5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 3, 2024
October 24, 2024
October 23, 2024
October 22, 2024
October 17, 2024
October 17, 2024
October 14, 2024
September 29, 2024
September 29, 2024
September 26, 2024

ജനങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സുപ്രീം കോടതി വിധി

Janayugom Webdesk
November 3, 2023 5:00 am

തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച കേസിൽ വാദം പൂർത്തിയാക്കി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേതൃത്വം നൽകുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയാനായി മാറ്റി. ബോണ്ടുകൾ വഴി രാഷ്ട്രീയപാർട്ടികൾക്ക് ലഭിച്ച പണത്തിന്റെ കണക്കുകൾ 2019 ഏപ്രിൽ 12ന്റെ ഉത്തരവുപ്രകാരം പുതുക്കി സമർപ്പിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി അതുസംബന്ധിച്ച സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ മുദ്രവച്ച കവറിൽ രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ നിർദേശിച്ചു. ബോണ്ടുകൾ വാങ്ങുന്നവരെ സംബന്ധിച്ച രഹസ്യാത്മക സ്വഭാവം പ്രതിപക്ഷത്തിന് സംഭാവന നൽകുന്നവർ ആരെന്ന് ഭരണകക്ഷിക്ക് തിരിച്ചറിയുക എളുപ്പമാക്കുമെന്ന് കോടതി നിരീക്ഷിച്ചു. (ബോണ്ടുകളുടെ രഹസ്യസ്വഭാവം പ്രതിപക്ഷത്തിന് മാത്രം ബാധകമായ വ്യവസ്ഥയാണെന്ന് ചുരുക്കം.) രാഷ്ട്രീയ സംഭാവനകൾ വെള്ളപ്പണത്തിൽ മാത്രമാക്കാൻ ലക്ഷ്യംവച്ചുള്ള പദ്ധതി ഫലത്തിൽ ‘വിവര തമോഗർത്ത’മാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. രാഷ്ട്രീയപാർട്ടികളുടെ ഫണ്ട് സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശമില്ലെന്നും, സംഭാവനയുടെ രഹസ്യ സ്വഭാവം അത് നല്കുന്നവർക്കെതിരെയുള്ള പ്രതികാരനടപടികൾ തടയാൻ വേണ്ടിയുള്ളതാണെന്നും സർക്കാർ വാദിച്ചു. കണക്കിൽപ്പെടാത്തപണം രാഷ്ട്രീയ സംഭാവനയായി നൽകുന്നത് തടയാൻ മുമ്പ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടത് അതുനൽകുന്നവർ അജ്ഞാതരായിരിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണെന്നായിരുന്നു സർക്കാർ നിലപാട്. ഈ വാദമുഖങ്ങളുടെ അടിസ്ഥാനത്തിൽ വേണം പ്രശ്നം വിശകലനം ചെയ്യപ്പെടാൻ. 2016ലും 2017ലും ലോക്‌സഭ ധനബില്ലുകൾ വഴി പാസാക്കിയ നാല് ഭേദഗതികളിലൂടെയാണ് തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി നിലവിൽ വന്നത്.

1951ലെ ജനപ്രാതിനിധ്യ നിയമം, 2013ലെ കമ്പനി നിയമം, 1961ലെ ആദായനികുതി നിയമം, 2010ലെ വിദേശ സംഭാവന ക്രമപ്പെടുത്തൽ നിയമം എന്നിവയാണ് ഭേദഗതി ചെയ്യപ്പെട്ടത്. രാജ്യസഭയുടെ നിരീക്ഷണം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി സർക്കാർ ധനബില്ലിന്റെ വഴി തേടിയത്. ബില്ലിന്റെ പകർപ്പുകൾ പ്രതിപക്ഷത്തിന് നൽകാതെ നടത്തിയ കൂടിയാലോചനയിൽത്തന്നെ സിപിഐ, കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷപാർട്ടികൾ നീക്കത്തെ എതിർത്തിരുന്നു. റിസർവ് ബാങ്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ബില്ലിനെ ശക്തമായി എതിർത്തു. അവയെല്ലാം അവഗണിച്ചാണ് ഭരണകക്ഷി മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് ബിൽ നിയമമാക്കിയത്. അത് അക്ഷരാർത്ഥത്തിൽ തെരഞ്ഞെടുപ്പ് ജനാധിപത്യമെന്ന ആശയത്തെ അസ്ഥിരപ്പെടുത്തി ഭരണകക്ഷിക്ക് അനുകൂലമായി തെരഞ്ഞെടുപ്പിനെ അസമ മത്സരവേദിയാക്കി മാറ്റി. രാജ്യത്തിനകത്തും പുറത്തുമുള്ള വൻകിട കോര്‍പറേറ്റുകൾക്കും അതിസമ്പന്ന നിക്ഷിപ്ത താല്പര്യങ്ങൾക്കും സ്വാർത്ഥനേട്ടങ്ങൾക്കുവേണ്ടി ഭരണകക്ഷിയുമായി വിലപേശാനും അവിഹിതവും നിയമവിരുദ്ധവുമായ നേട്ടങ്ങൾ ഉറപ്പുവരുത്താനുമുള്ള ഉപകരണമായി. ഇന്ത്യയിലുള്ള തങ്ങളുടെ അനുബന്ധ കമ്പനികൾവഴി രാജ്യത്തിന്റെ തെരഞ്ഞെടുപ്പുപ്രക്രിയയിൽ ഇടപെടാനുള്ള അവസരമാണ് അതുവഴി വിദേശ കോർപറേറ്റുകൾക്ക് തുറന്നുകിട്ടിയത്. ലഭ്യമായ കണക്കുകൾ എല്ലാം വ്യക്തമാക്കുന്നത് തെരഞ്ഞെടുപ്പ് ബോണ്ടിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഭരണകക്ഷിയാണ് എന്നാണ്. അഴിമതിയെയും കള്ളപ്പണത്തെയും സ്വജനപക്ഷപാതത്തെയും നിയമവിധേയമാക്കിയ പദ്ധതി ഫലത്തിൽ ജനാധിപത്യത്തിൽ അനിവാര്യമായ രാഷ്ട്രീയപാർട്ടികൾക്കിടയിലുള്ള തുല്യതയെ അപ്പാടെ അട്ടിമറിച്ചു.


ഇതുകൂടി വായിക്കൂ: ദേശീയ വിഭവ വിതരണവും ജനപ്രാതിനിധ്യവും ചര്‍ച്ചയാവണം


ജനാധിപത്യമൂല്യങ്ങൾക്കും ഭരണഘടനാ തത്വങ്ങൾക്കും സാമാന്യനീതിക്കുപോലും പുല്ലുവില കല്പിക്കാത്ത ബിജെപിക്കും മോഡിഭരണത്തിനും എതിരായ രാജ്യത്തെ ജനാധിപത്യവിശ്വാസികൾക്കും പ്രതിപക്ഷത്തിനും, മറ്റൊരു തെരഞ്ഞെടുപ്പൊഴികെ, നിയമാനുസൃതമുള്ള അവസാനത്തെ പ്രതീക്ഷയാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തിൽ കൈക്കൊള്ളുന്ന തീർപ്പ്. അതിനുമാത്രമേ അറിയാനുള്ള അവകാശമടക്കം പൗരാവകാശങ്ങൾ പുനഃസ്ഥാപിക്കാനാകൂ. തങ്ങൾ വോട്ടുരേഖപ്പെടുത്തുന്നതും ഭരിക്കാനുള്ള ചുമതല ഏല്പിക്കുന്നതുമായ രാഷ്ട്രീയപാർട്ടികൾ ആരുടെ ഏതുതരത്തിലുള്ള പണംകൊണ്ടാണ് തെരഞ്ഞെടുപ്പ് മത്സരത്തിൽ ഏർപ്പെടുന്നതെന്നും അധികാരം കൈയാളുന്നതെന്നും അറിയാനുള്ള അവകാശം നിയമത്തെക്കാളുപരി സ്വാഭാവികനീതിയുടെ പ്രശ്നമാണ്. ആ അറിവാണ് ഭരണകൂടം ആർക്കൊപ്പമാണെന്നും ആരുടെ താല്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നും നിർണയിക്കാനുള്ള മാർഗം. ജനാധിപത്യത്തിൽ അനിവാര്യവും അത്യന്താപേക്ഷിതവുമായ ആ അവകാശമാണ് മോഡിഭരണകൂടം ജനങ്ങൾക്ക് നിഷേധിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ ജനങ്ങൾ ആകാംക്ഷയോടെയും ഉത്ക്കണ്ഠയോടെയും ഉറ്റുനോക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.