22 April 2025, Tuesday
KSFE Galaxy Chits Banner 2

എന്റെ സ്വാമി വലിയച്ഛൻ

രാഷ്ട്രീയ സന്യാസിയുടെ അനിയൻ ആത്മീയ സന്യാസി.
എം എൻ കൃഷ്ണൻ നായർ പിൽക്കാലത്തു സ്വാമി കൃഷ്ണാനന്ദ്
ആര്‍ ജീവന്‍ കുമാര്‍
ഓര്‍മ്മ
April 13, 2025 8:00 am

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ 1964‑ൽ സ്വാമി വലിയച്ഛൻ ആദ്യമായി അയോധ്യയിൽ നിന്നും വരികയും രണ്ടു മൂന്നു ദിവസം കൊല്ലത്തെ ഞങ്ങളുടെ വീട്ടിൽ താമസിക്കുകയും ഞങ്ങളോടൊത്തു ഫോട്ടോ എടുക്കുകയും ചെയ്തു. ഏഴോ എട്ടോ വർഷം കൂടുമ്പോൾ മാത്രമാണ് അന്ന് സ്വാമി കേരളത്തിൽ വന്നിരുന്നത്. അപ്പോഴൊക്കെ എല്ലാ ബന്ധുമിത്രാദികളും ഒത്തുകൂടിയിരുന്നു. അപ്പോഴൊക്കെ ഓരോ വീട്ടിലും താമസിക്കാൻ ക്ഷണിക്കുകയും സുഹൃത്തുക്കളും മറ്റും സ്വാമിയെ സന്ദർശിക്കുകയും സംശയങ്ങൾ ചോദിക്കുകയും മറുപടി എഴുതി കാണിക്കുകയും ചെയ്യുമായിരുന്നു. സ്വാമി ഏതാണ്ട് 50 വർഷത്തോളം മൗനവ്രതത്തിൽ ആയിരുന്നു. എഴുതിയിട്ട് മറ്റുള്ളവർ വായിച്ചു കഴിയുമ്പോൾ കടലാസ് മേൽപ്പോട്ട് ഉയർത്തുമ്പോൾ താനെ മാഞ്ഞുപോകുന്ന ‘മാജിക് സ്ലേറ്റ്’ എല്ലാവർക്കും അതിശയമായിരുന്നു. ഇത് ഉപയോഗിച്ച് എഴുതികാണിച്ച് നിരവധി യാത്രകൾ സ്വാമി ചെയ്തിരുന്നു. ഒരിക്കൽ കുടുംബ തറവാട്ടിൽ സ്വാമി വന്നപ്പോൾ ഞാൻ ഉൾപ്പെടെ ബാലസംഘത്തെ പൂജാമുറിയിൽ കയറ്റി ഞങ്ങളുടെ കൈയിൽ രാഖി പോലെ തിളങ്ങുന്ന ചരട് കെട്ടി തരികയും, ഭജനമുറിയിലെ ദൈവങ്ങളുടെ ഫോട്ടോയിൽ കാണുന്നതുപോലെയാണ് കുട്ടികളായ ഞങ്ങളെന്നു ആംഗ്യം കാട്ടുകയും എല്ലാവർക്കും മിഠായി നൽകുകയും ചെയ്തു. അപ്പോൾ കുറെ സമയം ഞങ്ങളും ദൈവങ്ങളായി മാറിയിരുന്നു. അന്ന് കുട്ടികളായ ഞങ്ങൾക്ക് ഇത് വലിയ സന്തോഷം നൽകി. 

1923 സെപ്റ്റംബർ രണ്ടിന് അനിഴം നക്ഷത്രത്തിൽ തിരുവല്ലായിൽ ആയിരുന്നു ജനനം. പന്തളത്ത് മുളയ്ക്കൽ തറവാട്ടിലായിരുന്നു താമസം. ‘കൃഷ്ണൻകുട്ടി’ എന്നാണ് എം എൻ കൃഷ്ണൻ നായരുടെ വിളിപ്പേര്. അച്ഛനും കൂട്ടുകാരും ഒരുമിച്ചു സ്കൂളിൽ നടന്നുപോകുമ്പോൾ ഒരു ദിവസം കൂട്ടത്തിൽ ഒരാൾ ഒരു കോഴിയെ കല്ലെറിഞ്ഞു. ഇത് കണ്ട മുളയ്ക്കലെ കൃഷ്ണൻകുട്ടി പിടഞ്ഞു വീണു. ഇപ്രകാരം സഹപാഠികളെ അധ്യാപകർ ചൂരൽപ്രയോഗം ചെയ്യുന്നത് നിർത്താൻ കാരണവും നിർമല ഹൃദയനായിരുന്ന കൃഷ്ണൻകുട്ടിയുടെ ഈ ബോധക്ഷയമാണ്. അന്നൊക്കെ സന്ധ്യക്ക് നാമം ചൊല്ലുക പതിവാണ്. അച്ഛനും വലിയച്ഛനും മറ്റും ധൃതിയിൽ ചൊല്ലി തീർക്കും; രാത്രി കഞ്ഞി കുടിക്കാൻ വേണ്ടിയുള്ള ധൃതി. എന്നാൽ കൃഷ്ണൻകുട്ടി വലിയച്ഛൻ പ്രാർത്ഥിക്കുകയും ദീപാരാധന നടത്തുകയും ഭക്തിപൂർവം തുള്ളുകയും ചെയ്യുമായിരുന്നു. ഒരിക്കൽ അപ്പൂപ്പന് ഈ അമിത ഭക്തി ഇഷ്ടക്കേടായപ്പോൾ പറഞ്ഞു “കൃഷ്ണൻകുട്ടി, നീ അമിത ഭക്തി കാട്ടിയാൽ ഞാൻ ഈ ദൈവത്തിന്റെ ചിത്രങ്ങൾ എല്ലാം എടുത്തു ആറ്റിലിടും.” അപ്പോൾ വലിയച്ഛന്റെ മിതമായ ഭാഷയിലുള്ള “എന്റെ മനസിലുള്ള ചിത്രങ്ങൾ പോകില്ലല്ലോ” എന്ന അപ്രതീക്ഷിത ഫിലോസോഫിക്കൽ മറുപടി. എന്റെ അപ്പച്ചിയുടെ മകൾ എം ജെ രാജമ്മ (മാർക്സിസ്റ്റ് സൈദ്ധാന്തികൻ പിജി യുടെ ഭാര്യ) കൊച്ചുകുട്ടിയായിരുന്നപ്പോൾ രാത്രി ദുഃസ്വപ്നങ്ങൾ കണ്ടു പേടിച്ചുവിറച്ചു പനി വരുന്നത് സ്ഥിരമായിരുന്നു. ആയിടയ്ക്ക് എമ്മെന്റെ സഹോദരിമാരായിരുന്ന തങ്കമ്മയും ചെല്ലമ്മയും കുട്ടിക്കാലത്തു മരണപ്പെടുകയും അവരെ കുഞ്ഞായിരുന്ന രാജമ്മചേച്ചി സ്വപ്നത്തിൽ കാണുന്നതും പതിവായിരുന്നു. കൃഷ്ണൻകുട്ടി വലിയച്ഛൻ മടിയിൽ ഇരുത്തി നാമം ചൊല്ലിച്ചതിനു ശേഷം അത് ആവർത്തിച്ചില്ല എന്ന് കേട്ടിട്ടുണ്ട്.
കുട്ടിക്കാലത്തു പൊതുവെ മറ്റുള്ളവരുടെ ഒരു സങ്കടവും കാണാൻ ശക്തിയില്ലാത്ത ഒരു മനസായിരുന്നു. വീട്ടു വരാന്തയിൽ രാത്രിയിൽ കിടക്കുമ്പോൾ അച്ഛനും സന്തതസഹചാരി കുട്ടപ്പൻപിള്ളയ്ക്കും നടുക്കാണ് വലിയച്ഛൻ കിടക്കുന്നത്. എമ്മെൻ സ്വാതന്ത്ര്യ സമരത്തിലേക്കുള്ള വഴിക്കും കമ്മ്യൂണിസ്റ്റ് ആശയങ്ങളും ഒളിവു ജീവിതവുമായി വല്ലപ്പോഴും ഒളിച്ചും പാത്തും പോലീസിന്റെ കണ്ണ് വെട്ടിച്ചു രാത്രിയിൽ വന്നു ടോർച്ചു വെളിച്ചത്തിൽ ബന്ധുക്കളെ കണ്ടു പോകുന്ന കാലം. എന്റെ അച്ഛൻ പത്താം ക്ലാസ് പാസായപ്പോൾ കൃഷ്ണൻകുട്ടി വല്യച്ചന് വലിയ മോഹം, അച്ഛനെയെങ്കിലും ഉന്നത വിദ്യാഭ്യാസം കൊടുത്തു രാഷ്ട്രീയത്തിലകപ്പെടാതെ രക്ഷപ്പെടുത്തണം. കൃഷ്ണൻകുട്ടി വലിയച്ഛൻ എന്റെ അച്ഛനോടും കുട്ടപ്പൻ മാമനോടും തന്റെ തീരുമാനം പറഞ്ഞു — ഒളിച്ചോടിപോയി പട്ടാളത്തിൽ ജോലി സമ്പാദിച്ചു അച്ഛനെ പഠിപ്പിക്കാൻ തീരുമാനിച്ചതായി. ആരോടും പറയരുതെന്ന് അച്ഛനെയും കുട്ടപ്പൻ മാമനെയും കൊണ്ട് സത്യം ചെയ്യിച്ചു. രാത്രിയിൽ മൂത്രമൊഴിക്കാൻ കൂട്ട് വേണ്ട ആളാണ് ഇത് പറയുന്നതെന്ന് കേട്ട് അവർ അതിശയിച്ചു. 

കൃഷ്ണൻകുട്ടി വല്യച്ഛന്റെ സുഹൃത്തും ഗുരുതുല്യനുമായ പന്തളം എൻഎസ്എസ് സ്കൂൾ അധ്യാപകനുമായിരുന്ന കൈനിക്കര കൃഷ്ണപിള്ള ചിറ്റപ്പന്റെ മണപ്പാട്ട് വീട്ടിൽ മാത്രമേ അന്ന് വള്ളം ഉണ്ടായിരുന്നുള്ളൂ. അർധരാത്രി മൂവർ സംഘം മുളയ്ക്കൽ തറവാട്ടിൽ നിന്നും നിലാവെട്ടത്തു നടന്നു മണപ്പാട്ട് എത്തി. ആരുമറിയാതെ വള്ളം എടുത്ത് തുഴഞ്ഞ് അക്കരെ കുളനട ബസ്റ്റോപ്പിൽ എത്തി, ആദ്യവണ്ടിക്ക് കൃഷ്ണൻകുട്ടി വല്യച്ഛനെ കയറ്റിവിട്ടു. തിരികെ അച്ഛനും കുട്ടപ്പൻ മാമനും കരഞ്ഞുകൊണ്ടാണ് വള്ളം തുഴഞ്ഞത്. സത്യം ചെയ്തത് കൊണ്ട് ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ, തറവാട്ടിൽ ദുഃഖം-മൂകത. കുറേ ദിവസങ്ങൾക്കുശേഷം പട്ടാളത്തിൽ ചേർന്നുവെന്നും ചന്ദ്രനെ (എന്റെ അച്ഛൻ രാമചന്ദ്രൻ നായരെ) പഠിപ്പിക്കണമെന്നും മറ്റു വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടും അമ്മൂമ്മയ്ക്ക് വലിയച്ഛന്റെ കത്ത് വന്നു. ഇതിനകം എമ്മെൻ വലിയച്ഛൻ അച്ഛനെയും കമ്മ്യൂണിസ്റ്റ് ആക്കിയിരുന്നു. 

ഉത്തരേന്ത്യയിൽ കൃഷ്ണൻകുട്ടി വലിയച്ഛന്റെ പട്ടാളക്യാമ്പിന് അടുത്തായിരുന്നു കാർത്തികേയ സേവാസദൻ ആശ്രമം. പുലർച്ചെ നാലിന് ആശ്രമമുറ്റവും പീഠവും വൃത്തിയാക്കുന്ന ചുമതല വല്യച്ഛൻ സ്വയം ഏറ്റെടുത്തു. പിൽക്കാലത്തു 1000 ദിവസത്തോളം സ്വാമി വലിയച്ഛൻ അവിടെയുള്ള വലിയ ആൽമരചുവട്ടിൽ ധ്യാനനിരതനായി ഇരുന്നിട്ടുണ്ട്.
ഒമ്പതു വർഷം പട്ടാളത്തിൽ ഉണ്ടായിരുന്നതായാണ് അറിയുന്നത്. ചൊവ്വാഴ്ച ദിവസങ്ങളിൽ പരേഡ് നടക്കുമ്പോൾ ക്ഷേത്രദർശനം കഴിഞ്ഞ് കൃഷ്ണൻകുട്ടി വല്യച്ഛൻ വൈകിയാണ് എത്തുന്നത്. ഒരു മേലുദ്യോഗസ്ഥൻ സന്ദർശനം നടത്തുന്ന കാരണം എല്ലാവരും കൃത്യസമയത്ത് എത്തണമെന്ന് നിർദേശമുണ്ടായിരുന്നു. വല്യച്ഛന് ക്ഷേത്രത്തിൽ പോകാതെ പറ്റില്ല. വലിയച്ഛൻ ക്ഷേത്രത്തിൽ പോകുന്നുവോ എന്ന് ഉറപ്പാക്കാൻ അന്ന് കൂടെയുണ്ടായിരുന്ന ഒരു സഹപ്രവർത്തകൻ ക്ഷേത്രത്തിനു മുന്നിൽ കാത്തുനിന്നു. കൃത്യസമയത്തു വല്യച്ഛൻ മുണ്ടുടുത്തു ക്ഷേത്ര സന്നിധിയിൽ. അതെ സമയം കൃഷ്ണൻ നായർ അറ്റൻഡൻസ് ഒപ്പ് ഇടുന്നതും യൂണിഫോമിൽ പരേഡിൽ പങ്കെടുക്കുന്നതും എല്ലാരും കണ്ടിരുന്നു. സഹപ്രവർത്തകനു പരേഡിൽ പങ്കെടുക്കാൻ കഴിഞ്ഞതുമില്ല. ഒരേസമയം രണ്ടു സ്ഥലത്ത് കണ്ടത് അവിടെ വലിയ വാർത്തയായി. തുടര്‍ന്ന് പട്ടാള ജോലി ഉപേക്ഷിക്കുകയും ‘കാർത്തികേയ സേവാസദൻ’ ആശ്രമത്തിൽ ചേരുകയും, വിവിധ സന്യാസഘട്ടങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. അജ്ഞാതവാസം, ഭിക്ഷാടനം എന്നീ ഘട്ടങ്ങളിൽ കഴിഞ്ഞ ജന്മത്തിലെ അമ്മയെ നേപ്പാളിൽവച്ചു കാണുകയും എല്ലാ വർഷവും ആ അമ്മക്ക് വസ്ത്രം നൽകി ആദരിക്കുന്ന പതിവും സ്വാമി വലിയച്ഛനുണ്ടായിരുന്നു. സ്വാമി വലിയച്ഛനെ പരീക്ഷിച്ച സഹപ്രവർത്തകൻ ഉൾപ്പെടെ കേണൽ ഭാട്ടിയ, തിവാരി തുടങ്ങിയവർ പിൽക്കാലത്തു സ്വാമിയുടെ ശിഷ്യരായി. 

ഇതിനിടെ 1952‑ൽ എമ്മെൻ ഒളിവിലിരുന്ന് ഭരണിക്കാവിൽ നിന്നും തിരു-കൊച്ചി നിയമസഭയിലേക്ക് മത്സരിക്കുകയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടുകയും നെഹ്രുവിന്റെ അഭിനന്ദനം കിട്ടുകയും ചെയ്തു, സർ സി പിയുടെ അറസ്റ്റ് വാറന്റ് ഉള്ളപ്പോൾ. തുടർന്ന് തറവാടിന്റെ കാര്യങ്ങൾ എമ്മെൻ നോക്കി നടത്തുകയും കൃഷ്ണൻ നായർ എന്ന മുളക്കൽ കൃഷ്ണൻകുട്ടി സ്വാമി കൃഷ്ണാനന്ദ് ആയി മാറുകയും ചെയ്തിരുന്നു. അയോധ്യയിലും മറ്റും സ്വാമി കൃഷ്ണാനന്ദ്ജി അറിയപ്പെടുകയും നിരവധി ഗ്രന്ഥങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതുകയും ചെയ്തു. ഏകദേശം അമ്പതു വർഷത്തോളം സമാധി ആകുന്നതു വരെ മൗനവൃതത്തിലായിരുന്നു. ഇതെകുറിച്ചു എമ്മെൻ തമാശയായി പറയും, “ഞാനാണ് കൃഷ്ണൻകുട്ടിയെ സന്യാസിയാക്കിയത് എന്ന്, എന്നാൽ സ്വാമി എഴുതികാണിക്കുന്നത് ‘ഗാന്ധിജി ചേട്ടനെ കമ്മ്യുണിസ്റ്റാക്കിയെന്നും.’ ഗാന്ധിജിയുടെ ലൈബ്രറി പുസ്തകങ്ങളുടെ വായനയിലൂടെയാണ് എംഎൻ കമ്മ്യൂണിസത്തിലേക്ക് ആകൃഷ്ടനായത്. 

സ്വാമി വല്യച്ഛന്റെ ആശ്രമത്തിൽ പാചകസഹായിയായി വന്നു യോഗയും മറ്റും അഭ്യസിച്ച ആളാണ് പിൽക്കാലത്തു പ്രശസ്തനായ ധീരേന്ദ്ര ബ്രഹ്മചാരി. അതിനുമുമ്പേ ശ്രീമതി ഇന്ദിര ഗാന്ധിയെ യോഗ പഠിപ്പിക്കാൻ സ്വാമിയെ ക്ഷണിക്കുകയും ‘ഐ ഡോൺ വാണ്ട് ടു കോമ്മേഴ്സ്യലൈസ്’ എന്ന മറുപടിയിൽ അവസാനിക്കുകയും പിന്നീട് ധീരേന്ദ്ര ബ്രഹ്മചാരിയെ പകരം പോകാൻ അനുവദിക്കുകയും ചെയ്തു.
ഇന്ത്യ‑പാക് യുദ്ധത്തിൽ സമാധാനം സ്ഥാപിക്കാൻ ഇന്ദിരാഗാന്ധി രൂപീകരിച്ച 18 അംഗ സംഘത്തിൽ സ്വാമി വലിയച്ഛനും അംഗമായിരുന്നു. കൂട്ടത്തിൽ ജസ്റ്റിസ് മുള്ളയും ഉണ്ടായിരുന്നു. എമ്മെൻ, ടിവി, വെല്ലിങ്ടൺ തുടങ്ങിയവരെപെറ്റി അന്വേഷിക്കാൻ ‘മുള്ള’ കേരളത്തിൽ പോയിരുന്ന കാര്യം പറഞ്ഞ അവസരത്തിൽ എമ്മെന്റെ അനുജനാണെന്ന കാര്യം സ്വാമി പറഞ്ഞില്ല. പിന്നീട് എമ്മെനും ടീവിയും നിരപരാധി എന്ന് തെളിഞ്ഞത് ചരിത്രം. 

എന്റെ അച്ഛന്റെ കൊച്ചാനന്തിരവൾ ഗിരിജ ചേച്ചിക്ക് പേര് നിർദേശിച്ചത് സ്വാമിയാണ്. എന്റെ ഏറ്റവും ഇളയ അനുജന് ‘പ്രണാം’ എന്ന പേര് നിർദേശിച്ചത് (എഴുതി കാണിച്ചത്) സ്വാമി വല്യച്ഛനാണ്. 61 വയസായ പ്രണാം ഇപ്പോൾ ബോയിങ്ങിൽ നിന്നും വിരമിച്ചശേഷം വിശ്രമജീവിതത്തിലാണ്. കൈനിക്കര കൃഷ്ണപിള്ള ചിറ്റപ്പന്റെ മകൾ സതി ടീച്ചറുടെ മകൾ ബിന്ദുവിന്റെ മകൾക് ‘ശരണ്യ’ എന്ന പേര് നിർദേശിച്ചതും സ്വാമി വല്യച്ഛനാണ്. 29 വയസായ ശരണ്യ 2019‑ലെ അഖിലേന്ത്യാ കവിത മത്സരത്തിലും 2022‑ലെ ടാഗോർ ഇന്റർനാഷണൽ കവിത മത്സരത്തിലും പ്രശസ്ത വിജയം നേടി. വിവിധ വിദേശ മാധ്യമങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുള്ള ശരണ്യക്ക് ഹരി: ശ്രീ കുറിച്ചതും സ്വാമി വലിയച്ഛൻ. ബാംഗ്ലൂരിൽ എന്റെ കസിൻ സുജാത വീടുവച്ചപ്പോൾ വിശ്രാന്തി എന്ന പേര് നിർദേശിച്ചതും സ്വാമി വല്യച്ഛനാണ്. എന്റെ കസിൻ പ്രഭ ചേട്ടനും (എമ്മെന്റെ ഒളിവിലെ പേര് പ്രഭ എന്നായിരുന്നു), എന്റെ മകൾ ഐശ്വര്യക്കും, അനിയന്റെ മക്കൾ സലോനി, സുകൃത് എന്നിവർക്കും പേര് നിർദേശിച്ചത് സ്വാമി വല്യച്ഛനാണ്. കൈനിക്കര കൃഷ്ണപിള്ള ചിറ്റപ്പന്റെ മകൾ ശക്തിമയി ചേച്ചിയുടെ ചെറുമകൾക്ക് തന്മയി എന്ന പേര് നിർദേശിച്ചതും സ്വാമിയാണ്. 

1983–91ൽ ഞാൻ ബാംഗ്ലൂരിൽ ആയിരുന്നപ്പോൾ സ്വാമി വലിയച്ഛൻ എന്റെ വീട്ടിലും ബന്ധു സുജാതയുടെ വീട്ടിലും വന്നു. സ്വാമി വല്യച്ഛന്റെ ശിഷ്യരായ ഉണ്ണി-സൂര്യ ദമ്പതികളുടെ വീട്ടിലായിരുന്നു താമസം. 1989 മുതൽ ബാംഗ്ലൂർ സന്ദർശനവേളയിൽ എല്ലാം ഉണ്ണിയുടെ വീട്ടിലായിരുന്നു താമസം. പട്ടാളത്തിൽ സ്വാമിയോടൊപ്പം ഉണ്ടായിരുന്ന ചന്ദ്രൻ മാമന്റെ മകനാണ് ഉണ്ണി. മരണംവരെ സ്വാമി ആ ബന്ധം കാത്തു സൂക്ഷിച്ചു. ബാംഗ്ലൂർ ശ്രീരാമകൃഷ്ണ മിഷൻ സന്ദർശിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു മലയാളി സന്യാസി കൗതുകപൂർവം പറഞ്ഞു: “സഹോദരന്മാരായ രണ്ടുപേരും വ്യത്യസ്തത ധ്രുവങ്ങളിൽ — രാഷ്രീയവും സന്യാസവും.” മറുപടിയായി സ്വാമി എഴുതി കാണിച്ചു, ‘ചേട്ടൻ മാനവസേവയും ഞാൻ മാധവസേവയും — രണ്ടും ഒന്ന് തന്നെയാണ്’ എന്ന്. എന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്തതുകൊണ്ട് പിന്നീട് ഒരിക്കൽ വീട്ടിൽ വന്നപ്പോൾ ഭാര്യ കലക്ക് ഒരു ഷാൾ സമ്മാനമായി നൽകി. ആ ദിനങ്ങൾ സന്തോഷം നിറഞ്ഞ ഓർമകളാണ്. പന്തളത്തു എന്റെ കസിൻ ഹരിച്ചേട്ടന്റെ വീട്ടിൽ സമസിക്കുമ്പോൾ ഹരി ചേട്ടനും ഭാര്യക്കും വിഷ്ണു പാദം കാണിച്ചു കൊടുക്കുകയും, ആരോടും പറയണ്ട എന്നും നിർദേശിച്ചിരുന്നു. സ്വാമി കാണിച്ച ബദരീനാഥ് ക്ഷേത്രത്തിലെ വിഷ്ണുപാദ ചിത്രവും സ്വാമി വർഷങ്ങളായി ഉപയോഗിച്ചിരുന്ന മെതിയടിയിലെ അടയാളങ്ങളും തമ്മിൽ ഏറെ സാമ്യം ഉണ്ടായിരുന്നു. 

ഒരിക്കൽ ആശ്രമത്തിനു മുന്നിൽവച്ച് ഒരു മദ്യപാനി തന്റെ ഗർഭിണിയായ ഭാര്യയെ അടിച്ചുവീഴ്ത്തി. ഇന്ദുവെന്ന ആ സ്ത്രീയെ ആശ്രമത്തിൽ കൊണ്ടുവന്നു. പ്രസവാനന്തരം ഇന്ദുവും മകൻ ഗോപാലും ആശ്രമത്തിൽ തുടർന്നു. ഇത് അനാഥരുടെ സംരക്ഷണക്കായി ആശ്രമം സ്ഥാപിക്കുന്നതിന് സ്വാമിക്ക് പ്രേരണയായി. അയോധ്യയിൽ കുഷ്ഠാശ്രമവും രാജസ്ഥാനിൽ അനാഥാശ്രമവും സ്വാമി സ്ഥാപിച്ചു. 1970‑ൽ ഞാൻ തിരുവനന്തപുരത്തായിരുന്നപ്പോൾ ഞങ്ങൾ ഒരു സംഘം സ്വാമി വലിയച്ഛനോടൊപ്പം കന്യാകുമാരി യാത്ര പോയി. അച്ഛന്റെ സുഹൃത്തുക്കളായ മാധ്യമപ്രവർത്തകർ വല്യച്ചനെ ഇന്റർവ്യൂ ചെയ്തത് ഓർക്കുന്നു. രാഷ്ട്രീയ സന്യാസിയുടെ അനിയൻ ആത്മീയ സന്യാസി എന്ന് കെ ആർ ചുമ്മാർ മനോരമയിൽ എഴുതി. മൗനത്തിന്റെ പ്രാധാന്യത്തെപറ്റിയും ചുമ്മാർ സാർ അന്ന് സ്വാമിയോട് ചോദിച്ചു ഉത്തരം എഴുതി വാങ്ങി — സംസാരിക്കാതിരുന്നാൽ ഏറെ ചിന്തിക്കാനും എഴുതാനും കഴിയും. പെട്ടെന്നുള്ള റിയാക്ഷൻ ഒഴിവാക്കാം — എന്നായിരുന്നു സ്വാമിയുടെ മറുപടി.
സ്വാമിയുടെ സുഹൃത്തും ഗുരുതുല്യനുമായിരുന്ന കൈനിക്കര കൃഷ്ണപിള്ളയും പേരൂർ നാരായണപിള്ളയും ബന്ധുമിത്രാദികളും ചേർന്ന് സ്വാമി വല്യച്ചന് പന്തളത്തു സ്വീകരണം കൊടുത്തു. മന്നത്തു പദ്മനാഭൻ സ്വാമിയെ പന്തളം മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സന്ദർശിക്കാൻ ക്ഷണിച്ചു. സന്ദർശനവേളയിൽ രോഗികൾക്കുള്ള സന്ദേശമായി സ്വാമി എഴുതി “രോഗം ദുഃഖമല്ല; ദുഃഖം രോഗമാണ്.” അത് ഇപ്പോഴും അവിടെ പ്രദർശിപ്പിച്ചുണ്ട് എന്നാണ് തോന്നുന്നത്. കൈനിക്കര കൃഷ്ണപിള്ള പന്തളം എൻഎസ്എസ് സ്കൂളിൽ അധ്യപകനായിരുന്നപ്പോൾ സ്വാമിയും ഞങ്ങളുടെ ബന്ധുവായ തങ്കമ്മയും കൈനിക്കരയുടെ വിദ്യാർഥികളായിരുന്നു. താമസം ഞങ്ങളുടെ ബന്ധുവീടായ ആശാരി അയ്യത്തും കൂട്ടിനു കൃഷ്ണൻകുട്ടി വലിയച്ഛനും. പിന്നീട് കൃഷ്ണൻകുട്ടി വല്യച്ഛന്റെ നിർദേശ പ്രകാരം കൈനിക്കര ചിറ്റപ്പൻ തങ്കമ്മ അപ്പച്ചിയെ വിവാഹം ചെയ്തു. പ്രായവ്യത്യാസം ഏറെയുള്ള ഇവർ തമ്മിൽ നല്ല മനഃപൊരുത്തത്തിലായിരുന്നു. സ്വാമിക്ക് പട്ടാള ജോലിക്കാലത്തു എന്റെ അച്ഛനും കൈനിക്കര ചിറ്റപ്പനും ചേർന്ന് വിവാഹാലോചനകൾ നടത്തിയിരുന്നു; കണ്ണുകാണാത്തവരോ മറ്റു അംഗവൈകല്യം ഉള്ളവരെയാ ആണെങ്കിൽ ആലോചിക്കാം എന്നായിരുന്നു സ്വാമിയുടെ മറുപടി. 

കൈനിക്കര കൃഷ്ണപിള്ള ചിറ്റപ്പൻ രണ്ട് ദിവസം ബോധരഹിതനായി കിടപ്പിലായിരുന്നു. അദ്ദേഹത്തിന്റെ അവസാന നാളുകളിൽ പെട്ടെന്നൊരു ദിവസം സ്വാമി വലിയച്ഛൻ വരുന്നതായി അറിയിച്ചു. ഇസ്രോ ഉദ്യോഗസ്ഥയും സ്വാമിയുടെ ആരാധികയുമായ ശക്തിമായി ചേച്ചിയുടെ വീട്ടിലായിരുന്നു കൈനിക്കര ചിറ്റപ്പൻ. സ്വാമിയെ സ്വീകരിക്കാൻ ഞങ്ങൾ വിമാനത്താവളത്തിൽ എത്തി. ഏറ്റവും അടുത്ത് പി ഗോവിന്ദപിള്ള ചേട്ടന്റെ വീടായതിനാൽ ഞങ്ങൾ പ്രതീക്ഷിച്ചതു പടിഞ്ഞാറേകോട്ട സുബാഷ് നഗറിലേക്കായിരിക്കും സ്വാമി പോകുന്നത് എന്നാണ്. പക്ഷെ, സ്വാമി എഴുതികാട്ടിയത് ആദ്യം പോങ്ങുമൂട്ടിലേക്ക് എന്ന്. അതുവരെ അബോധാവസ്ഥയിൽ ആയിരുന്ന കൈനിക്കര കൃഷ്ണപിള്ള ചിറ്റപ്പൻ സ്വാമി എത്തി എന്ന് ഉറക്കെ പറഞ്ഞപ്പോൾ കണ്ണ് തുറക്കുകയും സ്വാമി കൊണ്ടുവന്ന പുണ്യ തീർത്ഥങ്ങൾ കുടിക്കുകയും സ്വാമിയുടെ മുന്നിൽ വെച്ച് ഇഹലോഹവാസം വെടിയുകയും ചെയ്തു. പിന്നീട് അച്ഛന്റെ അമ്മയുടെ അന്ത്യനാളുകളിൽ സ്വാമി പത്തനംതിട്ട മൈലപ്ര എന്റെ അപ്പച്ചിയുടെ വീട്ടിൽ വന്നു ഒരു മാസം താമസിച്ചു. ‘അമ്മ ഇന്ന ദിവസം 5.15നു മുമ്പ് മരിക്കുമെന്നും “അമ്മയുടെ മരണം കാണാൻ ആഗ്രഹിക്കുന്നില്ല” എന്നും “അതുകൊണ്ടു ഒരാഴ്ച മുൻപേ ഞാൻ പോകുന്നു” എന്നും എഴുതി കാണിച്ചു. 1998‑ൽ ഞാൻ മനോരമയിൽ ആയിരുന്നപ്പോൾ സ്വാമി വലിയച്ഛൻ നാട്ടിൽ നിന്നും തിരികെ പോയി. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഞാനും ഭാര്യ കലയും കൂടി പോയി കണ്ടു. ഇനി എന്നാണ് അടുത്ത വരവ് എന്ന ചോദ്യത്തിന് മറുപടി എഴുതി, ‘നെവർ’.

ഡൽഹിയിലെ റിസർച്ച് ആൻഡ് അനാലിസിസ് വിങ് തലവൻ ആനന്ദ് വർമ്മയും ഭാര്യ നളിനി വർമ്മയും സ്വാമിയുടെ കാർത്തികേയ സേവാസദൻ ആശ്രമത്തിലെ നിത്യസന്ദർശകരും ശിഷ്യരും ആരാധകരുമായിരുന്നു. നളിനിവർമ്മ സ്വാമിയെകുറിച്ച് ഒരു പുസ്തകം എഴുതി ‘എ ടച്ച് ഓഫ് ഡിവൈൻ ലവ്.’ അവർ ഒരിക്കൽ സ്വാമിയുടെ മുളക്കൽ തറവാട് സന്ദർശിച്ചിരുന്നു. 1999 മാർച്ച് ആറ്, സ്വാമിജി ആശ്രമത്തിലെ അന്തേവാസികൾക്ക് എഴുതി, നാളത്തെ പ്രാർത്ഥനക്കു എല്ലാവരും ഉണ്ടാവണം. പതിവുപോലെ അടുത്തദിവസം ബ്രഹ്മമുഹൂർത്തത്തിൽ 3.20നു പ്രാർത്ഥന തുടങ്ങി. സ്വാമി സുഖാസനത്തിൽ. പതിവില്ലാതെ ഒരു ഡയറി മാർക്കർ സഹിതം പേജ് അറിയാൻ സ്വാമി മുൻപിൽ വെച്ചു. അന്തേവാസികൾ സ്വാമിയുടെ പുറകെ ഇരുന്നു. ഗണപതി, സരസ്വതി, ദേവി കീർത്തനങ്ങൾ പാടി, അഞ്ച് മണിക്ക് ദീപാരാധന സമയം അടുത്തു. പതിവായി സ്വാമി എഴുന്നേറ്റാണ് ദീപാരാധന നടത്താറുള്ളത്. വിളിച്ചിട്ടും സ്വാമി എഴുന്നേൽക്കുന്നില്ല. മൗനവ്രതമെങ്കിലും ചെറിയ മൂളൽ കേൾക്കാറുള്ളതും ഇല്ല. അന്തേവാസികൾ പൾസും ശ്വാസവും നോക്കി, ഡോക്ടർ പരിശോധിച്ചു സമാധിയായതായി അറിയിച്ചു. ഡയറിയുടെ മാർക്കർ പേജ് മറിച്ചു നോക്കിയപ്പോൾ ‘മരണാനന്തരചടങ്ങുകൾ സ്വാമിയുടെ ആഗ്രഹം, ജലസമാധി സരയു നദിയിൽ’ എന്നായിരുന്നു. ആശ്രമ വാസികൾ ഞങ്ങളെ അറിയിക്കുകയും എന്റെ കസിൻസ് ജ്യോതിഷ് കുമാറും, ശക്തിമയി ചേച്ചിയും മകൻ ക്യാപ്റ്റൻ രമേശും അവിടെ പോകുകയും മരണാനന്തരക്രിയകൾ ചെയ്യുകയും ചെയ്തു. രഥത്തിൽ ഇരുത്തി നഗര പ്രദക്ഷിണം കഴിഞ്ഞായിരുന്നു ജലസമാധി.
അടുത്തകാലത്ത് സ്വാമിജിയുടെ ഗുരുതുല്യനായിരുന്ന കൈനിക്കര കൃഷ്ണപിള്ളയുടെ ചെറുമകൻ കേരള ഹൈക്കോടതി ജസ്റ്റിസ് ജി ഗിരീഷ്, സ്വാമിജിയുടെ ആശ്രമവും സരയു നദിതീരവും സന്ദർശിച്ചിരുന്നു.
_______________________________________
ബാംഗ്ലൂർ ജെയിൻ യൂണിവേഴ്സിറ്റിയിൽ കൺസൾട്ടന്റാണ് ലേഖകൻ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.