23 April 2024, Tuesday

ആഫ്രിക്കന്‍ കരുത്തിനെ നേരിടാന്‍ ത്രീലയണ്‍സ്

Janayugom Webdesk
അല്‍ ഖോര്‍
December 3, 2022 10:55 pm

ആഫ്രിക്കന്‍ കരുത്തുമായെത്തുന്ന സെനഗലിനോട് പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് കൊമ്പുകോര്‍ക്കും. രാത്രി 12.30ന് അല്‍ ബയാത് സ്റ്റേഡിയത്തിലാണ് കളി. ഗ്രൂപ്പ് ബിയില്‍ നിന്ന് ഒരു കളിയും തോല്‍ക്കാതെയാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ആദ്യ കളിയില്‍ ഇറാനെ 6–2ന് പരാജയപ്പെടുത്തി. രണ്ടാം കളിയില്‍ അമേരിക്കയോട് ഗോള്‍രഹിത സമനില. മൂന്നാമത്തെ മത്സരത്തില്‍ ഗരത് ബെയിലിന്റെ വെയ്ല്‍സിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. മൂന്ന് കളികളില്‍ നിന്ന് 9 ഗോളടിച്ച അവ രണ്ടെണ്ണം മാത്രമാണ് വഴങ്ങിയത്.

ഗ്രൂപ്പ് എയില്‍ നിന്ന് നെതര്‍ലന്‍ഡ്‌സിന് പിന്നില്‍ ആറ് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് സെനഗല്‍ അവസാന 16‑ല്‍ ഇടംപിടിച്ചത്. ആദ്യകളിയില്‍ നെതര്‍ലന്‍ഡ്‌സിനോട് 2–0ന് പരാജയപ്പെട്ട അവര്‍ തുടര്‍ന്നുള്ള കളികളില്‍ ഖത്തറിനെ 3–1നും ഇക്വഡോറിനെ 2–1നും പരാജയപ്പെടുത്തിയാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്. മൂന്ന് കളികളില്‍ നിന്ന് അഞ്ച് ഗോളടിച്ച് അവര്‍ നാലെണ്ണം വഴങ്ങുകയു ചെയ്തു. പേപ്പറിലെ കരുത്തര്‍ ഇംഗ്ലണ്ട് തന്നെയാണ്. റാഷ്‌ഫോര്‍ഡ്, ബുക്കായോ സാക്ക, ബെല്ലിങ്ഹാം, സ്റ്റര്‍ലിങ്ങ്, ഗ്രീലിഷ്, ഫില്‍ ഫോഡന്‍ എന്നിവരുടെ മികച്ച ഫോമാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. നായകന്‍ ഹാരി കെയ്ന്‍ ഇതുവരെ ഗോളടിച്ചില്ലെങ്കിലും കളംനിറഞ്ഞ് കളിച്ച് സഹതാരങ്ങള്‍ക്ക് ഗോളടിക്കാന്‍ അവസരമൊരുക്കുന്നുണ്ട്.

സാദിയോ മാനെയുടെ അഭാവം സെനഗല്‍ നിരയില്‍ നിഴലിക്കുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ ആ കുറവ് ഒരു പരിധിവരെ പരിഹരിക്കുന്നുണ്ട്. കിടയറ്റ പ്രതിരോധമാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. ഇസ്മയില്‍ സാര്‍, കാലിദൊ കൗലിബലി, ബൗലായേ ഡിയ, അഹമ്മദു ഡിങ് എന്നിവരിലാണ് സെനഗലിന്റെ പ്രതീക്ഷ. ഇന്നത്തെ പോരാട്ടം ഇംഗ്ലീഷ് മധ്യ‑മുന്നേറ്റനിരയും സെനഗല്‍ പ്രതിരോധവും തമ്മിലാകുമെന്ന് ഉറപ്പ്. രണ്ട് ടീമുകളും ആദ്യമായാണ് പരസ്പരം ഏറ്റുമുട്ടാനിറങ്ങുന്നത്. മുന്‍പ് സൗഹൃദമത്സരങ്ങളില്‍ പോലും കളിച്ചിട്ടില്ല.

Eng­lish Summary:england sene­gal match fifa world cup 2022
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.