23 December 2024, Monday
KSFE Galaxy Chits Banner 2

ഇതിഹാസം… ചുടുചോരയാൽ

ടി കെ അനിൽകുമാർ
March 27, 2022 6:48 am

സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ സമരവീര്യത്താൽ ആലപ്പുഴ സാക്ഷ്യം വഹിച്ചത് പല ചരിത്ര മുഹൂർത്തങ്ങൾക്കും. കേരളത്തിൽ ആദ്യമായി തൊഴിലാളി സംഘടന രൂപീകരിച്ച ആലപ്പുഴയിലെ ചുവന്ന മണ്ണിലാണ് ആദ്യത്തെ തൊഴിലാളി പണിമുടക്കും നടന്നത്. മുതലാളിത്തത്തിനും ജന്മിത്വത്തിനും എതിരായ സമരങ്ങളുടെ കനൽ വഴികളിൽ ആദ്യത്തെ തൊഴിലാളി രക്തസാക്ഷി ഉണ്ടായതും ആലപ്പുഴയിൽ. ഘെരാവോ സമരം ആദ്യമായി നടത്തിയതും ഈ വിപ്ലവ ഭൂമിയിലെ കയർ തൊഴിലാളികൾ ആയിരുന്നു. കൂലി, വേല വ്യവസ്ഥകൾ നേടിയെടുക്കുന്നതിനും രാഷ്ട്രീയ ആവശ്യങ്ങൾ ഉന്നയിച്ചും തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ ചെറുത്ത് നിൽപ്പ് ഒരു ജനതയെ സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കുകകൂടിയായിരിന്നു. പുന്നപ്ര വയലാർ ഉൾപ്പടെ നാടിനെ ചുവപ്പിൽ മുക്കിയ ആ സമരങ്ങൾക്ക് നേതൃത്വം നൽകിയത് കയർ തൊഴിലാളികളും. 1859 ൽ ഡാറാസ്മെയിൽ ആന്റ് കമ്പനിയെന്ന ആദ്യത്തെ കയർ ഫാക്ടറി ബ്രിട്ടീഷുകാരനായ ജെയിംസ് ഡാറ സ്ഥാപിച്ചതിന്റെ ചുവടുപിടിച്ച് ഒട്ടേറെ സ്ഥാപനങ്ങൾ ആലപ്പുഴയിൽ രൂപം കൊണ്ടു. വില്യം ഗുഡേക്കർ ആൻഡ് സൺസ്, വോൾക്കാട്ട് ബ്രദേഴ്സ് കമ്പിനി, പീയേഴ്സ് ലെസിലിക്ക കമ്പനി, എംബയർ ക്വയർ വർക്സ് കമ്പനി, ആസ്പിൻവാൾ കമ്പനി, ഡിക്രൂസ് കമ്പനി, മെഡൂറ കമ്പനി ഇങ്ങനെ നീളുന്നു കമ്പനികൾ. രാപകൽ ഭേദമന്യേ തൊഴിൽ ശാലകളിലേക്ക് ഘോഷയാത്ര പോലെ ഇഴഞ്ഞു നീങ്ങുന്ന കയർ തൊഴിലാളികൾ ആലപ്പുഴ നഗരത്തിലെ പതിവ് കാഴ്ചയായിരുന്നു. കേരളം മൂന്നായി മുറിഞ്ഞു കിടന്ന ആ കാലത്ത് തിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ നഗരമായിരുന്നു ആലപ്പുഴ.

 

ആഗോള സാമ്പത്തിക മാന്ദ്യം മൂലം ജനങ്ങളുടെ വരുമാനമിടിഞ്ഞപ്പോൾ ചെലവ് കുറഞ്ഞ കയർ ഉല്പന്നങ്ങൾക്ക് യൂറോപ്പിൽ ആവശ്യക്കാരേറി. കയറ്റുമതിയിലുണ്ടായ വർധനവ് മൂലം നാൽപതിനായിരത്തോളം തൊഴിലാളികൾ പണിയെടുക്കുന്ന മേഖലയായി ആലപ്പുഴയിലെ കയർ വ്യവസായം മാറി. അങ്ങനെ കയർ വ്യവസായത്തിലൂടെ ആലപ്പുഴയുടെ പ്രസക്തി കടൽകടന്നു. കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ട ആലപ്പുഴയിലെ തുറമുഖവും വ്യവസായത്തിന്റെ കുതിപ്പിന് ശക്തി പകര്‍ന്നു. വ്യവസായം അനുദിനം വളരുമ്പോള്‍ തൊഴിലാളികളുടെ അവസ്ഥ ദയനീയമായിരുന്നു. ജോലി ചെയ്താൽ കൂലിയില്ല. ബാർബർ ഷോപ്പിലേക്ക് ഉൾപ്പടെ മുതലാളിമാരുടെ അനുയായികൾ ചീട്ടാണ് നൽകുക. ബാലവേലയും സ്ത്രീ പീഡനങ്ങളും വ്യാപകം. തൊഴിലാളികൾ ഒടുവിൽ സംഘടിച്ചു. അതിനായി അവർ ഒരു സംഘടനയും രൂപികരിച്ചു. 1922 മാർച്ച് 31 ന് രൂപീകരിച്ച തിരുവിതാംകൂർ ലേബർ അസോസിയേഷൻ തൊഴിലാളികളുടെ മുന്നേറ്റത്തിന്റെ പുതിയ ചരിത്രം രചിച്ചു. തിരുവിതാംകൂർ ട്രേഡ് യൂണിയൻ നിയമം നിലവിൽ വന്നതിനെ തുടർന്ന് 1938 ജൂലൈ 24 ന് ലേബർ അസോസിയേഷൻ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ കേരളത്തിലെ ആദ്യ യുണിയനായി രജിസ്റ്റർ ചെയ്തു. യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ് ടി വി തോമസും ജനറൽ സെക്രട്ടറി ആർ സുഗതനും ആയിരുന്നു. പുന്നപ്ര വയലാർ സമരം ഉൾപ്പടെയുള്ള ജനകീയ മുന്നേറ്റങ്ങളുടെ നായക സ്ഥാനത്തും തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഉണ്ടാരുന്നു. ലേബർ അസോസിയേഷൻ രൂപം കൊള്ളുന്നു ജന്മിമാരുടെയും പിണിയാളുകളുടെയും പീഡനത്തിനെതിരെ പല സ്ഥലങ്ങളിലും ഒറ്റപ്പെട്ട തൊഴിലാളികളുടെ ശബ്ദങ്ങൾ ഉയർന്നെങ്കിലും ശക്തമായ തിരിച്ചടിയെ തുടർന്ന് അവ അവസാനിച്ചു. എന്നാൽ ആലപ്പുഴ എംബയർ ക്വയർ വർക്സ് കമ്പിനിയിലെ സ്ഥിതി മറിച്ചായിരുന്നു. കമ്പിനിയിലെ മൂപ്പനും യാർഡ് സൂപ്രണ്ടുമായിരുന്ന ആലപ്പുഴ സ്വദേശി വാടപ്പുറം ബാവയാണ് തൊഴിലാളികൾക്ക് ഒരു സംഘടന വേണമെന്ന ആശയം മുന്നോട്ട് വെച്ചത്.

 

ശ്രീനാരായണ ഗുരുവിന്റെ സ്വാധീനവും സംഘടന രൂപീകരിക്കുവാൻ ബാവയെ പ്രേരിപ്പിച്ചു. കളപ്പുരക്ക് സമീപം ആലുമൂട്ടിൽ കേശവന്റെ വെളി സ്ഥലത്ത് തൊഴിലാളികളെ വിളിച്ചുകൂട്ടി. പൊതുപ്രവർത്തകൻ ആയിരുന്ന അഡ്വ. പി എസ് മുഹമ്മദ് ആയിരുന്നു യോഗത്തിന്റെ അധ്യക്ഷൻ. തിരുവിതാംകൂർ ലേബർ അസോസിയേഷൻ എന്ന് സംഘടനക്ക് നാമകരണം ചെയ്തു. ഏഴ് പേരടങ്ങിയ ഭരണ സമിതിയെയും യോഗം തിരഞ്ഞെടുത്തു. ഡോ. എം കെ ആന്റണിയെ പ്രസിഡന്റായും വാടപ്പുറം ബാവയെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. പതിനെട്ടാമത്തെ വയസിൽ ഡെറാസ് മെയിൽ കമ്പിനിയിലെ ജീവനക്കാരനായ ബാവ ജന്മിമാരും ബ്രിട്ടീഷുകാരും തൊഴിലാളികളെ മൃഗങ്ങളെപോലെ പീഡിപ്പിക്കുന്നതിൽ പലപ്പോഴും പ്രതിഷേധമുയർത്തി. ഇതിനെത്തുടർന്ന് പല കമ്പിനികളിൽ നിന്നും ബാവയെ പുറത്താക്കി. അച്ഛന്റെ അകാല മരണത്തെ തുടർന്നുള്ള ജീവിത ക്ലേശങ്ങളാണ് സംസ്കൃതവും വൈദ്യവും പഠിച്ച ബാവയെ ചെറുപ്രായത്തിൽ കയർ തൊഴിലാളിയാക്കിയത്. പായ് നെയ്ത്ത്കാരനായി പല കമ്പനികളിലും ജോലിചെയ്ത ബാവക്ക് തൊഴിലാളികൾ അനുഭവിക്കുന്ന കഷ്ടതകൾ നന്നായി അറിയാമായിരുന്നു. ലേബർ അസോസിയേഷന്റെ ആദ്യകാല പ്രവർത്തനം വർഗ്ഗ സംഘടനകളുടെയോ വിപ്ലവ ട്രേഡ് യുണിയന്റേയോ രീതിയിൽ ആയിരുന്നില്ല. തൊഴിലാളികളുടെ ആവശ്യങ്ങൾ അധികൃതരെ അറിയിക്കുവാൻ അപേക്ഷ നൽകുക, നിവേദനകളും മെമ്മോറാണ്ടങ്ങളും സമർപ്പിക്കുക, യോഗങ്ങൾ കൂടി പ്രമേയങ്ങൾ പാസാക്കുക തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ. തൊഴിലാളികളിൽ നിന്ന് ശേഖരിക്കുന്ന ചെറിയ സംഭാവനകൾ ഉപയോഗിച്ച് അവർക്ക് ചികിത്സാ സഹായം നൽകുവാനും വായനശാലകൾ സ്ഥാപിക്കുവാനും അസോസിയേഷൻ മുൻകൈയെടുത്തു. അസോസിയേഷന്റെ നേതൃത്വത്തിൽ തൊഴിലാളി കുടുംബങ്ങളിലേക്ക് മരണഫണ്ടും സ്വരൂപിച്ചു.

 

കുട്ടികൾക്ക് 15 രൂപയും മുതിർന്നവർക്ക് 25 രൂപയും മരണഫണ്ടായി നൽകിയത് തൊഴിലാളി കുടുംബങ്ങൾക്ക് ഏറെ ആശ്വാസമായി. അസോസിയേഷനിലെ അംഗങ്ങൾക്ക് രോഗമുണ്ടായാൽ ചികിൽസിക്കാനായി ഒരു കെട്ടിടം വാടകക്കെടുത്തു. രോഗികളെ ശുശ്രുഷിക്കാനായി പ്രത്യേകം ആളിനെയും നിയോഗിച്ചു. നിയമസഭയിൽ തൊഴിലാളി പ്രതിനിധ്യം വേണമെന്ന അസോസിയേഷന്റെ പ്രമേയം ഏറെ ചർച്ചയായി. എന്നാൽ അസോസിയേഷനെ ഒരു തൊഴിലാളി സംഘടനയായി മുതലാളിമാർ അംഗീകരിച്ചില്ല. അസോസിയേഷനിൽ ചേരുന്നവരെ പിരിച്ചുവിട്ടും മർദ്ദിച്ചും മുതലാളിമാർ പീഡനം തുടർന്നു. ഘെരാവോ എന്ന സമരത്തിന് ആരംഭം കുറിച്ചതും അസോസിയേഷൻ ആയിരിന്നു. ഡാറാസ് സ്മെയിൽ കമ്പിനിയിലെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ മാനേജരെ അസോസിയേഷൻ തടഞ്ഞു വെച്ചു. ഈ സമരരീതിയാണ് പിന്നീട് ഘെരാവോ എന്ന് അറിയപ്പെട്ടത്. തൊഴിലാളി മുന്നേറ്റം ഉയരുന്നു വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനങ്ങൾക്കും അപേക്ഷകൾക്കും മുന്നിൽ മുതലാളിമാർ മുഖം തിരിച്ചപ്പോൾ തൊഴിലാളികളുടെ മനസ്സിൽ വിപ്ലവജ്വാലകൾ ഉയർന്നു. കലാപകാരികളായ ആ മനസുകൾ പ്രക്ഷോഭത്തിനൊരുങ്ങി. തൊഴിലാളികളുടെ പ്രശ്നങ്ങൾ മഹാരാജാവിനെ നേരിട്ട് ബോധിപ്പിക്കുവാൻ യൂണിയൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആലപ്പുഴയിൽ നിന്നും അൻപത് പേരടങ്ങിയ തൊഴിലാളികൾ കാൽനടയായി തിരുവനന്തപുരത്തേക്ക് യാത്രയായി. കൊല്ലം ജോസഫ് കൺവീനറായി രൂപീകരിച്ച ജാഥാ കമ്മറ്റിക്കായിരിന്നു മുഖ്യ ചുമതല. എന്നാൽ മഹാരാജാവിനെ കാണുവാൻ പോലും അധികൃതർ തൊഴിലാളികളെ അനുവദിച്ചില്ല. കൂടാതെ ജാഥാ നിരോധിക്കുകയും അത് സംഘടിപ്പിച്ച കൊല്ലം ജോസഫ്, കെ സി ഗോവിന്ദൻ, വി കെ പുരുഷോത്തമൻ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രക്തനക്ഷത്രമായി ബാവ തൊഴിലാളികളുടെ അവകാശങ്ങൾ ഒരു പണിമുടക്കിലൂടെ അല്ലാതെ പരിഹരിക്കാനാവില്ലെന്ന ലേബർ അസോസിയേഷന്റെ തിരിച്ചറിവാണ് കേരളത്തിലെ ആദ്യത്തെ തൊഴിലാളി പണിമുടക്കിന് വഴിയൊരുക്കിയത്.

 

പണിമുടക്കിന്റെ പ്രചാരണ യോഗങ്ങൾ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ സജീവമായി. ഇതിന് നേതൃത്വം നൽകിയ അസോസിയേഷൻ നേതാക്കളായ ആർ സുഗതൻ, പി കെ കുഞ്ഞ്, പി എൻ കൃഷ്ണപിള്ള, വി കെ പുരുഷോത്തമൻ, സി കെ വേലായുധൻ എന്നിവരെ കൊല്ലവർഷം 1118 മീനം 11,12 തീയതികളിലായി അറസ്റ്റ് ചെയ്തു. ഈ അറസ്റ്റിൽ പ്രതിഷേധിക്കുവാൻ ആലപ്പുഴയിലെ തൊഴിലാളികൾ ഒന്നടങ്കം തെരുവിലിറങ്ങി. നേതാക്കളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളികൾ പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചു കൂടിയത് സംഘർഷത്തിന് വഴിയൊരുക്കി. തൊഴിലാളികളെ പിരിച്ചുവിടുവാൻ പൊലീസ് മൃഗീയമായ മർദ്ദന മുറകൾ അഴിച്ചുവിട്ടു. ലാത്തിച്ചാർജിൽ ആര്യാട് സ്വദേശിയായ ബാവായെന്ന കയർ തൊഴിലാളി മരിച്ചുവീണു. കേരളത്തിലെ തൊഴിലാളി പോരാട്ട ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ബാവ ഇന്നും ജനമനസുകളിൽ രക്ത നക്ഷത്രമായി വിരാജിക്കുന്നു. നിയമനിർമാണം തകൃതി തൊഴിലാളികൾ അവഗണിക്കാൻ കഴിയാത്ത ശക്തിയാണെന്ന് തിരിച്ചറിഞ്ഞ തിരുവിതാംകൂർ ദിവാൻ മുഹമ്മദ് ഹബീബുള്ള ഒടുവിൽ നിയമ നിർമാണത്തിന് തയ്യാറായി. ഫാക്ടറീസ് ബിൽ, വർക്ക് മെൻസ് കോമ്പൻസേഷൻ ബിൽ ട്രേഡ് ഡിസ്പ്യുട്ട് ബിൽ എന്നീ ബില്ലുകൾ നിയമ നിർമാണ സഭയിൽ അവതരിപ്പിച്ചു. നിർബന്ധിത വേല വ്യവസ്ഥാ നിയമവുംപിൻവലിച്ചു.

 

അസോസിയേഷന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്ന തൊഴിലാളി പ്രതിനിധികളെ സഭയിലേക്ക് നോമിനേറ്റ് ചെയ്തു. പി എൻ കൃഷ്ണപിള്ള, സി ഒ പൊന്നമ്മ എന്നിവരായിരുന്നു ആ പ്രതിനിധികൾ. മുതാളിത്തത്തിനെതിരെ നടന്ന അണമുറിയാത്ത സമരങ്ങളുടെ ഭാഗമായി നിരവധി അവകാശങ്ങളും തൊഴിലാളികൾക്ക് ലഭിച്ചു. ഫിക്സഡ് ഡി എ, ബോണസ്, ഇ എസ് ഐ, പി എഫ്, ലീവ് വിത്ത് വേജസ്, ഹോളിഡേ വേജസ്, ഗ്രാറ്റുവിറ്റി, ക്ഷേമനിധി എന്നിവ അവയിൽ ചിലത് മാത്രം. തൊഴിലാളികളിൽ വർഗ്ഗബോധം പകർന്ന് പി കൃഷ്ണപിള്ള ആലപ്പുഴയിലെ കയർ തൊഴിലാളികളിൽ വർഗ്ഗബോധം പകർന്നത് പി കൃഷ്ണപിള്ളയുടെ ഇടപെടൽ ആയിരുന്നു. ലേബർ അസോസിയേഷനെ ഒരു വിപ്ലവ ട്രേഡ് യൂണിയനാക്കി മാറ്റാനുള്ള കൃഷ്ണപിള്ളയുടെ ശ്രമങ്ങൾ ഫലം കാണുകയായിരുന്നു. 1936 ൽ കൂടിയ അസോസിയേഷന്റെ പന്ത്രണ്ടാമത് വാർഷിക സമ്മേളനം ആർ സുഗതനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. അതുവരെ ചെങ്കൊടി ഇല്ലാതിരുന്ന അസോസിയേഷന് ആദ്യമായി അരിവാളും ചുറ്റികയുമുള്ള ചെങ്കൊടിയായി. ഈ യോഗമാണ് ആദ്യമായി പൊതു പണിമുടക്ക് നടത്തുവാൻ തീരുമാനിച്ചത്. ട്രേഡ് യൂണിയൻ ആക്ട് നിലവിൽ വന്നപ്പോൾ ലേബർ അസോസിയേഷൻ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ കേരളത്തിലെ ആദ്യ യൂണിയനായി രജിസ്റ്റർ ചെയ്തു. അസോസിയേഷന്റെ ഘടകങ്ങളെ പ്രത്യേക യുണിയനുകളായും രജിസ്റ്റർ ചെയ്തു. കന്നിട്ട ആൻഡ് ഓയിൽ മിൽ വർക്കേഴ്സ് യൂണിയൻ, മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ, ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ എന്നിവയും പ്രത്യേക യുണിയനുകളായി രജിസ്റ്റർ ചെയ്തു. പി കൃഷ്ണപിള്ളയുടെ ഇടപെടലിനെ തുടർന്ന് ക്രമേണ ഇവയെല്ലാം വിപ്ലവ ട്രേഡ് യുണിയനുകളായി രൂപാന്തരപ്പെടുകയായിരുന്നു. യൂണിയൻ മാനേജിങ് കമ്മറ്റിയിലും ഫാക്ടറി കമ്മറ്റിയിലും അംഗങ്ങളായിരുന്നവർ കമ്മ്യൂണിസ്റ്റ് ബോധമുള്ള തൊഴിലാളികൾ ആയിരുന്നു. ക്രമേണ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ തൊഴിലാളികളുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഗ്രൂപ്പുകൾ രൂപീകൃതമായി.

 

 

തിരുവിതാംകൂറിനെ ഇളക്കി മറിച്ച പണിമുടക്ക് പ്രായപൂർത്തി വോട്ടവകാശം ഉൾപ്പടെയുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉൾപ്പടെ ഇരുപത്തിയേഴിന ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്ക് നടത്താൻ കൊല്ലവർഷം 1111 തുലാം എട്ടിന് ആലപ്പുഴ കിടങ്ങാംപറമ്പ് ചേർന്ന തൊഴിലാളികളുടെ യോഗം തീരുമാനിച്ചു. സൈമൺ ആശാൻ ആയിരുന്നു യോഗത്തിന്റെ അധ്യക്ഷൻ. കയർ ഫാക്ടറി തൊഴിലാളികൾ ഒരേ മനസോടെ പണിമുടക്കിൽ അണിനിരന്നപ്പോൾ അരൂർ മുതൽ വണ്ടാനം വരെയുള്ള ചെറുതും വലുതുമായ കയർ ഫാക്ടറികൾ നിശ്ചലമായി. സാമ്പത്തിക ആവശ്യങ്ങളേക്കാൾ ഉപരിയായി രാഷ്ട്രീയ ആവശ്യങ്ങൾ ഉന്നയിച്ച തൊഴിലാളികളുടെ വർഗ്ഗ ബോധം ഭരണാധികാരികളെ ഞെട്ടിച്ചു. പണിമുടക്കിയ തൊഴിലാളികൾക്ക് നേരെ സർ സി പി മർദ്ദന മുറകൾ അഴിച്ചുവിട്ടു. ബോംബെ കമ്പിനി, ഡേറാം സ്കെയിൽ കമ്പിനി തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലിയിൽ ഉണ്ടായിരുന്ന തൊഴിലാളികളെ പോലീസ് മൃഗീയമായി മർദ്ദിച്ചു. യൂണിയൻ ഓഫീസുകളിൽ ഉണ്ടായിരുന്ന തൊഴിലാളികളും മർദ്ദനങ്ങൾക്ക് ഇരയായി. തുലാം എട്ടിന് ആലപ്പുഴ കൊമ്മാടിയിൽ തൊഴിലാളികൾ സംഘടിച്ച് പ്രകടനം നടത്തി. നിറതോക്കുകൾ ഉപയോഗിച്ചാണ് പട്ടാളം പ്രകടനത്തെ നേരിട്ടത്. നിരവധി തൊഴിലാളികൾ മരിച്ച് വീണു. ദിവാനെ ഞെട്ടിച്ച ‘തൊഴിലാളി’ തൊഴിലാളികളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ജനങ്ങളെ അറിയിക്കാൻ അസോസിയേഷൻ പ്രസിദ്ധീകരണം ആരംഭിച്ച തൊഴിലാളി എന്ന പത്രം ദിവാൻ സി പി രാമസ്വാമി അയ്യരെ ഞെട്ടിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി വാടപ്പുറം ബാവയായിരിന്നു പത്രാധിപർ. തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങളും പീഡനങ്ങളും അക്കമിട്ട് നിരത്തിയ പത്രം മുതലാളിമാരുടെയും ഉറക്കം കളഞ്ഞു.

കെ സി ഗോവിന്ദൻ, വാസു വാധ്യർ, പി എസ് മുഹമ്മദ്, എം എസ് അനിരുദ്ധൻ, വി കെ വേലായുധൻ, കേശവദേവ്, ആർ സുഗതൻ എന്നിവർ പല ഘട്ടത്തിൽ പത്രാധിപൻമാരായി. പിന്നീട് ദിവാൻ സി പി രാമസ്വാമി അയ്യർ ഇടപെട്ട് പത്രം നിരോധിച്ചു. സാരഥിയായി പ്രമുഖരും തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ (എഐടിയുസി ) സാരഥികളായി പ്രവർത്തിച്ചതില്‍ നിരവധി പ്രമുഖരും ഉണ്ടായിരുന്നു. യൂണിയൻ രൂപീകരിച്ചപ്പോൾ ടി വി തോമസ് പ്രസിഡന്റും ആർ സുഗതൻ ജനറൽ സെക്രട്ടറിയും ആയിരുന്നു. ടി വി രമേശ് ചന്ദ്രൻ, എം ടി ചന്ദ്രസേനൻ, ടി വി നടേശൻ, സി കെ ചന്ദ്രപ്പൻ കെ കെ കുഞ്ഞൻ, പി കെ മാധവൻ തുടങ്ങിയവർ യൂണിയൻ ഭാരവാഹികൾ ആയിരുന്നു. ഇപ്പോൾ കാനം രാജേന്ദ്രൻ പ്രസിഡന്റും പി വി സത്യനേശൻ ജനറൽ സെക്രട്ടറിയുമാണ്. ധന മന്ത്രിയായിരുന്ന പി കെ കുഞ്ഞ് ലേബർ അസോസിയേഷന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.