5 May 2024, Sunday

Related news

April 12, 2024
February 16, 2024
February 7, 2024
February 4, 2024
April 6, 2023
January 9, 2023
January 9, 2023
August 14, 2022
March 8, 2022

ഇവിഎം ഉപേക്ഷിച്ച് ബംഗ്ലാദേശ് ; അടുത്ത തെരഞ്ഞെടുപ്പ് ബാലറ്റില്‍

Janayugom Webdesk
ധാക്ക
April 6, 2023 11:00 pm

ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ (ഇവിഎം) വേണ്ടെന്ന് വച്ചു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇവിഎം ഉപയോഗിക്കേണ്ടതില്ലെന്ന സുപ്രധാന തീരുമാനം ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷനാണ് കൈക്കൊണ്ടത്. സാമ്പത്തിക കാരണങ്ങളാണ് കമ്മിഷന്‍ വിശദീകരിക്കുന്നതെങ്കിലും രാജ്യത്തെ പ്രമുഖ പാര്‍ട്ടികളെല്ലാം ഇവിഎമ്മിന് എതിരായിരുന്നു. മൂന്നിന് ചേര്‍ന്ന കമ്മിഷന്‍ യോഗമാണ് തീരുമാനം കൈക്കൊണ്ടതെന്ന് സെക്രട്ടറി ജഹാംഗിര്‍ ആലം വെളിപ്പെടുത്തിയതായി ഡെയിലി സ്റ്റാര്‍ പത്രത്തെ ഉദ്ധരിച്ച് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

150 മണ്ഡലങ്ങളില്‍ ഇവിഎം ഉപയോഗിക്കണമെന്നായിരുന്നു നേരത്തെ കമ്മിഷന്‍ തീരുമാനിച്ചിരുന്നത്. പുതിയവ വാങ്ങുന്നതിനും നിലവിലുള്ളത് അറ്റകുറ്റപ്പണി ചെയ്യുന്നതിനും പണം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ജഹാംഗിര്‍ പറഞ്ഞു. 1.1 ലക്ഷം ഇവിഎമ്മുകള്‍ നന്നാക്കുന്നതിന് മാത്രം 1260 കോടി രൂപ വേണ്ടിവരുമെന്നാണ് നല്കിയിരുന്ന കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയവ വാങ്ങണമെങ്കില്‍ 8,000 കോടി രൂപ ആവശ്യമാണ്. ഈ തുക ഇപ്പോള്‍ കമ്മിഷന് ലഭ്യമല്ലെന്നും ഇതെല്ലാം പരിഗണിച്ചാണ് വേണ്ടെന്ന് വച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിഎം വോട്ടെടുപ്പ് വേണ്ടെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളല്ല, തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടത്തേണ്ടതെന്ന് കമ്മിഷനാണ് തീരുമാനിക്കുയെന്ന് കഴിഞ്ഞ ഓഗസ്റ്റ് 24ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മിഷണര്‍ കാസി ഹബീബുല്‍ ആവല്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിരന്തര ആവശ്യമാണ് തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമാണ്.

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവ ഉള്‍പ്പെടെ 19 പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിഎം ഒഴിവാക്കണമെന്ന ആവശ്യക്കാരായിരുന്നു. കമ്മിഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലും അല്ലാതെയും പ്രമുഖ പാര്‍ട്ടികള്‍ ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തു. പ്രമുഖ സാമൂഹ്യ സംഘടനകളും വ്യക്തികളും ഇവിഎമ്മിന്റെ സുതാര്യതക്കുറവും ക്രമക്കേട് സാധ്യതകളും ചൂണ്ടിക്കാട്ടി രംഗത്തു വരികയും ചെയ്തിരുന്നു. ഡിസംബറിലോ അടുത്ത വര്‍ഷം ജനുവരിയിലോ ആണ് രാജ്യത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഈ തെരഞ്ഞെടുപ്പില്‍ 300 മണ്ഡലങ്ങളിലും പേപ്പര്‍ ബാലറ്റുകളും പെട്ടികളും ഉപയോഗിക്കും.

Eng­lish Summary:No EVM, Bangladesh to hold next gen­er­al elec­tion using bal­lot papers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.