24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 14, 2024
October 20, 2024
July 15, 2024
July 13, 2024
June 29, 2024
June 26, 2024
June 14, 2024
May 7, 2024
February 28, 2024
January 15, 2024

അതിരൂക്ഷ വിലക്കയറ്റവും കേന്ദ്ര സംസ്ഥാന സർക്കാർ നിലപാടുകളും

ടി ടി ജിസ്‌മോന്‍
സെക്രട്ടറി, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി
April 9, 2022 6:03 am

സ്വതന്ത്രാനന്തര ഇന്ത്യ നേരിടുന്ന ഏറ്റവും രൂക്ഷമായ വിലക്കയറ്റത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കോർപറേറ്റ്, നവ-ഉദാരവൽക്കരണ നയങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ കടുത്ത അസന്തുലിതാവസ്ഥയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിക്കു ശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുന്ന പാവപ്പെട്ട ജനങ്ങൾക്ക് നേരിടേണ്ടിവരുന്നത് തൊഴിലില്ലായ്മയും വിലക്കയറ്റവും സൃഷ്ടിക്കുന്ന കറുത്ത ദിനങ്ങളെയാണ്. ശതകോടീശ്വരന്മാരെ വേണ്ടുവോളം സൃഷ്ടിക്കുന്ന ഇന്ത്യൻ സാമ്പത്തിക രംഗം സാധാരണക്കാരെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്ന കാഴ്ചയാണ് നാം കാണുന്നത്.

പെട്രോളിനും ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കുമുൾപ്പെടെയുള്ള വിലവർധനവ് ജനജീവിതം കൂടുതൽ ദുസഹമാക്കുകയാണ്. പാചകവാതക, എണ്ണവില വർധനവ് ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലാണ് എത്തിനിൽക്കുന്നത്. പെട്രോൾ 122.41 പൈസയും ഡീസലിന് 108.38 പൈസയും വാണിജ്യ ഗ്യാസ് സിലിണ്ടറിന് 2253 രൂപയും ഗാർഹിക സിലിണ്ടറിന് 1425 രൂപയും എത്തിനിൽക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില നിർണയ അധികാരം സ്വകാര്യ എണ്ണക്കമ്പനികളെ ഏൽപ്പിച്ചതിന്റെ അനിവാര്യമായ ദുരന്തമാണ് നമ്മൾ അനുഭവിക്കുന്നത്. പെട്രോൾ, ഡീസൽ വില തങ്ങൾ അധികാരത്തിൽ വന്നാൽ കുറയ്ക്കുമെന്ന് പറഞ്ഞ നരേന്ദ്രമോഡിയും കൂട്ടരും ഭരണത്തിലിരുന്ന് പകൽകൊള്ള തുടരുകയാണ്. ഇത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും എക്സൈസ് ഡ്യൂട്ടി ഗണ്യമായി വർധിപ്പിച്ച് വിലക്കുറവിന്റെ ആനുകൂല്യം സാധാരണക്കാർക്ക് ലഭിക്കാതെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ. 2014ന് അന്താരാഷ്ട്ര തലത്തിൽ എണ്ണവില ബാരലിന് 108 യുഎസ് ഡോളർ ആയിരുന്നപ്പോഴും എണ്ണവില 61 രൂപയായിരുന്നു. എന്നാൽ 2021 ൽ ക്രൂഡ്ഓയിൽ ഇന്ന് ബാരലിന് 60 യുഎസ് ഡോളർ മാത്രം ഉള്ളപ്പോൾ എണ്ണവില 120 കടന്നിരിക്കുന്നു എന്നത് കോർപറേറ്റ് വാത്സല്യത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.


ഇതുകൂടി വായിക്കൂ:   ജനജീവിതം ദുഃസഹമാക്കുന്ന വിലക്കയറ്റം


മോഡി സർക്കാർ അധികാരത്തിലേറിയ നാൾമുതൽ ഇന്നുവരെ പെട്രോളിനും ഡീസലിനും മറ്റ് അവശ്യ ഇന്ധനങ്ങളുടെയും നികുതി സാധാരണ ജനങ്ങളിൽനിന്ന് പിഴിഞ്ഞെടുത്തത് 26,51,919 ലക്ഷം കോടി രൂപയാണ്. ഈ മേഖലയിൽ നിന്ന് സർക്കാരിന് ലഭിക്കുന്ന നികുതിവരുമാനം ഞെട്ടിപ്പിക്കുന്നതാണ്. സിഎന്‍ജി കിലോയ്ക്ക് ഒമ്പത് രൂപയാണ് കഴിഞ്ഞ ഒറ്റ ദിവസംകൊണ്ട് വർധിപ്പിച്ചത്. ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന പഴമൊഴി ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് കേന്ദ്രസർക്കാർ മണ്ണെണ്ണ വില കുത്തനെ കൂട്ടിയത്. ഈ മാസം മാത്രം 22 രൂപയാണ് വർധിപ്പിച്ചത്. 28 രൂപയായിരുന്ന മണ്ണെണ്ണയ്ക്ക് ഇപ്പോൾ 80 രൂപയായി വർധിപ്പിച്ചു. മണ്ണെണ്ണ വിഹിതം 40 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തു. എണ്ണക്കമ്പനികൾ റേഷൻ വിതരണത്തിനായി മണ്ണെണ്ണ ഡീലേഴ്സ് അസോസിയേഷൻ നൽകിയിരിക്കുന്ന വിലയിലാണ് വർധന. മണ്ണെണ്ണയുടെ തീപിടിച്ച വിലവർധനവ് മത്സ്യബന്ധന മേഖലയ്ക്കും മറ്റു അനുബന്ധ മേഖലയ്ക്കും കനത്ത തിരിച്ചടിയാകും.

എണ്ണയുടെയും പാചകവാതകത്തിന്റെയും അടിക്കടിയുള്ള വിലവർധനവിൽ ഞെരുങ്ങിയമരുന്ന ജനതയ്ക്കുമേൽ 850ലധികം ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള മരുന്നുകളുടെ വിലയും കുത്തനെ വർധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. രോഗികളായ പാവപ്പെട്ടവർക്ക് അപ്രാപ്യമാകുന്ന തരത്തിലാണ് മരുന്നുകളുടെ വില വർധനവ് ഉണ്ടായിട്ടുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 10.76 ശതമാനമാണ് അവശ്യ മരുന്നുകളുടെ വില വർധനവ്. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) 1997ല്‍ നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും വലിയ വില വർധനവാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 0.5 ശതമാനവും 2022 ൽ രണ്ട് ശതമാനം മാത്രമായിരുന്നു വർധനവ്. അവശ്യ മരുന്നുകളായ പാരെസറ്റമോൾ അസിത്രോമൈസിൻ ഉൾപ്പെടെയുള്ള ആന്റിബയോട്ടിക്കുകളും കാൻസർ, ഹൃദ്രോഗം, പ്രമേഹം കൂടാതെ നിരവധി ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകളും വിലയിൽ വൻ വർധനവ് ഉണ്ടാകും.


ഇതുകൂടി വായിക്കൂ:  വിലക്കയറ്റം,പട്ടിണി,പലായനം: ദുരിതദ്വീപായി ശ്രീലങ്ക


പ്രതിവർഷം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് മരുന്ന് വ്യാപാരത്തിന്റെ ഇന്ത്യയിലെ കണക്ക്. വിലനിയന്ത്രണമുള്ള മരുന്നുകൾക്കു കൂടി വില കൂട്ടണമെന്ന് മരുന്നുകമ്പനികളുടെ കൂട്ടായ്മയായ ഇന്ത്യൻ ഡ്രഗ് ഫാർമസ്യൂട്ടിക്കൽ അസോസിയേഷന്റെ ആവശ്യം അംഗീകരിച്ചുകൊടുക്കുന്നതിലൂടെ ദാരിദ്ര്യത്തിൽ കഴിയുന്ന പാവപ്പെട്ട ഇന്ത്യൻ ജനതയുടെ മുഖത്തെക്കാൾ കേന്ദ്ര സർക്കാർ പരിഗണിച്ചത് കോർപറേറ്റ് മരുന്നുകമ്പനികളുടെ ആവശ്യങ്ങളായിരുന്നു.
കഴിഞ്ഞ 42 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. തന്ത്രപ്രധാനമായ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിലൂടെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും വർധിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. എൽഐസി എച്ച്എൻഎൽ എയർ ഇന്ത്യ ബിഎസ്എൻഎൽ, ബിപിസിഎൽ, തുറുമുഖങ്ങ­ൾ, വൈദ്യുതി, റയിൽവേ, ആണവോർജ്ജം പ്രതിരോധമേഖല, പെട്രോളിയം, ബഹിരാകാശ ഗവേഷണം തുടങ്ങി പൊതുമേഖലയിലും സർക്കാർ ഉടമസ്ഥതയിലും ഉണ്ടായിരുന്ന തന്ത്രപ്രധാനമായ എല്ലാ സ്ഥാപനങ്ങളും സ്വകാര്യമേഖലയ്ക്ക് തീറെഴുതി കൊണ്ടിരിക്കുകയാണ്.
നരേന്ദ്ര മോഡി സർക്കാരിന്റെ കാലത്ത് പുതുനിക്ഷേപം പൊതുമേഖലയിൽ ഉണ്ടായില്ല എന്ന് മാത്രമല്ല പൊതുമേഖലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളുടെ ഷെയറുകൾ വിറ്റഴിക്കുകയോ അടച്ചുപൂട്ടപ്പെടുകയോ ചെയ്തിരിക്കുന്നു. “ആത്മ നിർഭര്‍ ഭാരത് അഭിയാൻ” എന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി. ഭാരതത്തിന്റെ സ്വയംപര്യാപ്തത കൈവരിക്കല്‍ എന്നാണ് ഇതിന്റെ അർത്ഥം. പുര കത്തുമ്പോൾ വാഴ വെട്ടുന്നത് പോലെയാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതികളും പ്രവൃത്തികളും.

പച്ചക്കറിയും പലചരക്കു ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം റോക്കറ്റ് പോലെ കുതിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യം മൂലം നീണ്ടുപോയ കർഷകസമരം ഉല്പാദനരംഗത്ത് വലിയ വിടവാണ് സൃഷ്ടിച്ചത്. ചെറുകിട വ്യാപാര മേഖലയെ കോർപറേറ്റുകളുടെ നിയന്ത്രണത്തിൽ ആക്കുന്നതിനുള്ള പരിശ്രമമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇത് വലിയ വിലവർധനവിന് കാരണമാകുന്നുണ്ട്. കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുവാനും വളങ്ങളുടെ സബ്സിഡി നിലനിർത്തുവാനും കഴിയാത്തത് ഉല്പാദന മേഖലയെ വലിയതോതിൽ പിന്നോട്ടടിച്ചിട്ടുണ്ട്. നിർമ്മാണസാമഗ്രികളുടെ വിലവർധനവ് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കുന്നു. രാജ്യവും ജനതയും യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഒരു പരിധിവരെയെങ്കിലും പിടിച്ചുനിൽക്കാൻ സാധിക്കുന്നത് പ്രതീക്ഷാനിർഭരമാണ്. വിപണിയിൽ നേരിട്ട് സർക്കാർതന്നെ ഇടപെടുന്നതിലൂടെ രൂക്ഷമായ വിലക്കയറ്റത്തിന് തെല്ല് ആശ്വാസം പകരുവാൻ സാധിക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ:  വിലക്കയറ്റം സൃഷ്ടിച്ച് കേന്ദ്രസർക്കാർ


6.5 ലക്ഷം ടൺ മാത്രമുണ്ടായിരുന്ന പച്ചക്കറിയുടെ ഉല്പാദനം കേരളത്തിൽ 15.75 ലക്ഷം ടണ്ണായി വർധിപ്പിക്കുവാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. 21 ലക്ഷം ടൺ പച്ചക്കറികൾ ഉല്പാദിപ്പിക്കുവാൻ കഴിഞ്ഞാൽ പച്ചക്കറിയുടെ കാര്യത്തിൽ കേരളത്തിന് സ്വയംപര്യാപ്തത കൈവരിക്കുവാൻ കഴിയും. 13 ഇനം പലചരക്ക് സാധനങ്ങൾക്ക് കഴിഞ്ഞ ആറുവർഷമായി വിലവർധനവ് ഇല്ല. 1853 കോടി രൂപയാണ് സബ്സിഡി ഇനത്തിൽ സംസ്ഥാന സർക്കാർ നൽകിയത്. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുമ്പോൾ സംസ്ഥാനസർക്കാർ നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്ക് മാറ്റുന്നു. ദി കേരള മിനറൽ മെറ്റൽസ് ലിമിറ്റഡ്, സിറാമിക്സ് ലിമിറ്റഡ്, കെഎസ്ഡിപി, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ലിമിറ്റഡ്, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്, കെഎസ്ഐഡിസി, ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ് ലിമിറ്റഡ് തുടങ്ങിയവ ഇതിൽ പ്രധാനമാണ്. കയർ കശുഅണ്ടി കൈത്തറി ഉൾപ്പെടെയുള്ള പരമ്പരാഗത വ്യവസായ മേഖലയെല്ലാം സംരക്ഷിക്കുവാൻ ഉള്ള പരിശ്രമമാണ് കേരളം നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ബദലായി കേരളം ഉയർന്നുവരുമ്പോൾ കേരളത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. സമസ്തമേഖലയിലും വിലക്കയറ്റം സൃഷ്ടിക്കുന്ന, പാവപ്പെട്ടവരെ ദുരിതങ്ങളുടെ തീരാക്കയത്തിലേക്ക് തള്ളിവിടുന്ന, ശതകോടീശ്വരന്മാരുടെ ആശ്രിതരായ കേന്ദ്ര സർക്കാരിനെതിരെ സ്വതന്ത്രാനന്തര ഇന്ത്യ കാണുവാൻ പോകുന്ന ഏറ്റവും ഉജ്വലമായ ബഹുജന പ്രക്ഷോഭത്തിന് നാം നേതൃത്വം നൽകണം.

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.