26 June 2024, Wednesday
KSFE Galaxy Chits

Related news

June 5, 2024
May 23, 2024
May 12, 2024
May 8, 2024
May 6, 2024
April 26, 2024
April 26, 2024
April 26, 2024
April 24, 2024
April 22, 2024

നൂറുദിനകര്‍മപദ്ധതി: മികവിന്റെ കേന്ദ്രങ്ങളാകാന്‍ 11 സ്‌കൂളുകൾകൂടി

Janayugom Webdesk
എറണാകുളം
September 13, 2021 10:33 am

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി  എറണാകുളം ജില്ലയിലെ 11 സ്‌കൂളുകള്‍കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. ചൊവ്വാഴ്ച വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌കൂളുകള്‍ നാടിന് സമര്‍പ്പിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച നാലും പ്ലാന്‍ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച അഞ്ചും സമഗ്രശിക്ഷാ കേരളത്തിന്റെ ഫണ്ട്, എംഎല്‍എ ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മിച്ച ഓരോ സ്‌കൂളുകളുമാണ് ഹൈടെക്കാകുന്നത്ഇതോടെ ജില്ലയില്‍ കിഫ്ബി അഞ്ചുകോടി അനുവദിച്ച 15 സ്‌കൂളുകളും മികവിന്റെ കേന്ദ്രങ്ങളാകും. കിഫ്ബി ഫണ്ട്, പ്ലാന്‍ഫണ്ട്, നബാര്‍ഡ് ഫണ്ട്, എസ്എസ്‌കെ ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന 48 സ്‌കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 25 സ്‌കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. ഇ‑ടെന്‍ഡറിനുശേഷം ഈ സ്‌കൂളുകളുടെ നിര്‍മാണം ആരംഭിക്കും.

ഇടപ്പള്ളി ഗവ. എച്ച്എസ്എസ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 10 ക്ലാസ്മുറിയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അഞ്ച് ക്ലാസ്മുറിയും അടുക്കളയും ഭക്ഷണം കഴിക്കാനുള്ള മുറിയുമാണ് ഒരുക്കിയിരിക്കുന്നത്. ആധുനികസംവിധാനങ്ങളുള്ള നാല് ലാബുകളും സജ്ജമാക്കി. കിഫ്ബിയുടെ അഞ്ചുകോടി ഉപയോഗിച്ചായിരുന്നു നിര്‍മാണം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 260 വിദ്യാര്‍ഥികളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 138 വിദ്യാര്‍ഥികളും ഇവിടെ പഠിക്കുന്നു.പാലിയം ഗവ. എച്ച്.എസ്.എസില്‍ കിഫ്ബിയുടെ അഞ്ചുകോടി ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. മൂന്നുനില കെട്ടിടത്തില്‍ ഹൈസ്‌കൂളിനായി ഒന്‍പത് ഹൈടെക് ക്ലാസ്മുറികളും ഹയര്‍ സെക്കന്‍ഡറിക്കായി 12 ക്ലാസ്മുറികളും ഒരു ശുചിമുറിസമുച്ചയവുമുണ്ട്. 700 വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്.


ഇത്കൂടി വായിക്കുക; 23,606 തൊഴിലവസരങ്ങള്‍, 30,000 പട്ടയം വിതരണം ചെയ്തു ; നൂറുദിന കർമ്മ പരിപാടികള്‍ മുഖ്യമന്ത്രി വിലയിരുത്തി


എളമക്കര ഗവ. എച്ച്.എസ്.എസില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കായി നാലുനില കെട്ടിടമാണ്
നിര്‍മിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ക്ലാസ്മുറി, കംപ്യൂട്ടര്‍ ലാബ്, എട്ട് ഹൈടെക് ക്ലാസ്മുറി, എട്ട് ശുചിമുറിസമുച്ചയം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കിഫ്ബിയുടെ അഞ്ചുകോടി ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. 1291 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.പുത്തന്‍തോട് ഗവ. എച്ച്.എസ്.എസില്‍ ഒമ്പതു ക്ലാസ്മുറികള്‍, അടുക്കള, ഭക്ഷണം കഴിക്കാനുള്ള മുറി, സ്റ്റാഫ് റൂം, ഓഫീസ് മുറി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഏഴുവീതം ശുചിമുറി, വാട്ടര്‍ ടാങ്ക് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. കിഫ്ബിയുടെ അഞ്ചുകോടിയും മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസിന്റെ വികസനഫണ്ടിലെ ഒരുലക്ഷം രൂപയും ഉപയോഗിച്ചായിരുന്നു നിര്‍മാണം. ചേന്ദമംഗലം ഗവ. യു.പി സ്‌കൂളില്‍ പത്ത് ഹൈടെക് ക്ലാസ്മുറികള്‍ നിര്‍മിച്ചു. നൂതനസൗകര്യങ്ങളോടുകൂടിയ ശുചിമുറിയുമുണ്ട്. ഒരുകോടി രൂപയുടെ പ്ലാന്‍ഫണ്ട് ഉപയോഗിച്ചായിരുന്നു നിര്‍മാണം. 149 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

പുളിന്താനം ഗവ.യു.പി സ്‌കൂളില്‍ അറുപത്താറുലക്ഷം രൂപയുടെ പ്ലാന്‍ഫണ്ട് ഉഉപയോഗിച്ച് 10 ക്ലാസ്മുറിയും ചവിട്ടുപടികളും നിര്‍മിച്ചു. പൊതുമരാമത്തുവകുപ്പ് നിര്‍മിച്ച കെട്ടിടങ്ങള്‍ക്കുപുറമെ കൈറ്റില്‍നിന്ന് അടിസ്ഥാന വികസന സൗകര്യങ്ങള്‍ ലഭ്യമാക്കി. രണ്ട് പ്രൊജക്ടറുകളും നാല് ലാപ്‌ടോപ്പുകളും ക്ലാസ്മുറിയിലുണ്ട്. 140 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു.രണ്ടുനില കെട്ടിടമാണ് പൂത്തോട്ട ഗവ. ജെ.ബി.എസിനായി നിര്‍മിച്ചിരിക്കുന്നത്. എട്ടു ക്ലാസ്മുറിയുണ്ട്. രണ്ടു ക്ലാസ്മുറിയില്‍ പ്രൊജക്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. നൂതനസൗകര്യങ്ങളുള്ള രണ്ട് ശുചിമുറിയും പുതിയെ കെട്ടിടത്തിലുണ്ട്. ഒരുകോടി രൂപയുടെ പ്ലാന്‍ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. 89 വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്.


ഇത്കൂടി വായിക്കുക;നൂറുദിന കർമ്മപരിപാടിയിൽ 12,000 പട്ടയങ്ങൾ: മന്ത്രി കെ രാജൻ


ഒരുകോടി രൂപയുടെ പ്ലാന്‍ഫണ്ട് ഉപയോഗിച്ചാണ് വടവുകോട് ഗവ. എല്‍പി സ്‌കൂള്‍ സ്മാര്‍ട്ടായത്. ഹൈടെക് നിലവാരമുള്ള ക്ലാസ്മുറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 352 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. നോര്‍ത്ത് വാഴക്കുളം ഗവ. യുപി സ്‌കൂളില്‍ ആറ് ഹൈടെക് ക്ലാസ്മുറിയും അടുക്കളയുമാണ് സജ്ജമാക്കിയിരിക്കുന്നത്. പ്ലാന്‍ഫണ്ടിലെ ഒരുകോടി രൂപ ഉപയോഗിച്ചാണ് നിര്‍മാണം. 425 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സൗത്ത് വാഴക്കുളം ഗവ. എല്‍.പി സ്‌കൂള്‍ സമഗ്രശിക്ഷാ കേരളത്തിന്റെ 39 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ഹൈടെക്കായത്. രണ്ട് സ്മാര്‍ട്ട് ക്ലാസ്മുറിയാണ് നിര്‍മിച്ചിരിക്കുന്നത്. 358 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.വെണ്ണല ഗവ. എച്ച്.എസ്.എസ് യു.പി വിഭാഗത്തിനായി മൂന്നുനില കെട്ടിടമാണ് ഒരുക്കിയിരിക്കുന്നത്. ഒമ്പത് ക്ലാസ്മുറി, അഞ്ച് ശുചിമുറി, അധ്യാപകര്‍ക്കുള്ള വിശ്രമമുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പി ടി തോമസ് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നുള്ള ഒരുകോടി രൂപ ഉപയോഗിച്ചാണ് നിര്‍മാണം. 534 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
Eng­lish summary;Eleven more schools are being made as part of gov­ern­men­t’s 100-day action plan
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.