27 December 2024, Friday
KSFE Galaxy Chits Banner 2

Related news

April 24, 2024
April 17, 2024
April 15, 2024
April 2, 2024
March 21, 2024
March 21, 2024
March 19, 2024
March 18, 2024
March 17, 2024
March 17, 2024

അഴിമതിയുടെ അരിയിട്ട് വാഴ്ചയ്ക്കേറ്റ ആഘാതം

പി ദേവദാസ്
February 17, 2024 4:15 am

നിയമ നിർമ്മാണസംവിധാനത്തെ പൂർണമായും ഇരുട്ടിൽ നിർത്തിയും റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള സാമ്പത്തിക ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയും രാജ്യത്ത് നടപ്പിലാക്കിയതായിരുന്നു ഇലക്ടറൽ ബോണ്ട്. സുതാര്യത, സത്യസന്ധത എന്നിവ ചവറ്റുകുട്ടയിലെറിയപ്പെടുകയും കള്ളപ്പണം വെളുപ്പിക്കുവാൻ വഴി തുറക്കപ്പെടുകയും ചെയ്യുന്നതാണ് ഇതെന്ന് തുടക്കം മുതൽ ആക്ഷേപമുയർന്നിരുന്നു. അതെല്ലാം ശരിയായിരുന്നുവെന്നാണ് ഇലക്ടറൽ ബോണ്ട് സംബന്ധിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.
2017ൽ രാജ്യസഭയിൽ പാസാക്കിയെടുക്കാൻ സാധിക്കില്ലെന്ന ഭീതി കാരണം മണി ബില്ലായി ലോക്‌സഭയിലൂടെയാണ് ഇലക്ടറൽ ബോണ്ടിന് ബിജെപി പ്രാബല്യം നേടിയെടുത്തത്. 2018ൽ കേന്ദ്ര സർക്കാർ വിജ്ഞാപനത്തിലൂടെ ഇലക്ടറൽ ബോണ്ട് സംവിധാനം നടപ്പിലാക്കുകയും ചെയ്തു.

ഒരു പ്രോമിസറി (വാഗ്ദാനം) നോട്ടിന്റെ രൂപത്തിൽ നിശ്ചിത ബാങ്കുകളിൽനിന്ന് വാങ്ങാവുന്നതാണ് ഇത്. എസ്ബിഐയെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഒരു ഇന്ത്യൻ പൗരനോ അല്ലെങ്കിൽ രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിനോ നിശ്ചിത തുകയ്ക്കുള്ള പ്രോമിസറി നോട്ട് വാങ്ങാൻ അർഹതയുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിശ്ചിത ശാഖകളിൽ നിന്ന് 1,000 രൂപയുടെ ഗുണിതങ്ങളിൽ ബോണ്ടുകൾ വാങ്ങാം. ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ 10 ദിവസം വീതം ബോണ്ടുകൾ ലഭ്യമാണ്. ഈ കാലയളവ് കേന്ദ്രസർക്കാരാണ് നിശ്ചയിച്ചത്. ഇതിന് പുറമേ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകളിൽ പ്രത്യേകമായും ബോണ്ട് വില്പനയ്ക്ക് അവസരമൊരുക്കി.
1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം രജിസ്റ്റർ ചെയ്യുകയും ഒരു ശതമാനം വോട്ട് നേടുകയും ചെയ്ത രാഷ്ട്രീയപാർട്ടികൾക്ക് ബോണ്ട് മുഖേന സംഭാവന സ്വീകരിക്കാവുന്നതാണെന്നും വ്യവസ്ഥ ചെയ്തു. ബോണ്ടുകൾ സ്വന്തം അക്കൗണ്ട് വഴിയാണ് പാർട്ടികൾ മാറിയെടുക്കേണ്ടത്.


ഇതുകൂടി വായിക്കൂ:മോഡി സര്‍ക്കാരിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന വിധി


നിലവിലെ ഫണ്ട് സമാഹരണരീതിയുടെ ഉറവിടങ്ങൾ അജ്ഞാതവും മറ്റു പേരുകളിലുള്ളതുമാണെന്നും പണത്തിന്റെ തോത് വെളിപ്പെടുത്തുന്നതല്ലെന്നും അതുകൊണ്ടാണ് ഇലക്ടറൽ ബോണ്ട് സംവിധാനം ആവിഷ്കരിച്ചതെന്നുമാണ് 2018ൽ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലി വിശദീകരിച്ചത്. നിലവിലുള്ള സംവിധാനത്തിൽ അജ്ഞാത സ്രോതസുകളിൽ നിന്നുള്ള വഴിവിട്ട പണം സ്വീകരിക്കുന്നതിന് അവസരം നൽകുന്നുവെന്നും അത് ഇല്ലാതാക്കുകയും പാർട്ടികൾക്കുള്ള തെരഞ്ഞെടുപ്പ് ഫണ്ടിങ് പൂർണമായും ബാങ്കിങ് സംവിധാനത്തിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇലക്ടറൽ ബോണ്ട് സംവിധാനം നടപ്പാക്കിയപ്പോൾ കടക വിരുദ്ധമായാണ് സംഭവിച്ചത്. ബോണ്ട് വാങ്ങുന്നവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന ഉപാധി കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള എളുപ്പവഴിയായാണ് പരിണമിച്ചത്. വ്യക്തികളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമായും ഈ സംവിധാനം മാറി. പ്രധാനപ്പെട്ടത് സമ്മതിദായകന്റെ (പൗരന്റെ) അറിയാനുള്ള അവകാശത്തെ അത് ഇല്ലാതാക്കി. രാഷ്ട്രീയ പാർട്ടികൾ ആരിൽ നിന്ന് പണം സ്വീകരിക്കുന്നുവെന്ന് അറിയാനുള്ള വ്യവസ്ഥയാണ് ഇവിടെ ലംഘിക്കപ്പെട്ടത്. കൂടാതെ അജ്ഞാതവും സുതാര്യമല്ലാത്തതുമായതിനാൽ അഴിമതി പ്രോത്സാഹിപ്പിക്കപ്പെടുമെന്ന രീതിയിലും ഇത് ചോദ്യം ചെയ്യപ്പെട്ടു. ഈ രീതി നടപ്പിലാക്കപ്പെട്ടതിനുശേഷം പുറത്തുവന്ന എല്ലാ കണക്കുകളും അഴിമതിയുമായുള്ള ബന്ധമാണ് വെളിപ്പെടുത്തുന്നത്. രാജ്യത്ത് ഭരണത്തിലിരിക്കുന്ന പാർട്ടിക്കാണ് ഏറ്റവും ഭീമമായ തുകയ്ക്കുള്ള ബോണ്ടുകൾ ലഭിച്ചിട്ടുള്ളത് എന്നത് തന്നെ ഉദാഹരണമായി മനുഷ്യാവകാശ പ്രവർത്തകനും മുതിർന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടുന്നു. ഇതുവരെയുള്ള എല്ലാ കണക്കുകൾ പരിശോധിച്ചാലും അക്കാര്യം വ്യക്തമാകും.

സുപ്രീം കോടതിയുടെ സുപ്രധാന വിധിയുണ്ടായ ദിവസം വിവരാവകാശ രേഖപ്രകാരം പുറത്തുവന്ന കണക്കുകൾ പ്രകാരം 2018ൽ പദ്ധതി നിലവിൽ വന്നതിനുശേഷം കഴിഞ്ഞ സാമ്പത്തിക വർഷം വരെ 16,518 കോടിയുടെ ഇലക്ടറൽ ബോണ്ടുകളാണ് വിറ്റഴിച്ചത്. 2023–24ന്റെ കണക്ക് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്ത് വിട്ടിട്ടില്ല. 29 തവണയാണ് ഇതുവരെ ബോണ്ട് വില്പന നടന്നത്. ഇതിൽ 6,565 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. രണ്ടാമതുള്ള കോൺഗ്രസ് പാർട്ടിക്ക് 1,123 കോടി രൂപ ലഭിച്ചതായി അവർ തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം ഇതുവരെയുള്ള കണക്കനുസരിച്ച് ആകെ ബോണ്ടിന്റെ 57 ശതമാനം വരുന്ന 9,200 കോടിയും ബിജെപിക്കും 10 ശതമാനം കോൺഗ്രസിനും ലഭിച്ചുവെന്ന് മാധ്യമ വിശകലനത്തിൽ പറയുന്നുണ്ട്. നോട്ടുനിരോധനത്തിലൂടെ വലിയ തോതിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെയും മോഡി അധികാരത്തിലെത്തിയപ്പോൾ ലഭിച്ച വഴിവിട്ട ആനുകൂല്യങ്ങളുടെ പ്രത്യുപകാരവും ഇലക്ടറൽ ബോണ്ടുകളായി ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒഴുകിയെന്നാണ് ഈ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.കോർപറേറ്റുകൾക്ക് തങ്ങളുടെ ഇഷ്ടപാർട്ടികൾക്ക് വാരിക്കോരി സംഭാവന നൽകുന്നതിന് കമ്പനി നിയമത്തിലും ആദായനികുതി നിയമത്തിലും ജനപ്രാതിനിധ്യ നിയമത്തിലും ഭേദഗതി വരുത്തിയിരുന്നു. നേരത്തെ കോർപറേറ്റുകൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ അറ്റാദായത്തിന്റെ ഏഴര ശതമാനം വരെ ഒരു രാഷ്ട്രീയ പാർട്ടിക്ക് സംഭാവന ചെയ്യാമെന്നായിരുന്നു കമ്പനി നിയമത്തിലെ 182-ാം വകുപ്പ് വ്യവസ്ഥ ചെയ്തിരുന്നത്. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും പ്രവർത്തിച്ചിരുന്നവയ്ക്കാണ് ഈ സൗകര്യമുണ്ടായിരുന്നത്. ഏതുപാർട്ടിക്ക് സംഭാവന ചെയ്യുന്നു, എത്ര തുക എന്നിവയും പേരും വെളിപ്പെടുത്തുകയും വേണം. രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് ഘട്ടത്തിലും അല്ലാതെയും ലഭിക്കുന്ന സംഭാവനകളിൽ സുതാര്യത ഉറപ്പാക്കുന്ന ഈ വ്യവസ്ഥകളാണ് കമ്പനി നിയമത്തിൽ ഭേദഗതി വരുത്തിയത്. പകരം ഒരു മാനദണ്ഡവുമില്ലാതെ എത്ര തുക, ആർക്ക് എന്ന് വ്യക്തമാക്കാതെ സംഭാവന നൽകുന്നതിന് ഇലക്ടറൽ ബോണ്ട് സംവിധാനത്തിലൂടെ അവസരമൊരുക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ:‘തെക്ക്-വടക്ക്’ ആഖ്യാനം ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രം


ഇങ്ങനെ അധികാരത്തിലെത്തുന്ന ഘട്ടത്തിൽ സാമ്പത്തിക അരാജകത്വവും കള്ളപ്പണനിക്ഷേപവും ഇല്ലാതാക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് അവകാശപ്പെട്ട ബിജെപി അതിനെല്ലാം നിയമപരമായ സാധുത നൽകുകയും ഇലക്ടറൽ ബോണ്ടുകളും സംഭാവനകളുമെന്ന പേരിൽ വഴിവിട്ട സമ്പത്ത് വാരിക്കൂട്ടുകയുമാണ് ചെയ്തത്.
ജനാധിപത്യത്തെ പണാധിപത്യത്തിന് അടിപ്പെടുത്തുന്ന, അഴിമതിയുടെ അരിയിട്ട് വാഴ്ചയ്ക്കാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധിയിലൂടെ തടയിടപ്പെട്ടിരിക്കുന്നത്. ഇനി ലോക്‌സഭാ സമ്മേളനം നടക്കില്ലെന്നതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ഇലക്ടറൽ ബോണ്ടുകളിലൂടെ ബിജെപിക്ക് ധനസമാഹരണം സാധ്യമല്ലെന്നത് ആശ്വാസമാണ്. പക്ഷേ നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമനം ഉൾപ്പെടെ സുപ്രീം കോടതി വിധിയെ നിയമനിർമ്മാണത്തിലൂടെ മറികടന്ന സമീപകാല അനുഭവം നമ്മുടെ മുന്നിൽ നിൽക്കുകയാണ്. അതുകൊണ്ട് ഇനിയും അധികാരത്തിലെത്തിയാൽ പുതിയ നിയമനിർമ്മാണത്തിലൂടെ ഇലക്ടറൽ ബോണ്ട് സംവിധാനത്തിന് നിയമസാധുത നൽകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.