിയും മോഡി സർക്കാരും ശ്രമിക്കുന്നത്.


ഇതുകൂടി വായിക്കൂ: തെറ്റ് തിരുത്തുന്ന സുപ്രീം കോടതി വിധി


ഫെബ്രുവരി 15ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തെരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തിൽ പുറപ്പെടുവിച്ച നിർണായക വിധിന്യായത്തെ അട്ടിമറിക്കാനാണ് എസ്ബിഐയും ധനമന്ത്രാലയവും മോഡിസർക്കാരും ഒരുമ്പെട്ടിറങ്ങിയിട്ടുള്ളത്. അത് ഭരണഘടനയ്ക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കും രാജ്യത്തിന്റെ ജനാധിപത്യത്തിനുതന്നെയും എതിരെ ബിജെപിയും സംഘ്പരിവാറും മോഡിസർക്കാരും തുടർന്നുവരുന്ന കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ ഘട്ടമാണ്. പ്രകടമായും കോടതി അലക്ഷ്യമാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രീം കോടതിയെ സമീപിച്ച അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), കോമൺ കോസ് എന്നീ സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തിൽ സുപ്രീം കോടതി ഭരണഘടനയും ജനാധിപത്യ ധർമ്മനീതിയും ഉയർത്തിപ്പിടിക്കുമെന്നാണ് രാജ്യവും ജനങ്ങളും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.