27 July 2024, Saturday
KSFE Galaxy Chits Banner 2

വൈദ്യുതോപയോഗം കുതിച്ചുയരുന്നു; പ്രതിദിന ഉപയോഗം 87.3269 ദശലക്ഷം യൂണിറ്റിൽ

എവിൻ പോൾ
തൊടുപുഴ
March 13, 2022 10:00 pm

താപനില ഉയരുന്നതിന്റെ ഫലമായി കേരളം വെന്തുരുകുമ്പോൾ പ്രതിദിന വൈദ്യുതോപയോഗത്തിലും സംസ്ഥാനത്ത് റെക്കോർഡ് കുതിപ്പ്. കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് സംസ്ഥാനത്ത് ഉപയോഗിച്ച ശരാശരി വൈദ്യുതി 921 ദശലക്ഷം യൂണിറ്റിന് മുകളിലാണ്.
സംസ്ഥാനത്ത് ഇന്നലെ പ്രതിദിന വൈദ്യുതോപയോഗം 87.3269 ദശലക്ഷം യൂണിറ്റ് പിന്നിട്ടതോടെ ഈ വർഷത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ രേഖപ്പെടുത്തിയ സർവ്വകാല റെക്കോർഡായ 88.417 ദശലക്ഷം യൂണിറ്റിന് തൊട്ടരികിലെത്തിയതോടെ വരും ദിനങ്ങളിൽ തന്നെ ഈ റെക്കോർഡും തിരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് താപനില ഉയരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ച 87.3269 ദശലക്ഷം യൂണിറ്റ് വൈദ്യുതിയിൽ 59.3974 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറമെ നിന്ന് എത്തിക്കേണ്ടതായി വന്നു. ആഭ്യന്തര വൈദ്യുതോൽപ്പാദനം ഇന്നലെ 27.9295 ദശലക്ഷം യൂണിറ്റ് ആയി ഉയരുകയും ചെയ്തു. ഇടുക്കി പദ്ധതിയിൽ നിന്ന് ശരാശരി 11.7348 ദശലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിച്ചിരുന്ന വൈദ്യുതി ഇന്നലെ 14.59 ദശലക്ഷം യൂണിറ്റായി ഉയർത്തേണ്ടതായി വന്നു. മൂലമറ്റം വൈദ്യുത നിലയത്തിലെ 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറു ജനറേറ്ററുകളിൽ മുഴുവനും പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാനത്ത് ജല വൈദ്യുതി പദ്ധതികളുള്ള ജലാശയങ്ങളിലെ ആകെ ജലശേഖരം 61 ശതമാനമായി താഴ്ന്നു. നിലവിൽ 2512.938 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ ജലമാണ് ജലാശയങ്ങളിൽ അവശേഷിക്കുന്നത്. കഴ‍ിഞ്ഞ വർഷം ഇതേ സമയത്ത് ജലാശയങ്ങളിലാകെ ഉണ്ടായിരുന്നതിനേക്കാൾ 82.154 ദശലക്ഷം യൂണിറ്റിനുള്ള അധിക ജലം ഇത്തവണയുണ്ട്. ഇടുക്കി ഡാമിൽ 64 ശതമാനം, പമ്പയിൽ 60, ഷോലയാർ 55, ഇടമലയാർ 58, കുണ്ടള 91, മാട്ടുപ്പെട്ടി 60, കുറ്റ്യാടി 66, ആനയിറങ്കൽ 96, പൊന്മുടി 21, നേര്യമംഗലം 40 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജലാശയങ്ങളിലെ ജലനിരപ്പ്.

Eng­lish sum­ma­ry; Elec­tric­i­ty con­sump­tion is also on the rise; Dai­ly con­sump­tion at 87.3269 mil­lion units

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.