ന്യൂഡല്‍ഹി
June 13, 2024 9:17 pm
കുവൈറ്റിലെ തീപിടിത്തത്തില്‍ മലയാളികളടക്കം 49 പേര്‍ മരിച്ചതോടെ വിദേശങ്ങളിലെ ഇന്ത്യക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴിലിടങ്ങളും താമസസൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നുള്ള ആവശ്യം ശക്തമാകുന്നു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ എമിഗ്രേഷന്‍ ബില്‍ പാസാക്കണമെന്ന ആവശ്യമാണ് വീണ്ടുമുയരുന്നത്. പ്രവാസി സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടതാണ് എമിഗ്രേഷന്‍ ബില്‍. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും അത് അട്ടത്ത് വച്ചിരിക്കുകയാണ്. കുടിയേറ്റക്കാരെ സംബന്ധിച്ച പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് എമിഗ്രേഷന്‍ നിയമം പരിഷ്കരിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പാര്‍ലമെന്റ് സമ്മേളനത്തിനിടെ വിദേശകാര്യ മന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ബില്ലിന്റെ കരട് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ നടക്കുകയാണെന്നാണ് ഇപ്പോഴും മന്ത്രാലയം പറയുന്നത്.
വിവേചനവും മോശം തൊഴില്‍ സാഹചര്യവും ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങളാണ് കുവൈറ്റിലുള്‍പ്പെടെ ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്നത്. തൊഴിലാളികളില്‍ മൂന്നില്‍ രണ്ട് പേരും വളരെ മോശമായ അധിക്ഷേപം നേരിടുന്നവരും നിര്‍ബന്ധത്തിന് വഴങ്ങി ജോലി ചെയ്യുന്നവരുമാണെന്നും ചെറിയ പിഴവുകളുടെ പേരില്‍ ഇവരെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുമെന്നും ഹ്യൂമന്‍ റൈറ്റ് വാച്ച് പറയുന്നു. നിയമപരിഷ്കരണങ്ങളുണ്ടായിട്ടും ഇവര്‍ക്കതിന്റെ പരിരക്ഷ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കഫാല സമ്പ്രദായം നിമിത്തം ഒമാന്‍, സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തര്‍, ബഹ്റിന്‍ എന്നിവിടങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ തൊഴില്‍, വിസ, താമസം, ജോലി, നാട്ടിലേക്കുള്ള മടക്കം എന്നിവയ്ക്ക് തൊഴിലുടമകളെ ആശ്രയിക്കേണ്ടിവരുന്നു. വലിയരീതിയില്‍ ചൂഷണത്തിന് വഴിയൊരുക്കുന്ന രീതിയാണിത്. 2019 മുതല്‍ 23 ജൂണ്‍ 30 വരെ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിന് കീഴിലുള്ള ആറ് രാജ്യങ്ങളിലെ തൊഴിലാളികളില്‍ നിന്ന് 48,095 പരാതികളാണ് ഇന്ത്യന്‍ എംബസികള്‍ക്ക് ലഭിച്ചത്. ഇതില്‍ 23,020 എണ്ണം കുവൈറ്റില്‍ നിന്നാണ്. സൗദി അറേബ്യ 9,346, ഒമാന്‍ 7000, യുഎഇ 3,652, ബഹ്റിന്‍ 2702, ഖത്തര്‍ 1,709 എന്നിങ്ങിനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്ക്.
കുറഞ്ഞ ശമ്പളം, മോശം തൊഴിലിടങ്ങള്‍, ഭക്ഷണ ലഭ്യതയിലെ കുറവ്, മാനസിക‑ശാരീരിക പീഡനം എന്നീ പരാതികളാണ് കുവൈറ്റിലെ തൊഴിലാളികളില്‍ നിന്ന് ലഭിക്കുന്നതെന്ന് എംബസി അറിയിച്ചു. 48 ലക്ഷം ജനസംഖ്യയുള്ള കുവൈറ്റില്‍ 21 ശതമാനവും ഇന്ത്യക്കാരാണ്. പബ്ലിക് അതോറിട്ടി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പിഎസിഐ) കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് 16 ലക്ഷം സ്വദേശികളും 33 ലക്ഷം പ്രവാസികളുമുണ്ട്. ജനസംഖ്യയുടെ 61 ശതമാനവും (30 ലക്ഷത്തിനടുത്ത്) തൊഴിലാളികളും കൂലിപ്പണിക്കാരുമാണ്. ഗള്‍ഫിലെ മൊത്തം പ്രവാസി ജനസംഖ്യയുടെ 75 ശതമാനവും ഇവരാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 10 ലക്ഷത്തിലധികം പേര്‍ ഇന്ത്യക്കാരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.