27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 9, 2024
November 24, 2024
November 1, 2024
October 31, 2024
July 26, 2024
June 28, 2024
April 25, 2024
January 29, 2024
January 28, 2024

കാലവർഷം താളംതെറ്റി; രാജ്യം കാർഷിക പ്രതിസന്ധിയിലാകുമെന്ന് വിദഗ്ധർ

Janayugom Webdesk
June 19, 2022 8:39 pm

ഉഷ്ണതരംഗങ്ങളുടെ അനന്തരഫലങ്ങളിൽ ഇതിനകം തന്നെ വിറങ്ങലിച്ച രാജ്യത്തിന്റെ കാർഷികാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ താളംതെറ്റുന്ന കാലവർഷം കൂടുതൽ ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന് വിദഗ്ധർ. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴക്കുറവ് 80 ശതമാനമാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ വർഷവും സാധാരണ പോലെ മൺസൂൺ പ്രവചിച്ചിരുന്നെങ്കിലും ജൂൺ ആദ്യ പകുതിയിൽ പ്രതീക്ഷിച്ച മഴ കിട്ടാത്തത് നെൽക്കൃഷിയുൾപ്പെടെ തുടങ്ങുന്നതിൽ കാലതാമസത്തിനിടയാക്കുമെന്ന് ആശങ്കയുയർന്നു. എന്നാൽ മൺസൂൺ മഴ പൂർണമായി ലഭിച്ചാൽ ഭക്ഷ്യ വിലക്കയറ്റം ലഘൂകരിക്കപ്പെടുകയും ഭക്ഷ്യ സുരക്ഷ ഉറപ്പാ‌‌ക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറഞ്ഞു. 

മഴക്കാലത്തിന്റെ രണ്ടാം പകുതിയിൽ അസ്ഥിരതയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത രണ്ട് മാസങ്ങളിലും മഴക്കുറവ് തുടരുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ജൂലൈ രണ്ടാം വാരത്തിലും മൂന്നാം വാരത്തിലും മഴക്കുറവ് തുടർന്നാൽ, അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അങ്ങനെ സംഭവിച്ചാൽ അനന്തരഫലം താങ്ങാൻ എളുപ്പമല്ലെന്നും കാർഷിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

രാജ്യത്ത് ലഭിക്കുന്ന മഴയുടെ 70 ശതമാനവും മൺസൂണിലാണ്. കൃഷിയുടെ 60 ശതമാനം ജലസേചനവും മഴയെ ആശ്രയിക്കുന്നു. ജനസംഖ്യയുടെ പകുതിയോളം പേർ കൃഷിയെ ഉപജീവനമാക്കുന്നു. കാലവർഷം മോശമായാൽ മോശം വിളവും പണപ്പെരുപ്പവും ഉണ്ടാകും. താപ തരംഗങ്ങളുടെ ആക്രമണം റാബി വിളകളെയാണ് ബാധിച്ചത്. ഇത് മൂലം ഗോതമ്പ് ഉല്പാദനം അഞ്ച് ശതമാനം കുറയാനും കയറ്റുമതി തടയാനും കാരണമായി. മറ്റൊരു കാലാവസ്ഥാ വ്യതിയാനം കൂടിയുണ്ടായാൽ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

മഹാരാഷ്ട്ര, മധ്യപ്രദേശ്, തൊട്ടടുത്തുള്ള തെലങ്കാന, ഛത്തീസ്ഗഡ്, ഝാർഖണ്ഡ് എന്നിവ മൺസൂൺ മഴയെ ആശ്രയിക്കുന്ന പ്രദേശങ്ങളാണ്. എന്നാൽ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ മൺസൂണിനെ പ്രധാനമായി ആശ്രയിക്കുന്നില്ല. കുഴൽക്കിണറുകൾ, കനാലുകൾ തുടങ്ങിയവയാണ് അവിടെ ആശ്രയിക്കുന്നത്. കൊങ്കൺ തീരം മുതൽ വിദർഭ വരെ വ്യാപിച്ചുകിടക്കുന്ന മഹാരാഷ്ട്രയ്ക്ക് മൺസൂണിന്റെ കാലതാമസം കൂടുതൽ അപകടസാധ്യത സൃഷ്ടിക്കും

രാജ്യവ്യാപകമായി മഴക്കമ്മി ജൂൺ 11 ലെ 43 ശതമാനത്തിൽ നിന്ന് ജൂൺ 17 ന് 18 ശതമാനമായി കുറഞ്ഞതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. ദക്ഷിണേന്ത്യയിലും രാജ്യത്തിന്റെ കിഴക്ക്, മധ്യ ഭാഗങ്ങളിലും വടക്കു-കിഴക്കൻ ഭാഗങ്ങളിലും സാധാരണ മഴ ലഭിക്കും. ജൂൺ 23 ന് ശേഷം വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മഴ വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മൺസൂൺ മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ തടസം വന്നതായി തോന്നുന്നുവെന്ന് സ്കൈമെറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധ്യക്ഷൻ ജി പി ശർമ പറഞ്ഞു. 

Eng­lish Summary:Experts say the coun­try will face an agri­cul­tur­al crisis
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.