ഒരു ഇന്ധനമെന്ന നിലയില്‍ മണ്ണെണ്ണയുടെ ഉപഭോഗം ക്രമേണ നിരുത്സാഹപ്പെടുത്താനും കുറയ്ക്കാനും പിന്നിട്ട ഒരു ദശകക്കാലത്തിനിടയില്‍ കേന്ദ്രഭരണകൂടങ്ങള്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. ചെലവുകുറഞ്ഞ ഒരു ഇന്ധനമെന്ന നിലയില്‍ മണ്ണെണ്ണയെയാണ് പാവപ്പെട്ട ജനവിഭാഗങ്ങള്‍ പ്രധാനമായും പാചകാവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. വെെദ്യുതി സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമങ്ങളില്‍ മറ്റ് ഗാര്‍ഹികാവശ്യങ്ങള്‍ക്കും വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിനുമെല്ലാം ആശ്രയിക്കുന്നതും മണ്ണെണ്ണയെ ആണ്. ഇതിന് പൊടുന്നനെ അന്ത്യം കുറിക്കുക സാധ്യമല്ല. കേരളത്തില്‍ മത്സ്യബന്ധനത്തിലും കാര്‍ഷികവൃത്തിയിലും വ്യാപൃതരായ വലിയൊരു വിഭാഗം ജനതയ്ക്ക് മണ്ണെണ്ണയുടെ ലഭ്യതക്കുറവ് കുറച്ചൊന്നുമല്ല ദുരിതങ്ങള്‍ അടിച്ചേല്പിക്കുന്നത്. ഈ സാഹചര്യങ്ങളിലാണ് മിക്കവാറും എല്ലാ സംസ്ഥാനങ്ങളും മണ്ണെണ്ണ വിഹിതം തടസമില്ലാതെ തുടരണമെന്ന് ആവശ്യപ്പെടുന്നത്. ഉപഭോക്താക്കളുടെ ഡിമാന്‍ഡും ഏറിവരികയാണ്. ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണയ്ക്കുള്ള ബജറ്ററി സബ്സിഡികള്‍ കുറച്ചുകൊണ്ടുവരുന്നത്. 2021ല്‍ 2667.32 കോടി ആയിരുന്നു സബ്സിഡി. 2022ല്‍ അത് തീരെ ഇല്ലാത്ത സ്ഥിതിയിലാകും. പൊതുവിതരണസംവിധാനം (പിഡിഎസ്) നോക്കുക. ഇതിലേക്കായി 2021 സെപ്റ്റംബര്‍-ഡിസംബര്‍ കാലയളവിലേക്ക് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം 26 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 447.47 ദശലക്ഷം ലിറ്റര്‍ മണ്ണെണ്ണയാണ് നീക്കിവച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവുമധികം പശ്ചിമബംഗാളിനാണ്- 176 ദശലക്ഷം ലിറ്റര്‍; രണ്ടാമത് ബിഹാറിനും- 42.55 ദശലക്ഷം. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിന് ആദ്യപാദത്തില്‍ തന്നെ നീക്കിവയ്ക്കപ്പെട്ട മുഴുവന്‍ വിഹിതം നല്കിയതിനാല്‍ മൂന്നാംപാദത്തില്‍ ഒന്നും ലഭ്യമാകില്ല. 2021 മാര്‍ച്ചില്‍, കേന്ദ്രം രാജ്യത്തെ 10 സംസ്ഥാനങ്ങളെ മണ്ണെണ്ണ മുക്തമായി പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള കാരണമായി പറഞ്ഞത്, പരമാവധി പരിസരമലിനീകരണത്തിന് ഇടയാക്കുന്ന വിധത്തില്‍ മണ്ണെണ്ണ പെട്രോളുമായി ഇടകലര്‍ത്തി വിനിയോഗിച്ചുവരുന്നു എന്നാണ്. ഡല്‍ഹിയിലാണ് ഈ രീതി വ്യാപകമായി കണ്ടുവന്നത്.
ഇതേത്തുടര്‍ന്ന് മുമ്പുണ്ടായതിനേക്കാള്‍ കര്‍ശനമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം പ്രശ്നത്തെ നിരീക്ഷിക്കാന്‍ തുടങ്ങി. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ‘പിഡിഎസ് വഴിയുള്ള മണ്ണെണ്ണ വിഹിതം യുക്തിസഹമാക്കാന്‍ തീരുമാനമെടുത്തതും ഇതിന്റെ പശ്ചാത്തലത്തിലാണ്. 2010-11 മുതല്‍ ഇവിടങ്ങളില്‍ പാചകവാതക ലഭ്യത വര്‍ധിക്കാനും വെെദ്യുതിയുടെ വിനിയോഗം ക്രമേണ ജനപ്രിയത നേടാനും തുടങ്ങി. ഏതാനും സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അനുവദിക്കപ്പെട്ട മണ്ണെണ്ണ വിഹിതം വിനിയോഗിക്കാതായി. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇന്നത്തെ അവസ്ഥ നേരെ വിപരീതമാണ്. കേരളം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ മണ്ണെണ്ണ വ്യാപാരികളും വിതരണക്കാരും കേന്ദ്രത്തിന്റെ ഈ നയസമീപനത്തെ ശക്തമായി എതിര്‍ക്കാനും വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കാനും തുടങ്ങിയിരിക്കുന്നു. റേഷന്‍ ഷോപ്പുകളിലാണെങ്കില്‍ മണ്ണെണ്ണയുടെ ഡിമാന്‍ഡിലുണ്ടായ കുറവിന്റെ പ്രധാന കാരണം, ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ലഭ്യതയെ സംബന്ധിച്ചുണ്ടായിരുന്ന അനിശ്ചിത്വമായിരുന്നു എന്നതാണ് അനുഭവം. പശ്ചിമബംഗാളിലെ മണ്ണെണ്ണ വിതരണ കമ്പനികളുടെ സംഘടന, കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ്‌പുരിക്കു നല്‍കിയ നിവേദനത്തില്‍ മണ്ണെണ്ണയുടെ ഡിമാന്‍ഡിലും ഉപഭോഗത്തിലും സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കിയതുകൊണ്ടൊന്നും യാതൊരുവിധ കുറവുമുണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ നിരത്തി വാദിച്ചിരിക്കുന്നത്. പാചകവാതക സിലിണ്ടറുകളുടെ വില മൂന്നിരട്ടിയോളം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിരവധി ഗ്രാമീണ കുടുംബങ്ങള്‍ വിറക്, ചാണകം, കരിക്കട്ടകള്‍, ചിരട്ട തുടങ്ങിയ മലിനീകരണ സാധ്യതകളേറെയുള്ള ഉപാധികളാണ് മണ്ണെണ്ണയ്ക്കു പുറമെ വിനിയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോഡി മന്‍ കീ ബാത്തിലൂടെയും മാധ്യമ പരസ്യങ്ങളിലൂടെയും നടത്തുന്ന സൗജന്യങ്ങളുടെ കൂട്ടത്തില്‍ യാഥാര്‍ത്ഥ്യമാകാതിരുന്നിട്ടുള്ള പ്രഖ്യാപനങ്ങളില്‍ എല്‍പിജി സൗജന്യ കണക്ഷനുകളും ഉള്‍പ്പെടും. പ്രധാന്‍മന്ത്രി ഉജ്വല യോജന (പിഎംയുവൈ)യുടെ ഭാഗമാണിത്. പ്രധാന്‍മന്ത്രി സഹജ് ബിജ്‌ലി ഹര്‍ഘര്‍ യോജന (പിഎംയുവൈ) എന്ന വൈദ്യുതി ലഭ്യതാ പദ്ധതിയും മണ്ണെണ്ണയുടെ കാര്‍ഷിക പാചകാവശ്യങ്ങള്‍ക്കായുള്ള ഉപയോഗത്തില്‍ തെല്ലും കുറവുവരുത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പാചകവാതക സിലിണ്ടറിന്റെ വില അനുദിനം വാണംപോലെ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് മണ്ണെണ്ണയുടെ ഡിമാന്‍ഡിലും വര്‍ധനയുണ്ടായി. ഇപ്പോള്‍ മണ്ണെണ്ണയുടെ വിലയിലും ഇരട്ടി വര്‍ധനവു വരുത്തിയിരിക്കുന്നു. ഇത്രയൊക്കെയാണെങ്കിലും മണ്ണെണ്ണയുടെ ഡിമാന്‍ഡില്‍ സമീപകാലത്തൊന്നും ഇടിവുണ്ടാകുമെന്നു കരുതേണ്ടതില്ലെന്നാണ് അഖിലേന്ത്യാ കെറോസിന്‍ ഡീലേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് അരവിന്ദ് താക്കര്‍ അഭിപ്രായപ്പെട്ടത്. തന്റെ നാട്ടില്‍ മുമ്പത്തെപ്പോലെ തന്നെ മണ്ണെണ്ണയുടെ ലഭ്യത ഇന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഗുജറാത്ത് കേന്ദ്രമായ ഈ സംഘടനാ ഭാരവാഹി പറഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് മണ്ണെണ്ണയുടെ ലഭ്യതയില്‍ മോഡി സര്‍ക്കാര്‍ കേരളത്തിനുനേരെ വിവേചനപരമായ സമീപനം സ്വീകരിച്ചുവരുന്നു എന്ന വിമര്‍ശനം ഉയരുന്നതും പ്രസക്തമാകുന്നതും. കേരളത്തില്‍ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള മുഴുവന്‍ ജില്ലകളിലെയും തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതാശ്രയമാണ് മത്സ്യബന്ധനം. അവര്‍ ഉപയോഗിക്കുന്ന വള്ളങ്ങളിലും ബോട്ടുകളിലും മണ്ണെണ്ണ യന്ത്രങ്ങളാണ് അധികവും. 2017ലെ ഓഖി ദുരന്തവും തുടര്‍ന്ന് 2018ലും 2019ലും ഉണ്ടായ അതിവൃഷ്ടിയും വെള്ളപ്പൊക്കവും കടല്‍ക്ഷോഭവും 2020–21ല്‍ അതിന്റെ തനിയാവര്‍ത്തനവുമുണ്ടായപ്പോള്‍ സ്വന്തം തൊഴിലും ജീവിതമാര്‍ഗവും മാത്രമല്ല ആവാസസ്ഥലവും വീടുകളും കൂടി നഷ്ടപ്പെട്ടവരാണ് മത്സ്യത്തൊഴിലാളികള്‍.
അവര്‍ക്ക് അടിയന്തരമായി 12 ദശലക്ഷം ലിറ്റര്‍ അധിക മണ്ണെണ്ണ വിഹിതം പഴയ വിലയ്ക്കുതന്നെ ലഭ്യമാക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനത്തിന് സാധാരണ നിലയിലുള്ള ഒറ്റത്തവണ വിഹിതമായി 6.78 ദശലക്ഷം ലിറ്റര്‍ മണ്ണെണ്ണയും അധിക വിഹിതമായി 15.11 ദശലക്ഷം ലിറ്റര്‍ മണ്ണെണ്ണയുമാണ് അനുവദിച്ചത്. ഇത്രയും മണ്ണെണ്ണ കേവലം ഒരു മാസത്തേക്കു മാത്രമേ പര്യാപ്തമാവുകയുള്ളു എന്നാണ് അഖില കേരള മണ്ണെണ്ണ മൊത്തവ്യാപരി സംഘടനയുടെ വക്താക്കള്‍ പറയുന്നത്. മണ്ണെണ്ണയുടെ വിനിയോഗം തീര്‍ത്തും ഉപേക്ഷിച്ചിട്ടുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അവകാശപ്പെടുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ 2020 മുതല്‍ ഉണ്ടായിരുന്നത് യുപി മാത്രമായിരുന്നു. ഇപ്പോള്‍ ഹരിയാന, പഞ്ചാബ്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളായ ഡല്‍ഹി, ചണ്ഡിഗര്‍, ദാമന്‍ദ്യൂ, ദദ്രാ — നഗര്‍ ഹാവേലി, ആന്‍ഡമാന്‍ — നിക്കോബാര്‍ ദ്വീപുകള്‍, പോണ്ടിച്ചേരി എന്നിവയും ഉള്‍പ്പെടുന്നുണ്ട്. പെട്രോളിയം ഉല്പന്നങ്ങളായ ഡീസല്‍, പെട്രോള്‍, പാചകവാതകം, വിമാന ഇന്ധനം തുടങ്ങിയവയുടെ ഉയര്‍ന്ന വിലനിലവാരം അനുസ്യൂതം തുടരുമെന്ന സൂചനയാണ് നിലവിലെ ആഗോള സ്ഥിതിവിശേഷം പറയുന്നത്. അതേ അവസരത്തില്‍ മത്സ്യബന്ധന മേഖലയെ ആശ്രയിക്കുന്ന ജനവിഭാഗം ഏറെയുള്ള കേരളം, തമിഴ്‌നാട്, ഗുജറാത്ത്, പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കും മണ്ണെണ്ണ സബ്സിഡി നിരക്കില്‍ തന്നെ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ അതിന് തയാറാകുമോ എന്നത് കണ്ടറിയണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.