3 May 2024, Friday

Related news

April 12, 2024
February 16, 2024
February 7, 2024
February 4, 2024
April 6, 2023
January 9, 2023
January 9, 2023
August 14, 2022
March 8, 2022

ഇവിഎം ഇവിഎസായി സംശയങ്ങള്‍ ഇപ്പോഴും ബാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
February 4, 2024 10:32 pm

ലോക്‌സഭ തെരഞ്ഞടുപ്പ് അടുത്തിരിക്കെ ഇലക്ട്രോണിക്സ് വോട്ടിങ് മെഷിനുമായി (ഇവിഎം) ബന്ധപ്പെട്ട സംശയങ്ങള്‍ വീണ്ടും സജീവമാകുന്നു. വിവിധ വിഷയങ്ങളില്‍ നിലനിന്നിരുന്ന സംശയങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടുത്തിടെ വിശദീകരണം നല്‍കിയെങ്കിലും കൃത്രിമം നടത്താന്‍ സാധിക്കുമെന്ന ആരോപണത്തില്‍ സാങ്കേതിക വിദഗ്ധര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ഏറെക്കാലമായി ഉന്നയിച്ചിരുന്ന ഏതാനും ചില ചോദ്യങ്ങള്‍ക്ക് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റില്‍ ഉത്തരം നല്‍കിയിട്ടുണ്ട്.

ബാലറ്റ് യൂണിറ്റ്, വിവിപാറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയിലെ സിഗ്നല്‍ പ്രവാഹത്തെക്കുറിച്ച് ഉള്‍പ്പെടെ ഇതില്‍ വിശദീകരിക്കുന്നു. ആദ്യഘട്ടത്തിലെ ഇവിഎം സംവിധാനം വോട്ടിങ് മെഷിനെ മാത്രമാണ് ആശ്രയിച്ചിരുന്നത്. തുടര്‍ന്ന് വന്ന വിവിപാറ്റിലൂടെ ഇലക്ട്രോണിക്സ് വോട്ടിങ് സംവിധാനമായി എന്ന തലത്തിലേക്ക് ഇവിഎം മാറാന്‍ കാരണമായി. ഇവിഎമ്മിലൂടെയുള്ള വോട്ടിങ്ങിന്റെ കൃത്യത അളക്കുന്നതിനായാണ് വിവിപാറ്റ് കൊണ്ടുവന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ വോട്ടിങ് യന്ത്രത്തില്‍ പുറത്ത് നിന്നുള്ള ഇടപെടലിന് സാധ്യത ഏറിയെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു.

നേരത്തെ മുന്‍ ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍ ഇതേ വിഷയത്തില്‍ സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു തവണ മാത്രം പ്രോഗ്രാം ചെയ്യാന്‍ കഴിയുന്ന മെമ്മറിയാണ് ഉപയോഗിക്കുന്നതെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം സാങ്കേതിക വിദഗ്ധര്‍ ഇപ്പോഴും തള്ളുന്നു. മെഷിനിലെ കൃത്രിമം തടയാന്‍ വിവിപാറ്റ് അച്ചടിയില്‍ സുതാര്യതയും മികച്ച പേപ്പര്‍— മഷി സംവിധാനവും ഏര്‍പ്പെടുത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വിവിപാറ്റ് കോപ്പികളും ബാര്‍കോഡും സുക്ഷിച്ച് വെയ്ക്കുന്നത് കൃത്രിമം തടായന്‍ ഒരളവ് വരെ സഹായിക്കുമെന്ന് തെരഞ്ഞടുപ്പ് വിദഗ്ധനായ ജഗ്ദീപ് എസ് ചോക്കര്‍ പറഞ്ഞു.

ഇലക്ട്രോണിക്സ് വോട്ടിങ് മെഷിനില്‍ ബിജെപി തിരിമറി നടത്തിയെന്ന് വ്യാപകമായി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്നാണ് വിവിപാറ്റ് അടക്കമുള്ള കൂടുതല്‍ സൗകര്യങ്ങള്‍ വോട്ടിങ് മെഷിനുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയത്. ഇത്രയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും തിരിമറിയും കൃത്രിമവും സാധിക്കുമെന്ന വിദഗ്ധരുടെ വാദം രാജ്യത്തെ തെരഞ്ഞടുപ്പ് സംവിധാനം ഇപ്പോഴും നിഷ്പക്ഷമല്ല എന്ന വാദത്തെ സാധൂകരിക്കുന്നതാണെന്നും ജഗ്ദീപ് എസ് ചോക്കര്‍ അഭിപ്രായപ്പെട്ടു.

ഇവിഎം സിഗ്നല്‍ പ്രവാഹം

ഏത് സ്ഥാനത്ത് കണക്ട് ചെയ്താലും കണ്‍ട്രോള്‍ യൂണിറ്റായിരിക്കും മാസ്റ്ററായി പ്രവര്‍ത്തിക്കുക. ബാലറ്റ് യൂണിറ്റ്(ബിയു), വിവിപാറ്റ് എന്നിവ പ്രോഗ്രാം അനുസരിച്ച് പ്രവർത്തിക്കാൻ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും കമാന്‍ഡുകള്‍ സ്വീകരിക്കുന്നു. ബിയു, വിവിപാറ്റ് എന്നിവ പരസ്പരം ആശയവിനിമയം നടത്തുന്നില്ല. ഒരു വോട്ടര്‍ ബട്ടൺ അമർത്തുമ്പോൾ, ബിയു ബട്ടൺ നമ്പർ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് അയക്കുന്നു. ബന്ധപ്പെട്ട ബട്ടൺ നമ്പറിന്റെ സ്ലിപ്പ് പ്രിന്റ് ചെയ്യാൻ കണ്‍ട്രോള്‍ യൂണിറ്റ് വിവിപാറ്റുമായി ആശയവിനിമയം നടത്തുന്നു. അച്ചടിച്ച വിവിപാറ്റ് സ്ലിപ്പ് അച്ചടിച്ച് മുറിച്ചതിന് ശേഷം മാത്രമേ സിയു വോട്ട് രജിസ്റ്റർ ചെയ്യുകയുള്ളൂവെന്നും തെര‍ഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റില്‍ വിശദീകരിച്ചു.

Eng­lish Sum­ma­ry: Elec­tron­ic vot­ing machine
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.